ലിറ്റില്‍ കൈറ്റ്‌സ് ഭാവികേരളത്തിന്റെ ഡിജിറ്റല്‍ കരുത്ത്
കെ. അന്‍വര്‍ സാദത്ത്
സി.ഇ.ഒ, കൈറ്റ്
സാങ്കേതിക രംഗത്ത് ലോകത്ത് അനു നിമിഷം വരുന്ന മാറ്റങ്ങളെ കുട്ടികളാണ് ആദ്യം ഉൾക്കൊള്ളുന്നത്. ഈ അറിവ് സ്‌കൂളിനും പൊതുസമൂഹത്തിനും ഉതകുന്ന രീതിയില്‍ പ്രയോജനപ്പെടുത്താന്‍ എങ്ങനെ കഴിയും എന്ന അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് ലിറ്റില്‍ കൈറ്റ്സ് എന്ന ആശയം ഉരുത്തിരിയുന്നത്.
വിവര സാങ്കേതിക രംഗത്തെ ദൈനംദിനം വരുന്ന മാറ്റങ്ങളും നൂതന സങ്കേതങ്ങളുടെ ഉപയോഗവും പൊതു വിദ്യാദ്യാസ രംഗത്ത് ഉടനടി പ്രതിഫലിപ്പിക്കുക എന്ന ദൗത്യവുമാണ് ലിറ്റില്‍ കൈറ്റ്സ് ഇന്ന് ഏറ്റെടുത്തിരിക്കുന്നത്. ഇത് ലോകത്തിന് തന്നെ മാതൃകയായി കഴിഞ്ഞു. ലിറ്റില്‍ കൈറ്റ്സ് ആരംഭിച്ച് ആറ് വര്‍ഷം പിന്നിടുമ്പോൾ പ്രവര്‍ത്തന വൈവിധ്യം കൊണ്ടും പ്രസക്തമായ ഇടപെടല്‍ കൊണ്ടും ഈ കൂട്ടായ്‌മ പൊതു സമൂഹത്തില്‍ ശ്രദ്ധേയമായിട്ടുണ്ട്.
ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ക്ക് അവരുടെ താത്പര്യ മേഖലകളില്‍ കൂടുതല്‍ പരിശീലനം ലഭിക്കുമ്പോള്‍ കിട്ടിയ അറിവിനെ സഹപാഠികളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കാനും ഇവര്‍ക്ക് കഴിയുന്നു. ഒരു അഭിരുചി പരീക്ഷയിലൂടെയാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നതെങ്കിലും സൂക്ഷ്‌മമായി പരിശോധിച്ചാല്‍ ലിംഗ ഭേദമോ പ്രാദേശിക ഭേദമോ ഇല്ലാതെ എല്ലാ വിഭാഗം കുട്ടികളേയും ലിറ്റില്‍ കൈറ്റ്സ് ഉൾക്കൊള്ളുന്നു. യൂണിസെഫ് പഠനത്തിലുള്‍പ്പെടെ ഇത് എടുത്ത് പറഞ്ഞിട്ടുണ്ട്.
മറ്റേതൊരു ശാസ്ത്ര സാങ്കേതിക മേഖലയും വികസിച്ചതിന്റെയും ജനകീയമായതിന്റെയും ഇരട്ടിയിലധികം വേഗത്തിലാണ് ഐ ടി മേഖല മാറിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇതിലെ അരുതായ്‌മകൾ തിരിച്ചറിയാന്‍ സമൂഹത്തിന് അതേ വേഗത്തില്‍ കഴിയണമെന്നില്ല. ഈ തിരിച്ചറിവാണ് ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളെ പ്രയോജനപ്പെടുത്തിയുള്ള അമ്മയറിയാന്‍ എന്ന സാമൂഹികബോധവല്‍ക്കരണ പരിപാടി ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്. ഇങ്ങനെ ഓരോ ഘട്ടത്തിലും വിദ്യാലയത്തിന്റെയും സമൂഹത്തിന്റെയും ആവശ്യകതക്ക് അനുസരിച്ച് ലിറ്റില്‍ കൈറ്റ്സ് അതിന്റെ ദൈനംദിന പരിപാടികള്‍ തയ്യാറാക്കി നടപ്പാക്കുന്നുണ്ട്. 45,000 ക്ലാസ്സ് മുറികൾ ഹൈടെക്കാക്കിയ പദ്ധതിയുടെ പിന്തുണനാ പ്രവര്‍ത്തനത്തില്‍ ഈ ഐടി ക്ലബ്ബ് നിര്‍ണ്ണായക പങ്ക് വഹിച്ചു വരുന്നു.
1.9 ലക്ഷം കുട്ടികൾക്ക് പരിശീലനം
കേരളത്തില്‍ 2000-ത്തോടെ ആരംഭിച്ച ഐടി പഠനം സംബന്ധിച്ച ചര്‍ച്ചകള്‍, ഐ ടി @ സ്‌കൂള്‍ മുഖാന്തരമുള്ള ഇടപെടലുകള്‍ എന്നിവയിൽ തുടങ്ങിയ പൊതു വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങളാണ് ലിറ്റില്‍ കൈറ്റ്സ് എന്ന ശ്രദ്ധേയമായ ക്ലബ്ബുകളുടെ പ്രവര്‍ത്തനത്തില്‍ എത്തി നിൽക്കുന്നത്. ഐ ടി പഠനം മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച സ്റ്റുഡന്റ് ഐടി കോഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കലും അവര്‍ക്ക് നല്‍കിയ പ്രത്യേക പരിശീലനവും, ചിത്ര രചനയില്‍ താൽപര്യമുള്ള കുട്ടികളെ ഉള്‍പ്പെടുത്തി ഓൺലൈനായി സംസ്ഥാനമെമ്പാടും നടത്തിയ ആനിമേഷന്‍ പരിശീലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ഭാഗമായി ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ആരംഭിച്ച ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം എന്നീ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തി ലിറ്റില്‍ കൈറ്റ്സ് പദ്ധതി 2018 ജനുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്‌തു. തുടക്കത്തില്‍ ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികളെ മാത്രം ഉള്‍പ്പെടുത്തി ആരംഭിച്ച പദ്ധതി ഇന്ന് പൊതുവിദ്യാലയങ്ങളിലെ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട 1.9 ലക്ഷം കുട്ടികൾക്ക് ഓരോ വര്‍ഷവും പരിശീലനം നൽകുന്നു. പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് അനിമേഷന്‍, പ്രോഗ്രാമിങ്, മൊബൈല്‍ ആപ്പ് നിര്‍മ്മാണം, ഗ്രാഫിക്‌സ് ഡിസൈനിങ്, മലയാളം കമ്പ്യൂട്ടിങ്ങ്, ഹാർഡ്‌വെയർ, ഇലക്‌ട്രോണിക്‌സ്, റോബോട്ടിക്‌സ്, വെബ് ടി.വി, സൈബര്‍ സുരക്ഷ എന്നീ മേഖലകളില്‍ വിദഗ്‌ധ പരിശീലനം നൽകുന്നുണ്ട്. പരിഷ്‌കരിച്ച ലിറ്റില്‍ കൈറ്റ്സ് പ്രവര്‍ത്തന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ റോബോട്ടിക് പ്രവര്‍ത്തനങ്ങള്‍ക്കായി 9000 റോബോട്ടിക് കിറ്റുകള്‍ വിദ്യാലയങ്ങളില്‍ ലഭ്യമാക്കിക്കഴിഞ്ഞു.
ഈ പ്രവര്‍ത്തനങ്ങളുടെ ഗുണവശങ്ങള്‍ കേരളത്തിലെ മുഴുവന്‍ കുട്ടികൾക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായി 20,000 റോബോട്ടിക് കിറ്റുകള്‍ കൂടി വിദ്യാലയങ്ങളില്‍ ഈ വര്‍ഷം എത്തും.
റോബോട്ടിക്‌സ് മുതല്‍ ആർട്ടിഫിഷൽ ഇന്റലിജന്‍സ് വരെ
റോബോട്ടിക്‌സ്, ഐ.ഒ.ടി, ആർട്ടിഫിഷൽ ഇന്റലിജന്‍സ് തുടങ്ങിയ പുതു സാങ്കേതികവിദ്യാ മാതൃകകള്‍ സ്‌കൂള്‍ തലത്തിൽത്തന്നെ പരിചയപ്പെടാന്‍ അവസരമൊരുക്കുകയാണ് ലിറ്റില്‍ കൈറ്റ്സ് ക്ലബ്ബുകള്‍ ചെയ്യുന്നത്. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെ പ്രോട്ടോടൈപ്പുകൾ ഡിസൈന്‍ ചെയ്യാനും ചുറ്റുപാടും കാണുന്ന ഉപകരണങ്ങള്‍ തയ്യാറാക്കാനും മാത്രമല്ല അവ പ്രവർത്തിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കാനും കുട്ടികൾക്ക് ഈ പരിശീലനങ്ങളിലൂടെ കഴിയുന്നു എന്നതാണ് സവിശേഷത. ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം ചിട്ടപ്പെടുത്താൻ കൈറ്റ് സ്വന്തമായി തയ്യാറാക്കിയ ഓപ്പറേറ്റിംഗ് സിസ്റ്റവും ആപ്ലിക്കേഷനുകളുമാണ് പ്രയോജനപ്പെടുത്തുന്നത്.
കൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലകളില്‍ നേതൃത്വം നൽകുന്ന ഇരുനൂറോളം വരുന്ന മാസ്റ്റര്‍ ട്രെയിനര്‍മാര്‍, ലിറ്റില്‍ കൈറ്റ്സ് പ്രവർത്തിക്കുന്ന വിദ്യാലയങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട് പ്രത്യേക പരിശീലനം നേടിയ 4500 കൈറ്റ് മാസ്റ്റര്‍, മിസ്‌ട്രസ്‌മാർ എന്നിവരടങ്ങുന്ന ശക്തമായ ശൃംഖലയാണ് ലിറ്റില്‍ കൈറ്റ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കൈറ്റ് മാസ്റ്റര്‍മാരായ അധ്യാപകരിലൂടെ നേരിട്ട് 60,000 ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ക്കും അവരെ ഉപയോഗിച്ച് ഹൈസ്‌കൂള്‍ ക്ലാസ്സുകളിലെ എല്ലാ കുട്ടികൾക്കും രണ്ടു വര്‍ഷത്തിനുള്ളില്‍ റോബോട്ടിക് പരിശീലനം നൽകുന്ന പദ്ധതി ആരംഭിച്ചു.
കേരളത്തിലെ 2219 പൊതുവിദ്യാലയങ്ങളിലെ ഹൈസ്‌കൂള്‍ വിഭാഗത്തിലാണ് ലിറ്റില്‍ കൈറ്റ്സ് പ്രവര്‍ത്തിച്ചു വരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി 3.5 ലക്ഷം കുട്ടികളാണ് താല്‍പര്യപൂര്‍വം അംഗങ്ങളാവുകയും പരിശീലനം പൂര്‍ത്തിയാക്കുകയും ചെയ്‌തത്. ഒരു വിജ്ഞാന സമൂഹത്തെ ലക്ഷ്യം വച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യമങ്ങള്‍ക്ക് പിന്തുണയേകും വിധം ലിറ്റില്‍ കൈറ്റ്സിന്റെ പ്രവര്‍ത്തനം സ്‌കൂളുകള്‍ക്ക് പുറത്തും സമൂഹത്തിനാകെ പ്രയോജനപ്പെടുത്തുന്ന വിധത്തില്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് കൈറ്റ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.