ഓണാട്ടു ഭാഷയുടെ കിലുക്കങ്ങള്‍

സി. റഹിം

മധ്യകാല കേരളത്തിലെ ഓടനാട് നാട്ടു രാജ്യത്തെയാണ് ഓണാട്ടുകരയെന്ന് പൊതുവെ വിളിക്കുന്നത്. തിരുവിതാംകൂറിന്റെ ഏതാണ്ട് മധ്യഭാഗത്തുണ്ടായിരുന്ന പഴയ കായംകുളം രാജ്യത്തെ രണശൂരന്‍മാരുടെ ദേശമാണിത്. മാര്‍ത്താണ്ഡവര്‍മ്മയുടെ തിരുവിതാംകൂര്‍ ഏകീകരണത്തോടെ കായംകുളം രാജ്യമില്ലാതെയായി.

ഓണാട്ടുകരയുടെ  എലുക പറയുകയാണെങ്കില്‍ കന്നേറ്റി (കരുനാഗപ്പള്ളി തെക്ക്) മുതല്‍ നിരണം (കണ്ണശ്ശന്റെ നാട്) വരെയാണ് ഓണാട്ടുകരയെന്ന്  എസ്. ഗുപ്‌തൻ നായര്‍ ‘ഓണാട്ടുകര ഭാഷ’യെന്ന തന്റെ ലേഖനത്തില്‍ പറയുന്നുണ്ട്. ഇപ്പോഴത്തെ നില പരിശോധിച്ചാല്‍ ആലപ്പുഴ, കൊല്ലം ജില്ലകളുടെ മധ്യഭാഗത്തായി വ്യാപിച്ചു കിടക്കുന്ന പ്രദേശത്തെയാണ് ഓണാട്ടുകരയെന്ന് വിളിക്കുന്നത്. മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളും കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കുകളിലെ ചില പ്രദേശങ്ങളും ഓണാട്ടുകരയിൽ ഉള്‍പ്പെടും. യഥാര്‍ഥത്തില്‍ ഓണാട്ടുകരയെന്ന പേരിലൊരു പ്രദേശമെവിടെയുമില്ല. കായലുകളും പുഴകളും തോടുകളും കുളങ്ങളും പുഞ്ചകളുമൊക്കെ സമൃദ്ധമായുണ്ടായിരുന്ന ഇവിടെ ഓടങ്ങള്‍ (വള്ളം) ധാരാളമായി ഉണ്ടായിരുന്നു. ഓടങ്ങളുടെ നാടാണ് ഓണാട്ടുകരയായതെന്ന് ഒരു പക്ഷം. ഓടല്‍ (കല്ലന്‍മുള) ധാരാളമായുണ്ടായിരുന്ന നാടെന്ന അര്‍ഥത്തില്‍ ഓടല്‍-നാട്ടുകര എന്നു വിളിച്ചത് ഓണാട്ടുകരയായെന്നതാണ് മറ്റൊരു പക്ഷം.

പശിമയാര്‍ വെളുത്ത തീരദേശമണ്ണാണ് ഒണാട്ടുകരയുടെ  പൊതുപ്രത്യേകത. ഒരുകാലത്ത് കാവും കുളവും ഏറ്റവും കൂടുതലുണ്ടായിരുന്ന നാടായിരുന്നു. കേരളത്തിലെ 13 കാര്‍ഷിക കാലാവസ്ഥാ മേഖലകളില്‍ ഒന്നാണിത്. ഇരുപ്പുനെല്ലും ഒരുപ്പൂ എള്ളും ഇടവിളയായി മുതിരയും പയറും കിഴങ്ങു വര്‍ഗങ്ങളുമൊക്കെ കൃഷി ചെയ്‌തിരുന്ന കാര്‍ഷിക സമൃദ്ധമായ പ്രദേശമായതിനാല്‍ ഓണമൂട്ടുകരയെന്ന് പേര് വീണെന്നും അതാണ് പിന്നീട് ഓണാട്ടുകരയായതെന്നും പറയപ്പെടുന്നുണ്ട്. പുരയിടം (അയ്യം), തറ, കണ്ടം (നിലം), പുഞ്ച, കുളം എന്നിങ്ങനെയഞ്ചായി വിഭജിച്ചതാണ് ഓണാട്ടുകരയുടെ ഭൂപ്രകൃതി. എന്തായാലും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സമ്പല്‍ സമൃദ്ധിയുള്ള ഓണാട്ടുകര പ്രത്യേകമായ സാംസ്‌കാരിക ഭൂമികയാണ്. കെട്ടുൽസവങ്ങളുടെ നാടാണിത്. ഇവിടുത്തെ എള്ള് വളരെ മേന്‍മയുള്ളതാണ്. ഇത് ഭൗമസൂചിക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. മാവേലിക്കര ചീനിയും (കപ്പ) പ്രസിദ്ധമാണ്.

ഓണാട്ടുകര ഭാഷയ്ക്കും ഏറെ പ്രത്യേകതയുണ്ട്

ധാരാളം കലാകാരന്‍മാരും എഴുത്തുകാരുമുള്ള പ്രദേശമെന്ന നിലയില്‍ മലയാള ഭാഷയെ ആഴത്തില്‍ സ്വാധീനിച്ച ദേശം കൂടിയാണിത്. മലയാള സിനിമ ആദ്യമായി സംസാരിച്ചത് ഓണാട്ടുകര ഭാഷയായിരുന്നു. മുതുകുളം രാഘവന്‍ പിള്ളയായിരുന്നു ആദ്യ തിരക്കഥാകൃത്ത്. പാറപ്പുറവും പത്മരാജനും തോപ്പില്‍ ഭാസിയും അടൂര്‍ ഗോപാലകൃഷണനും തുടങ്ങി ചലച്ചിത്ര രംഗത്ത് അദ്ദേഹത്തിന് പിന്‍മുറക്കാര്‍ ഏറെയുണ്ട്.

ജാതി തിരിച്ചും മതം തിരിച്ചും ചില്ലറ വ്യത്യാസങ്ങള്‍ ഭാഷാ പ്രയോഗങ്ങളില്‍ കാണാം. തൊഴിലും പ്രകൃതിയും സാമൂഹിക സ്ഥിതിയുമൊക്കെ ഭാഷയെ സ്വാധീനിക്കും. ഓരോ വീടിനും സ്വന്തമായി ഭാഷയുണ്ടെന്നാണെന്റെ വിചാരം. ഭക്ഷണത്തിന്റെ രുചിയിലും ഈ വ്യത്യാസം പ്രകടമാണ്. ഓണാട്ടുകരയിലെ ഹിന്ദു സമുദായക്കാരും അതിലെ വിവിധ ജാതികളിൽപ്പെട്ടവരും മുസ്ളിങ്ങളും ക്രിസ്ത്യാനികളുമൊക്കെ സംസാരിക്കുന്നത് ഒരേ ഭാഷ തയൊണ്. എന്നാൽ അച്ഛനെ മുസ്ളീങ്ങള്‍ വാപ്പയെും അമ്മയെ ഉമ്മയെും വിളിക്കുന്നുണ്ടാകും. ക്രിസ്ത്യാനികള്‍ അപ്പച്ചനെന്നും അമ്മച്ചിയെന്നും വിളിക്കും.

ഓണാട്ടുകരയിലെ പടനിലങ്ങളോട് ചേർന്നു താമസിക്കുന്ന പഴയ കുതിരപ്പടയാളികളായ റാവുത്തരന്‍മാര്‍ തമിഴ് കലർന്ന അവരുടെ തനത് ഭാഷ വിട്ട് ഓണാട്ടു ഭാഷയിലേക്ക് എന്നേ മാര്‍ഗം കൂടിക്കഴിഞ്ഞു. അപൂര്‍വമായ ചില കേന്ദ്രങ്ങളിലാണ് ഇപ്പോഴും അവരുടെ തനത് ഭാഷയുടെ കിലുക്കം കേള്‍ക്കാനാവുക. പരമ്പരാഗതമായി അച്ഛനെ അത്തയെന്നും (തുര്‍ക്കി വാക്കാണിത്) അമ്മയെ അമ്മയെന്നുമാണ് റാവുത്തരന്‍മാന്‍ വിളിക്കുക. ഹിന്ദു സമുദായക്കാര്‍ അമ്മേയൊണ് ഓണാട്ടുകരയിൽ വിളിക്കുക. അക്ക, അണ്ണന്‍, അമ്മച്ചിയമ്മ, അത്തിത്ത, അത്തമ്മ, തങ്കച്ചി, നന്നാ, നന്നി, മാമ, ദാദാ, മച്ചാന്‍, മാമി, അപ്പച്ചി എന്നിങ്ങനെ പോകുന്നു റാവുത്തരന്‍മാരുടെ ബന്ധുവിളി. കേരളത്തിലെ മറ്റു ഭാഗത്തുള്ള റാവുത്തരൻമാരിൽ നിന്ന് ഓണാട്ടകരയിലെ റാവുത്തരന്‍മാരുടെ ഭാഷയും വേറിട്ടു നിൽക്കുന്നു. ‘എന്തോ’ എന്നാണ് ഓണാട്ടുകരക്കാർ പൊതുവെ വിളി കേൾക്കുന്നത്. എന്നാൽ മുസ്ളിങ്ങള്‍ ‘ഓ..’ എന്നാണ് വിളി കേൾക്കുന്നത്. ഓണാട്ടുകരയിലെ വിവിധ ജാതി, മത വിഭാഗങ്ങളുടെ ഭാഷയുടെ സൂക്ഷ്‌മ വ്തിയാനങ്ങളും പഠിക്കപ്പെടേണ്ടതാണ്. എന്നാൽ പൊതു ഭാഷയെന്ന നിലയില്‍ മറ്റെല്ലാ വ്യത്യാസങ്ങള്‍ക്കും മുകളിലായി ഓണാട്ടുകര ഭാഷയാണ് ഇവിടത്തെ എല്ലാ ജനവിഭാഗങ്ങളിലും ആധിപത്യം നേടിയിട്ടുള്ളത്.

പറച്ചിലിലെ ബഹുമാനവും വിനയവും

‘നാണുച്ചാരേ’- എന്ന് ഒരാളെ വിളിച്ചാല്‍ അല്‍പ്പം ബഹുമാനം നല്‍കിയാണ് അദ്ദേഹത്തെ വിളിക്കുന്നതെന്ന് ഓര്‍ക്കണം. ‘അങ്ങുന്നേ’യെന്നത് ആശ്രിതര്‍ ജന്‍മിയേയും മറ്റും വിളിക്കുന്നതാണ്. ഓണാട്ടുകരയിൽ മുത്തച്ഛനും മുത്തശ്ശിയുമില്ല. അപ്പൂപ്പനും അമ്മൂമ്മയുമേയുള്ളു. ജ്യേഷ്‌ഠ സഹോദരൻ ഇവിടെ കൊച്ചാട്ടനാണ്. അനുജത്തിയാണെങ്കിലും ചേട്ടത്തിയാണെങ്കിലും ഓണാട്ടുകാർക്ക് പെങ്ങളാണ്. കൂടുതല്‍ പെങ്ങന്‍മാരുണ്ടെങ്കില്‍ ഇളയ പെങ്ങളെന്നും മൂത്ത പെങ്ങളെന്നും വിളിക്കും. പിള്ളേര്‍ ഓണാട്ടുകരക്കാർക്ക് പിള്ളാരാണ്. ചിലപ്പോള്‍ പുള്ളാരുമാകും. ഒത്തിരി (തോനെ)യെന്നാൽ കൂടുതല്‍ (വളരെ), ഇച്ചിരിയെന്നാൽ കുറച്ച്. എരിത്തില്‍ (തൊഴുത്ത്), കാളന്‍മാര് (കാളകള്‍), കാലി (കന്നുകാലി) മുഞ്ഞി, മോന്ത (മുഖം) എന്നിങ്ങനെയാണ് മറ്റു ചില പ്രയോഗങ്ങള്‍.

ഓണാട്ടുകരക്കാരുടെ  സംസാരത്തിലെ വിനയം വളരെ പ്രസിദ്ധമാണ്. വന്നു, പോയി എന്നു പറയുന്നതിന് പകരം വന്നേ, പോയേ എന്നേ ഓണാട്ടുകരക്കാര് പറയൂ. കണ്ടേ, പറഞ്ഞാട്ടേ, ഇല്ലേ, ആന്നേ എന്നിങ്ങനെ പോകുന്നു സംസാര ശൈലി. ഇങ്ങനെ സംസാരിച്ചു കേള്‍ക്കുമ്പോള്‍ തന്നെ ഓണാട്ടുകരക്കരനാണെന്ന് ഉറപ്പിക്കാം. പ്രായത്തില്‍ മൂത്ത സ്ത്രികളെ ‘ഇച്ചേയിയേ’ എന്നു വിളിക്കും. തേങ്ങ ചെരകിയെന്നതിന് തേങ്ങ തിരുമ്മിയെന്നാണ് പറയുക. പടനിലം പടനെലമാണ്.കന്നേലെ എന്നാൽ കന്നിമൂല. തലയിണക്ക് തലയാണയെന്നേ പറയൂ. വെറ്റേമ്മാന്‍ എന്നാൽ മുറുക്കാന്‍. പരിപാലം കഴിഞ്ഞോയെന്ന് ചോദിച്ചാല്‍ പാചകം കഴിഞ്ഞോയെന്നാണ് അർത്ഥം. ‘എന്ത്വാ..’ എന്നു ചോദിച്ചാൽ എന്താണെന്നാണ്. ആ കൊച്ചിന് കറി പിടിച്ചിരിക്കുകയാണെന്ന് പറഞ്ഞാല്‍ പിത്തം പിടിച്ചെന്നാണ് അര്‍ഥം. ഇട്ടമാണെന്ന് പറഞ്ഞാല്‍ ഇഷ്‌ടമാണെന്ന്. അടുപ്പില്‍ തീകത്തിക്കാനുള്ള വകയ്ക്കാണ് പൊത്താനെന്ന് പറയുന്നത്. പഞ്ഞമാസമെന്ന് പറഞ്ഞാല്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ള മാസം. ‘പഞ്ഞം’ ലജ്ജാകരം എന്ന അര്‍ഥത്തിലും ഓണാട്ടുകരയിൽ ഉപയോഗിക്കാറുണ്ട്. ‘പൈതലന്‍മാര്‍’ എന്നാൽ ചെറുപ്പക്കാര്‍. കരിപ്പുകട്ടി ഓണാട്ടുകരക്കാർക്ക് കരിപ്പോട്ടിയാണ്. തോര്‍ത്തിന് ‘നനപ്പൂണ്ട്’ എന്നു പറയും. കാശാമ്പത്തല് കാശാവിന്റെ കമ്പാണ്. ‘മൂത്തത്’ മുതിർന്നത്, എളമീന്ന് തറവാട്ടിലെ രണ്ടാമന്‍. പറമ്പിനെ അയ്യമെന്നാണ് വിളിക്കുക. പറമ്പിന്റെ അതിരായി മണ്ണു കൊണ്ട് വൃത്തിയായി കെട്ടിയുയർത്തുന്ന ഭിത്തിയാണ് കയ്യാല.

അസ്ത്രമെന്നാൽ ചേനയും കാച്ചിലും ചേമ്പുമൊക്കെ ചേര്‍ത്ത് കോരിക്കുടിക്കാവുന്ന പരുവത്തിലുണ്ടാകുന്ന കറിയാണ്. കഞ്ഞിയും അസ്ത്രവുമാണ് പഴയ കാലത്തെ പൊതു ഭക്ഷണം. പോലുതേക്ക് എാല്‍ പകലത്തേക്കുള്ള ആഹാരം. വയ്യ എന്നതിന് ‘ഒക്കത്തില്ല’ എന്നാണ് പറയുക. പുല്ലിന് പോച്ചെയെന്നും പറയും. ഇവിടത്തെ അമ്പലങ്ങളോട് ചേർന്നുള്ള ഒരാചാരമാണ് പറയെഴുന്നള്ളത്ത്. വ്യത്യസ്‌ത ശൈലിയിലുള്ള പറയെഴുന്നള്ളിപ്പുകൾ ഓണാട്ടുകര ഭാഗത്ത് നിലവിലുണ്ട്. മെയ്‌വട്ടക്കുടയെന്നാൽ അലങ്കാരക്കുട. ഒരു കാലത്ത് ബുദ്ധ, ജൈനമത സ്വാധിനം നിലനിന്നിരുന്ന പ്രദേശമാണ് ഓണാട്ടുകര. ഇവിടെ നിന്ന് ബുദ്ധ പ്രതിമകള്‍ കണ്ടെടുത്തിട്ടുണ്ട്. പള്ളി, കുളങ്ങര, കാവ്, കുളം തുടങ്ങിയ നാമങ്ങള്‍ മിക്ക പ്രദേശങ്ങളുമായി ചേർന്നു കാണാം.

കുഭം, മീനം മാസങ്ങളില്‍ കൊയ്ത്തുത്സവത്തിന്റെ ഭാഗമായി കുതിര, തേര്, കാളകെട്ട് ഉത്സവങ്ങള്‍ മിക്ക അമ്പലങ്ങളോടും ചേർന്നു നടത്താറുണ്ട്. പക്ഷികളുടെ ഗ്രാമമെന്ന നിലയില്‍ അറിയപ്പെടുന്ന നൂറനാട് നന്ദികേശ പൈതൃക ഗ്രാമം കൂടിയാണ്. ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ കെട്ടുത്സവം യുനസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. എട്ടു പട നിലങ്ങളാണ് പ്രധാനമായും ഓണാട്ടുകരയിലുള്ളത്. ഇതില്‍ ഓച്ചിറ പട നിലമാണ് ഏറെ പ്രസിദ്ധം. ജാതി, മത വ്യത്യാസമില്ലാതെ എല്ലാവരുടെയും കൂട്ടായ ഉത്സവമാണിത്.