80,000 അധ്യാപകര്‍ക്കായി എ.ഐ. പരിശീലനം
80,000 അധ്യാപകര്‍ക്കായി എ.ഐ. പരിശീലനം
ഇന്ത്യയില്‍ ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജന്‍സിന്റെ (എ.ഐ.) സാധ്യതകള്‍ പൊതു വിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ എട്ടു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന 80,000 അധ്യാപകര്‍ക്ക് കൈറ്റിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം മെയ് 2 മുതല്‍ നല്കി വരുന്നു.
എ.ഐ. ഉപയോഗിച്ച് ഡോക്യുമെന്റുകളെ (പി.ഡി.എഫ്, ചിത്രം, വീഡിയോ ഉള്‍പ്പെടെ) ലളിതമായ ഭാഷയില്‍ മാറ്റാനും ആശയം ചോരാതെ ഉള്ളടക്കം സംഗ്രഹിക്കാനും പുതിയവ തയ്യാറാക്കാനും സഹായകമാക്കുന്ന ‘സമ്മറൈസേഷന്‍’ (Summarisation) സങ്കേതങ്ങള്‍ ആണ് ആദ്യ ഭാഗത്ത്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ തയ്യാറാക്കാനും എഡിറ്റ് ചെയ്യാനും അവയെ കാർട്ടൂണുകൾ, പെയിന്റിങ്ങുകള്‍ എന്നിങ്ങനെ മാറ്റാനും ചിത്രങ്ങളോടൊപ്പം ഉള്ളടക്കം കൂട്ടിച്ചേർക്കാനും കഴിയുന്ന ‘ഇമേജ് ജനറേഷന്’ ആണ് രണ്ടാം ഭാഗം.
എ.ഐ. ടൂളുകള്‍ ഉപയോഗിക്കുമ്പോള്‍ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട പ്രോംപ്റ്റുകള്‍ കൃത്യമായി നല്കാന് സഹായിക്കുന്ന ‘പ്രോംപ്റ്റ് എഞ്ചിനീയറിങ്ങ് ആണ് പരിശീലനത്തിന്റെ മൂന്നാം ഭാഗം. നിര്‍മ്മിത ബുദ്ധിയുടെ ഉപയോക്താക്കള്‍ മാത്രമല്ല അവ പ്രോഗ്രാം വഴി എങ്ങനെ തയ്യാറാക്കുന്നു എന്ന് സ്വയം പരിശീലിക്കാന്‍ അധ്യാപകര്‍ക്ക് അവസരം നൽകുന്ന ‘മെഷീന് ലേണിങ്ങ് ആണ് പരിശീലനത്തിന്റെ നാലാം ഭാഗം.
എ.ഐ. ഉപയോഗിച്ച് പ്രസന്റേഷനുകള്‍, അനിമേഷനുകള്‍ തുടങ്ങിയവ തയ്യാറാക്കാനും ലിസ്റ്റുകള്‍, പട്ടികകൾ, ഗ്രാഫുകള്‍, ചാർട്ടുകൾ തുടങ്ങിയവ നമ്മുടെ ആവശ്യത്തിനനുസരിച്ച് നിര്‍മ്മിക്കാനും, കസ്റ്റമൈസ് ചെയ്യാനും അഞ്ചാം ഭാഗത്തും പരിചയപ്പെടുന്നു. ആറാം ഭാഗം മൂല്യ നിര്‍ണയത്തിന് എ.ഐ. സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചാണ്. അധ്യാപകര്‍ക്ക് യൂണിറ്റ് ടെസ്റ്റുകള്‍ മുതല്‍ വിവിധ ചോദ്യ മാതൃകകള്‍ തയ്യാറാക്കാന്‍ ഇതിലൂടെ അവസരം ലഭിക്കും. നിര്‍മ്മിത ബുദ്ധിയുടെ ഉത്തരവാദിത്വത്തോടെയുള്ള ഉപയോഗം (Responsible AI) തിരിച്ചറിയാന്‍ അധ്യാപകരെ പര്യാപ്തമാക്കി നടത്തുന്ന പരിശീലനത്തിന്റെ അവസാന ഭാഗത്ത് സ്വന്തം അവതാര്‍ നിര്‍മ്മിച്ച് ഡീപ്ഫേക്ക് എന്താണെന്ന് മനസ്സിലാക്കാനും, സ്വകാര്യത, അല്‍ഗൊരിതം പക്ഷപാതിത്വം (Bias) തുടങ്ങിയവ മനസ്സിലാക്കാനും അധ്യാപകര്‍ക്ക് അവസരം ലഭിക്കുന്നു.
എ.ഐ. ടൂളുകള്‍ ഉപയോഗിക്കുമ്പോള്‍ സ്വകാര്യത ഉറപ്പാക്കാന്‍ അധ്യാപകര്‍ക്ക് കൈറ്റ് നല്കിയ ജി-സ്യൂട്ട് അക്കൗണ്ടുകള്‍ ഉപയോഗിക്കും. കൈറ്റിന്റെ വിദഗ്ധ സമിതി പരിശോധിച്ച് നിർദ്ദേശിക്കുന്ന എ.ഐ. ടൂളുകളാണ് പരിശീലനത്തിന് ഉപയോഗിക്കുന്നത്. ഓരോ കുട്ടിക്കും അനുയോജ്യമായ വിധത്തില്‍ പഠന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും റിസോഴ്സുകള്‍ ഭിന്നശേഷി സൗഹൃദമായി പരുവപ്പെടുത്താനും പരിശീലനം വഴി അധ്യാപകര്‍ക്ക് അവസരം ലഭിക്കുന്നുണ്ട്.