പുറം ലോകത്തെയും കേരളത്തെയും ഒരുമിപ്പിക്കുന്നവർ
പിണറായി വിജയന്
പ്രവാസി സഹോദരരില്‍ തൊഴില്‍ ദാതാക്കള്‍, സംരംഭകര്‍, ഭരണ സാരഥ്യത്തില്‍ പങ്കുള്ളവര്‍, പ്രൊഫഷണല്‍ വൈദഗ്ധ്യം കൊണ്ട് ആ നാടുകളുടെ വികസനം ത്വരിതപ്പെടുത്തുന്നവർ എന്നിവരുണ്ട്. ഇവരില്‍ പലരും അതതു നാടുകളില്‍ ആദരം നേടിയവരാണ്. നമ്മുടെ നാട്ടിലെ നിയമ-നയരൂപീകരണത്തിലും വികസന ആസൂത്രണത്തിലുമൊക്കെ വലിയ സംഭാവനകള്‍ നല്കാന് കഴിയുന്നവരാണ് ഇവരില്‍ വലിയൊരു വിഭാഗം. എന്നാൽ, വിപുലമായ ആ സ്രോതസ്സ് ഫലപ്രദമായി ഉപയോഗപ്പെടുത്തുവാന്‍ നമുക്കായിരുന്നില്ല. അതിനുവഴി തുറക്കുന്നതു കൂടിയാണ് ലോക കേരള സഭയും അതിന്റെ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളും. ലോകമലയാളികളുടെ ഈ കൂട്ടായ്മയിൽ വരുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പൊതു സമ്മതമായ തീരുമാനങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിനും അനുഭാവപൂര്‍വമായ നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനും ലോക കേരള സഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ലോകം അവസരങ്ങളുടെ ഒരു തുറസ്സാണ്. പുറം ലോകത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കാന്‍ കേരളത്തെ സഹായിക്കുന്ന മാധ്യമമായി വര്‍ത്തിക്കുകയാണ് പ്രവാസി ലോകം ചെയ്യുന്നത്. പ്രവാസികളോടുള്ള ഉത്തരവാദിത്വം നിർവഹിക്കുന്നതിനോടൊപ്പം പ്രവാസത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കാനും ബോധപൂര്‍വമായ പരിശ്രമം ആവശ്യമാണ്. സുപ്രധാനമായ ഈ രണ്ടു ദൗത്യങ്ങളും ഏറ്റെടുക്കാന്‍ കഴിയുന്ന തരത്തിലാണ് ലോക കേരള സഭയുടെ നടപടിക്രമങ്ങള്‍ വിഭാവനം ചെയ്യുന്നത്. പ്രവാസി ലോകത്തിന്റെ പ്രധാന വിഷയങ്ങള്‍ ഓരോന്നും സംബന്ധിച്ച് ആഴത്തിലുള്ള ചര്‍ച്ചയും ഉറച്ച തീരുമാനങ്ങളുമായാണ് സഭ മുന്നോട്ടു പോകുന്നത്.