അഭിമാന മുന്നേറ്റത്തിന് അംഗീകാരം

വി. ശിവൻകുട്ടി
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി

കേരളം പൊതുവിദ്യാഭ്യാസ മേഖലയിലെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിക്കുമ്പോള്‍ തന്നെ വിപുലമായ അടിസ്ഥാന സൗകര്യങ്ങള്‍ ഈ രംഗത്ത് നമ്മള്‍ ഒരുക്കിയിരുന്നു. പ്രൈമറി സ്‌കൂളുകളില്‍ കമ്പ്യൂട്ടർ ലാബുകള്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസ്സുകളില്‍ ലാപ്ടോപും പ്രൊജക്‌ടറും നല്‍കി സ്‌മാർട്ട് ആക്കി. ക്ലാസ് മുറികളില്‍ പഠന പ്രവര്‍ത്തനത്തെ സഹായിക്കാന്‍ അധ്യാപകര്‍ക്കു വേണ്ട ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ക്കായി ‘സമഗ്ര പോർട്ടൽ നിലവില്‍ വന്നു. അധ്യാപകര്‍ക്ക് ഡിജിറ്റല്‍ സങ്കേതങ്ങള്‍ പ്രയോഗിക്കുന്നതിനുള്ള ഹാൻഡ്‌സ് ഓൺ ട്രെയിനിങ്ങ് നല്‍കി. ഇവയെല്ലാം കൃത്യമായ ആസൂത്രണത്തോടെ തന്നെ നടപ്പിലാക്കിയവയാണ്.

ഹൈടെക് പദ്ധതികള്‍

യഥാക്രമം 2018-ലും 2019-ലും നടപ്പാക്കിയ ഹൈടെക് സ്‌കൂള്‍ പദ്ധതിയുടേയും ഹൈടെക് ലാബ് പദ്ധതികളുടേയും ഫലമായാണ് 4.5 ലക്ഷം ഐടി ഉപകരണങ്ങള്‍ നമ്മുടെ പൊതു വിദ്യാലയങ്ങളില്‍ വിന്യസിച്ചത്. ഇതിന്റെ ഭാഗമായി 8 മുതല്‍ 12 വരെ ക്ലാസുകളിലെ 45,000 ക്ലാസ്സ് മുറികൾ ഹൈടെക് ആക്കി മാറ്റുകയും 2020 ഒക്ടോബറില്‍ കേരളം വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്‌തു. ഹൈടെക് ക്ലാസ് മുറികളുടെ ഫലപ്രദമായ ഉപയോഗം ഉറപ്പാക്കാന്‍ ‘സമഗ്ര പ്ലസ് ‘ ഡിജിറ്റല്‍ പോർട്ടൽ ഇതിനകം പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്.

അധ്യാപകര്‍ക്ക് വിവിധ പാഠ ഭാഗങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ എളുപ്പത്തിലും കാര്യക്ഷമമായും പഠിപ്പിക്കാന്‍ കഴിയുന്ന വിഭവങ്ങള്‍ക്കു പുറമെ കുട്ടികൾക്കായി ‘പ്രത്യേക പഠന മുറിയും’ സമഗ്ര പ്ലസ് പോർട്ടലിലുണ്ട്. ഇതിനു മുന്നോടിയായി മുഴുവന്‍ അധ്യാപകര്‍ക്കും ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ് സങ്കേതങ്ങളില്‍ ഉള്‍പ്പെടെ പരിശീലനം നൽകുന്ന പ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍ കൈറ്റ് ഏർപ്പെട്ടിരിക്കുന്നത്. 80,000 അധ്യാപകര്‍ക്ക് കേരളത്തില്‍ എ.ഐ പരിശീലനം നൽകുന്നത് ദേശീയ തലത്തില്‍ വലിയ വാര്‍ത്തയാകുകയും പല സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ പിന്തുണ ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്. പുതിയ ഐസിടി പാഠപുസ്‌തകത്തിൽ 7-ാം ക്ലാസില്‍ കുട്ടികൾക്ക് എഐ പഠിക്കാന്‍ പ്രത്യേക അധ്യായം തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളില്‍ ഉള്‍പ്പെടെ അധ്യാപകരെ പരിശീലിപ്പിച്ച് അതിലൂടെ മുഴുവന്‍ കുട്ടികൾക്കും ഇതിന്റെ ഗുണഫലം എത്തുന്ന തരത്തിലാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.

നിലവില്‍ ലിറ്റില്‍ കൈറ്റ്സ് കുട്ടികളിലൂടെ നടപ്പാക്കുന്ന റോബോട്ടിക്‌സ്-ഐഒടി പഠനം അടുത്ത വര്‍ഷം മുഴുവന്‍ കുട്ടികൾക്കും ലഭിക്കുന്ന വിധത്തില്‍ ഐസിടി പാഠപുസ്‌തകങ്ങൾ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതുപോലെ പങ്കാളിത്ത രീതിയില്‍ സ്‌കൂളുകളുടെയും വിവിധ പ്രവര്‍ത്തനങ്ങളും വിപുലമായ വിവര ശേഖരമായ ‘സ്‌കൂള്‍ വിക്കി’യും നമുക്ക് മാത്രം അഭിമാനിക്കാന്‍ കഴിയുന്ന ഒന്നാണ്. കുറഞ്ഞ ചെലവില്‍ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് നമ്മുടെ എല്ലാ പ്രൈമറി-അപ്പര്‍ പ്രൈമറി സ്‌കൂളുകളിലും വിന്യസിച്ചിട്ടുള്ള ഇ-ക്യൂബ് ലാംഗ്വേജ് ലാബില്‍ ഇംഗ്ലീഷിനു പുറമെ മറ്റു ഭാഷാ വിഷയങ്ങളും ഉള്‍പ്പെടുത്താന്‍ ശ്രമം ആരംഭിച്ചു കഴിഞ്ഞു.

നമ്മുടെ പാഠ്യ പദ്ധതിയ്ക്കനുസരിച്ചുള്ള ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കില്‍ നമുക്ക് സ്വന്തമായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആവശ്യമായി വന്നു. അതിനു വേണ്ട അന്വേഷണ ഫലമായി ഏറ്റവും പുതിയ അധ്യായമാണ് ‘കൈറ്റ് ഗ്‌നൂ ലിനക്‌സ് 22.04” എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം. നമ്മുടെ അധ്യാപകര്‍ തന്നെ കസ്റ്റമൈസ് ചെയ്‌ത ഓപ്പറേറ്റിംഗ് സിസ്റ്റവും പാഠ്യ പദ്ധതികള്‍ക്ക് പിന്തുണ നൽകുന്ന സോഫ്‌റ്റ്‌വെയറുകളുമാണ് ഇതിലൂടെ ക്ലാസുകളില്‍ ഉപയോഗിക്കുന്നത്.

കൈറ്റ് വിക്‌ടേഴ്‌സ് :  മികച്ച പ്രതികരണം

കൈറ്റ് വിക്‌ടേഴ്‌സ് ചാനല്‍ കോവിഡ് കാലത്തുള്‍പ്പെടെ എത്രമാത്രം നമ്മുടെ കുട്ടികൾക്ക് പ്രയോജനപ്പെട്ടിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കഴിഞ്ഞ വര്‍ഷം കീം-നീറ്റ് പരീക്ഷകള്‍ക്കായി പ്രത്യേക ക്രാഷ് കോഴ്‌സ് കൈറ്റ് വിക്‌ടേഴ്‌സിൽ സംപ്രേഷണം ചെയ്‌തതിന് നല്ല പ്രതികരണമാണ് ലഭിച്ചത്. ഇതിനു പുറമെ കുട്ടികൾക്ക് മാതൃകാ പരീക്ഷ പ്രാക്‌ടീസ് ചെയ്യാനും സംശയ നിവാരണത്തിനും പ്രത്യേകം പോർട്ടലും സജ്ജീകരിച്ചിരുന്നു. സയന്‍സിന് പുറമെ ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ്, വിഭാഗങ്ങളിലെ കുട്ടികൾക്കും മത്സര പരീക്ഷകള്‍ക്ക് തയ്യാറാകാന്‍ സഹായിക്കുന്ന ‘കീ ടു എന്‍ട്രന്‍സ്’ എന്ന പ്രത്യേക പരിപാടി കൈറ്റ് വിക്‌ടേഴ്‌സ് ചാനലില്‍ തുടങ്ങുകയാണ്. പരീക്ഷാ പരിശീലനത്തിനായി പ്രത്യേക പോർട്ടലും സജ്ജമാക്കും. ദേശീയ തലത്തില്‍ ആരംഭിച്ച പി.എം. ഇ-വിദ്യാ ചാനലുകളുടെ ഭാഗമായി കേരളത്തിന് ലഭിച്ച അഞ്ച് പുതിയ വിദ്യാഭ്യാസ ചാനലുകളും ഇതിനകം സംപ്രേഷണം തുടങ്ങി. ഫസ്റ്റ്ബെല്‍ മാതൃകയില്‍ പരിഷ്‌കരിച്ച പാഠ്യ പദ്ധതിയ്ക്ക് അനുസരിച്ച് തയ്യാറാക്കിയ പുതിയ ടെക്സ്റ്റ് ബുക്കുകള്‍ അടിസ്ഥാനമാക്കി ക്ലാസുകള്‍ ഈ ചാനലുകളില്‍ സംപ്രേഷണം തുടങ്ങുകയാണ്.

പ്രൈമറി ഐ.സി.ടി പഠനം കാര്യക്ഷമമാക്കും

രാജ്യത്താദ്യമായി മുഴുവന്‍ കുട്ടികൾക്കും ലഭിക്കുന്ന രൂപത്തില്‍ പ്രൈമറി, അപ്പര്‍ പ്രൈമറി തലങ്ങളില്‍ കളിപ്പെട്ടി, ഇ@വിദ്യ എന്ന പേരുകളില്‍ പ്രത്യേക ഐ.സി.ടി പാഠപുസ്‌തകങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ പല സ്ഥലങ്ങളിലും ഇവയുടെ ക്ലാസ്റൂം വിനിമയം കാര്യക്ഷമമായി നടക്കുന്നില്ല എന്ന പരാതി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രൈമറി ഐ.സി.ടി പഠനം കാര്യക്ഷമമാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികള്‍ സ്വീകരിക്കുന്നതാണ്.

നൽകിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ കൃത്യമായി ഉപയോഗിക്കേണ്ടത് അധ്യാപകരാണ്. കുട്ടികളും അധ്യാപകരും ചേർന്നാണ് അവയുടെ പ്രയോഗം ക്ലാസ് മുറികളില്‍ ഉണ്ടാക്കേണ്ടത്. രക്ഷിതാക്കളുടെയും പൊതു സമൂഹത്തിന്റെയും പിന്തുണയും ഇതിന് അത്യാവശ്യമാണ്. നമ്മുടെ സ്‌കൂളുകളുടെ കാര്യത്തില്‍ ജനങ്ങള്‍ എന്നും ഒപ്പം നിന്ന ചരിത്രമാണുള്ളത്. അതു തന്നെ ഇനിയുമുണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.

പശ്ചാത്തലം

  • സാങ്കേതിക വിദ്യാധിഷ്‌ഠിത പഠനം പ്രാബല്യത്തില്‍ വന്നതോടെ 2010-ല്‍ സംസ്ഥാനത്തെ എല്ലാ ഹൈസ്‌കൂളുകളിലും സ്‌കൂള്‍ സ്റ്റുഡന്റ് ഐ.ടി. കോര്‍ഡിനേറ്റര്‍മാരുടെ കൂട്ടായ്‌മ ഐ.ടി @സ്‌കൂള്‍ പ്രോജക്‌ട് ആരംഭിച്ചു.

  • സ്‌കൂള്‍ സ്റ്റുഡന്റ് ഐ.ടി. കോര്‍ഡിനേറ്റര്‍മാര്‍ക്ക് ഐ.ടി സ്‌കൂള്‍ പ്രോജക്‌ട് വിപുലമായ പരിശീലന പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയിരുന്നു.

  • 12,677 വിദ്യാര്‍ഥികള്‍ക്ക് ഒരാഴ്‌ച കൊണ്ട് പൂര്‍ത്തിയാക്കിയ അഞ്ച് ദിവസത്തെ അനിമേഷന്‍ പരിശീലനം.

  • 27,764 സ്റ്റുഡന്റ് ഐ.ടി. കോര്‍ഡിനേറ്റര്‍മാര്‍ക്ക് നല്‍കിയ ഹാര്‍ഡ് വെയര്‍ പരിശീലനം.

  • സ്റ്റുഡന്റ് ഐ.ടി. കോര്‍ഡിനേറ്റര്‍മാരെ ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് ആകെ 1,74,603 രക്ഷിതാക്കള്‍ക്ക് നല്‍കിയ പ്രത്യേക ഐ.ടി. പരിശിലനം.

ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബുകളുടെ രൂപവത്കരണം

  • 2018 ജനുവരി 22 -ന് ലിറ്റില്‍ കൈറ്റ്‌സ് പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്‌തു. ഹൈടെക് പദ്ധതി നടപ്പിലാക്കുന്ന ഹൈസ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ച ഐ.ടി. കൂട്ടായ്‌മ.

  • സര്‍ക്കാര്‍, എയ്‌ഡഡ് സ്‌കൂളുകളിലെ എട്ടാം ക്ലാസില്‍ പഠിക്കുന്നവരിൽ നിന്ന് 57,580 വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയാണ് ഈ കൂട്ടായ്‌മ ആരംഭിച്ചത്. മൂന്നാം വര്‍ഷത്തില്‍ എത്തുമ്പോള്‍ 2060 വിദ്യാലയങ്ങളില്‍ നിന്നായി 1.72 ലക്ഷം കുട്ടികൾ അംഗങ്ങള്‍.

  • പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് അനിമേഷന്‍, പ്രോഗ്രാമിങ്, മൊബൈല്‍ ആപ്പ് നിര്‍മ്മാണം, ഗ്രാഫിക്‌സ് ഡിസൈനിങ്, മലയാളം കമ്പ്യൂട്ടിങ്ങ്, ഹാര്‍ഡ് വെയര്‍, ഇലക്‌ട്രോണിക്‌സ്, റോബോട്ടിക്‌സ്, വെബ് ടി.വി, സൈബര്‍ സുരക്ഷ എന്നീ മേഖലകളില്‍ വിദഗ്‌ധ പരിശീലനം.

  • മാസത്തില്‍ 4 മണിക്കൂര്‍ സ്‌കൂള്‍ തലത്തില്‍ കൈറ്റ് മാസ്റ്റര്‍/മിസ്ട്രസ്സിന്റെ നേതൃത്വത്തില്‍ യൂണിറ്റ് തല പരിശീലനം. – കോഴ്‌സ് സിലബസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദഗ്‌ധരുടെ ക്ലാസ്സുകള്‍ – ഫീല്‍ഡ് വിസിറ്റുകള്‍./ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്.

  • 4500 അധ്യാപകരെ കൈറ്റ്മാസ്റ്റര്‍/ മിസ്ട്രസ്സുമാരായി തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കി.

  • യൂണിറ്റ്, ഉപജില്ലാ, ജില്ലാ, സംസ്ഥാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു വരുന്നു.

  • കോവിഡ് കാലത്ത് വിദ്യാലയങ്ങള്‍ അടഞ്ഞ് കിടന്നപ്പോൾ റുട്ടീൻ ക്ലാസുകള്‍, വിദഗ്‌ധരുടെ ക്ലാസ്സുകൾ എന്നിവ വിക്‌ടേഴ്‌സ് ചാനല്‍ വഴി സംപ്രേഷണം ചെയ്‌തു. പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാലയങ്ങള്‍ക്ക് നല്‍കിയ ഹൈടെക് ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്തി.

  • ഹൈടെക് പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങള്‍ക്ക് വിതരണം ചെയ്‌ത ക്യാമറ പ്രയോജനപ്പെടുത്തി വിക്‌ടേഴ്‌സ് ചാനലിനാവശ്യമായ വാര്‍ത്തകള്‍ തയ്യാറാക്കി സംപ്രേഷണ യോഗ്യമാക്കുന്നതിൽ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. – 2018 ഡിസംബര്‍

  • ജില്ലാ സംസ്ഥാന മേളകളില്‍ കുട്ടി റിപ്പോർട്ടർമാർ ചിത്രങ്ങളും വാര്‍ത്തകളും തയ്യാറാക്കി.

  • സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ 2019 സെപ്റ്റംബര്‍ 2 ന് നടന്ന ഓണാഘോഷത്തിന്റെ ഭാഗമായി ഡിജിറ്റല്‍ പൂക്കള നിര്‍മാണം യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടന്നു. തയ്യാറാക്കിയവയില്‍ മികച്ചവ വിക്കിയില്‍ പ്രസിദ്ധപ്പെടുത്തി.

  • രണ്ടായിരത്തോളം സ്‌കൂളുകളിലെ ഡിജിറ്റല്‍ മാഗസിനുകള്‍ – മലയാളം കമ്പ്യൂട്ടിങ്ങ് ക്ലാസുകളുടെ ഭാഗമായി എല്ലാ യൂണിറ്റുകളും തയ്യാറാക്കുന്ന ഡിജിറ്റല്‍ മാഗസിന്‍ വിക്കിയിലൂടെ പ്രസിദ്ധപ്പെടുത്തുന്നു. ഇപ്പോള്‍ 4000 മാഗസിനുകള്‍ ലഭ്യമാണ്.

  • മനോരമ ആഴ്‌ചപ്പതിപ്പുമായി ചേർന്ന് രണ്ട് ലക്ഷം അമ്മമാര്‍ക്ക് ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ ഹൈടെക് പരിശീലനം നല്‍കി. സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കിയിട്ടുള്ള ഹൈടെക് സംവിധാനങ്ങളും സൗകര്യങ്ങളും പരിചയപ്പെടുത്താനും, ‘സമഗ്ര’ പോർട്ടൽ, പാഠപുസ്‌തകത്തിലെ ക്യൂ.ആര്‍. കോഡുകള്‍ തുടങ്ങിയവ കുട്ടികൾക്ക് വീട്ടിലും ഉപയോഗിക്കാന്‍ സാഹചര്യം ഒരുക്കുകയുമായിരുന്നു പരിശീലന പദ്ധതിയുടെ ലക്ഷ്യം.

  • ജില്ലാ തലത്തിലേയും സംസ്ഥാന തലത്തിലേയും പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി മികച്ച യൂണിറ്റുകള്‍ക്ക് അവാര്‍ഡ് നൽകുന്നു.

  • അമ്മയറിയാന്‍ പദ്ധതിയുടെ ഭാഗമായി ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ വഴി 4.5 ലക്ഷം അമ്മമാര്‍ക്ക് സൈബര്‍ സുരക്ഷയില്‍ പരിശീലനം നല്‍കി.

  • സത്യമേവ ജയതേ പദ്ധതിയുടെ ഭാഗമായി ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ വഴി അപ്പര്‍ പ്രൈമറി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്ക് വ്യാജ വാർത്തകളെ എങ്ങനെ പ്രതിരോധിക്കാം എന്ന വിഷയത്തില്‍ പരിശീലനം നല്‍കി.

  • ഇന്നവേറ്റേഴ്‌സ് പദ്ധതിയുടെ ഭാഗമായി 14 ലക്ഷം കുട്ടികൾക്ക് പരിശീലനം നല്‍കി.

  • ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, പങ്കാളിത്തം, ഉൽപന്നങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ എ, ബി, സി ഗ്രേഡ് സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ട്. ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളുടെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ 2020 മുതല്‍ പത്താം ക്ലാസ്സ് പരീക്ഷയെഴുതുന്ന അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ 5 % ഗ്രേസ് മാര്‍ക്ക് അനുവദിച്ചു.

  • ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ  ഐ.സി.ടി. കൂട്ടായ്‌മയായി അടയാളപ്പെട്ട് കഴിഞ്ഞു.

  • സംസ്ഥാനത്തെ 2000 ഹൈസ്‌കൂളുകളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളിലൂടെ 9000 റോബോട്ടിക് കിറ്റുകള്‍ വിതരണം ചെയ്യുന്നു. ഇതിന്റെ പ്രവര്‍ത്തനോദ്ഘാടനം 2022 ഡിസംബർ 8 ന് ബഹു.മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

  • റോബോട്ടിക് പ്രവര്‍ത്തനങ്ങള്‍, ഹാർഡ്‌വെയർ, അനിമേഷന്‍, ഇലക്‌ട്രോണിക്‌സ്, മലയാളം കമ്പ്യൂട്ടിങ്ങ്, സൈബര്‍ സുരക്ഷാ മേഖലകള്‍ക്കു പുറമെ മൊബൈല്‍ ആപ്പ് നിര്‍മാണം, പ്രോഗ്രാമിങ്, ഇ. കൊമേഴ്‌സ്, ഇ-ഗവേണന്‍സ്, വീഡിയോ ഡോക്യുമെന്റേഷന്‍, വെബ് ടിവി തുടങ്ങിയ മേഖലകളിലെ കാലികമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ പ്രവര്‍ത്തന പുസ്‌തകം. ഇതിന്റെയടിസ്ഥാനത്തില്‍ പരിശീലനം.