കെ സ്‌മാർട് സേവനങ്ങള്‍ സ്‌മാർട് സുതാര്യം

എം. ബി രാജേഷ്

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി

2024 ലെ പുതുവര്‍ഷപ്പിറവി കേരളത്തിന് മറക്കാന്‍ പറ്റാത്തതാണ്. ദീര്‍ഘ കാലത്തെ കഠിനാധ്വാനത്തിന്റെ ഉൽപന്നമായി നഗര സഭകളുടെ സേവനങ്ങള്‍ പൂർണമായും ഓൺലൈൻ ആകുന്ന കെ-സ്‌മാർട് (കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിങ്ങ് അഡ്‌മിനിസ്‌ട്രേറ്റീവ് റീഫര്‍മേഷന്‍ ആന്‍ഡ് ട്രാൻസ്‌ഫർമേഷൻ) പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്‌തപ്പോൾ നവ കേരളത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായി അത് മാറി. വിരല്‍ത്തുമ്പിലൂടെ സേവനങ്ങള്‍ അതി വേഗത്തില്‍ ലഭിക്കാന്‍ കെ-സ്‌മാർട് വഴിയൊരുക്കി. അഴിമതിയുടെ വാതിലടയ്‌ക്കുന്നുവെന്നതാണ് കെ-സ്‌മാർടിന്റെ മറ്റൊരു സുപ്രധാന ഫലം. നിരവധി മാതൃകകള്‍ ലോകത്തിന് സമ്മാനിച്ച കേരളം ജന സേവനത്തില്‍ പുതിയൊരു മാതൃക ഇതുവഴി സൃഷ്‌ടിച്ചിരിക്കയാണ്.

കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവയിൽ നിന്ന് ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ ഓൺലൈനായി ഒറ്റ പ്ലാറ്റ് ഫോമില്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് കെ-സ്‌മാർട് .

2024 ഏപ്രില്‍ ഒന്ന് ആകുമ്പോഴേക്ക് മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലും കെ-സ്‌മാർട് നടപ്പാക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. അതോടെ കേരളത്തില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നിന്നുള്ള സേവനങ്ങള്‍ ഓൺലൈൻ ആകും. തദ്ദേശ സ്വയം ഭരണ വകുപ്പിനു വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് കെ-സ്‌മാർട് വികസിപ്പിച്ചത്.

ഇ- ഗവേണന്‍സില്‍ കേരളത്തിന്റെ മുന്നേറ്റത്തിന് പുത്തന്‍ വേഗം പകരുന്ന സംവിധാനമാകും കെ-സ്‌മാർട്. പ്രാദേശിക സര്‍ക്കാരുകളുടെ സേവനങ്ങള്‍ പൂര്‍ണ്ണമായും ഓൺലൈനാകുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാവുകയാണ് കേരളം.

ആദ്യ ഘട്ടത്തിൽ ജനന-മരണ വിവാഹ രജിസ്ട്രേഷന്‍, വ്യാപാരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കുമുള്ള ലൈസന്‍സുകള്‍, വസ്‌തു നികുത, കെട്ടി നിർമ്മാണ അനുമതി, യൂസര്‍ മാനേജ്മെന്റ്, ഫയല്‍ മാനേജ്മെന്റ് സിസ്റ്റം, ഫിനാന്‍സ് മൊഡ്യൂള്‍, ബില്‍ഡിങ്ങ് പെര്‍മിഷന്‍ മൊഡ്യൂള്‍, പൊതുജന പരാതി പരിഹാരം തുടങ്ങിയ സേവനങ്ങളായിരിക്കും കെ-സ്‌മാർട്ടിലൂടെ ലഭ്യമാവുക. കെ-സ്‌മാർട് ആപ്ലിക്കേഷനിലൂടെ സേവനങ്ങള്‍ക്കായുള്ള അപേക്ഷകളും പരാതികളും ഓൺലൈനായി സമര്‍പ്പിക്കാനും അവയുടെ സ്റ്റാറ്റസ് ഓൺലൈനായി തന്നെ അറിയാനും സാധിക്കും. അതിനായി അപേക്ഷകളുടെയും പരാതികളുടെയും കൈപ്പറ്റ് രസീത് പരാതിക്കാരന്റെ/അപേക്ഷകന്റെ ലോഗിനിലും വാട്‌സ് ആപ്പിലും ഇ-മെയിലിലും ലഭ്യമാകുന്ന ഇന്റഗ്രേറ്റഡ് മെസേജിങ്ങ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്രദം

കെ-സ്‌മാർട് കൊണ്ട് ഏറ്റവുമധികം ഗുണഫലം അനുഭവിക്കുന്ന ഒരു വിഭാഗം പ്രവാസികളായിരിക്കും. പ്രവാസികള്‍ക്ക് നേരിട്ടെത്താതെ തന്നെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ ലഭ്യമാവും. വീഡിയോ കെവൈസിയിലൂടെ വിവാഹ രജിസ്ട്രേഷന്‍, ആവശ്യമായ രേഖകള്‍ ഓൺലൈനിൽ സമര്‍പ്പിച്ച് ലോകത്ത് എവിടെയിരുന്നു ചെയ്യാന്‍ കഴിയും. ജി.ഐ.എസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിമിഷങ്ങള്‍ക്കുള്ളില്‍ കെട്ടിട നിർമ്മാണ പെര്‍മിറ്റുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നു.

കെ-സ്‌മാർട്ടിലെ നോ യുവര്‍ ലാന്‍ഡ് എന്ന ഫീച്ചറിലൂടെ ഒരു സ്ഥലത്ത് ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങളാണ് നിര്‍മ്മിക്കാന്‍ കഴിയുക എന്ന വിവരം പൊതു ജനങ്ങള്‍ക്ക് അറിയാന്‍ സാധിക്കും. തീരപരിപാലന നിയമ പരിധി, റെയില്‍വേ എയർപോർട് സോണുകള്‍, പരിസ്ഥിതി ലോല പ്രദേശം, അംഗീകൃത മാസ്റ്റര്‍ പ്ലാനുകള്‍ തുടങ്ങിയവയില്‍ ഉൾപ്പെട്ടതാണോ എന്നറിയാൻ ആ സ്ഥലത്തു പോയി ആപ്പ് മുഖേന സ്‌കാന്‍ ചെയ്‌ത് വിവരങ്ങളെടുക്കാം. എത്ര ഉയരത്തില്‍ കെട്ടിടം നിർമ്മിക്കാമെന്നും എത്ര മീറ്റര്‍ സെറ്റ് ബാക്ക് വേണമെന്നുമൊക്കെ മുൻകൂട്ടി  മനസ്സിലാക്കാം. ശരിയായ വിവരങ്ങള്‍ മനസ്സിലാക്കാനും അബദ്ധങ്ങളില്‍ അകപ്പെടുന്നത് ഒഴിവാക്കാനും ഇത് സഹായിക്കും. ചട്ടലംഘനങ്ങളും അതുമൂലമുണ്ടാകുന്ന അനുബന്ധമായ ബുദ്ധിമുട്ടുകളും ഇതുമൂലം ഒഴിവാക്കാം. 300 ചതുരശ്രമീറ്റര്‍ വരെയുള്ള ലോ റിസ്‌ക് കെട്ടിടങ്ങളുടെ അപേക്ഷ ചട്ടപ്രകാരം ഓൺലൈനായി സമര്‍പ്പിച്ചാല്‍ 30 സെക്കന്‍ഡിനകം നിര്‍മ്മാണ പെര്‍മ്മിറ്റ് ഓൺലൈനായി ലഭിക്കും. വാട്‌സാപ്പ്, ഇ-മെയില്‍ എന്നിവയിൽ സർട്ടിഫിക്കറ്റുകൾ അയച്ചു കിട്ടും. ഒരിക്കല്‍ ഡൗൺലോഡ് ചെയ്‌ത സർട്ടിഫിക്കറ്റുകൾക്ക് വീണ്ടും അപേക്ഷിക്കേണ്ടതില്ല, അത് വീണ്ടും ഉപയോഗിക്കാം. ആധികാരികത ഉറപ്പാക്കാന്‍ ക്യു ആര്‍ കോഡ് സംവിധാനവുമുണ്ട്.

ബ്ലോക്ക് ചെയിന്‍, നിര്‍മ്മിതബുദ്ധി, ജി.ഐ.എസ്/സ്പെഷ്യല്‍ ഡേറ്റ, ചാറ്റ് ബോട്ട്, മെസേജ് ഇന്റഗ്രേഷന്‍, ക്ലൗഡ് കമ്പ്യൂട്ടിംഗ്, വിവിധ സോഫ്‌റ്റ്‌വെയറുകൾ തമ്മിലുള്ള എ.പി.ഐ ഇന്റഗ്രെഷൻ എന്നീ സാങ്കേതിക വിദ്യകളെ ഏകോപിപ്പിച്ചു കൊണ്ടാണ് കെ-സ്‌മാർട് ഓൺലൈൻ ആകുന്നത്. ഇതുകൂടാതെ ചാറ്റ് ജി.പി.റ്റി, മെഷീന്‍ ലേണിങ്ങ്, ഡേറ്റാ സയന്‍സ്, വെര്‍ച്വല്‍ ആന്‍ഡ് ഓഗ്മെന്റഡ് റിയാലിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് തുടങ്ങിയ നിരവധി സാങ്കേതിക വിദ്യകള്‍ കൂടി രണ്ടാംഘട്ടത്തിൽ ഉപയോഗിച്ചു കൊണ്ടുള്ള തുടര്‍ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുന്നു.

അഴിമതി സാധ്യത ഇല്ലാതാവും

സേവനം വൈകുന്നുവെന്നും ഓഫീസുകള്‍ കയറിയിറങ്ങി മടുക്കുന്നുവെന്നുള്ള സ്ഥിരം പരാതികള്‍ ഈ സംവിധാനത്തിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷയില്‍ തീരുമാനമെടുക്കാനുള്ള തട്ടുകളുടെ എണ്ണം സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറയുകയാണ്. ഇതിലൂടെ ഉദ്യോഗസ്ഥരുടെ ജോലിഭാരം വലിയ തോതില്‍ ലഘൂകരിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. സേവനം കൃത്യ സമയത്ത് ഉദ്യോഗസ്ഥര്‍ നൽകുന്നുണ്ട് എന്ന് ഉറപ്പാക്കാനും, ജോലിഭാരം കുറയുന്നതിനാൽ ജീവനക്കാര്‍ക്ക് മറ്റ് ഭരണ നിര്‍വഹണ കാര്യങ്ങളില്‍ കാര്യശേഷി ഉപയോഗപ്പെടുത്താനും കഴിയും. ചുരുക്കത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമത വര്‍ധിക്കും. ജനങ്ങള്‍ക്ക് വേഗം കാര്യവും നടക്കും. ഓഫീസില്‍ നേരിട്ട് എത്തേണ്ടതില്ലാത്തതിനാല്‍ അഴിമതി, കൈക്കൂലി എന്നീ സാധ്യതകളുമില്ലാതാവും.

കെ-സ്‌മാർട് വിന്യാസത്തിന് മുന്നോടിയായി നഗരസഭാ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും വിപുലമായ പരിശീലനം നല്‍കി അവരെ സജ്ജരാക്കിയിട്ടുണ്ട്. ഇതിന് പുറമേ പൊതുജനങ്ങളെ സഹായിക്കാന്‍ ഫ്രണ്ട് ഓഫീസിലും ജീവനക്കാരെ സഹായിക്കാന്‍ ബാക്ക് ഓഫീസിലും ഐകെഎമ്മിലെ സാങ്കേതിക വിദഗ്‌ധരെ എല്ലാ നഗര സഭകളിലും വിന്യസിച്ചിട്ടുണ്ട്. നിലവിലുള്ള സംവിധാനത്തില്‍ നിന്ന് ഒറ്റയടിക്ക് ഓൺലൈനിലേക്ക് മാറുമ്പോള്‍ പ്രായോഗികമായ ചില ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. ഈ പ്രശ്‌നങ്ങളെയെല്ലാം മറികടക്കാനും പരിഹാരം കാണാനുമാ വശ്യമായ മുന്നൊരുക്കങ്ങളും സജ്ജീകരണങ്ങളും സര്‍ക്കാരും ഐകെഎമ്മും സ്വീകരിച്ചിട്ടുണ്ട്.

പരാതികള്‍ ഓൺലൈനായി സമര്‍പ്പിക്കാം. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ പരിഹരിച്ച് യഥാസമയം പരാതിക്കാരനെ അറിയിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. തദ്ദേശ ഭരണ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും, അപേക്ഷ തീർപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും, ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ഡാഷ് ബോര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഓഡിറ്റ് സംവിധാനവും ഡിജിറ്റലൈസ് ചെയ്‌തിട്ടുണ്ട്. ഇതിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരന്തരം നിരീക്ഷിക്കപ്പെടും.

ഈ സൗകര്യങ്ങളെല്ലാം ലഭ്യമാകുന്ന കെ-സ്‌മാർട് മൊബൈല്‍ ആപ്പും വികസിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ പൊതു ജനങ്ങള്‍ക്ക് ഓഫീസ് കയറിയിറങ്ങാതെ എല്ലാ സേവനങ്ങളും സ്‌മാർട് ഫോൺ മുഖേന നേടാന്‍ കഴിയും. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കും കാലാനുസൃതമായ മാറ്റങ്ങള്‍ക്കും അനുയോജ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി ജനജീവിതം മെച്ചപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

Spread the love