നമ്മളിത്തിപ്പോരം എന്തരെ് പറഞ്ഞാ നിങ്ങക്കെക്കെ അയ്യം അല്ല്യേ…

ലിഖിതരൂപം എന്നതു പോലെ തന്നെ പ്രധാനമാണ് ഭാഷയുടെ മൊഴി വഴക്കവും. കേരളത്തിലെ വിവിധ ജില്ലകളിലുള്ളവരുടെ മൊഴികളില്‍ ഒഴുക്കിന്റെ ഈണതാള വ്യതിയാനങ്ങളുണ്ട്. ചില ജില്ലകളില്‍ ഒറ്റമൊഴിത്താളമേ കാണുകയുള്ളൂ. ചിലയിടങ്ങളില്‍ അത് പലതാണ്. ഈ പലമൊഴിപ്പൊലിമ ഏറ്റവും കൂടുതലുള്ള ജില്ലയാണ് കേരളത്തിന്റെ തെക്കേ അറ്റത്തുള്ള തിരുവനന്തപുരം. തിരുവനന്തപുരത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെയുള്ള ജനത സംസാരിക്കുന്നത് ഒരേ ഈണത്തിലും താളത്തിലുമല്ല. ആചാരങ്ങളുടെയും തൊഴിലിന്റെയും വിദ്യാഭ്യാസത്തിന്റെയും രീതികള്‍ക്കനുസൃതമായും തദ്ദേശീയമായി ഉണ്ടായിട്ടുള്ള പാട്ടുകൾ, ചൊല്ലു വഴികള്‍ എന്നിവയുടെ അടിസ്ഥാനത്തിലും ഈ ഭേദം ഉണ്ടാകാം.

‘താറിത്താറി നിക്കാതെടാ പന്നപ്പയലേ’

മുകളില്‍ എഴുതിയിരിക്കുന്ന ഈ വാക്യത്തില്‍ തിരുവനന്തപുരത്തിന്റെ അങ്ങേത്തലയ്ക്കലും ഇങ്ങേത്തലയ്ക്കിലും ഉള്ള ഭാഷാ രീതികളെ ചേര്‍ത്ത് ബന്ധിച്ചിരിക്കുകയാണ്. ഇതില്‍ ‘താറിത്താറി നില്‍ക്കുക’ എന്നത് ആറ്റിങ്ങല്‍, വര്‍ക്കല, ചിറയിന്‍കീഴ് ഭാഗത്തെ പ്രയോഗമാണ്. അമാന്തിച്ച് സമയം കളയുന്നതിനെയാണിത് സൂചിപ്പിക്കുന്നത്. സ്ഥിരതയില്ലായ്‌മയുടെ സൂചനയായും ഇത് പറയാറുണ്ട്. കരമന മുതല്‍ പാറശ്ശാല വരെയുള്ളവര്‍ ഇതേ അര്‍ത്ഥം ധ്വനിപ്പിക്കാന്‍ ‘അയയിലിട്ട താറുപോലെ’ എന്നായിരിക്കും പ്രയോഗിക്കുക. ‘പന്നപ്പയലേ’ എന്ന പ്രയോഗം തെക്കന്‍ തിരുവനന്തപുരത്തിന്റേതാണ്. ഇവിടെ ‘പന്ന’ എന്നത് മോശപ്പെട്ടവൻ എന്ന അര്‍ഥത്തിലല്ല വാത്സല്യ ഭാഷയിലാണ് ഉപയോഗിക്കുന്നത്. എന്നാൽ ‘അവനൊരു പന്നപ്പയല്’ എന്ന് പറയുമ്പോള്‍ അവിടെ മോശക്കാരന്‍ എന്ന ധ്വനിയാണ് ഉണ്ടാകുന്നത്. വിവാഹപ്രായമെത്തിയിട്ടും വിവാഹിതനാകാത്ത ചെറുപ്പക്കാരനെ ‘പയല്‍’ എന്നും അങ്ങനെയുള്ള പെൺകുട്ടിയെ ‘കൊമ്പല്‍’ എന്നുമാണ് വിളിച്ചിരുന്നത്. കല്യാണത്തിന് മുമ്പ് തലമുടി രണ്ടു വശത്തായി മെടഞ്ഞ് കൊമ്പുപോലെ കെട്ടിയിടുന്നവൾ കല്യാണത്തോടെ ആ തലമുടി ഒറ്റയായി അഴിച്ചിട്ട്  ‘കുഴലി’ ആയി മാറുന്നു.

‘കുണ്ടണി പറഞ്ഞെങ്കിലും കൊമരഴിക്കണം’ മറ്റൊരു പ്രയോഗമാണിത്. ‘കുണ്ടണി’ എന്നത് ‘കുണ്ഡലിനി’ എന്നതിന്റെ തന്നാട്ടു മൊഴിയാണ്. കള്ളം പറഞ്ഞിട്ടാണെങ്കിലും വേണ്ടില്ല ഒരു പെൺകുട്ടിയുടെ കല്യാണം നടക്കണം എന്നാണ് ഈ പ്രയോഗത്തിന്റെ അര്‍ഥം. കുണ്ടണി മങ്കയും കോര സ്വാമിയും എന്നാണ് തെക്കന്‍ പറയുന്നതെങ്കിലും കുണ്ഡലിനി മങ്കയും കുമാര സ്വാമിയും (മുരുകന്‍) എന്നാണ് താല്‌പര്യം. കുണ്ടലിനി ജ്ഞാന വിജ്ഞാനവുമായും ആത്മീയ ലയവുമായും ബ്രഹ്‌മാനന്ദവുമായും സര്‍ഗ പ്രതിഭയുമായിട്ടൊക്കെ ബന്ധമുള്ള ഒരു പ്രയോഗമാണ്.

വികൃതി കാട്ടുന്ന കുട്ടികളെക്കുറിച്ച് ആ ചെറുക്കന്‍ പയങ്കര കുണ്ടണി എന്നാണ് തെക്കന്‍ മൊഴിയില്‍ പറയാറ്. കുണ്ഡലിനി പ്രവർത്തിക്കുന്ന കുട്ടി പ്രതിഭയായിരിക്കും. പക്ഷേ ബാല പ്രായത്തില്‍ അത് കുസൃതി ആയിട്ടായിരിക്കും വെളിപ്പെടുക. വടക്കന്‍ ജില്ലക്കാര്‍ ഇതിനെ കുറുമ്പ് എന്ന് പറയും. കുറുമ്പ ഭഗവതി ചെയ്യിക്കുന്നത് എന്ന അര്‍ത്ഥത്തിലാണ് ഇങ്ങനെ പറയുന്നത്. ഇത്തരത്തില്‍ അനേകം പ്രയോഗങ്ങള്‍ ഉണ്ടിവിടെ. ‘എള്ളൊണങ്ങണത് എണ്ണയ്ക്ക്…’ യത്നിച്ചാല്‍ എന്തെങ്കിലും ഫലമുണ്ടാകുമെങ്കിലും സാരമില്ല യത്നിക്കാം എന്നാണ് ഈ പ്രയോഗത്തിനര്‍ത്ഥം. ‘പുളിയൊണങ്ങിയാകൊവ്ത്തരയ്ക്കാം പുളിയങ്ങ ഒണങ്ങിയാലാ’ സമ്പമായ ഒരുവന് അല്പം വീഴ്‌ച വന്നാലും മറ്റേതെങ്കിലും വിധത്തില്‍ അത് പരിഹരിക്കപ്പെടാം. എന്നാൽ ദരിദ്രന്‍ വീണു പോയാല്‍ വീണത് തന്നെ. ഇതിനെ കുടുംബ കാര്യങ്ങളുമായി ബന്ധപ്പെടുത്തിയും ചില സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാറുണ്ട്. അപ്പോള്‍ അര്‍ഥത്തിന് നേരിയ ചില വ്യത്യാസങ്ങള്‍ വരും എന്നു മാത്രം. ഇത്തരത്തില്‍ മൊഴിയില്‍ മാത്രമല്ല എഴുത്തിലും നാട്ടുമൊഴി അസ്സലായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കവിതയിലും കഥയിലും നോവലിലുമൊക്കെ ഇത് ഒഴുകിപ്പരന്ന് കിടക്കുന്നു.

മക്കളും മൊണ്ണയനും അലവലയും ആണാപ്പെറന്നാനും

ഭാഷാ ഭഗവത്ഗീതയില്‍ മലയിന്‍കീഴ് മാധവ കവിയുടെ പ്രയോഗം ‘അലവലയാകിതുകില്‍’ എന്നാണ്. അലവല എന്നതിന് അദ്ദേഹം നൽകുന്ന  അര്‍ഥം വൃത്തിയില്ലാത്തത്, ഉപയോഗ ശൂന്യം എന്നൊക്കെയാണ്. സത്‌സ്വഭാവിയല്ലാത്തവനെക്കുറിച്ച് പറയാറുള്ളത് അതൊര് അലവലാതി എന്നാണ്.  സി.വി രാമന്‍പിള്ളയുടെ ചന്ത്രക്കാരന്‍ പറയുന്നുണ്ടല്ലോ ‘ഇരുളാ വിഴ്ങ്ങ് ഈ മൊണ്ണയനെ’- ഇവിടെ മൊണ്ണയന്‍ എന്നതിന് ആരാലും കീഴ്‌പ്പെടുത്താനാവാത്തവൻ, ആത്മ ധൈര്യമുള്ളവന്‍, ആരെയും കൂസാത്തവൻ, എന്തിനും പോവന്‍ എന്നൊക്കെയാണ് അര്‍ത്ഥം. കഥയില്‍ എസ്.വി വേണു ഗോപാലന്‍ നായരാണ് ഏറ്റവും ആകര്‍ഷകമായി ഈ മൊഴിച്ചന്തത്തെ തിളക്കിത്തന്നത്. ‘നില്‍ക്ക് നില്‍ക്ക് എന്ന് പറഞ്ഞിട്ടും അയാൾ നിന്നിടം ആണത്തമുള്ളവന്‍’ എന്നല്ല വേണുഗോപാലന്‍ നായരുടെ കഥാപാത്രം പറയുന്നത്. ‘നില്ല് പിള്ളേന്ന്  ഞാനൊരു നൂറുവട്ടം വിളിച്ചില്ല. അയാള് നിന്നില്ല’. ആണാപ്പെറന്നാൻ, തന്തയ്ക്ക് പെറന്നവൻ. ഇത്തരത്തില്‍ വേണുഗോപാലന്‍ നായരുടെ ഇരുപത്തെട്ടോളം കഥകള്‍ നോക്കിയാല്‍ അനവധി പ്രയോഗങ്ങള്‍ തെക്കന്‍ നാട്ടുമൊഴികൾ കണ്ടെത്താനാവും. പിന്നീട് വന്ന കഥാകൃത്തുക്കളില്‍ വി.എന്‍ പ്രദീപും അജിത്ത് വി.എസും ആണ് ഈ മൊഴിച്ചന്തത്തെ ഭംഗിയായി അവതരിപ്പിച്ച് കണ്ടിട്ടുള്ളത്. ജി.വിവേകാനന്ദന്‍ രചിച്ച കൃതികളിലും തെക്കന്‍ ഭാഷയുണ്ട്.

കവിതയിലും ഇത് ധാരാളമായി വിളഞ്ഞു. ഭാഷാ ഭഗവത്ഗീതയില്‍ എന്ന പോലെ തന്നെ എഴുത്തച്ഛന്‍ നടത്തിയ ഒരു പ്രയോഗം ഉണ്ട് . ‘വല്ല ജാതിയും’ അത് തെക്കന്റെ ‘വല്ലച്ചാതിയും’ ആണ്. ‘എങ്ങനെയെങ്കിലും’ എന്ന് പറയുന്നതിന് തുല്യമാണീ പ്രയോഗം. അതുപോലെ അടുപ്പമുള്ളവരെ കൊണ്ട് സത്യം ചെയ്യുന്ന ശീലമുള്ളത് തെക്കനാണ്. ‘നിന്നാണേ കേള്‍പ്പിച്ചതില്ലാരെയും ജീവനാഥേ’ എന്ന് എഴുത്തച്ഛന്റെ ശിവന്‍ പാര്‍വതിയോട് ‘ഉമാമഹേശ്വര സംവാദത്തില്‍’ പറയുന്നുണ്ട്. എഴുത്തച്ഛന്‍, നമ്പ്യാര്‍ തുടങ്ങിയ കവികള്‍ പദ്‌മനാഭപുരത്ത് തേവാരക്കെട്ട് സരസ്വതിയെ വ്രതമെടുത്ത് ഭജിച്ചു പോന്നിരുന്നു. എന്നൊരു കേള്‍വി പരക്കുന്നു എന്നുള്ളതു കൊണ്ട് അത്തരം യാത്രകളില്‍ എപ്പൊഴോ കിട്ടിയതാകാം ഈ വാക്കുകള്‍. നമ്പ്യാര്‍ ഉപയോഗിച്ചത് ‘തള്ളയ്‌ക്കിട്ടൊരു തല്ലു വരുമ്പോൾ പിള്ളയെടുത്ത് തടുക്കേയുള്ളൂ. ഇവിടെ ‘തള്ള’- ‘പിള്ള’ എന്നീ പ്രയോഗങ്ങള്‍ തിരുവനന്തപുരത്തിന്റെ വിശേഷിച്ചും തെക്കന്‍ കേരളത്തിന്റെ സ്വത്താണ്.

വി.മധുസൂദനന്‍ നായരുടെ കവിതകളില്‍ നിരവധി നാട്ടുമൊഴിയടയാളങ്ങൾ ഏറിയും കുറഞ്ഞും ഒളിഞ്ഞും തെളിഞ്ഞും കിടപ്പുണ്ട്. ‘കന്നിതൊരുത്തിതൻ കൈപ്പിള്ളക്കിത്തിരി കഞ്ഞിത്തെളിതേടിചുറ്റമ്പോള്‍’ (മായിയമ്മ) ഈ വരികളിലെ കൈപ്പിള്ള, കഞ്ഞിത്തെളി തുടങ്ങിയ പ്രയോഗങ്ങള്‍ ശ്രദ്ധേയമാണ്. ‘അച്ഛന്‍ പിറന്ന വീട്’ എന്ന കൃതിയില്‍ നിരവധി നാട്ടു പ്രയോഗങ്ങൾ ഉണ്ട്. അദ്ദേഹത്തിന് ശേഷം വന്ന തിരുവനന്തപുരത്തുകാരായ കവികളില്‍ പലരും അവരവരുടെ ദേശ സംസ്‌കൃതികള്‍ അടയാളപ്പെടുത്തി. സര്‍ഗാത്മക സാഹിത്യത്തിലും നിത്യ ജീവിതത്തിലും തിരുവനന്തപുരം ഭാഷ എന്നും സൗന്ദര്യത്വമായിത്തന്നെ നിലനിൽക്കുന്നു. ചില ചലച്ചിത്രങ്ങളില്‍ വല്ലാതെ വക്രീകരിച്ച് ഉപയോഗിച്ചു എന്നതൊഴിച്ചാൽ നമ്മുടെ നാട്ടുമൊഴിക്ക് ഒരു പ്രശ്‌നവും ഇല്ല. സുരാജ് വെഞ്ഞാറമൂട് ഹാപ്പി ഹസ്ബന്റ്സ് എന്ന സിനിമയില്‍ പറഞ്ഞതു പോലെ ‘നമ്മളിത്തിപ്പോരം എന്തരെ് പറഞ്ഞാ നെനക്കെക്കെ അയ്യം അല്ല്യേ..’ എന്ന് തിരിച്ച് കയര്‍ക്കേണ്ട സ്ഥിതിയാണ്. തിരുവനന്തപുരത്തുകാരന്റെ അയ്യം മോശം എന്നാണ്. അല്ലാതെ എറണാകുളത്തുകാരന്റെ അയ്യം അല്ല. തിരുവനന്തപുരത്തുകാര്‍ മീനറുക്കും, എറണാകുളം മുതല്‍ വടക്കോട്ട് മീൻ നന്നാക്കും. കാര്യം ഒന്നു തന്നെ.