ഹര്‍ഷം വയനാടിന്റെ സ്‌നേഹഭൂമി

സ്റ്റാഫ് റിപ്പോർട്ടർ

2019 ആഗസ്റ്റ് 8

പുത്തുമലയുടെ സ്വപ്‌നങ്ങൾക്ക് മീതെയായിരുന്നു പച്ചമലക്കാടുകള്‍ അടർന്നൊഴുകിയത്. 2019 ആഗസ്റ്റ് 8 നായിരുന്നു ആ ദുരന്തം. കനത്ത മഴയില്‍ അതുവരെയും സ്വസ്ഥതയോടെ കഴിഞ്ഞിരുന്ന ഗ്രാമവാസികളുടെ ജീവിതത്തിലേക്ക് കരി നിഴല്‍ വീഴ്ത്തിയാണ് മലവെള്ളം ഒലിച്ചു പോയത്. ഒരു രാത്രി കൊണ്ട് പുത്തുമല ഇല്ലാതായപ്പോള്‍ 17 പേർക്കായിരുന്നു ജീവൻ നഷ്‌ടമായത്. എസ്റ്റേറ്റ് പാടിക്ക് സമീപത്ത് കൂടി ചെളിയും മണ്ണും കുത്തിയൊഴുകി പുത്തുമല ദുരന്തങ്ങളുടെ നേര്‍ ചിത്രമായി. ദുരന്തമുണ്ടായത് മുതല്‍ സര്‍ക്കാരിന്റെ സമാനതകളില്ലാത്ത രക്ഷാ പ്രവര്‍ത്തനത്തിന്റെ കരങ്ങള്‍ ഈ ഗ്രാമത്തെ ചേര്‍ത്തു പിടിച്ചു. ആഴ്‌ചകളോളം നീണ്ടു നിന്ന തെരച്ചിലില്‍ 12 മൃതദേഹങ്ങള്‍ കണ്ടെത്താനായി. ആധുനിക ഉപകരണങ്ങളും സര്‍വതും എത്തിച്ചായിരുന്നു തെരച്ചില്‍. പ്രദേശത്തെ കുടുംബങ്ങളെയെല്ലാം സുരക്ഷിതമായ ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിക്കുകയെന്നതായിരുന്നു ആദ്യ ദൗത്യം. ഇവര്‍ക്ക് ക്യാമ്പിനുള്ളില്‍ ഭക്ഷണം വസ്ത്രം എന്നിവയെല്ലാം ഉറപ്പാക്കി.

ദുരന്തത്തിന് മുമ്പേ മുന്‍ കരുതലായി മാറ്റി പാര്‍പ്പിച്ചവര്‍ക്കും പരിഗണന നല്‍കി. ഉറ്റവരെയും പ്രിയപ്പെട്ടവരെയും നഷ്‌ടമായ വേദനകള്‍ക്കിടയില്‍ അവര്‍ക്കെല്ലാം സാന്ത്വനമായി സര്‍ക്കാര്‍ സംവിധാനങ്ങളും മാതൃകയാവുകയായിരുന്നു. സര്‍ക്കാര്‍ ദുരിത നാടിനൊപ്പം കരുതലായി നിന്നതോടെയാണ് ഈ ദുരന്തത്തിന്റെ മുറിപ്പാടുകളില്‍ നിന്നും പുത്തുമല വീണ്ടും ഉയിര്‍ കൊണ്ടത്.

കരുതലിന്റെ കരങ്ങള്‍

ദുരന്തത്തില്‍ ഉറ്റവരെ നഷ്‌ടമായവർ, വീട് നഷ്‌ടപ്പെട്ടവർ, ഭൂമി നഷ്‌ടപ്പെട്ടവർ എന്നിങ്ങനെ തരം തിരിച്ച് കണ്ടെത്തി ഇവര്‍ക്കെല്ലാം അതി ജീവനത്തിന്റെ വഴിയൊരുക്കുകയായിരുന്നു ആദ്യ ലക്ഷ്യം. ദുരന്തത്തിന് ഇരയായവര്‍ക്ക് അടിയന്തര ധന സഹായമായി സര്‍ക്കാര്‍ 10,000 രൂപ വളരെ പെട്ടെന്ന് കൈമാറി. ഒരാളെയും വിട്ടു പോകാതെ ദുരന്ത ബാധിതരെയെല്ലാം ഉള്‍പ്പെടുത്തിയുള്ള അന്തിമ ലിസ്റ്റ് തയ്യാറാക്കി. 103 വീടുകളും കൃഷിയിടങ്ങളുമാണ് ഇവിടെ ദുരന്തത്തില്‍ നശിച്ചത്. ക്യാമ്പുകളില്‍ നിന്നും താല്‍ക്കാലിക പുനരധിവാസ കേന്ദ്രമായ വാടക വീടുകളിലേക്ക് ഇവരെ മാറ്റുകയെന്നതായിരുന്നു അടുത്ത നടപടി. 53 കുടുംബങ്ങള്‍ക്കായി വാടക വീടുകള്‍ ഒരുങ്ങി. ഇവര്‍ക്കായി വീടൊന്നിന് പ്രതിമാസം 3000 രൂപ മേപ്പാടി ഗ്രാമ പഞ്ചായത്ത് നല്‍കി. ആറു മാസം വരെ ഇവരുടെ അതി ജീവനം ഈ വീടുകളില്‍ സാധ്യമാക്കി. ഇതിനകം പുനരധിവാസത്തിന് സര്‍ക്കാര്‍ ഓരോ കുടുംബത്തിനും പത്ത് ലക്ഷം രൂപ വീതം അനുവദിച്ചു. ഇവിടെ നിന്നാണ് പുത്തുമലക്കാരുടെ പുതിയ ജീവിതം വേരോടി തുടങ്ങിയത്.

പൂത്തക്കൊല്ലിയില്‍ പുതിയ വീടുകള്‍

പുത്തുമല പുനരധിവാസത്തിനുള്ള സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊർജിതമാക്കിയിരുന്നു. പുത്തുമലയില്‍ നിന്നും ഏറെ ദൂരെയല്ലാത്തതും ദുരന്ത സാധ്യതകളില്ലാത്തതുമായ സ്ഥലമാണ് അന്വേഷണത്തില്‍ ഉൾപ്പെട്ടത്. ഏറെ വൈകാതെ തന്നെ ദുരിത ബാധിതര്‍ക്ക് ഒരിടത്ത് തന്നെ താമസം സാധ്യമാകുന്ന സ്ഥലം കണ്ടെത്തി. മാതൃഭൂമി ചാരിറ്റബില്‍ ട്രസറ്റ് രണ്ടു കോടിയോളം രൂപ വില വരുന്ന പൊന്നും വിലയ്ക്ക് ഏഴേക്കര്‍ സ്ഥലം വാങ്ങി സൗജന്യമായി സര്‍ക്കാരിന് കൈമാറി.. സര്‍ക്കാരിന്റെയും സന്നദ്ധ പ്രവർത്തകരുടെയും പിന്തുണയോടെ ഇവിടെ ദുരിത ബാധിതര്‍ക്കായി വീടുകള്‍ ഉയർന്നു. ഏഴ് സെന്റ് സ്ഥലം വീതം നല്‍കിയാണ് പൂത്തക്കൊല്ലിയുടെ സ്നേഹ ഭൂമിയില്‍ 53 കുടുംബങ്ങള്‍ക്കായി വീടുകള്‍ ഉയർന്നത്. ഗുണഭോക്താക്കളെ ദുരിത ബാധിതര്‍ക്കിടയില്‍ നിന്നും നറുക്കെടുപ്പിലൂടെ കണ്ടെത്തി. വീട്, വൈദ്യുതി, കുടിവെള്ളം എന്നിങ്ങനെയുള്ള സൗകര്യങ്ങളെല്ലാം ഇവിടെ ഒരുങ്ങിയിരുന്നു. പുനരധിവാസത്തിന് വരാതിരുന്ന 50 കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം സഹായ ധനവും സര്‍ക്കാര്‍ അനുവദിച്ചു.

ഇവിടെ ഞങ്ങള്‍ സംതൃപ്‌തരാണ്

പൂത്തക്കൊല്ലിയിലെ തേയിലത്തോട്ടങ്ങൾക്കിടയിലെ ഏഴേക്കറുള്ള ഹര്‍ഷത്തില്‍ ഞങ്ങള്‍ സംതൃപ്‌തരാണ്. ദുരന്തം ഞങ്ങള്‍ക്ക് മറക്കാനാകില്ല. എല്ലാം നഷ്‌ടപ്പെട്ടവരായിരുന്നു ഞങ്ങള്‍. അതില്‍ നിന്നെല്ലാം ഞങ്ങള്‍ അതിജീവിച്ചു. ഇന്നിവിടെ ഹര്‍ഷത്തില്‍ എല്ലാമുണ്ട്. പുത്തുമല ദുരന്തത്തില്‍ നിന്നും പുത്തക്കൊല്ലിയില്‍ പുനരധിവസിക്കപ്പെട്ട എഴുപത്തി രണ്ട് വയസ്സ് പിന്നിട്ട കല്ലിങ്കല്‍ അലവി പറയുന്നു. മലവെള്ളം വന്നപ്പോൾ ആകെയുള്ളതെല്ലാം നഷ്‌ടപ്പെട്ടു. എനിക്ക് മാത്രമല്ല. എന്നെപ്പോലുള്ള എന്റെ അയൽവീട്ടുകാർക്കും. ഒരു വിളിപ്പാടകലെ അപ്പുറത്തും ഇപ്പുറത്തുമായി കഴിഞ്ഞവരായിരുന്നു ഞങ്ങളെല്ലാം. അന്നൊരു മഴക്കാല രാത്രി അതായിരുന്നു പുത്തുമലയില്‍ നിന്നുള്ള ഏറ്റവും ഒടുവിലത്തെ ഓര്‍മ്മകള്‍. ആരുടെയോ ഭാഗ്യം കൊണ്ടാണ് ജീവിതം തിരിച്ചു കിട്ടിയത്. ആദ്യം ഞങ്ങള്‍ കുടംബങ്ങള്‍ ഒന്നാകെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. ഭക്ഷണവും എല്ലാം സര്‍ക്കാര്‍ തന്നു. ഇവിടെ നിന്നും എവിടെ പോകും എന്നതായിരുന്നു അന്നുണ്ടായിരുന്ന ആശങ്കകള്‍. താല്‍ക്കാലിക പുനരധിവാസത്തിനായി ആറ് മാസത്തോളം വാടക വീട് കിട്ടി. പ്രതിമാസം 3000 രൂപയായിരുന്നു വാടക. ഈ തുക മേപ്പാടി ഗ്രാമ പഞ്ചായത്താണ് പൂര്‍ണ്ണമായും നല്‍കിയത്. അധികം താമസിയാതെ ഞങ്ങള്‍ പുത്തുമലക്കാര്‍ക്ക് അധികം ദൂരമില്ലാത്ത പൂത്തക്കൊല്ലിയില്‍ സ്ഥലം കിട്ടി. ആറര ലക്ഷം രൂപ ചെലവ് വരുന്ന വീടുകള്‍ക്ക് നാല് ലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്‍കി. ബാക്കി തുക സന്നദ്ധ സംഘടനകളും നല്‍കിയതോടെയാണ് ഹര്‍ഷം ഇവിടെ സാക്ഷാത്‌കരിക്കപ്പെട്ടത്. ഞങ്ങള്‍ പുത്തുമലക്കാര്‍ ദുരന്തത്തില്‍ നിന്നും കര കയറി ഇന്നിവിടെ പുതിയ ജീവിതത്തിലാണ്.

മരണത്തെ മുഖാമുഖം കണ്ടു ഇന്ന് ഈ തണലില്‍ – തങ്ക

പുഞ്ചിരിമട്ടമെന്ന ഏലമലയിലായിരുന്നു താമസം. ജീവിക്കാന്‍ എല്ലാമുണ്ടായിരുന്നു അവിടെ ഞങ്ങള്‍ക്ക്. അത്രയധികം പ്രകൃതി കനിഞ്ഞരുളിയ നാടായിരുന്നു. ഇന്ന് അവിടെ ഒന്നുമില്ല. എല്ലാം ഉരുളെടുത്തു. മലവെള്ളത്തില്‍ സ്വന്തം മകനെയും നഷ്‌ടപ്പെട്ട കയത്തില്‍ തങ്ക പറയുന്നു. സര്‍ക്കാരിന്റെ അതിവേഗമുള്ള താല്‍ക്കാലിക പുനരധിവാസ നടപടിയുടെ ഭാഗമായി മുണ്ടേരിയിലെ സര്‍ക്കാര്‍ ക്വാർട്ടേഴ്‌സിലാണ് ഇപ്പോള്‍ താമസം. തങ്കയുടെ ഭര്‍ത്താവ് രാമസ്വാമി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. 45 സെന്റ് സ്ഥലവും അതിലൊരു വീടുമുണ്ടായിരുന്നു. ഇതെല്ലാം മലവെളളം കവർന്നു. അന്ന് അത്രയും മഴയുണ്ടായിരുന്നതിനാൽ, മകന്റെ ഭാര്യയും ചെറിയ കുട്ടികളും അവരുടെ വീട്ടിൽ പോയതിനാല്‍ രക്ഷപ്പെട്ടു. മൂത്തമകന്‍ സുജീഷും അനുജന്‍ സുബീഷുമാണ് വീട്ടിലുണ്ടായിരുന്നത്. മണ്ണും ചെളിയും അടിച്ചു കയറിയ വീട്ടിൽ നിന്നും കഷ്‌ടിച്ചാണ് സുജീഷ് രക്ഷപ്പെട്ടത്. ഗുരുതര പരിക്കേറ്റ സുജീഷ് ഇപ്പോള്‍ ജീവിതത്തിലേക്ക് തിരികെ നടക്കുകയാണ്. അനുജന്‍ സുബീഷ് ദുരന്തത്തിന് ഇരയായി. ഈ മുറിവില്‍ നിന്നും ജീവിതം ഏങ്ങിനെ മുന്നോട്ട്  കൊണ്ടു പോകും എന്ന് നിശ്ചയമില്ലായിരുന്നു. സര്‍ക്കാര്‍ സൗകര്യമൊരുക്കി. ആദ്യഘട്ടത്തിൽ തന്നെ ക്വാർട്ടേഴ്‌സ് കിട്ടി. സര്‍ക്കാരിന്റെ അടിയന്തര ധനസഹായവും മകന്റെ ചികിത്സക്കുള്ള പണവുമെല്ലാം കിട്ടി. ഇതാണ് ആശ്വാസം.

മരണത്തെ മുഖാമുഖം കണ്ടു ഇന്ന് ഈ തണലില്‍ – പ്രസന്ന

പുഞ്ചിരിമട്ടത്ത് നിന്നാണ് കോട്ടുവാർ പ്രസന്നയും കുടുംബവും കല്‍പ്പറ്റയ്ക്കടുത്ത മുണ്ടേരിയിലെ സര്‍ക്കാര്‍ ക്വാർട്ടേഴ്‌സിലെത്തിയത്. വലിയ ദുരന്തം കൺമുന്നിൽ കണ്ടതിന്റെ ഞെട്ടലിലാണ് ഈ കുടുംബം. പ്രായമായ അച്ഛനും അമ്മയും ഭര്‍ത്താവും മക്കളുമടങ്ങുന്ന കുടുംബം തലനാരിഴയ്ക്കാണ് ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. ആകെയുണ്ടായിരുന്ന വീടും സ്ഥലവുമെല്ലാം നഷ്‌ടപ്പെട്ടു. തേയിലത്തോട്ടത്തിൽ ദീര്‍ഘ കാലം അധ്വാനിച്ചുണ്ടാക്കിയതായിരുന്നു എല്ലാം. ബന്ധുക്കളെയുമെല്ലാം ദുരന്തം കവർന്നെടുത്തു. തൊഴിലിടങ്ങളും എസ്റ്റേറ്റ് പാടിയുമെല്ലാം നശിച്ചു. അവിടെ താമസിച്ച പ്രിയപ്പെട്ടവരും നാട്ടുകാരിൽ പലരെയും ദുരന്തം കൊണ്ടു പോയിരുന്നു. ആകെയുള്ള ആശ്വാസം ഈ താല്‍ക്കാലിക പുനരധിവാസ കേന്ദ്രത്തില്‍ ഒരിടം കിട്ടിയെന്നതാണ്. നഷ്‌ടപ്പെട്ടതെല്ലാം നഷ്‌ടപ്പെട്ടു. ഇനിയൊരു ജീവിതം തളിരിടണമെങ്കില്‍ കാലങ്ങള്‍ കഴിയുമായിരിക്കും. അതുവരെയും ഞങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ട്… പ്രസന്ന പറയുന്നു.. നല്ല സൗകര്യമുള്ള ക്വാർട്ടേഴ്‌സാണ് കിട്ടിയത്. സർക്കാരിൽ നിന്നുള്ള മറ്റു ധന സഹായങ്ങളും കിട്ടുന്നുണ്ട്.

മുജീബും ആസ്യയും

ചൂരല്‍ മലയിലെ വാടക വീട്ടിൽ നിന്നാണ് കുരിക്കള്‍ ഹൗസില്‍ മുജീബും ഭാര്യ ആസ്യയും ദുരന്തത്തെ മുഖാമുഖം കാണുന്നത്. ആകെയുള്ള മൂന്ന് സെന്റ് സ്ഥലവും മല വെള്ളത്തില്‍ ഒലിച്ചു പോയി. ഏഴുമക്കളടങ്ങുന്ന കുടുംബം ഇപ്പോള്‍ സര്‍ക്കാര്‍ അനുവദിച്ച ക്വാർട്ടേഴ്‌സിലാണ്. മുണ്ടക്കൈ എസ്റ്റേറ്റ് പാടിയില്‍ നിന്നെത്തി പ്രമേഷും കുടുംബവും അടുത്ത ക്വാർട്ടേഴ്‌സിലുണ്ട്. ഇങ്ങനെ ഏഴു കുടുബത്തിന് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്‌സിൽ താമസ സൗകര്യം ഒരുക്കിയത്. വിവിധയിടങ്ങളിലായി ദുരന്ത മേഖലയില്‍ നിന്നുള്ള മറ്റുള്ളവര്‍ക്കുമെല്ലാം വാടക വീടുകളും സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. പ്രതിമാസം ആറായിരം രൂപ വാടകയിനത്തിലും ഇവര്‍ക്ക് അനുവദിക്കുന്നുണ്ട്.