കേരളത്തിന്റെ ഡിജിറ്റല്‍ വിദ്യാഭ്യാസം ആഗോള ശ്രദ്ധയില്‍

കേരളത്തില്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ (എഡ്ടെക്) ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാത്രമല്ല, ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്കും വികസിത രാജ്യങ്ങള്‍ക്കും ഒരു പോലെ മാതൃകയാക്കാന്‍ പര്യാപ്‌തമാണെന്ന് യൂണിസെഫിന്റെ പഠന റിപ്പോർട്ട്.  ‘നൈപുണി വികസനത്തിലൂടെ കൗമാര ശാക്തീകരണം: ഭാവി മുന്നൊരുക്കത്തോടെ ലിറ്റില്‍ കൈറ്റ്സ് – ഒരു പ്രചോദന കഥ’ എന്ന തലക്കെട്ടോടു കൂടിയുള്ള പഠന റിപ്പോർട്ട് 2024 ജൂലൈ 7 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റുവാങ്ങി. ലിറ്റില്‍ കൈറ്റ്സ് പദ്ധതിയുടെ പ്രസക്തിയെപ്പറ്റി ആഗോള-ദേശീയ നൈപുണി വികസന പദ്ധതികളുടെ പശ്ചാത്തലത്തില്‍ നടത്തിയ പഠനം തെളിവുകളുടെ അടിസ്ഥാനത്തില്‍ പത്ത് നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. വിശദമായ പഠന റിപ്പോർട്ടും സംഗ്രഹവും പ്രത്യേകം പ്രസിദ്ധീകരിച്ചതില്‍ ലിറ്റില്‍ കൈറ്റ്സ് പദ്ധതിയുടെ ചരിത്രം, കുട്ടികളുടെ തെരഞ്ഞെടുപ്പ്, പ്രവര്‍ത്തനം, കുട്ടികളുടെയും അധ്യാപകരുടേയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങള്‍ തുടങ്ങിയവയും വിശദമാക്കിയിട്ടുണ്ട്.

സ്വതന്ത്ര സോഫ്‌റ്റ്‌വെയറിന്റെ ഉപയോഗം

രാജ്യത്തെ മിക്ക ഭാഗങ്ങളിലും നടക്കുന്ന ഡിജിറ്റല്‍ വിദ്യാഭ്യാസ പരിപാടികളില്‍ ആധിപത്യം പുലർത്തുന്ന ലാഭേച്‌ഛയുള്ള കോര്‍പ്പറേറ്റുകളെ ആശ്രയിക്കാതെ കൈറ്റ് സ്വന്തമായി രൂപകൽപന ചെയ്‌ത പദ്ധതി എന്ന നിലയിലും സ്വതന്ത്ര സോഫ്‌റ്റ്‌വെയറിന്റെ കരുത്ത് അക്കാദമിക രംഗത്ത് ഏറ്റവും ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു എന്ന കണ്ടെത്തലും ലിറ്റില്‍ കൈറ്റ്സ് മാതൃക പിന്തുടരാന്‍ ആഹ്വാനം ചെയ്യുന്നതാണ് റിപ്പോർട്ട്. യൂറോപ്യന്‍ രാജ്യമായ ഫിൻലൻഡ് ഇത് നടപ്പാക്കാന്‍ താൽപര്യം പ്രകടിപ്പിച്ചതും കൈറ്റിലൂടെ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചതു കൊണ്ട് കേരളം 3000 കോടി രൂപ ലാഭിച്ചതും റിപ്പോർട്ട് എടുത്ത് പറയുന്നുണ്ട്.

കുട്ടികൾ സാങ്കേതിക വിദ്യയുടെ നിര്‍മ്മാതാക്കള്‍

കേരളത്തെ ഒരു വിജ്ഞാന സമൂഹമായും വിജ്ഞാന സമ്പദ്ഘടനയായും ഉയര്‍ത്താന്‍ ലിറ്റില്‍ കൈറ്റ്സ് പ്രവര്‍ത്തനങ്ങള്‍ ആക്കം കൂട്ടും എന്നതാണ് മറ്റൊരു കണ്ടെത്തല്‍. ലിറ്റില്‍ കൈറ്റ്സ് പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികൾ സാങ്കേതിക വിദ്യയുടെ ഉപഭോക്താക്കള്‍ എന്ന നിലയിൽ നിന്നും അവയുടെ നിര്‍മ്മാതാക്കള്‍ എന്ന നിലയിലേക്ക് മാറിയിട്ടുണ്ടെന്നും സ്റ്റെം (STEM) മേഖലയില്‍ പെൺകുട്ടികളുടെ കുറഞ്ഞ പ്രാതിനിധ്യം ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. കേരളത്തില്‍ സ്വകാര്യ സ്‌കൂളുകളില്‍ നിന്നും പൊതു വിദ്യാലയങ്ങളില്‍ കൂടുതല്‍ കുട്ടികളെത്താനും ലിറ്റില്‍ കൈറ്റ്സ് അവസരമൊരുക്കിയിട്ടുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൗമാര ജന സംഖ്യയുള്ളത് ഇന്ത്യയിലാണ് (25.30 കോടി) എന്നതുകൊണ്ട് തന്നെ ഭാവി നൈപുണികളാല്‍ അവരെ ശാക്തീകരിക്കാനും ആരും ഒഴിവാക്കപ്പെടുന്നില്ല എന്നുറപ്പാക്കാനും ലിറ്റില്‍ കൈറ്റ്സ് പോലുള്ള പദ്ധതികള്‍ രാജ്യമാകെ നടപ്പാക്കണം.

കോവിഡ് കാലത്തെ മാതൃക

കോവിഡ് കാലത്ത് രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തെയും അപേക്ഷിച്ച് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ ഉയർന്ന പ്രാപ്യത ഉറപ്പാക്കാന്‍ കേരളത്തിന് കൈറ്റിലൂടെ സാധിച്ചതായി യൂണിസെഫിന്റെ 2020-ലെ കണ്ടെത്തലും റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്.

റോബോട്ടിക് കിറ്റ്, എ ഐ പരിശീലനം: രാജ്യത്തെ ഏകമാതൃക

ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ വഴി ലഭ്യമാക്കിയ 9000 റോബോട്ടിക് കിറ്റിലൂടെ 12 ലക്ഷത്തോളം കുട്ടികൾ എ.ഐ, ഐഒടി തുടങ്ങിയ സാങ്കേതിക വിദ്യകള്‍ പഠിക്കുന്നതും 80,000 അധ്യാപകര്‍ക്ക് കൈറ്റ് എഐ പരിശീലനം നൽകുന്നതും രാജ്യത്തെ ഏക മാതൃകയായി റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. കേവലം ചില സോഫ്‌റ്റ്‌വെയറുകൾ പഠിപ്പിക്കുക എന്നതിലുപരി റോബോട്ടിക്‌സിലും ആർട്ടിഫിഷ്യൽ  ഇന്റലിജന്‍സിലുമെല്ലാം സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ലിറ്റില്‍ കൈറ്റ്സിലൂടെ കുട്ടികൾക്ക് അവസരം ലഭിക്കുന്നുവെന്നും ഇതിലൂടെ സാങ്കേതിക വിദ്യകളുടെ കേവലം ഉപഭോക്താക്കള്‍ എന്ന തലത്തില്‍ നിന്നും അവയുടെ രൂപകൽപന ചെയ്യുന്നവരും സൃഷ്‌ടാക്കളുമായി കുട്ടികൾ മാറുന്നു എന്നു റിപ്പോർട്ട് പറയുന്നു.

മുഴുവന്‍ ഹൈസ്‌കൂളുകളിലും നടപ്പാക്കണം

ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുക, മുഴുവന്‍ ഹൈസ്‌കൂളുകളിലും പദ്ധതി നടപ്പാക്കുക, ഹയര്‍ സെക്കന്‍ഡറി തലത്തിലേക്കും പദ്ധതി വ്യാപിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും യൂണിസെഫിന്റെ റിപ്പോർട്ടിലുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തവും കമ്മ്യൂണിറ്റി പ്രോജക്‌ടുകളിലൂടെ സമൂഹ പങ്കാളിത്തവും വര്‍ധിപ്പിക്കാനും അതുവഴി പൊതു വിദ്യാഭ്യാസത്തില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരാനും അവസരമൊരുക്കണമെന്നും യൂണിസെഫ് പഠനം നിർദ്ദേശിക്കുന്നു.

കുട്ടികളുടെ ഡിജിറ്റല്‍ ഭാവി കെട്ടിപ്പടുക്കുന്നതിന് സഹായകം

അതിജീവിച്ചതും തഴച്ചുവളർന്നുകൊണ്ടേയിരിക്കുന്നതുമാണ് കേരളത്തിലെ ഡിജിറ്റല്‍ വിദ്യാഭ്യാസ മാതൃക. കേരളത്തിന്റെ ഫലഭൂയിഷ്‌ഠമായ എഡ്ടെക് മണ്ണില്‍ നന്നായി വിതച്ച വിത്താണ് ലിറ്റില്‍ കൈറ്റ്സ് എന്നും പൊതു വിദ്യാഭ്യാസത്തിലെ കുട്ടികളുടെ ഡിജിറ്റല്‍ ഭാവി കെട്ടിപ്പടുക്കുന്നതിന് സര്‍ഗാത്മകതയും പ്രശ്‌ന പരിഹാര ശേഷിയും വര്‍ധിപ്പിക്കാനും നൂതനമായ വഴികളിലൂടെ സ്‌കൂളുകളെ മാറ്റിയെടുക്കാനും ഇത് സഹായകമായിട്ടുണ്ടെന്നും അടിവരയിട്ടാണ് യൂണിസെഫിന്റെ പഠന റിപ്പോർട്ട് അവസാനിക്കുന്നത്.

റിപ്പോർട്ട് യൂണിസെഫ് വെബ്സൈറ്റിലും (https://www.unicef.org/india/reports/empowering-adolescents-future-ready-skills-study-little-kites-programme) കൈറ്റ് വെബ്സൈറ്റിലും (https://kite.kerala.gov.in/KITE/indexphp/welcome/wedo/3) ലഭ്യമാണ്.