മലയാളങ്ങളിലെ ഇ.മലയാളം

റെപ്‌സി മറിയം മാത്യു

ടെലിവിഷന്‍ മലയാളം, കായിക മലയാളം, ജ്യോതിഷ മലയാളം, ശാസ്ത്ര മലയാളം, സമര മലയാളം, വാഹന മലയാളം, പരസ്യ മലയാളം, ആരോഗ്യ മലയാളം, ഇന്റര്‍നെറ്റ് മലയാളം എന്നിങ്ങനെ മലയാള ഭാഷയ്ക്കു രൂപഭേദങ്ങള്‍ ഏറിയപ്പോഴാണ് മലയാളം മലയാളങ്ങളായി പെരുകുകയാണെന്ന് ഡോ. സ്‌കറിയാ സക്കറിയ നിരീക്ഷിച്ചത് (2015: 87). ഒരു ഭാഷയ്ക്കുള്ളില്‍ ഉച്ചാരണം, വ്യാകരണം, പദം, അര്‍ഥം എന്നീ തലങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വ്യതിരിക്തതകളാണ് ഭാഷാഭേദങ്ങള്‍. പ്രദേശം, ജാതി, മതം, ഗോത്രം, ലിംഗം, പ്രായം, തൊഴില്‍, സമ്പത്ത് തുടങ്ങിയ സാമൂഹികചരങ്ങളുടെയെല്ലാം അടിസ്ഥാനത്തില്‍ മലയാളത്തിനു ഭാഷാഭേദങ്ങളുണ്ട്. ഇതിലേക്ക് ആധുനിക ഇടങ്ങളിലെയും നവീന വ്യവഹാരങ്ങളിലെയും മലയാളഭേദങ്ങളെയും ഉള്‍പ്പെടുത്തി മലയാളങ്ങള്‍ എന്ന സങ്കല്‍പ്പനം അവതരിപ്പിക്കുകയാണ് സ്‌കറിയ സക്കറിയ ചെയ്‌തത്. അദ്ദേഹം ഈ നിരീക്ഷണം മുന്നോട്ടു വയ്‌ക്കുമ്പോൾ തന്നെ സൈബര്‍ മലയാളം തിരിച്ചറിയപ്പെടുകയും നിരവധി ഗവേഷണങ്ങള്‍ക്കു വിധേയമാവുകയും ചെയ്‌തിരുന്നു. മലയാളത്തിന്റെ ഈ ഇ-ഭേദത്തെക്കുറിച്ച് മലയാളഭാഷക സമൂഹവും ഇതിനോടകം ബോധ്യം നേടിയിട്ടുണ്ട്. ഇന്റര്‍നെറ്റ് മലയാളമെന്നോ ഇലക്ട്രോണിക് മലയാളമെന്നോ ഇ. മലയാളത്തെ വിവക്ഷിക്കാവുന്നതാണ്. സൈബര്‍ മലയാളമെന്നാണ് ഈ ഭാഷാഭേദം പരക്കെ വ്യവഹരിക്കപ്പെടുന്നത്.

ഇ-മലയാളം അഥവാ സൈബര്‍ മലയാളം എന്ന മലയാള ഭാഷാഭേദം, ഭാഷാഭേദമായി അംഗീകാരം നേടണമെങ്കില്‍ പ്രാഥമികമായി രണ്ടു പരികല്‌പനകൾ അംഗീകരിക്കപ്പെടേണ്ടതുണ്ട്. ഒന്ന്, സൈബര്‍ ഇടം എന്ന ഇടം. രണ്ട്, ഇ. മലയാളം എന്ന വാമൊഴി. സൈബര്‍ ഇടം ഇന്ന് പൊതുവിടങ്ങളില്‍ ഒന്നായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. എങ്കിലും അതിന്റെ ചരിത്രം കുറപ്പൊന്നു പരിശോധിക്കേണ്ടതുണ്ട്. 1986-ല്‍ ജാര ലേനിയര്‍ ഇന്റര്‍നെറ്റ് ഇടത്തിന്റെ സാങ്കേതിക പരിസരത്തെയും അതിന്റെ യാഥാര്‍ഥ്യത്തെയും വിശേഷിപ്പിക്കാനായി ഉപയോഗിച്ച virtual reality അഥവാ പ്രതീതി യാഥാര്‍ഥ്യം എന്ന പദം പിന്നീട് സൈബര്‍ ഇടത്തെ വ്യവഹാരങ്ങളെ മുഴുവന്‍ നിര്‍വചിക്കാനും വിശേഷിപ്പിക്കാനും ഉപയോഗിച്ചു പോരുന്നു. അതിയാഥാര്‍ഥ്യത്തിന്റെ ഇടത്തെക്കുറിക്കാനാണ് സൈബര്‍ സ്പേസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്. അമേരിക്കന്‍ ശാസ്ത്ര നോവലിസ്റ്റായ വില്ല്യം ഗിബ്‌സന്റെ Burning Chrome (1982) എന്ന ചെറുകഥയിലാണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. ഗിബ്‌സന്ഫെ തന്നെ സയൻസ് ഫിക്ഷൻ നോവലായ ന്യൂറോമാന്‍സറി (1984)ലൂടെ ഈ പദം ജനകീയമായി. ഇന്റര്‍നെറ്റിലെ അദൃശ്യ സ്ഥലത്തെ സൂചിപ്പിക്കാനാണ് ഇത്തവണ ഗിബ്‌സൻ സൈബര്‍ സ്പേസ് എന്നു പ്രയോഗിച്ചത്. അദൃശ്യ ഇടം, യാഥാർഥ്യമെന്നു ദ്യോതിപ്പിക്കുന്ന അതിയാഥാര്‍ഥ്യം ഇന്റര്‍നെറ്റിനെയും അതൊരുക്കുന്ന പ്രവൃത്തി-അനുഭവ മണ്ഡലങ്ങളെയും ദീര്‍ഘകാലം ഈയൊരു പരിപ്രേക്ഷ്യത്തിലായിരുന്നു ലോകം നോക്കിക്കണ്ടത്. ‘സമാന്തര ആഗോളസ്ഥലമെന്നും’ ‘സാങ്കേതിക സ്ഥല’മെന്നും വിശേഷിപ്പിക്കാനും  ചില ശ്രമങ്ങളുണ്ടായി.

സൈബര്‍ വാമൊഴിയും വരമൊഴിയും

ഭാഷയുടെ പ്രത്യക്ഷീകരണങ്ങളില്‍ ഏറ്റവും ചലനാത്മകമായ വരമൊഴിയാണ് ഇ. മലയാളം എന്ന പരികല്‌പനയാണ് രണ്ടാമതായി തെളിയിക്കേണ്ടത്. സൈബര്‍ ഇടത്ത് മനുഷ്യര്‍, സാങ്കേതികമായി ഉപയോക്താക്കള്‍ ആശയ വിനിമയാര്‍ഥം സൈബര്‍ മൊഴി അഥവാ സൈബര്‍ വ്യവഹാരം എന്നു വിശേഷിപ്പിക്കാവുന്ന വ്യവാരം തന്നെ ഉരുവപ്പെടുത്തുന്നുണ്ട്. സൈബര്‍ മൊഴിയുടെ പ്രത്യക്ഷ പ്രകടനങ്ങളെ സൈബര്‍ വാമൊഴി, സൈബര്‍ വരമൊഴി എന്നിങ്ങനെ തിരിയ്‌ക്കാവുന്നതാണ്. സൈബര്‍ ഭാഷയ്‌ക്ക് ലിഖിത/ദൃശ്യരൂപമാണുള്ളതെങ്കിലും ഘടനാപരമായും സത്താപരമായും അതിനു വാമൊഴിയോടാണ് ചാര്‍ച്ച. സൈബര്‍ ഇടത്ത് ഇടപെടുന്ന മനുഷ്യര്‍, വ്യക്തിയിൽ നിന്നു വ്യക്തിയിലേയ്‌ക്ക് ഭാഷയിലൂടെ നടത്തുന്ന ആശയ വിനിമയങ്ങളെ സൈബര്‍ വാമൊഴി അഥവാ ഇ-ഭാഷയായി പരിഗണിക്കാം. സമൂഹമാധ്യമങ്ങളായ ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്,  യൂട്യൂബ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയിലെ ഭാഷാവിനിമയങ്ങളാണവ. വെബ്‌സൈറ്റുകള്‍, സെര്‍ച്ച് എന്‍ജിനുകള്‍ തുടങ്ങിയവയില്‍ പ്രയോഗിക്കപ്പെടുന്ന ഭാഷ മാനക ഭാഷയുടെ സവിശേഷതകളെ പ്രദർശിപ്പിക്കുന്നതിനാൽ അതിനെ സൈബര്‍ വരമൊഴി എന്നു വിശേഷിപ്പിക്കുന്നതാണ് ഉചിതം.

സൈബര്‍ ഇടത്ത് ഇടപെടുന്ന മനുഷ്യര്‍ തമ്മിലുള്ള ആശയ വിനിമയങ്ങളെ ചാറ്റ്, കമന്റ്, റിപ്ലൈ, മെസേജ് എന്നീ പ്രധാനമായും അടയാളപ്പെടുത്തുന്നത്. ഇവയില്‍ ആദ്യത്തെ മൂന്നും പറച്ചില്‍ (കേള്‍വി) എന്ന പ്രക്രിയയുമായി ബന്ധപ്പെട്ട അര്‍ഥത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്; എഴുത്ത്-വായന (കാഴ്‌ച) എന്നതിനെ അല്ല. ട്വിറ്ററിലെ ആശയ വിനിമയത്തിനു ട്വീറ്റ് എന്നാണ് പറയുന്നത്. അതിനും ശബ്‌ദവുമായാണ് ബന്ധം. ഇവയെ അതിനാല്‍ സൈബര്‍ വാമൊഴി എന്നു വിളിയ്ക്കാം. എഴുത്ത്-വായന-കാഴ്‌ച എന്നിവയുമായി ബന്ധപ്പെടുന്ന ആശയങ്ങളും സാധ്യതകളും സൈബര്‍ ഇടം, പോസ്റ്റ്, വ്യൂ മോര്‍ കമന്റ്സ്, മെസേജ് എന്നിങ്ങനെ ഒരുക്കുന്നുണ്ടെങ്കിലും ചാറ്റ് എന്ന സവിശേഷതയാണ് ഈ മാധ്യമങ്ങളുടെ പ്രഥമവും പ്രധാനവുമായ പ്രത്യേകത. ഇന്റര്‍നെറ്റ് ഭാഷയെക്കുറിക്കാന്‍ വ്യാപകമായി ഉപയോഗിച്ചു പോരുന്ന പദങ്ങളായ ഇന്റര്‍നെറ്റ് സ്ലാങ്, നെറ്റ് ‌സ്‌പീക്, സൈബര്‍ സ്ലാങ് തുടങ്ങിയ പദങ്ങളെല്ലാം പറച്ചിലുമായി ബന്ധപ്പെട്ടതാണെന്നതും ഇവിടെ പ്രസക്തമാണ്

സാങ്കേതികതയുമായി ബന്ധപ്പെട്ടു ചിന്തിക്കുമ്പോഴും സൈബര്‍ ഇടത്തെ ആശയ വിനിമയത്തിന്റെ അടിസ്ഥാനം വരമൊഴിയല്ല, വാമൊഴിയാണെന്നു കാണാം. മനുഷ്യ വംശത്തിന്റെ ആശയ വിനിമയ ചരിത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ദൂരവും കാലവും ആശയ വിനിമയത്തിന് തടസ്സം സൃഷ്‌ടിച്ചപ്പോളാണ് വാമൊഴിയ്ക്ക് ബദല്‍ സംവിധാനം വേണ്ടി വന്നത്. അഭിമുഖമായി സംസാരിച്ചിരുന്ന മനുഷ്യരുടെ ആശയ വിനിമയത്തിന് ദൂരം തടസ്സമായി. ദൂരത്തെയും സമയത്തെയും വരുതിയിലാക്കുവാനുള്ള ശ്രമത്തിന്റെ ആദ്യ ഫലമായിരുന്നു സന്ദേശമയയ്ക്കല്‍.

സംഭാഷണ സൗകര്യം മാത്രം പ്രദാനം ചെയ്‌തിരുന്ന സ്ഥാവരമായ ടെലിഫോണുകളെ ജംഗമ സ്വഭാവിയായ കോഡ്‌ലെസ് ഫോണുകളുടെ സ്ഥാനം പിന്നീട് രൂപവും സേവനങ്ങളും പരിഷ്‌കരിച്ച സെല്ലുലാര്‍/മൊബൈല്‍ ഫോണുകളും നേടിയെടുത്തു. ആശയ വിനിമയം പറച്ചില്‍ എന്നതിൽ നിന്നും എഴുത്ത്-വായന എന്ന നിലയിലേക്ക് മൊബൈല്‍ ഫോൺ കാലത്ത് വളർന്നു. ഇവയെയെല്ലാം പിന്തള്ളി ആശയ വിനിമയ രംഗത്ത് ആവിഷ്‌കരിക്കപ്പെട്ട സംവിധാനമാണ് ചാറ്റിംഗ്. ഇ-മെയില്‍ സംവിധാനം വരമൊഴിയോടു ചേർന്നു നിന്നപ്പോൾ പിന്നീടു വന്ന എസ്എംഎസ് സംവിധാനം വരമൊഴിയുടെ മുറുക്കത്തെ ചുരുക്ക രൂപങ്ങള്‍ കൊണ്ട് ചെറുക്കാന്‍ ശ്രമിച്ചു. ഇന്റര്‍നെറ്റ് ഭാഷാ ശാസ്ത്രജ്ഞനായ ഡേവിഡ് ക്രിസ്റ്റലിന്റെ ഒരു കൃതിയുടെ പേരു തന്നെ Txtng: the Gr8 Db8  എന്നാണെന്നത് ഈ സന്ദര്‍ഭത്തില്‍ സ്‌മരണീയമാണ്. ചാറ്റ് സംവിധാനങ്ങള്‍ സംഭാഷണത്തിനാണ് പ്രാധാന്യം നല്‍കിയത് എന്നതിന് ചാറ്റ് എന്ന പദസ്വീകരണം തെളിവാണ്.

ഇ. മലയാളികള്‍ ഇന്റര്‍നെറ്റില്‍ സജീവമായി ഇടപെട്ടു തുടങ്ങിയത് ആദ്യം ഫെയ്‌സ്‌ബുക്കിലും പിന്നീട് യൂട്യൂബ്, വാട്‌സ്‌ആപ്പ് എന്നിവിടങ്ങളിലുമായിരുന്നു. ഇവയിലെ ആശയ വിനിമയം ചാറ്റ്, കമന്റ്, മെസേജിങ്ങ് തുടങ്ങിയ പേരുകളില്‍ സംഭാഷണ സാധ്യതകളാണ് ഒരുക്കിയത്. പുതു തലമുറയുടെ ഇടപെടലുകളാല്‍ സജീവമായ ഇന്‍സ്റ്റഗ്രാം, ഉപയോക്താക്കള്‍ക്ക് നൽകുന്ന വിവിധ സേവനങ്ങളില്‍ ഭാഷയ്ക്ക് ഇടം ലഭിക്കുന്ന സാഹചര്യങ്ങള്‍ മെസ്സേജിങ്ങും പോസ്റ്റിന്റെ ക്യാപ്ഷനുമാണ്. ഈ രണ്ട് ഇടങ്ങളും പ്രത്യക്ഷത്തില്‍ എഴുത്തിന്റെ ഇടങ്ങളെന്ന തോന്നൽ നല്‍കുമ്പോഴും അവിടങ്ങളിലെ ഭാഷാപ്രയോഗം വരമൊഴിയുടെ മാനദണ്ഡങ്ങളോട് ഒത്തു പോകുന്നവയല്ലെന്നു മാത്രമല്ല വരമൊഴിക്ക് പ്രസക്തമായ വ്യാകരണ നിയമങ്ങളെ ലംഘിക്കുന്നവയോ അവഗണിക്കുന്നതോ ആണെന്നും കാണാം.

ഇന്റര്‍നെറ്റ് ഉപയോക്താതാക്കളുടെ ഒന്നും രണ്ടും തലമുറയെ അടയാളപ്പെടുത്താന്‍ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളായ മൂന്നാം തലമുറ ഇ.മലയാള ഭാഷകര്‍ ഉപയോഗിക്കുന്ന ‘വസന്തം അമ്മാവന്‍/അമ്മായി’ എന്നത് ഇ. മലയാളത്തില്‍ മാത്രം കാണാന്‍ കഴിയുന്ന പ്രയോഗമല്ല. ഇ.തമിഴ് ഭാഷകരുടെ പുതു തലമുറ സമാനാര്‍ഥത്തില്‍ ‘ബൂമര്‍ അങ്കിള്‍/ആന്റി’ എന്നു പ്രയോഗിച്ചു കണ്ടിട്ടുണ്ട്.  ഇന്റര്‍നെറ്റ് ഭാഷാഭേദം എല്ലാ ഭാഷകള്‍ക്കും ഉണ്ടെന്നു സാരം.

ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സൈബര്‍ ഇടങ്ങള്‍ ദൃശ്യവും ശ്രവ്യവുമായ ഉള്ളടക്കങ്ങള്‍ക്ക് പ്രാധാന്യം നൽകുന്ന ഇടങ്ങളായതിനാല്‍ അവിടങ്ങളില്‍ പ്രയോഗിക്കപ്പെടുന്ന ഭാഷ വാമൊഴിയാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. റീല്‍സ്, ഷോർട്‌സ്, വീഡിയോ എന്നീ പേരുകളിലാണ് യഥാക്രമം ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, ഫെയ്‌സ്‌ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ വീഡിയോ ഉള്ളടക്കങ്ങളെ വ്യവഹരിക്കുന്നത്. സൈബര്‍ ഇടമെന്ന സമാന്തര ലോകത്തെ ഉപയോക്താക്കളാകുന്ന മനുഷ്യര്‍ ആശയ വിനിമയം നടത്തുന്ന ഭാഷ അതിനാല്‍ സൈബര്‍ ഭാഷയും ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ സൈബര്‍ ഭാഷക സമൂഹവും ആകുന്നു. മലയാളികളായ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഇടപെടുന്ന സൈബര്‍ ഇടത്തെ സൈബര്‍ മലയാള ഇടമെന്നും അവരുടെ ആശയ വിനിമയത്തെ സൈബര്‍ മലയാള വാമൊഴിയെന്നും മനസ്സിലാക്കാം. ഈ സൈബര്‍ മലയാള വാമൊഴി, മലയാള ഭാഷയുടെ ഭാഷാഭേദമാണെന്നതിനാൽ സൈബര്‍ മലയാളം അഥവാ ഇ. മലയാളം എന്നു  വ്യവഹരിക്കാം.