പുതു ചരിത്രം ഈ ജനകീയ സംവാദ യാത്ര

കേരളത്തിലെ ജനാധിപത്യത്തിന്റെയും ഭരണ നിര്‍വഹണത്തിന്റെയും ചരിത്രത്തില്‍ ദീപ്‌തമായ പുതിയ ഒരധ്യായം രചിച്ച ഒന്നായി നവകേരള സദസ്സ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭയൊന്നാകെ നവകേരള സൃഷ്‌ടിയെക്കുറിച്ച് ജനങ്ങളുമായി സംവദിക്കാന്‍ 140 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍ ഒഴുകിയെത്തിയ ജനക്കൂട്ടത്തിനും അത് നവ്യാനുഭവമായി. നവകേരള സദസ്സിന്റെ ജില്ലകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് തുടര്‍ പേജുകളില്‍.

കാസര്‍ഗോഡ്

സപ്‌ത ഭാഷാ സംഗമ ഭൂമിയില്‍ തുടക്കം

ചരിത്രത്താളുകളില്‍ പുതിയ നേട്ടം രചിച്ച് മുഖ്യമന്ത്രിയും ഇരുപത് മന്ത്രിമാരും സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസ്സിന്റെ യാത്ര കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം പൈവളിഗെയില്‍ നിന്ന് നവംബര്‍ 18ന് ആരംഭിച്ചു.

18, 19 തീയതികളിലായി കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലങ്ങളില്‍ നവകേരള സദസ്സ് ജനസാഗരം ഒരേ മനസ്സോടെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

എരിഞ്ചേരിയില്‍ ആയുര്‍വേദ ഡിസ്പെന്‍സറിക്ക് സ്ഥലം

നവകേരള സദസ്സിന്റെ സാര്‍ഥകതയായി എരിഞ്ചേരിയില്‍ ആയുര്‍വേദ ഡിസ്പെന്‍സറിക്ക് 17 സെന്റ് സ്ഥലം ജില്ലാ കളക്‌ടർ അനുവദിച്ചു. ഉദുമ നിയോജക മണ്ഡലത്തിലെ നവകേരള സദസ്സില്‍ നല്‍കിയ നിവേദനത്തെ തുടർന്നാണ് ജില്ലാ കളക്‌ടർ സ്ഥലം അനുവദിച്ചത്. മുളിയാര്‍ ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡായ എരിഞ്ചേരിയില്‍ ഒമ്പത് വര്‍ഷമായി വാടകക്കെട്ടിടത്തിലാണ് ഡിസ്പെന്‍സറി പ്രവർത്തിക്കുന്നത്.

ടൂറിസം വികസനം

കാസര്‍കോട് ജില്ലയിലെ ടൂറിസം മേഖല നല്ല രീതിയില്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വികസനത്തിന്റെ സ്വാദ് കേരളത്തിലെ ഓരോ മനുഷ്യനും ഓരോ കുടുംബത്തിനും ആസ്വദിക്കാന്‍ കഴിയണം എന്നതാണ് സര്‍ക്കാരിന്റെ വികസന കാഴ്‌ചപ്പാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

14232 നിവേദനങ്ങള്‍

ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുമായി 14232 നിവേദനങ്ങളാണ് ലഭിച്ചത്.

മഞ്ചേശ്വരം  1908
കാസര്‍ഗോഡ് 3451
ഉദുമ 3733
കാഞ്ഞങ്ങാട്  2840
തൃക്കരിപ്പൂര്‍ 2300

കണ്ണൂര്‍

നാടിന്റെ സ്‌നേഹോഷ്‌മളതയിൽ

പയ്യന്നൂർ നിയോജക മണ്ഡലത്തില്‍ നിന്നാരംഭിച്ച നവകേരള സദസ്സിന് വൻ വരവേല്‌പാണ് കല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ,  പേരാവൂര്‍ മണ്ഡലങ്ങളില്‍ ലഭിച്ചത്. ഓരോ മണ്ഡലങ്ങളിലും വന്‍ ജനാവലി മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സ്വീകരിക്കാനായി അണമുറിയാതെ എത്തി.

വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ കലാപരിപാടികളോടെയാണ് നവകേരള സദസ്സിന് തുടക്കമായത്. തിരുവാതിര, മാര്‍ഗംകളി, ഒപ്പന തുടങ്ങിയ വിവിധ കലാപരിപാടികള്‍ സദസ്സിന്റെ മനം കീഴടക്കി.

മന്ത്രിസഭയൊന്നാകെ ജില്ലയിലെ പ്രഭാത സംഗമങ്ങളില്‍ ക്ഷണിക്കപ്പെട്ട അതിഥികളുമായും സംവദിച്ചാണ് ഓരോ ദിവസവും കടന്നു പോയത്. ആദിവാസി ഗോത്ര മൂപ്പന്‍, സമുന്നതരായ സാഹിത്യാകാരന്മാർ, മത പുരോഹിതര്‍, മത പണ്ഡിതര്‍, ബിസിനസുകാര്‍, കായിക താരങ്ങള്‍, കലാകാരന്‍മാര്‍, യുവാക്കള്‍, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ തുടങ്ങി സമൂഹത്തിന്റെ പരിച്ഛേദം കണ്ണൂരിലെ പ്രഭാത യോഗങ്ങളില്‍ കാണാമായിരുന്നു.

ആറളത്ത് കൈവശാവകാശ രേഖ നൽകും

ആറളം ഫാമിലെ കൈവശക്കാര്‍ക്ക് മൂന്ന് മാസത്തിനകം ഭൂമിയുടെ കൈവശാവകാശ രേഖ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കല്ല്യാശ്ശേരി മണ്ഡലത്തിലെ ഭൂദാനം കോളനി പ്രശ്‌നവും പട്ടുവത്തെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നവും പരിഹരിക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു.

ഇരിക്കൂറില്‍ 828 കോടിയുടെ ജലവിഭവ പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

28584 നിവേദനങ്ങള്‍

പയ്യന്നൂർ 2554
കല്യാശ്ശേരി 2469
തളിപ്പറമ്പ് 2289
ഇരിക്കൂര്‍ 2493
അഴീക്കോട് 2357
കണ്ണൂര്‍ 2500
ധര്‍മടം 2849
തലശ്ശേരി 2264
കൂത്തുപറമ്പ് 2477
മട്ടന്നൂർ 3350
പേരാവൂര്‍ 2982

വയനാട്

മഴയിലും തോരാത്ത ആവേശം

കല്‍പ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി നിയോജക മണ്ഡലങ്ങളിലായി അരലക്ഷത്തോളം ആളുകളാണ് നവകേരള സദസ്സിലെത്തിയത്. കാലം തെറ്റി പെയ്‌ത മഴയിലും ആവേശം ഒട്ടും കുറയാതെ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സ് ജനസാഗരമായി മാറി.

തോട്ടം, കാര്‍ഷിക തൊഴില്‍ മേഖലകള്‍ തുടങ്ങി സമൂഹത്തിന്റെ നാനാമേഖലകളില്‍ നിന്നുമുള്ള ജനപങ്കാളിത്തം നവകേരള സദസ്സിനെ ശ്രദ്ധേയമാക്കി. നവകേരള സദസ്സിന്റെ മുന്നോടിയായി കൽപറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന പ്രഭാത യോഗവും ക്ഷണിക്കപ്പെട്ട അതിഥികളാല്‍ സമ്പന്നമായിരുന്നു. ഇരുന്നൂറോളം പേരെയാണ് നവകേരള സദസ്സ് പ്രഭാത യോഗത്തിലേക്ക് പ്രത്യേകമായി ക്ഷണിച്ചത്. പതിമൂന്നു പേർ മുഖ്യമന്ത്രിയുമായുളള നേരിട്ടുള്ള സംവാദത്തില്‍ പങ്കാളികളായി.

ഹരിതസദസ്സ്

ജില്ലയില്‍ നടന്ന നവകേരള സദസ്സ് പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചു. കൽപറ്റ, മാനന്തവാടി, ബത്തേരി മണ്ഡലങ്ങളിലായി നടന്ന നവകേരള സദസ്സില്‍ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ അടക്കമുള്ള എല്ലാ ഡിസ്പോസിബിള്‍ വസ്‌തുക്കളും പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു. ഹരിതചട്ടം പാലിച്ച് നടന്ന പരിപാടിയില്‍ സ്റ്റീല്‍ പാത്രങ്ങളും സ്റ്റീല്‍ ഗ്ലാസുകളുമാണ് ഉപയോഗിച്ചത്.

കുപ്പിവെള്ളം ഉപയോഗം പരമാവധി കുറച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഭക്ഷണ ശാലയും പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചാണ് പ്രവർത്തിപ്പിച്ചത്.  നഗര സഭകളുടെ നേതൃത്വത്തില്‍ വേദിയും പരിസരവും മാലിന്യ മുക്തമാക്കുന്നതിനായി ഹരിത കര്‍മ്മ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനവും നടത്തി. നവകേരള സദസ്സിന്റെ എല്ലാ വേദികള്‍ക്ക് സമീപവും ജൈവ-അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പ്രത്യേക ബിന്നുകളും സ്ഥാപിച്ചിരുന്നു.

തുരങ്കപാത

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്ക പാതക്കാവശ്യമായ മുഴുവന്‍ തുകയും കിഫ്ബി വഴി കണ്ടെത്തും. തുരങ്ക പാതയുടെ രൂപരേഖ തയ്യാറാക്കാന്‍ കൊങ്കൺ റെയില്‍വേ കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി. പദ്ധതിക്ക് ഏകദേശം 2134 കോടി രൂപയാണ് ചെലവ് വേണ്ടി വരികയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

18,823 നിവേദനങ്ങളാണ് ജില്ലയിലെ മൂന്നിടങ്ങളിൽ നിന്നുമായി ലഭിച്ചത്.

കല്പറ്റയില്‍ 7877

സുല്‍ത്താന്‍ ബത്തേരിയില്‍ 5021

മാനന്തവാടിയില്‍ 5925

കോഴിക്കോട്

ചരിത്രഭൂമിയുടെ മനം നിറച്ച്

നവംബര്‍ 24-ന് രാവിലെ വടകരയിലെ പ്രഭാത സദസ്സോടെ തുടങ്ങി നവംബര്‍ 26 രാത്രി ബേപ്പൂര്‍ മണ്ഡലത്തിലെ നല്ലൂരിലാണ് കോഴിക്കോട് ജില്ലയിലെ നവകേരള സദസ്സ് സമാപിച്ചത്.

ഇരു കൈകളില്ലെങ്കിലും അമന്‍ വരച്ചു മുഖ്യമന്ത്രിയെ

ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ നവകേരള സദസ്സിനെത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന് കാലു കൊണ്ട് വരച്ച ചിത്രം അമന്‍ അലി സമ്മാനിച്ചത്. സ്നേഹം ചാലിച്ച് വരച്ച ചിത്രം നിറഞ്ഞ സന്തോഷത്തോടെ മുഖ്യമന്ത്രി ഏറ്റുവാങ്ങി. വെളുത്ത പേപ്പറില്‍ മുഖ്യമന്ത്രിയുടെ ചിരിക്കുന്ന മുഖം വരച്ചെടുത്ത് ഫ്രെയിം ചെയ്‌താണ് സമ്മാനിച്ചത്. വെറും ഒരു മണിക്കൂര്‍ മാത്രം സമയമെടുത്താണ് അമന്‍ അലി മുഖ്യമന്ത്രിയുടെ ചിത്രം വരച്ചത്.

ചിത്ര രചന ക്ലാസ്സിനൊന്നും അമന്‍ അലി പോയിട്ടില്ല. യൂട്യൂബ് നോക്കിയാണ് ചിത്രം വരക്കാന്‍ പഠിച്ചത്. അരക്കിണര്‍ സ്വദേശികളായ റസിയയുടെയും നൗഷാദിന്റെയും മകനാണ് ഒന്‍പതാം ക്ലാസ്സുകാരനായ അമന്‍ അലി.

ഭിന്നശേഷിക്കാരുടെ ആവശ്യങ്ങളുമായി വീല്‍ചെയര്‍ റൈറ്റ്സ് കൂട്ടായ്‌മ

കൊടുവള്ളി മണ്ഡലം നവകേരള സദസ്സിന്റെ നിവേദന കൗണ്ടറില്‍ ഭിന്നശേഷിക്കാരുടെ വ്യത്യസ്‌ത ആവശ്യങ്ങള്‍ ഉന്നയിച്ച് വീല്‍ചെയര്‍ റൈറ്റ്സ് ഓര്‍ഗനേസേഷന്‍ ഭാരവാഹികള്‍. വിനോദ സഞ്ചാര മേഖലകള്‍ ഭിന്നശേഷി സൗഹൃദമാക്കുക, ഓഫീസുകള്‍, പൊതു ഇടങ്ങള്‍ ഉള്‍പ്പടെ റാമ്പുകള്‍ സ്ഥാപിക്കുക, ഭിന്നശേഷി നിയമനം നടത്തുക, മുടങ്ങിപ്പോയ പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടത്.

കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്ക പാതയുടെ നിര്‍മ്മാണം രണ്ടര വര്‍ഷത്തിനകം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ കോഴിക്കോട് ജില്ലയില്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

45,897 നിവേദനങ്ങള്‍

മൂന്ന് ദിവസത്തെ സദസ്സ് സമാപിച്ചപ്പോള്‍ 13 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി ആകെ ലഭിച്ചത് 45,897 നിവേദനങ്ങള്‍.

ആദ്യദിനം ലഭിച്ചത് 14,852 നിവേദനങ്ങളും രണ്ടാം ദിവസം 16,048 ഉം മൂന്നാം ദിവസം 14,997 നിവേദനങ്ങളുമാണ് ലഭിച്ചത്.

പേരാമ്പ്ര 4316,
നാദാപുരം 3985
കുറ്റ്യാടി 3963
വടകര 2588
ബാലുശ്ശേരി 5461
കൊയിലാണ്ടി 3588
എലത്തൂര്‍ 3224
കോഴിക്കോട് നോര്‍ത്ത് 2258
കോഴിക്കോട് സൗത്ത് 1517
തിരുവമ്പാടി 3827
കൊടുവള്ളി 3600
കുന്ദമംഗലം 4171
ബേപ്പൂര്‍ 3399

എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്.

മലപ്പുറം

സ്‌ത്രീകളുടെയും കുട്ടികളുടെയും വന്‍ പങ്കാളിത്തം

കേരളത്തിന്റെ പുതിയ യുഗത്തിന് തുടക്കം കുറിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവംബര്‍ 27 മുതല്‍ 30 വരെ നടന്ന 16 നവകേരള സദസ്സുകൾക്ക് പുറമെ മൂന്ന് പ്രഭാത സദസ്സുകളും മലപ്പുറം ജില്ലയില്‍ സംഘടിപ്പിച്ചു.

തിരൂര്‍ ബിയാന്‍കോ കാസിലില്‍ പ്രഭാത സദസ്സോടെയാണ് ജില്ലയിലെ നവകേരള സദസ്സ് ആരംഭിച്ചത്. പ്രത്യേക ക്ഷണിതാക്കളായെത്തിയവര്‍ ആവശ്യങ്ങളും ആശയങ്ങളും മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും മുന്‍പില്‍ അവതരിപ്പിച്ചു.

നവംബര്‍ 27-ന് പൊന്നാനി, തവനൂര്‍, തിരൂര്‍, താനൂര്‍ മണ്ഡലങ്ങളിലും 28ന് വള്ളിക്കുന്ന്, തിരൂരങ്ങാടി, വേങ്ങര, കോട്ടക്കൽ മണ്ഡലങ്ങളിലും 29 ന് കൊണ്ടോടി, മഞ്ചേരി, മങ്കട, മലപ്പുറം മണ്ഡലങ്ങളിലും നവംബര്‍ 30 ന് ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലും നവകേരള സദസ്സ് സംഘടിപ്പിച്ചു.

മൂന്ന് മേഖലകളിലായാണ് ജില്ലയില്‍ പ്രഭാത സദസ്സ് സംഘടിപ്പിച്ചത്. തിരൂര്‍, പൊന്നാനി, തവനൂര്‍, താനൂര്‍, തിരൂരങ്ങാടി മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രഭാത സദസ്സ് തിരൂരിലും കൊണ്ടോടി, മഞ്ചേരി, കോട്ടക്കൽ, വള്ളിക്കുന്ന്, വേങ്ങര മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രഭാത സദസ്സ് മലപ്പുറത്തും മങ്കട, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങള്‍ ഉൾക്കൊള്ളുന്ന പ്രഭാത സദസ്സ് പെരിന്തല്‍മണ്ണയിലും ചേർന്നു.

പ്രായഭേദമെന്യേ നിരവധി പേരാണ് നവകേരള സദസ്സിനായി മണിക്കൂറുകള്‍ക്ക് മുന്നേ വേദികളിലെത്തിയത്. സ്ത്രീകളുടെയും കുട്ടികളുടെയും വന്‍ പങ്കാളിത്തം തന്നെ മിക്കയിടത്തും കാണാമായിരുന്നു. ജോലി സംബന്ധമായും സഹായം ആവശ്യപ്പെട്ടും മറ്റു പൊതു ആവശ്യങ്ങളുമായി നിരവധിപേരാണ് പരാതി പരിഹാര കൗണ്ടറുകളിലെത്തിയത്. സദസ്സ് ആരംഭിക്കുന്നതിന്റെ മൂന്നു മണിക്കൂർ മുന്നേ തന്നെ എല്ലാ മണ്ഡലങ്ങളിലും കൗണ്ടറുകള്‍ ആരംഭിച്ചിരുന്നു. സ്ത്രീകള്‍ക്കും ഭിശേഷിക്കാര്‍ക്കും മുതിർന്ന പൗരന്മാര്‍ക്കും പ്രത്യേകം പരിഗണന ലഭിച്ചു. എസ്.പി.സി, എന്‍.സി.സി, എന്‍.എസ്.എസ്, സന്നദ്ധ സംഘടനകള്‍, വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ ആളുകളെ സഹായിക്കാനായി രംഗത്തുണ്ടായിരുന്നു. ലഭിക്കുന്ന പരാതികളില്‍ കൈപ്പറ്റ് രസീത് നല്‍കാനും ഉദ്യോഗസ്ഥരും യഥാസമയം തന്നെ ജാഗ്രതയോടെ പ്രവര്‍ത്തിച്ചത് കൗണ്ടറുകളിലെത്തിയവര്‍ക്ക് ഏറെ സഹായകരമായി മാറി.

പെരിന്തല്‍മണ്ണ മണ്ഡലം നവകേരള സദസ്സോടെയാണ് ജില്ലയിലെ പര്യടനം സമാപിച്ചത്

ജനുവരി 31നകം പട്ടയം നല്‍കും

നിലമ്പൂര്‍ താലൂക്കില്‍ റവന്യൂ വകുപ്പിന് കൈമാറി കിട്ടിയ നിഷിപ്‌ത വന ഭൂമിയില്‍ ജനുവരി 31നകം പട്ടയം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലമ്പൂര്‍ മണ്ഡലം നവകേരള സദസ്സില്‍ അറിയിച്ചു. തൃക്കൈകുത്ത്, നെല്ലിക്കുഴി, അത്തിക്കല്‍ ഭാഗങ്ങളിലായി 568 കുടുംബങ്ങള്‍ക്കാണ് പട്ടയം നൽകുക.

ആകെ ലഭിച്ചത് 80,785 നിവേദനങ്ങള്‍

പൊന്നാനി 4192
തവനൂര്‍ 3766
തിരൂര്‍ 4094
താനൂര്‍ 2814
വള്ളിക്കുന്ന് 4778
തിരൂരങ്ങാടി 4317
കോട്ടയ്‌ക്കൽ 3673
വേങ്ങര 3967
മഞ്ചേരി 5683
കൊണ്ടോടി 7259
മങ്കട 4122
മലപ്പുറം 4781
ഏറനാട് 7605
നിലമ്പൂര്‍ 7458
വണ്ടൂര്‍ 7188
പെരിന്തല്‍മണ്ണ 5088

പാലക്കാട്

കരുതലും സാന്ത്വനവും

പാലക്കാട് ജില്ലയില്‍ നവകേരള സദസ്സ് ഡിസംബര്‍ 1, 2, 3 തീയതികളിലായാണ് നടന്നത്. 12 മണ്ഡലങ്ങളുള്ളതില്‍ ഷൊർണൂരിലെ പ്രഭാത യോഗത്തോടെയും തുടർന്ന് തൃത്താലയിലുമായാണ് സദസ്സിന് തുടക്കമിട്ടത്. ഷൊർണൂർ, പാലക്കാട്, ചിറ്റൂര്‍ മണ്ഡലങ്ങളിലാണ് പ്രഭാതയോഗം നടന്നത്.

മൂന്ന് ദിവസം നീണ്ട പര്യടനത്തില്‍ ജില്ലയിലെ വികസന പ്രശ്‌നങ്ങളും ജനക്ഷേമ പദ്ധതികളും ചര്‍ച്ചയായി. തൃത്താല മണ്ഡലത്തിൽ നിന്ന് ആരംഭിച്ച നവകേരള സദസ്സ് തരൂരില്‍ നടന്ന സദസ്സോടെ പാലക്കാട് ജില്ലയില്‍ സമാപിച്ചു.

എല്ലായിടത്തും ഭിന്നശേഷിക്കാർ, വയോജനങ്ങള്‍, സ്ത്രീകള്‍ എന്നിവർക്കായി പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. ഓരോ വേദിയിലും പരിപാടി തുടങ്ങുതിന്റെ മൂന്ന് മണിക്കൂര്‍ മുന്നേ നിവേദനം സ്വീകരിച്ചു തുടങ്ങിയിരുന്നു.

ജിലു മോള്‍ക്ക് ഭിന്നശേഷിദിന പാരിതോഷികമായി ഫോര്‍വീലര്‍ ഡ്രൈവിങ് ലൈസന്‍സ്

നവകേരള സദസിന്റെ ഭാഗമായി കല്ലേപ്പുള്ളി ക്ലബ് 6 കൺവെൻഷൻ സെന്ററിൽ നടന്ന പ്രഭാത യോഗത്തില്‍ ഇടുക്കി സ്വദേശിനി ജിലു മോള്‍ മേരി തോമസിന് ഭിന്നശേഷി ദിന പാരിതോഷികമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോര്‍വീലര്‍ ഡ്രൈവിങ് ലൈസന്‍സ് കൈമാറി. ഇരു കൈകളും ഇല്ലാത്ത ഒരു വ്യക്തിക്ക് ഫോര്‍വീലര്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്ന ഏഷ്യയിലെ തന്നെ ആദ്യ വനിതയാണ് ജിലു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഫോര്‍വീലര്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള പരിശ്രമത്തിലായിരുന്നു ജിലു. സംസ്ഥാന ഭിന്നശേഷി കമ്മിഷന്റെ ഇടപെടലില്‍ എറണാകുളം ആര്‍.ടി.ഒ പ്രസ്‌തുത കേസ് പരിശോധിച്ച് നിരവധി ഓൺലൈൻ ഹിയറിങ്ങുകളുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് അനുവദിച്ചത്.

ഇരു കൈകളുടെയും അഭാവത്തില്‍ സുരക്ഷിതമായി ഡ്രൈവ് ചെയ്യാന്‍ കഴിയുന്ന വിധം ജിലുവിന്റെ മോട്ടോർ കാർ പ്രവർത്തനത്തിൽ മാറ്റം വരുത്തി ഡ്രൈവിങ് ടെസ്റ്റ് നടത്തി ലൈസന്‍സിങ് അതോറിറ്റി ഡ്രൈവിങ് ലൈസന്‍സ് നൽകുകയായിരുന്നു. 2016 ലെ ഭിന്നശേഷി അവകാശ നിയമത്തിലെ 41 (2) വകുപ്പ് പ്രകാരം ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിന്, തങ്ങളുടെ വാഹനങ്ങളുടെ ഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതെ, അവയുടെ പ്രവര്‍ത്തന രീതിയില്‍അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കുന്നതിന് വ്യവസ്ഥ ചെയ്‌തിട്ടുണ്ട്.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഓരോ സാംസ്‌കാരിക കേന്ദ്രങ്ങള്‍ നടപ്പാക്കി വരികയാണെന്നും നിയോജക മണ്ഡലത്തില്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ നിർമ്മിക്കുന്നത് സംബന്ധിച്ച് പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

12 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി ആകെ ലഭിച്ചത് 61204 നിവേദനങ്ങള്‍.

മലമ്പുഴ 7067
പാലക്കാട് 5281
നെന്മാറ 6536
ആലത്തൂര്‍ 6664
ഷൊര്‍ണൂര്‍  3424
ഒറ്റപ്പാലം 4506
തരൂര്‍ 4525
ചിറ്റൂര്‍  4981
മണ്ണാര്‍ക്കാട് 5885
കോങ്ങാട് 4512
പട്ടാമ്പി 3404
തൃത്താല 4419

തൃശ്ശൂര്‍

ഒരേ മനസ്സോടെ

കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്ന് തുടങ്ങിയ യാത്ര തൃശ്ശൂര്‍ ജില്ലയിലെ പതിമൂന്ന് മണ്ഡങ്ങളിലൂടെയും കടന്നു പോയപ്പോള്‍ നിറഞ്ഞ സദസ്സോടും ഹര്‍ഷാരവത്തോടെയുമാണ് മന്ത്രിസഭയെ ജനങ്ങള്‍ വരവേറ്റത്.

ഡിസംബര്‍ നാലിന് രാവിലെ കിലയില്‍ നടന്ന പ്രഭാത സദസ്സോടെയാണ് ജില്ലയിലെ നവ കേരള സദസ്സിന് തുടക്കം കുറിച്ചത്. സമൂഹത്തിന്റെ വ്യത്യസ്‌ത തുറകളിലുള്ള ജന വിഭാഗങ്ങള്‍ അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആശയങ്ങളുമെല്ലാം പങ്കുവെച്ചു. ഒളകര ആദിവാസി ഊര് മൂപ്പത്തി ഭൂമി പ്രശ്‌നം പ്രഭാത സദസ്സിനു മുന്നിൽ അവതരിപ്പിച്ചപ്പോള്‍ രണ്ടര പതിറ്റാണ്ടു കാലത്തെ സ്വപ്‌ന സാക്ഷാത്‌കാരത്തിന് സാക്ഷ്യം വഹിക്കാന്‍ നവകേരള സദസ്സിനായി. 110 വയസ്സായ തൃശ്ശൂരിന്റെ മുത്തശ്ശി ജാനകിയും മുഖ്യമന്ത്രിയെ നേരിട്ട് കാണാനെത്തിയത് നവകേരള സദസ്സിനെ ആവേശ ഭരിതമാക്കി. ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ 280 മലയോര പട്ടയങ്ങൾ നൽകിയും നവകേരള സദസ്സ് ജന ഹൃദയങ്ങള്‍ കീഴടക്കി.

മണിപ്പൂരില്‍ നിന്നുള്ള കുട്ടികളും എത്തി

മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും കാണാനും നവകേരള സദസ്സിനെ അറിയാനും മണിപ്പൂരില്‍ നിന്നുള്ള കുട്ടികളും എത്തി. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ എം എസ് സി മൈക്രോബയോളജി, സുവോളജി, ബോട്ടണി, ബി എസ് ഡബ്ലു, ഫാഷന്‍ ഡിസൈനിങ്, സൈക്കോളജി വിഷയങ്ങളിലെ 13 മണിപ്പൂര്‍ സ്വദേശികളായ വിദ്യാര്‍ഥിനികളും പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് ഐ ടി ഐ യിലെ ഇലക്ട്രിക്കല്‍ കോഴ്‌സ് പഠിക്കുന്ന 12 ആൺകുട്ടികളുമാണ് വേദിയിലെത്തിയത്. സെന്റ് ജോസഫ് കോളേജിലെ മണിപ്പൂര്‍ വിദ്യാര്‍ഥിനികള്‍ തുടര്‍ പഠനത്തിനായി കേരളത്തിലേക്ക് എത്തിയതായിരുന്നു.

അനീഷയ്ക്ക് വീട്ടിലിരുന്ന് പത്താം ക്ലാസ് പരീക്ഷ എഴുതണം

മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന അസുഖത്തോട് പടപൊരുതി തന്റെ ആഗ്രഹങ്ങള്‍ക്കായി കഠിന പ്രയത്‌നം ചെയ്യുന്ന അനീഷ അഷറഫ് പുതിയ തലമുറയ്ക്ക് മാതൃകയാണ്. അസുഖത്തെ തുടർന്ന് അഞ്ചാം ക്ലാസില്‍ പഠനം നിര്‍ത്തി വര്‍ഷങ്ങള്‍ക്കിപ്പുറം 32ാം വയസ്സില്‍ സാമൂഹിക നീതി വകുപ്പിന്റെ പ്രത്യേക അനുമതിയില്‍ തളിക്കുളത്തെ തന്റെ വീട്ടിലിരുന്ന് സാക്ഷരതാ മിഷന്റെ ഏഴാം തരം പരീക്ഷ എഴുതി അനീഷ. ഇനി പത്താംതരം പരീക്ഷയും വീട്ടിലിരുന്ന് എഴുതണം, ജനറ്റിക് ടെസ്റ്റ് സൗജന്യമായി നടത്താനുള്ള സൗകര്യം മെഡിക്കല്‍ കോളജുകളില്‍ ഒരുക്കണം എന്നിവയാണ് ആവശ്യങ്ങള്‍. മന്ത്രിമാരെ നേരില്‍കണ്ട് തന്റെ ആവശ്യങ്ങള്‍ പങ്കുവച്ചു. സാമൂഹികനീതി-ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു തുടര്‍ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള എല്ലാ സഹായങ്ങള്‍ക്കും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന ഉറപ്പു നൽകി. അനീഷയെ കണ്ട് വിവരങ്ങള്‍ അന്വേഷിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആവശ്യമായ എല്ലാ ആരോഗ്യ സേവനങ്ങളും എത്രയും പെട്ടെന്ന് ജനറ്റിക് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ചികിത്സകള്‍ തുടങ്ങാമെന്നും ഉറപ്പു നല്‍കി. സംസ്ഥാന ഭിന്നശേഷി ബെസ്റ്റ് റോള്‍ മോഡല്‍ 2023 അവാര്‍ഡ് ജേതാവ് കൂടിയാണ് അനീഷ. അറിയപ്പെടുന്ന ഒരു എഴുത്തുകാരിയാകാനാണ് അനീഷയ്ക്ക് ആഗ്രഹം.

54,260 നിവേദനങ്ങള്‍

നാല് ദിവസത്തെ നവകേരള സദസ്സില്‍ 54,260 നിവേദനങ്ങളാണ് ലഭിച്ചത്.

കൊടുങ്ങല്ലൂര്‍ 3016
ഇരിങ്ങാലക്കുട 4274
കയ്‌പമംഗലം 4443
കുന്നംകുളം 4228
ഗുരുവായൂര്‍ 4468
പുതുക്കാട് 4269
ചേലക്കര 4525
നാട്ടിക 4977
ഒല്ലൂര്‍ 5072
വടക്കാഞ്ചേരി 4102
മണലൂര്‍ 4123
തൃശൂര്‍ 2820
ചാലക്കുടി 3943

എറണാകുളം

സമഗ്രവികസനത്തിന്റെ സാക്ഷ്യമായി

നവകേരള നിര്‍മ്മിതിക്കായുള്ള ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പൊതു ജനങ്ങളുമായി സംവദിക്കുന്നതിനുമായി മന്ത്രിസഭയൊന്നാകെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നവകേരള സദസ്സിന് എറണാകുളം ജില്ലയില്‍ ഊഷ്‌മളമായ സ്വീകരണമാണ് ലഭിച്ചത്. ജനലക്ഷങ്ങൾ  ജില്ലയില്‍ സദസ്സില്‍ പങ്കു ചേർന്നു.

2024 ഡിസംബര്‍ 6 ന് രാത്രി എട്ടരയോടെ എറണാകുളം ജില്ലയുടെ അതിര്‍ത്തിയായ അങ്കമാലി കറുകുറ്റിയില്‍ നവകേരള ബസ് പ്രവേശിച്ചു. ഡിസംബര്‍ ഏഴു മുതല്‍ 10 വരെയാണ് എറണാകുളം ജില്ലയില്‍ നവകേരള സദസ്സ് നിശ്ചയിച്ചിരുന്നത്. ഡിസംബര്‍ 7 ന് അങ്കമാലി, ആലുവ, പറവൂര്‍ മണ്ഡലങ്ങളിലും 8 ന് വൈപ്പിന്‍, കൊച്ചി, കളമശേരി, എറണാകുളം മണ്ഡലങ്ങളിലും 9 ന് തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിലും 10 ന് പെരുമ്പാവൂര്‍, കോതമംഗലം, മുവാറ്റുപുഴ മണ്ഡലങ്ങളിലുമാണ് നവകേരള സദസ്സ് തീരുമാനിച്ചത്. എന്നാൽ കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് 9 ന് നടക്കേണ്ടിയിരുന്ന നവകേരള സദസ്സും 10 ന് നടക്കേണ്ടിയിരുന്ന പ്രഭാത സദസ്സും റദ്ദാക്കിയിരുന്നു. മാറ്റിവെച്ച സദസ്സുകള്‍ ജനുവരി 1, 2 തീയതികളിലായി നടന്നു.

ഡിസംബര്‍ 7ന് രാവിലെ ഒന്‍പതിന് അങ്കമാലി അഡ്‌ലക്‌സ് കവെന്‍ഷന്‍ സെന്ററിലും 8 ന് രാവിലെ 9 ന് കലൂര്‍ ഐ എം എ ഹാളിലുമാണ് പ്രഭാത സദസ്സുകള്‍ നടന്നത്.

വാട്ടർമെട്രോ യാത്ര

പ്രഭാത സദസ്സിനു ശേഷം കേരളത്തിന്റെ അഭിമാനമായ കൊച്ചി വാട്ടർ മെട്രോയിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യാത്ര ചെയ്‌തു. മുഖ്യമന്ത്രി ഉള്‍പ്പടെ ഭൂരിപക്ഷം മന്ത്രിമാരും ആദ്യമായാണ് വാട്ടർ മെട്രോയില്‍ യാത്ര ചെയ്‌തത്. നവകേരള സദസ്സിന്റെ ഭാഗമായി എറണാകുളത്ത് നിന്ന് വൈപ്പിനിലേക്ക് കൊച്ചി വാട്ടർ മെട്രോയില്‍ യാത്ര ചെയ്‌തത് തികച്ചും വ്യത്യസ്‌തമായ അനുഭവമായെന്ന് കൊച്ചി വാട്ടർ മെട്രോയ്ക്ക് ആശംസകള്‍ നേർന്നു കൊണ്ട് യാത്രയ്ക്കിടയില്‍ മുഖ്യമന്ത്രി സന്ദര്‍ശക ഡയറിയില്‍ കുറിച്ചു.

നഗരങ്ങളുടെ വികസനത്തിന് അര്‍ബന്‍ കമ്മീഷന്‍ രൂപവല്‍കരിക്കും

സംസ്ഥാനത്തെ നഗരങ്ങളുടെ പ്രത്യേക വികസനത്തിന് അന്താരാഷ്ട്ര വിദഗ്‌ധർ അടങ്ങുന്ന അർബൻ കമ്മീഷന്‍ രൂപവല്‍ക്കരണ ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള സദസ്സിനോടനുബന്ധിച്ച് കലൂര്‍ ഐ എം എ ഹൗസില്‍ സംഘടിപ്പിച്ച പ്രഭാത സദസ്സില്‍ കൊച്ചിയുടെ നഗര വികസനം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൊച്ചിയുടെ നഗര വികസന മാസ്റ്റര്‍ പ്ലാന്‍ നല്ല നിലയില്‍ പുരോഗമിക്കുകയാണ്. വെള്ളക്കെട്ട് പ്രശ്‌നം മികച്ച രീതിയില്‍ പരിഹരിക്കാനായത് നേട്ടം തന്നെയാണ്. നഗരത്തിലെ മുഴുവന്‍ റോഡുകളും രണ്ട് മണിക്കൂര്‍ കൊണ്ട് ശുചീകരിക്കാന്‍ കഴിയുന്ന രണ്ട് അത്യാധുനിക സ്വീപ്പിങ് യന്ത്രങ്ങളും എറണാകുളത്തിന് സ്വന്തമായി. കൊച്ചിയുടെ സമഗ്ര വികസനത്തിന് സര്‍ക്കാരും കോര്‍പ്പറേഷനും ഒത്തൊരുമിച്ചാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലയിലെ 14 മണ്ഡലങ്ങളിലായി ആകെ 52450 നിവേദനങ്ങളാണ് ലഭിച്ചത്.

അങ്കമാലി 3123
ആലുവ 4238
പറവൂര്‍ 5459
കളമശേരി 4425
വൈപ്പിന്‍ 4336
കൊച്ചി  3909
എറണാകുളം 2056
പെരുമ്പാവൂര്‍ 5000
കോതമംഗലം 3911
മുവാറ്റുപുഴ 3874
തൃക്കാക്കര 2614
പിറവം 3063
തൃപ്പൂണിത്തുറ 3458
കുന്നത്തുനാട് 2984

ഇടുക്കി

മലയോരത്തിന്റെ മനസ്സറിഞ്ഞ്

തൊടുപുഴ, ഇടുക്കി, ദേവികുളം, ഉടുമ്പഞ്ചോല, പീരുമേട് മണ്ഡലങ്ങളില്‍ നടന്ന നവകേരള സദസ്സ് മലയോര ജില്ല ഒരേ മനസ്സോടെ ഇരു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഏഴ് വര്‍ഷം സംസ്ഥാനത്തും ജില്ലയിലും വിവിധ മേഖലകളില്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ ഓരോ മന്ത്രിമാരും മണ്ഡലങ്ങളില്‍ സദസ്സുമായി പങ്കുവെച്ചു. തൊടുപുഴയില്‍ നിന്ന് തുടങ്ങി പീരുമേട് മണ്ഡലത്തിലെ വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് മൈതാനത്ത് സമാപനം കുറിച്ചപ്പോള്‍ ജില്ലയുടെ വികസന പാതയില്‍ നവകേരള സദസ്സ് പുതിയ ഏട് സൃഷ്‌ടിക്കുകയായിരുന്നു. ഓരോ സദസ്സും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ചു. അമ്പതിനായിരത്തിലേറെ ജനങ്ങളാണ് ജില്ലയിലെ സദസ്സുകളില്‍ പങ്കെടുത്തത്.

നമ്മുടെ നാടിന്റെ ഭാവി ഭദ്രമാണ് എന്നതാണ് നവകേരള സദസ്സിനെത്തുന്ന വന്‍ ജനസഞ്ചയം സാക്ഷ്യപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്‌തു കൊണ്ട് പറഞ്ഞത്.

ജില്ലയിലെ നവകേരള സദസ്സിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച പ്രഭാത സദസ്സില്‍ ഇടുക്കിയുടെ സമഗ്രപുരോഗതിക്കുള്ള ഒട്ടേറെ നിർദ്ദേശങ്ങളാണുയർന്നത്. നിര്‍ദേശങ്ങള്‍ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ഹരിതകര്‍മ്മസേനകള്‍

ഇടുക്കിയിലെ നവകേരള സദസ്സുകളില്‍ നിറസാന്നിദ്ധ്യമായി ജില്ലയിലെ ഹരിതകര്‍മ്മ സേനകള്‍. ഓരോ സദസ്സുകളിലും ഇടവേളകളില്ലാതെ ദ്രുതകര്‍മ്മ നിരതരായി മാലിന്യങ്ങള്‍ നീക്കം ചെയ്‌ത് മാതൃകയായി ഇവര്‍ . ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലായി 250 അംഗങ്ങളാണ് മൂന്നു ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചത്.

തൊടുപുഴ – 53, ഇടുക്കി 30 ദേവികുളം- 103, ഉടുമ്പഞ്ചോല- 12, പീരുമേട് – 52 എന്നിങ്ങനെയാണ് ഓരോ മണ്ഡലം തിരിച്ചുള്ള അംഗങ്ങളുടെ പ്രവര്‍ത്തനം.

ആകെ 42,234 നിവേദനങ്ങള്‍

തൊടുപുഴ 9434
ഇടുക്കി 8203
ദേവികുളം 9774
ഉടുമ്പഞ്ചോല 6088
പീരുമേട് 8735

കോട്ടയം

ജില്ലയ്‌ക്കിത് നവ്യാനുഭവം

ജനാധിപത്യ പ്രക്രിയയില്‍ രാജ്യം ഇതുവരെ കാണാത്ത അനുഭവം നല്‍കിയാണ് ജില്ലയില്‍ ഡിസംബര്‍ 12 മുതല്‍ 14 വരെ നവകേരള സദസ്സ് നടന്നത്. ഓരോ നിയോജക മണ്ഡലത്തിലും പതിനായിരക്കണക്കിനുപേര്‍ പങ്കെടുത്തു. കേരളത്തിന്റെ സ്വപ്‌നങ്ങളും അതോടൊപ്പം ഭാവി പ്രതീക്ഷകളും ചര്‍ച്ചയായ വേദിയില്‍ ജില്ലയിലെ അടിസ്ഥാന വികസനവും ചര്‍ച്ച ചെയ്‌തു.

ഡിസംബര്‍ 12ന് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിന്‍ ചര്‍ച്ച് ഗ്രൗണ്ടിലായിരുന്നു ജില്ലയിലെ നവകേരള സദസ്സിന്റെ തുടക്കം. ആദ്യ ദിനത്തില്‍ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലേത് പൊൻകുന്നം ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പാലാ നിയോജക മണ്ഡലത്തിലേത് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലും നടന്നു.

ഡിസംബര്‍ 13ന് കോട്ടയം ജറുസലേം മാര്‍ത്തോമ്മാ പള്ളി ഹാളിലെ പ്രഭാത യോഗത്തില്‍ വിവിധ മേഖലയില്‍ നിന്നുള്ള വിശിഷ്‌ട വ്യക്തികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി സംവദിച്ചു. രണ്ടാം ദിനത്തില്‍ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് ഏറ്റുമാനൂര്‍ ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ചങ്ങനാശ്ശേരിയിലേത് എസ്.ബി. കോളജ് മൈതാനത്തും പുതുപ്പള്ളിയിലേത് പാമ്പാടി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ ഗ്രൗണ്ടിലും കോട്ടയത്തേത് തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് ഗ്രൗണ്ടിലും നടന്നു. ഒഴുകിയെത്തിയ ജനക്കൂട്ടമാണ് ഓരോ മണ്ഡലങ്ങളിലും മന്ത്രിസഭയെ വരവേറ്റത്.

ഡിസംബര്‍ 14 ന് കടുത്തുരുത്തി പാരിഷ് ഹാളില്‍ നടന്ന പ്രഭാത യോഗത്തില്‍ സമൂഹത്തിലെ നാനാതുറകളില്‍ നിന്നുള്ളവർ, വിശിഷ്‌ട വ്യക്തികൾ മുഖ്യമന്ത്രിയുമായി സംവദിച്ചു. കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് ദേവമാതാ കോളജ് ഗ്രൗണ്ടും വൈക്കത്തേത് വൈക്കം ബീച്ചിലും നടന്നു.

ഒമ്പതു നിയോജക മണ്ഡലങ്ങളില്‍ നിന്നായി 42,656 നിവേദനങ്ങള്‍

കോട്ടയം 4512
പുതുപ്പള്ളി 4313
കാഞ്ഞിരപ്പള്ളി 4392
ചങ്ങനാശേരി 4656
കടുത്തുരുത്തി 3856
പൂഞ്ഞാര്‍ 4794
പാലാ 3668
ഏറ്റുമാനൂര്‍ 4798
വൈക്കം 7667

ആലപ്പുഴ

ഉത്സാഹഭരിതരായി പ്രതീക്ഷയോടെ ജനാവലി

നവകേരള സദസ്സിനായി ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും ഉജ്ജ്വല സ്വീകരണമാണ് ആലപ്പുഴ ജില്ല നല്‍കിയത്. ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ പി. പ്രസാദ്, സജി ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ സദസ്സുമായി ബന്ധപ്പെട്ട് വളരെ നേരത്തെ തന്നെ ഒരുക്കങ്ങൾ നടത്തിയിരുന്നു. ജലമാര്‍ഗമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ആലപ്പുഴയില്‍ പ്രവേശിച്ചത്. മന്ത്രിസഭ സഞ്ചരിച്ച ബസ് വൈക്കത്തെ സദസ്സിനു ശേഷം ജങ്കാര്‍ വഴി തവണക്കടവില്‍ എത്തിച്ചു. ഇതിനു സമാന്തരമായി പ്രത്യേക ബോട്ടിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയത്. സ്വാഗതം ചെയ്യാനായി മനോഹരമായി അലങ്കരിച്ച ചുണ്ടന്‍വള്ളത്തിന്റെ മാതൃകയും തവണക്കടവില്‍ ഒരുക്കിയിരുന്നു. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, മണ്ഡലങ്ങളിലാണ് സദസ്സുകള്‍ നടന്നത്.

നിറഞ്ഞ കൈയ്യടിയും ആര്‍പ്പു വിളിയും കലാ പ്രകടനങ്ങളും അഭിവാദ്യങ്ങളുമായാണ് ഓരോ വേദിയും ജനകീയ മന്ത്രിസഭയെ വരവേറ്റത്. സദസ്സ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് തന്നെ ജനങ്ങള്‍ വേദിയിലെത്തി സ്ഥാനമുറപ്പിച്ച കാഴ്‌ചയാണ് എല്ലാ മണ്ഡലത്തിലും കാണാനായത്. കൊടികളും തോരണങ്ങളും ബലൂണുകളും തനത് ഉൽപന്നങ്ങളും കൊണ്ട് വേദി മനോഹരമാക്കാന്‍ ഓരോ മണ്ഡലവും മത്സരിച്ചു.

വികസന വിഷയങ്ങള്‍ ഉയര്‍ത്തി പ്രഭാത യോഗങ്ങള്‍

കയര്‍, കൃഷി, മത്സ്യബന്ധനം, കുടിവെള്ളം, ടൂറിസം, വ്യവസായം തുടങ്ങി പ്രധാന മേഖലകളും തീരദേശ ഹൈവേ, തോട്ടപ്പള്ളി സ്‌പിൽ വേ, കാലവര്‍ഷക്കെടുതി തുടങ്ങി ഒട്ടേറെ വിഷയങ്ങളും ചര്‍ച്ചയായി. തീരദേശ പരിപാലന നിയമം, കടല്‍ ഭിത്തി നിര്‍മ്മാണം, കായല്‍ കയറുന്നതു കൊണ്ടുള്ള പ്രശ്‌നങ്ങള്‍, ഹാര്‍ബര്‍ നിര്‍മാണം തുടങ്ങിയ വിഷയങ്ങള്‍ പ്രഭാത യോഗത്തില്‍ ചര്‍ച്ചയായി. നാടിന്റെ വികസനവുമായി ബന്ധപ്പെട്ട് അതിഥികളുയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പ്രഭാത യോഗത്തില്‍ മറുപടി നല്‍കി. ഉത്‌പന്ന വൈവിധ്യ വത്കരണം ഉള്‍പ്പെടെ കയര്‍ വ്യവസായ മേഖലയുടെ സംരക്ഷണത്തിനായി സമഗ്ര ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരദേശ ഹൈവേ നാടിന്റെ വലിയൊരു മാറ്റത്തിന് വഴിവെക്കും. ജില്ലയില്‍ രണ്ട് പ്രഭാത യോഗങ്ങളാണ് നടന്നത്.

തോട്ടപ്പള്ളി സ്‌പിൽവേയുടെ സുഗമമായ ജലമൊഴുക്കിന് പ്രവേശന കവാടത്തിലും ചാനലിലും അടിഞ്ഞു കൂടിയിട്ടുള്ള മണ്ണ് ഡ്രഡ്‌ജ് ചെയ്‌ത് നീക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐ.ആര്‍.ഇ.എല്ലിന് അനുമതി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.

വലിയ തോതില്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ജില്ലയായ ആലപ്പുഴയില്‍ സ്‌പിൽവേയുടെ മണല്‍ നീക്കം ചെയ്‌തും വീതിയും ആഴവും കൂട്ടിയും സര്‍ക്കാര്‍ കാഴ്‌ചവെച്ച കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഗണ്യമായി കുറഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. ഖനനം പൊതുമേഖലയില്‍ മാത്രമേ പാടുള്ളു എന്ന ഉറച്ച നിലപാടാണ് സർക്കാരിനെന്നും അദ്ദേഹം വ്യക്തമാക്കി.

ആകെ 53,044 നിവേദനങ്ങള്‍

അരൂര്‍ 7,216
ചേര്‍ത്തല 6,965
ആലപ്പുഴ 5,265
അമ്പലപ്പുഴ 5981
കുട്ടനാട് 8012
ഹരിപ്പാട് 5,772
കായംകുളം 4,800
മാവേലിക്കര 4,117
ചെങ്ങന്നൂർ 4,916

പത്തനംതിട്ട

വികസനത്തിളക്കത്തില്‍ സംതൃപ്‌തരായി 

നവകേരള സദസ്സ് പത്തനംതിട്ടയിൽ ഡിസംബര്‍ 16, 17 തിയതികളിലായി നടന്നു.

ഡിസംബര്‍ 16 ന് വൈകുന്നേരം ആറിന് തിരുവല്ല എസ്‌സി എസ് ഗ്രൗണ്ടില്‍ ജില്ലയിലെ ആദ്യ സദസ്സ് അരങ്ങേറി. 17-ന് രാവിലെ ഒന്‍പതിന് ആറന്‍മുള മണ്ഡലത്തിലെ സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലയിലെ പ്രമുഖരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കുന്ന പ്രഭാത സദസ്സ് നടന്നു. തുടർന്ന് മുഖ്യമന്ത്രി മാധ്യമങ്ങളെ അഭി സംബോധന ചെയ്‌തു.

രാവിലെ 11 ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലും ഉച്ച കഴിഞ്ഞു മൂന്നിന് റാന്നി മണ്ഡലത്തിലെ സദസ്സ് റാന്നി മാര്‍ സേവിയസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും നാലിന് കോന്നി മണ്ഡലത്തിലെ സദസ്സ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും ആറിന് അടൂര്‍ മണ്ഡലത്തിലെ സദസ്സ് വൈദ്യൻസ് ഗ്രൗണ്ടിലും അരങ്ങേറി.

ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ, സ്ത്രീകള്‍ എന്നിവർക്കുൾപ്പെടെ 20 മുതല്‍ 25 കൗണ്ടറുകളാണ് മണ്ഡലങ്ങളില്‍ ഏർപ്പെടുത്തിയിരുന്നത്.

ബൈപാസും മലയോരഹൈവേയും

തിരുവല്ല ബൈപാസും മലയോര ഹൈവേയും വലിയ മാറ്റമാണ് പത്തനംതിട്ടയിൽ സൃഷ്‌ടിച്ചത്. യാത്രാ സൗകര്യങ്ങളുടെ വികസനം നാടിന്റെ മുഖച്ഛായ മാറ്റുകയും വാണിജ്യ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള ആറുവരിപ്പാതയും ശബരിമല എയർപോർട്ടും ത്വരിത ഗതിയില്‍ പൂര്‍ത്തിയാക്കും.

– മന്ത്രി കെ.എന്‍.ബാലഗോപാല്‍

ഹൃദയപൂര്‍വം ചിന്മയ് എത്തി നന്ദി പറയാന്‍

തനിക്കു പുതിയ ജീവിതം നല്‍കിയ സംസ്ഥാന സര്‍ക്കാരിനോട് നന്ദി പറയുവാനായി പന്തളം സ്വദേശി ടി.ആര്‍ ചിന്മയ് നവകേരള സദസ്സിലെത്തി. ഹൃദ്യം പദ്ധതിയില്‍ ഹൃദയം മാറ്റിവച്ച ജില്ലയിലെ ആദ്യ ഗുണഭോക്താവാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ചിന്മയ്. പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രഭാത യോഗത്തിലാണ് ചിന്മയും കുടുംബവും തങ്ങളുടെ നന്ദി അറിയിക്കാനെത്തിയത്. പദ്ധതിയില്‍ ഉൾപ്പെടുന്ന കുട്ടികളുടെ ചികിത്സയും ഹൃദയ ശസ്ത്രക്രിയയും പൂര്‍ണമായും സര്‍ക്കാര്‍ ചെലവില്‍ തന്നെ നടത്തുന്ന പദ്ധതിയാണ് ഹൃദ്യം. ചികിത്സക്കു ശേഷവും സര്‍ക്കാര്‍ കുട്ടികളുടെ ആരോഗ്യത്തെപ്പറ്റി അന്വേഷിക്കുന്നുണ്ടെന്നും മകന്‍ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്നും പിതാവ് രാജേഷും അമ്മ അമ്പിളിയും ഒരേ സ്വരത്തില്‍  പറയുന്നു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനോടൊപ്പം പ്രഭാത ഭക്ഷണവും കഴിച്ചാണു ചിന്മയ് മടങ്ങിയത്.

ആകെ ലഭിച്ചത് 23,610 നിവേദനങ്ങള്‍

തിരുവല്ല 4840
ആറന്മുള 5558
റാന്നി 3964
കോന്നി 4516
അടൂര്‍ 4732

കൊല്ലം

തൊഴില്‍മേഖലയുടെ ഐക്യദാര്‍ഢ്യം

പരമ്പരാഗത തൊഴിലാളി മേഖലയുടെ മുന്നേറ്റ ചരിത്രമുള്ള കൊല്ലം ജില്ലയിലെ 12 നവകേരള സദസ്സുകളും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഡിസംബര്‍ 18-20 തീയതികളിലായി നടന്ന സദസ്സില്‍ കശുവണ്ടി, തോട്ടം, കാര്‍ഷിക, മത്സ്യത്തൊഴിലാളി തൊഴില്‍ മേഖലകള്‍ തുടങ്ങി സമൂഹത്തിന്റെ നാനാ മേഖലകളില്‍ നിന്നുമുള്ള ജനങ്ങള്‍ മന്ത്രി സഭയെ വരവേല്‍ക്കാനെത്തി. പ്രഭാത യോഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളാൽ സമ്പന്നമായിരുന്നു.

നിവേദനം സ്വീകരിക്കുന്നതിനായി 21 കൗണ്ടറുകളാണ് സജ്ജമാക്കിയത്. പൊതു ജനങ്ങള്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക്, സിവില്‍ ഡിഫന്‍സ്, മെഡിക്കല്‍ സേവനം, വോളന്റിയര്‍ സേവനം എന്നിവയും ഒരുക്കിയിരുന്നു. സദസ്സിലെ മാലിന്യ ശേഖരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിത കര്‍മ സേന നേതൃത്വം നല്‍കി.

ജില്ലയില്‍ സദസ്സ് നടത്തിയ എല്ലാ ദിവസവും കലാ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ജാസി ഗിഫ്റ്റ്, അലോഷി, പ്രസീത ചാലക്കുടി,ബ്ലൂവെയിൽസ് ബാന്‍ഡ്, സാംസ്‌കാരിക വകുപ്പ് ഫെലോഷിപ് ജേതാക്കള്‍ തുടങ്ങിയവരാണ് കലാപരിപാടികള്‍ അവതരിപ്പിച്ച പ്രമുഖര്‍.

മുഖ്യമന്ത്രിക്ക് സ്‌നേഹ സമ്മാനം നല്‍കി കുഞ്ഞ് അര്‍ജുനും രഞ്ജിത്തും

ചവറ നിയോജക മണ്ഡലത്തിലെ നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്ക് സ്‌നേഹ സമ്മാനം നല്‍കി കുഞ്ഞ് അര്‍ജുന്‍. മെറ്റല്‍ എൻഗ്രേവിങ്ങ് വിദ്യയിലൂടെ വരച്ച മുഖ്യമന്ത്രിയുടെ ചിത്രമാണ് സമ്മാനിച്ചത്. ചവറ സ്വദേശികളായ അനൂപ്-അജന്ത ദമ്പതികളുടെ മകനായ അര്‍ജുന്‍ ശങ്കരമംഗലം ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്.

പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പുതിയ കാര്‍ഡിയോളജി വിഭാഗം തുടങ്ങാനുള്ള തസ്‌തികകൾ അംഗീകരിച്ചതായി ധനവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. കേരളത്തിലെ മെഡിക്കല്‍ കോളജുകളിലായി 271 തസ്‌തികകൾ അനുവദിച്ചു. മെഡിക്കല്‍ കോളജുകളെ അപ്‌ഗ്രേഡ് ചെയ്യാനും സൂപ്പര്‍ സ്‌പെഷ്യാലിറ്റി അനുവദിക്കാനും പുതിയ വിഭാഗങ്ങള്‍ തുടങ്ങാനുമായാണ് തസ്‌തികകൾ അനുവദിച്ചതെന്നും ബാലഗോപാല്‍.

ആകെ 50,938 നിവേദനങ്ങള്‍ ലഭിച്ചു

പത്തനാപുരം  3634
പുനലൂര്‍ 4089
കൊട്ടാരക്കര 3675
കുന്നത്തൂർ 5454
കരുനാഗപ്പള്ളി  7768
ചവറ 5049
കുണ്ടറ 4857
കൊല്ലം 3627
ഇരവിപുരം 4105
ചടയമംഗലം 4526
ചാത്തന്നൂർ 4154

തിരുവനന്തപുരം

തലസ്ഥാന ജില്ലയുടെ മനസ്സ് കീഴടക്കി സമാപനം

14 ജില്ലകളിലും അണമുറിയാതെ ഒഴുകിയെത്തിയ ജന ലക്ഷങ്ങളുടെ മനസ്സില്‍ ഒരിക്കലും മായാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച നവകേരള സദസ്സിന് തിരുവനന്തപുരം ജില്ലയിലായിരുന്നു ഔദ്യോഗിക സമാപനം. ഡിസംബര്‍ 20ന് വൈകിട്ട് ആറു മണിക്ക് വര്‍ക്കല ശിവഗിരി മഠം ഓഡിറ്റോറിയത്തില്‍ നിന്നും ആരംഭിച്ച് ഡിസംബര്‍ 23ന് വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്കിലായിരുന്നു സമാപന സദസ്സ്.

വര്‍ക്കലയിലെ ആദ്യ നവകേരള സദസ്സില്‍ തന്നെ പ്രതീക്ഷകള്‍ക്കതീതമായി വൻ ജനക്കൂട്ടമെത്തിയിരുന്നു. 21 ന് ആറ്റിങ്ങലിലെ പ്രഭാത യോഗത്തോടെയായിരുന്നു രണ്ടാം ദിവസത്തിലെ പരിപാടികള്‍ ആരംഭിച്ചത്. 21 ന് ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലെ നവകേരള സദസ്സുകളും 22ന് കാട്ടാക്കട തൂങ്ങാംപാറ ശ്രീ കാളിദാസ ഓഡിറ്റോറിയത്തിലായിരുന്നു ജില്ലയിലെ രണ്ടാമത്തെ പ്രഭാത യോഗം. അരുവിക്കര, കാട്ടാക്കട,  നെയ്യാറ്റിന്‍കര, പാറശാല മണ്ഡലങ്ങളിലെ സദസ്സുകളും നടന്നു.

അവസാന ദിവസമായ (ഡിസംബര്‍23) ഇടപ്പഴഞ്ഞി ആര്‍.ഡി.ആര്‍ കവെന്‍ഷന്‍ സെന്ററിലാണ് പ്രഭാത യോഗം നടന്നത്. തുടർന്ന് കോവളം, നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ നവകേരള സദസ്സുകള്‍ നടന്നു. വട്ടിയൂർകാവ് സെന്‍ട്രല്‍ പോളി ടെക്‌നിക്ക് ഗ്രൗണ്ടില്‍ വട്ടിയൂർക്കാവ്, തിരുവനന്തപുരം നിയോജക മണ്ഡലങ്ങളിലെ സംയുക്ത പരിപാടിയിലാണ് ജില്ലയിലെ നവകേരള സദസ്സ് സമാപിച്ചത്.

പൊതുവിടങ്ങള്‍ പൂര്‍ണ്ണമായും ഭിന്നശേഷി സൗഹൃദമാക്കും: ഹിമയ്ക്ക് ഉറപ്പു നൽകി മുഖ്യമന്ത്രി

സംസ്ഥാനത്തെ പൊതുവിടങ്ങളില്‍ പൂര്‍ണ്ണമായും ഭിന്നശേഷി സൗഹൃദമാക്കുകയെന്നത് സര്‍ക്കാരിന്റെ നയമാണെന്നും ഇതിനായി ബാരിയര്‍ ഫ്രീ കേരള പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ്സിന്റെ ഭാഗമായി ആറ്റിങ്ങലില്‍ നടന്ന പ്രഭാതയോഗ വേദിയില്‍ വീല്‍ച്ചെയറിലെത്തിയ ഹിമ മനുകുമാറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലംകോട് വഞ്ചിയൂര്‍ സ്വദേശിയാണ് 41 കാരിയായ ഹിമ. സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി പിടിപെട്ട ഹിമ 16 വര്‍ഷത്തിലധികമായി വീല്‍ച്ചെയറിലാണ് ജീവിക്കുന്നത്. പ്രതിസന്ധികളില്‍ തളരാതെ കൃഷിയും പൂന്തോട്ട പരിപാലനവും സാമൂഹിക സേവനവുമൊക്കെയായി സജീവമായ ഹിമ മികച്ചൊരു എഴുത്തുകാരി കൂടിയാണ്.

തീരദേശ റോഡുകള്‍ നവീകരിക്കാന്‍ 1.30 കോടി രൂപയുടെ ഭരണാനുമതി
തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ തീരദേശ റോഡുകളായ വെട്ടുകാട്-ചെറുവെട്ടുകാട് ബീച്ച് റോഡ്, വെട്ടുകാട് ചർച്ച്-വെട്ടുകാട് റോഡ്, ആള്‍സെയിന്റ്സ് കോളേജ്-വെട്ടുകാട് ചര്‍ച്ച് റോഡ് എന്നിവ ഉന്നത നിലവാരത്തിലേക്കുയർത്തുന്നതിന് 1.30 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മുന്‍ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗമാണ് റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് മേൽനോട്ടം വഹിക്കുന്നത്. നിരവധി വര്‍ഷങ്ങളായി സാധാരണ അറ്റകുറ്റപ്പണികള്‍ മാത്രം ചെയ്‌തിരുന്ന ഈ റോഡുകള്‍ പുതിയ സാങ്കേതിക വിദ്യയില്‍ പുനരുദ്ധരിക്കും. റോഡുകള്‍ ആധുനിക രീതിയില്‍ നവീകരിക്കുന്നതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ശംഖുമുഖത്തേക്കും വേളിയിലേക്കും തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് പള്ളിയിലേക്കുമുള്ള യാത്ര സുഗമമാകും.

ആകെ 61,533 നിവേദനങ്ങള്‍ ലഭിച്ചു

വര്‍ക്കല 8716
ചിറയിന്‍കീഴ് 4364
ആറ്റിങ്ങല്‍ 6238
വാമനപുരം 4590
നെടുമങ്ങാട് 4501
അരുവിക്കര 4802
കാട്ടാക്കട 2444
നെയ്യാറ്റിന്‍കര 5379
പാറശാല 5662
കോവളം  3765
നേമം 3031
കഴക്കൂട്ടം 3319
തിരുവനന്തപുരം 2180
വട്ടിയൂർക്കാവ് 2542

Spread the love