മാധ്യമഭാഷയുടെ രൂപാന്തരീകരണം

എസ്.ആര്‍ സഞ്ജീവ്

വ്യവഹാര ഭാഷ അനൗപചാരികമാണ്, മാധ്യമ ഭാഷയാകട്ടെ ശൈലീകൃതവും. മാധ്യമങ്ങള്‍ ബഹുജനങ്ങളോടാണ് വിനിമയം ചെയ്യുന്നത്. വിനിമയം ചെയ്യപ്പെടുന്നത് സാമൂഹ്യ പ്രസക്തമായ വിവരങ്ങളാണ്. ഈ പ്രക്രിയയ്ക്ക് ഭാഷ കൊണ്ട് പൊതുവായ ചട്ടക്കൂടൊരുക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. അവതരണ ശൈലിയെക്കാള്‍ വസ്‌തുതകൾക്കാണിവിടെ പ്രാധാന്യം. സംഭവങ്ങളുടെ വാങ്മയ ചിത്രം സാഹിത്യ ഗുണമുള്ള നരേറ്റീവുകളുടെ പിന്‍ബലത്തോടെ അവതരിപ്പിക്കല്‍ ദൈനംദിന വാര്‍ത്താ വ്യവഹാരത്തില്‍ ആവശ്യമില്ല. മാധ്യമ പ്രവര്‍ത്തനത്തില്‍ സര്‍ഗാത്മക എഴുത്തിന്റെ ആവശ്യമില്ല. ദിവസേനയുള്ള റിപ്പോർട്ടിംഗിൽ നിറമുള്ളതും ഭാവനയുള്ള ഭാഷാ പ്രയോഗങ്ങളും വസ്‌തുതകളെ ലഘൂകരിക്കും. പുതിയ വിവരങ്ങള്‍, മറ്റാരും കാണാത്ത ആംഗിള്‍ തുടങ്ങിയവയിലാണ് മാധ്യമ പ്രവര്‍ത്തനത്തിലെ സർഗാത്മകതയിരിക്കുന്നത്. അവിടെ ഭാഷയ്ക്ക് രണ്ടാം സ്ഥാനമേയുള്ളൂ.

അച്ചടിമാധ്യമം-ശൈലിയുടെ പരിമിതികള്‍

വര്‍ത്തമാന പത്രങ്ങളിലെ ഹാര്‍ഡ് ന്യൂസ് സംഭവങ്ങളുടെ നിര്‍വികാരമായ അവതരണമാണെങ്കിലും അവയില്‍ പക്ഷപാതിത്വം ആരോപിക്കപ്പെടാറുണ്ട്. എങ്കിലും അച്ചടിക്ക് സ്ഥിരത എന്ന ഗുണമുണ്ട്. വര്‍ത്തമാന പത്രങ്ങളുടെ സംഭവ കഥനം മനസ്സില്‍ പുനരാഖ്യാനം ചെയ്യാന്‍ വായനക്കാര്‍ സന്നദ്ധരാണ്. വസ്‌തുതാവതരണം എന്ന ഒറ്റ ലക്ഷ്യം മാത്രമാകുമ്പോള്‍ അച്ചടി മാധ്യമത്തിലെ ഭാഷ അങ്ങേയറ്റം ശൈലീകൃതമാകുന്നു. സംഭവങ്ങള്‍ വാര്‍ത്തയെഴുത്തിന്റെ ഭാഷയെ നിയന്ത്രിക്കാറുണ്ട്. ആറു ചോദ്യങ്ങളില്‍ ഏതു ചോദ്യത്തിനാണ് ഊന്നലെന്നതും ഭാഷയെ മാറ്റിമറിക്കാറുണ്ട്. ജീവിത ഗന്ധിയായ വിഷയങ്ങള്‍ വരുമ്പോള്‍ വാര്‍ത്തയുടെ ഭാഷ സ്വാഭാവികമായിത്തന്നെ വികരപരമാകാറുണ്ട്.

ഫീച്ചറെഴുത്തില്‍ എങ്ങനെ, എന്തുകൊണ്ട് എന്ന ചോദ്യങ്ങള്‍ കൂടുതല്‍ മിഴിവോടെ പുറത്തേക്കു വരുന്നതായി കാണാം. അവിടെ വാര്‍ത്തയെഴുത്തുകാരന്റെ നിരീക്ഷണ പാടവത്തിനും അനുഭവത്തിനും നിഗമനത്തിനും പരിഗണനയുണ്ട്. വൈയക്തികത അഥവാ സബ്‌ജക്‌ടിവിറ്റി കടന്നു വരുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ അച്ചടി മാധ്യമത്തിലെ എഴുത്തു ഭാഷ പുതു ജീവന്‍ കൈവരിക്കുന്നു. ഇതര മാധ്യമങ്ങളുടെ സ്വാധീനം ഇന്നത്തെ അച്ചടി മാധ്യമത്തിന്റെ വാര്‍ത്തയെഴുത്തിന്റെ ശൈലി രൂപാന്തരപ്പെടുത്തുന്നതായാണ് അനുഭവം. ദീര്‍ഘ സംഭാഷണങ്ങളും ദീര്‍ഘ ലേഖനങ്ങളും അലങ്കാരബദ്ധമായ ഹാര്‍ഡ് ന്യൂസ് റിപ്പോർട്ടിംഗും ഇന്നത്തെ അച്ചടി മാധ്യമത്തിന് അന്യമല്ല.

ദൃശ്യമാധ്യമങ്ങളിലെ ദൃശൃതാരാഹിത്യം

ഇന്ത്യന്‍ ടെലിവിഷന്‍, മാധ്യമരൂപമെന്ന നിലയ്ക്ക് ടെലിവിഷനുള്ള ശക്തി മറന്നു പോവുകയും അത് സംസാരിക്കുന്ന തലകളുടെ ഒരു പെട്ടി മാത്രമായി ചുരുക്കുകയും ചെയ്‌തതോടെ ടെലിവിഷന്‍ മാധ്യമ വ്യവഹാരത്തില്‍ സംസാര ഭാഷയുടെ പ്രയോഗവും പ്രയോഗ വൈകല്യവും മാത്രമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ദൃശ്യത എന്ന ഗുണം പരിഗണിക്കാതെ ടെലിവിഷന്‍ ഭാഷയെ വിശദീകരിക്കാനാവില്ല. ദൃശ്യങ്ങള്‍ പറയുന്ന കഥയില്‍ വിട്ടു പോയ ഭാഗം പൂരിപ്പിക്കല്‍ മാത്രമാണ് എഴുത്തു ഭാഷയുടെ കടമ.

ശൈലീകൃതമായ അച്ചടിമാധ്യമ ഭാഷ വായിക്കുന്നതാവണം. ടെലിവിഷന്‍ ദൃശ്യഭാഷ എന്ന പഴയ സ്‌കൂളില്‍ നിന്നാണ് ടെലിവിഷന്‍ ഭാഷയിലെ വൈകല്യങ്ങളുടെ കുത്തൊഴുക്കിന്റെ പട്ടിക പുറത്തേക്കു വരുന്നത്. ഇവിടെ മനസ്സിലാക്കേണ്ടത് വീട്ടകത്തിന്റെ സ്വകാര്യതയില്‍ ടെലിവിഷന്‍ വാര്‍ത്ത കാണുന്ന പ്രേക്ഷകനോട് വാര്‍ത്താവതാരകന്‍ നടത്തുന്ന നേരിട്ടുള്ള വിനിമയത്തിലൂടെയാണ് വാര്‍ത്തയുടെ റിപ്പോർട്ടിംഗ് നടക്കുന്നത് എന്ന കാര്യമാണ്. അവതാരകന്റെ നേരിട്ടുള്ള സാന്നിധ്യം വാക്കുകള്‍ കൊണ്ടുള്ള വിനിമയം മാത്രമല്ല സാധ്യമാക്കുന്നത്. അംഗ ചലനം, മുഖഭാവം എന്നു വേണ്ട, ശരീര ഭാഷയുടെ സാധ്യതകള്‍ കൂടി വാര്‍ത്താവതാരകന്‍ ഈ വിനിമയത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. അതു കൊണ്ടു തന്നെ അത് ഏറെക്കുറെ അനൗപചാരികമാകുന്നു. അനൗപചാരികമായ വിനിമയഭാഷ കൂടുതല്‍ സംവേദന ക്ഷമമാണ്. ഒരു പ്രദേശത്തിനു മുഴുവന്‍ സ്വീകാര്യമായ, കൃത്രിമമല്ലാത്ത, അനൗപചാരികമായ ഭാഷാചട്ടക്കൂട് ടെലിവിഷന്‍ നിര്‍മ്മിച്ചെടുക്കേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങള്‍ തുടർന്നുവരികയാണ്.

സമൂഹമാധ്യമം-സംവാദം ഹൃദയത്തോട്

ആനുകാലിക രാഷ്ട്രീയത്തിന്റെ പൊതുജനാഭിപ്രായ രൂപീകരണത്തിലും പൊതു മുന്നേറ്റങ്ങളിലും സമൂഹ മാധ്യമങ്ങള്‍ വിപ്ലവകരമായ ഇടപെടലുകളാണ് നടത്തുന്നത്. പരമ്പരാഗത മാധ്യമങ്ങള്‍ക്ക് പലപ്പോഴും കാലാളിന്റെ റോളേയുള്ളു. സമൂഹ മാധ്യമത്തിന്റെ ഈ മുന്നേറ്റത്തിൻ കാരണമെന്തെന്നറിയണമെങ്കിൽ അവയുടെ സംവേദന സ്വഭാവം കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. അച്ചടി, ദൃശ, ശ്രവ്യ മാധ്യമങ്ങളുടെ സംഗമമാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്. സമൂഹ മാധ്യമ ഉപഭോഗത്തിന്റെ പ്രധാന ഉപകരണം സ്‌മാർട് ഫോണുകളായി മാറിക്കഴിഞ്ഞു. ശൈലീബദ്ധമായ അച്ചടി മാധ്യമച്ചിട്ടയെ മറി കടക്കുന്ന, കൂടുതല്‍ സംവേദനക്ഷമമായ ഭാഷയാണ് സമൂഹ മാധ്യമം നിങ്ങളിൽ നിന്ന് പുറത്തെടുക്കുന്നത്. ഇവിടെ മാധ്യമ ഭാഷയുടെ സ്രഷ്‌ടാവ് നിങ്ങളാണ്. നിങ്ങള്‍ ഒരേ സമയം മാധ്യമ പ്രവര്‍ത്തകനും മാധ്യമ ഉപഭോക്താവുമാകുന്നു.

സമൂഹമാധ്യമവും പൊതുമണ്ഡലവും

സമൂഹ മാധ്യമങ്ങളില്‍ യുക്തിസഹം എന്ന വാക്കിന് എത്രമാത്രം പ്രസക്തിയുണ്ടെന്ന കാര്യം ചിന്താവിഷയമാണ്. നൈമിഷികമായ വികാര പ്രകടനങ്ങള്‍ പലപ്പോഴും യുക്തി സഹമായ പ്രതികരണങ്ങളെ ഇല്ലാതാക്കുന്നു. അതുകൊണ്ടാണ് വര്‍ഗ്ഗീയ സംഘര്‍ഷങ്ങളെ ഭയന്ന് സമൂഹ മാധ്യമങ്ങളെ നിരോധിക്കേണ്ടി വരുന്നത്. സമൂഹ മാധ്യമങ്ങളുടെ ഭാഷയും ഘടനയും പരമ്പരാഗത മാധ്യമ ഭാഷയെ സ്വാധീനിക്കാന്‍ തുടങ്ങിയിരിക്കുന്നു. അച്ചടി മാധ്യമം ദീര്‍ഘ പാഠം അഥവാ ലോംഗ്‌ഫോം നറേറ്റീവിന്റെയും വൈയക്തികതയുടെയും ദൃശ്യതയുടെയും സാധ്യതകള്‍ തേടുകയാണ്. ദൃശ്യമാധ്യമങ്ങള്‍ ദൃശ്യ ഭാഷയേയും ശരീര ഭാഷയേയും പിന്തുടർന്ന് പുതിയ സംവേദന തലങ്ങള്‍ തേടുകയാണ്. ഇവ രണ്ടും ഡിജിറ്റല്‍ മാധ്യമങ്ങളുടെ കേന്ദ്ര സ്ഥാനത്ത് സ്വയം പ്രതിഷ്‌ഠിക്കാൻ ശ്രമിക്കുകയാണ്. ഡിജിറ്റല്‍ ലോകത്തെ ആശയ വിനിമയം സാമൂഹ്യ, രാഷ്ട്രീയ ബന്ധങ്ങളെ പൊളിച്ചെഴുതിക്കൊണ്ടിരിക്കുകയാണ്. സാമൂഹിക മാധ്യമ ഉപഭോക്താക്കള്‍ അവയെ സ്വജീവിതത്തിലേയ്ക്ക് എത്രമാത്രം സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും ഭാവി രാഷ്ട്രീയവും സാമൂഹിക ജീവിതവും രൂപപ്പെടുക.

കടപ്പാട് : ഭാഷാസാഹിതി