തൃശ്ശൂരാരുടെ ബാഷകള്‍
ഡോ. രമ്യ പി.പി
തൃശ്ശൂരാര്‍ക്ക് അവരുടെ ഭാഷ ‘തൃശൂര്‍ ബാഷയാണ്.’ സ്‌കൂളില്‍ പഠിക്കുന്നതും ഔപചാരിക സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്നതും മാധ്യമങ്ങള്‍ സ്വീകരിച്ചിട്ടുള്ളതുമായ മാനക ഭാഷാ രീതി തൃശ്ശൂരിന്റെ എല്ല ഇതരമായ തരഭേദങ്ങളില്‍ ഒന്നും തന്ന സ്വീകാര്യമല്ല. തെക്കര്‍ക്ക് തെക്കന്‍ ശൈലിയും വടക്കര്‍ക്ക് വടക്കന്‍ ശൈലിയും മധ്യകേരളീയര്‍ക്ക് അവരുടേതായ ശൈലിയും ഉണ്ട്. ഒരു ഭാഷ തന്നെ വ്യത്യസ്‌ത രീതിയില്‍ സംസാരിച്ചു പോരുന്നു. വ്യാകരണ സംബന്ധമായ വ്യത്യാസങ്ങള്‍ ഒന്നുമില്ലെങ്കിലും ഉച്ചാരണ ശൈലിയിലും പദങ്ങളിലുമെല്ലാം പ്രകടമായ പ്രാദേശിക ഭേദം ഇത്തരം ഭാഷകള്‍ പ്രദർശിപ്പിക്കുന്നുണ്ട്. മധ്യകേരള ഭാഷയ്ക്ക് തൃശ്ശൂര്‍, എറണാകുളം എന്നീ ജില്ലകളിലായി രണ്ട് തര ഭേദങ്ങളാണ് പ്രധാനമായുള്ളത്. ഈ ഭാഷാ ശൈലികള്‍ക്ക് നിരവധി പ്രാദേശിക ഉപഭേദങ്ങളുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. പ്രാദേശികത, ജാതി, മത സമൂഹങ്ങള്‍, തീരദേശ സംസ്‌കാരം, ലിംഗ ഭേദങ്ങളിലെ വൈവിധ്യം തുടങ്ങി നിരവധി ഘടകങ്ങളാണ് ഇതിന് കാരണമാകുന്നത്. തൃശ്ശൂരിന്റെ ഉപഭാഷകള്‍ തേക്കിന്‍കാട് മൈതാനത്തിനകത്തും സ്വരാജ് റൗണ്ടിലും ചെട്ടിയങ്ങാടിയിലും മാത്രം ഒതുങ്ങുന്നില്ല.
സാമൂഹികഭാഷാഭേദവും തൃശ്ശൂരാരുടെ പറച്ചിലും
തൃശ്ശൂര്‍ ജില്ലയുടെ എല്ലാ പ്രദേശങ്ങളിലുമുള്ള ജനത ഒരേ ശൈലിയില്‍ ഭാഷ പ്രയോഗിക്കുന്നവരല്ല. പ്രദേശത്തിന്റെ സാംസ്‌കാരിക പശ്ചാത്തലം ഭാഷാ പ്രയോഗ തരഭേദങ്ങളെ നിർണയിക്കുന്നു. ശുദ്ധമായ ഭാഷാ ഭേദങ്ങളെ തിരിച്ചറിയുന്നതിനായി ഭാഷാഭേദ വിജ്ഞാനീയമാണ് പഠന മാര്‍ഗമായി സ്വീകരിക്കുന്നത്. പ്രാദേശിക ഭേദങ്ങളുടെ കൃത്യമായ പ്രകടനങ്ങള്‍ ഇത്തരം പഠന ശാഖയിലൂടെ തിരിച്ചറിയാം.
തൃശ്ശൂരിന്റെ നഗരപ്രാന്തത്തില്‍ നിന്ന് വ്യത്യസ്‌തമായ ശൈലികള്‍ ഇതര പ്രാന്ത പ്രദേശങ്ങളില്‍ കാണാം. തൃശ്ശൂരിന്റെ കേന്ദ്രമേഖലയില്‍ നിന്ന് വിട്ടുമാറി മധ്യമേഖലകളെ കേന്ദ്രീകരിച്ച് നിൽക്കുന്ന പ്രദേശങ്ങള്‍ക്ക് പല ഭാഷാഭേദങ്ങളാണുള്ളത്. അതുപോലെ കേന്ദ്ര മേഖലയിൽ നിന്ന് ഏറെ അകന്നു നിൽക്കുന്ന ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് കടക്കുമ്പോള്‍ കലര്‍പ്പുകള്‍ കൂടുന്ന ഭാഷാഭേദത്തിന്റെ പ്രകടനങ്ങള്‍ കാണാം. അതായത് ജില്ലയുടെ നഗര പ്രാന്തങ്ങള്‍ ഉൾക്കൊള്ളുന്ന കേന്ദ്ര മേഖലയിൽ നിന്ന് കുറച്ചു കിലോമീറ്റര്‍ മാറിയുള്ള ഇരിങ്ങാലക്കുടയുടെ പ്രാദേശികതയില്‍ പറച്ചിലുകളിലെ ശൈലിപരമായ വ്യത്യാസങ്ങള്‍ കാണാം. ഇരിങ്ങാലക്കുടയ്ക്ക് അപ്പുറമുള്ള പ്രദേശങ്ങള്‍ തൃശ്ശൂര്‍ ജില്ലയുടെ അതിര്‍ത്തി മേഖലകളാണ്. കൊടുങ്ങല്ലൂര്‍, ചാലക്കുടി തുടങ്ങിയ പ്രദേശങ്ങള്‍ക്ക് എറണാകുളം ജില്ലാതിര്‍ത്തി മേഖലകളുമായി സാമ്യപ്പെടുന്ന ഭാഷാപ്രയോഗ രീതിയുണ്ട്. ഇതേ വൈവിധ്യം തൃശ്ശൂരിന്റെ വടക്കന്‍ മേഖലകളിലും കിഴക്കന്‍ മേഖലകളിലും പടിഞ്ഞാറന്‍ മേഖലകളിലും പ്രകടമാണ്. കേന്ദ്രമേഖലയില്‍ നിന്ന് വടക്കാഞ്ചേരിയുടെ പ്രാന്ത പ്രദേശങ്ങള്‍ കഴിഞ്ഞ് ചെറുതുരുത്തിയിലേക്ക് എത്തുമ്പോഴേക്കും വള്ളുവനാടന്‍ കലര്‍പ്പുകള്‍ പ്രകടമായി കാണുന്നുണ്ട്. എന്നാൽ കിഴക്കന്‍ മേഖലകളിലേക്ക് പോകുമ്പോള്‍ തനി പാലക്കാടന്‍ ശൈലിയുടെ ചില തെളിച്ചങ്ങള്‍ പ്രകടമാകും. അതുപോലെ കുന്നംകുളത്തിന്റെ ഭാഷാശൈലിയില്‍ നിന്ന് വ്യത്യസ്‌തമായ ഒരു ശൈലി മലപ്പുറം ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ കാണാന്‍ സാധിക്കും. പടിഞ്ഞാറന്‍ തീരദേശ മേഖലകളില്‍ ഓരോ തീരത്തിനും തനത് ശൈലികളുണ്ട്. ഗുരുവായൂര്‍, ചാവക്കാട്, വാടാനപ്പിള്ളി, നാട്ടിക, കൈപ്പമംഗലം, പെരിഞ്ഞനം, അഴീക്കോട് എന്നിങ്ങനെ വടക്കു നിന്ന് തെക്കോട്ട് നീണ്ടു കിടക്കുന്ന തീര ദേശങ്ങളില്‍ ഭാഷാ ശൈലിയുടെ പ്രകടമായ തരഭേദങ്ങള്‍ വ്യക്തമാണ്. തൂവാനത്തുമ്പികള്‍ മുതല്‍ പ്രാഞ്ചിയേട്ടൻ അടങ്ങുന്ന സിനിമയുടെ ഭാഷാശൈലിയെ മാത്രമായി രൂപപ്പെടുത്തിക്കൊണ്ട് ഇതാണ് തൃശ്ശൂര്‍ ജില്ലയുടെ ഒട്ടാകെയുള്ള ഭാഷാശൈലിയെന്ന് പറയാന്‍ കഴിയില്ല.
എന്തുകൊണ്ടായിരിക്കും ഒരു ജില്ലയുടെ അതിര്‍ത്തിക്കുള്ളില്‍ നിലകൊള്ളുന്ന പ്രദേശങ്ങളിലെല്ലാം തന്നെ ഭാഷാ ശൈലിയില്‍ വൈവിധ്യമുണ്ടാകുന്നത്? ഭാഷാ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുമ്പോള്‍ ഓരോ പ്രദേശത്തിന്റെയുമുള്ളില്‍ അധിവസിക്കുന്ന വ്യക്തികളുടെ ഭാഷാശൈലിയില്‍ ആയിരിക്കും ആദ്യ ഭാഷാ പരിണാമങ്ങള്‍ പ്രകടമാകുന്നത്. ആ വ്യക്തി നിലകൊള്ളുന്ന കേന്ദ്ര മേഖലയിലേക്കും ഇതര മേഖലകളിലേക്കും ക്രമേണ വ്യാപിക്കും. തൃശ്ശൂര്‍ ജില്ലയുടെ കേന്ദ്രമേഖല (focla area) നഗരപ്രാന്ത പ്രദേശങ്ങളാണ്. അതിനുള്ളില്‍ തന്നെ നിലവില്‍ നിരവധി പ്രാദേശികതകള്‍ ഉണ്ട്. ഭാഷകള്‍ തമ്മിലുള്ള അകലം പോലെ അത്ര ദൂരമില്ല ഭാഷാഭേദങ്ങള്‍ക്ക്. കേന്ദ്രമേഖലയില്‍ വ്യവഹരിച്ചു പോരുന്ന വ്യക്തി ഭാഷകളുടെ പ്രതിഫലനങ്ങളാണ് അടുത്ത പ്രദേശങ്ങളിലേക്ക് തരംഗ രൂപേണ വ്യാപിക്കുന്നത്. ഇതിന്റെ വ്യാപ്‌തി കൂടുന്നതനുസരിച്ച് അതിര്‍ത്തി മേഖലകളുടെ കൂടി സ്വാധീനം ഭാഷാഭേദത്തിനകത്തുണ്ടാകുന്നു.
സാമൂഹിക ഭാഷാഭേദ ചിന്തയ്‌ക്കകത്തു നിന്ന് വിശകലനം ചെയ്യുമ്പോള്‍ ഭാഷാശൈലിയുടെ വ്യാപനത്തിനും അതിന്റെ വ്യാപ്‌തിയ്‌ക്കും തരഭേദങ്ങള്‍ക്കും കാരണമാകുന്നക് സാംസ്‌കാരികയിടങ്ങള്‍ കൂടിയാണ്. തൃശ്ശൂര്‍ ജില്ലയിലെ ഓരോ പ്രാദേശിക ഇടങ്ങളിലും വൈവിധ്യമാർന്ന സാംസ്‌കാരിക പശ്ചാത്തലങ്ങള്‍ പ്രകടമാണ്. ജാതി-മതങ്ങള്‍, ആചാരാനുഷ്‌ഠാനങ്ങൾ, തനത്കലകള്‍, വാമൊഴി വഴക്കങ്ങള്‍, തൊഴില്‍ സംസ്‌കാരം, വ്യക്തികളുടെ പ്രായം, ലിംഗ വിഭജനം തുടങ്ങിയ സാംസ്‌കാരിക ഘടകങ്ങള്‍ക്ക് ഭേദങ്ങളുണ്ട്.
രസകരമായ നിര്‍മ്മിത പ്രയോഗങ്ങള്‍
തൃശ്ശൂരിന്റെ സാംസ്‌കാരിക ഭൂമികയില്‍ സാമൂഹികമായി രൂപപ്പെട്ടു വന്ന ഇത്തരം ഭേദങ്ങള്‍ പ്രകടമായി കാണുന്നത് നാട്ടുമൊഴി വഴക്കങ്ങളിലൂടെയാണ്. തൃശ്ശൂരിന്റെ പ്രാദേശിക തലത്തില്‍ അധിവസിക്കുന്ന ഒരു വ്യക്തി കേരളത്തിന്റെ മറ്റൊരിടത്ത് ചെന്നാൽ അയാളുടെ നാട്ടു സത്വം ഇതര ദേശക്കാര്‍ക്ക് മനസ്സിലാക്കാനാകും. സിനിമയും സാഹിത്യവുമെല്ലാം ഉൾക്കൊള്ളുന്ന ഇതര വ്യവഹാരങ്ങളുടെ സ്വാധീനത്താലാണ് ഈ നാട്ടുവഴക്കം എളുപ്പം സംവേദനക്ഷമമാകുന്നത്. എന്താണ്, എന്താണ് കാര്യം, എന്തു തന്നെയായാലും തുടങ്ങിയ കാര്യങ്ങള്‍ക്ക് എന്തുട്ട്, എന്തുട്ടാണ്, എന്തോച്ചാളാ, എന്തുണ്ട് റോള് ഇങ്ങനെയൊക്കെയാണ് തൃശ്ശൂരിന്റെ തര ഭേദങ്ങള്‍. അതുപോലെ തൃശ്ശൂരിന്റെ കേന്ദ്ര മേഖലകളില്‍ സജീവമായി പ്രയോഗിക്കുന്ന ചില നാട്ടുവഴക്കങ്ങളുണ്ട്. ഗഡി, സ്‌കൂട്ടാവുക, ഇഷ്‌ടൻ, പടാവുക.. അങ്ങനെ പോകുന്നു രസകരമായിട്ടുള്ള ചില നിര്‍മ്മിത പ്രയോഗങ്ങള്‍.
ഇത്തരം പ്രയോഗങ്ങള്‍ ജില്ലയിലെ അതിര്‍ത്തികള്‍ പങ്കിടുന്ന എല്ലാ പ്രാന്തപ്രദേശങ്ങളിലേക്കും വ്യാപിക്കണമെന്നില്ല. തൃശ്ശൂരിന്റെ കിഴക്കന്‍ മേഖലകളിലെ കുടിയേറ്റ സമൂഹത്തിന്റെ ഭാഷയില്‍ അത് വ്യക്തമാണ്. കോട്ടയം, പത്തനംതിട്ട മേഖലകളിൽ നിന്ന് കുടിയേറിയിട്ടുള്ള ക്രിസ്ത്യാനികള്‍ക്കിടയില്‍ കോട്ടയം തെക്കന്‍ ശൈലിയും തൃശ്ശൂരിന്റെ പ്രാദേശികതയും കൂടിച്ചേർന്ന ഒരു കലര്‍പ്പ് കാണാം. ദീര്‍ഘ കാലത്തെ സഹവാസത്തിലൂടെയാണ് ഈ പരിണാമം ഭാഷാ ശൈലിയില്‍ ഉണ്ടാകുന്നത്. അധിവസിക്കുന്ന പ്രാന്തപ്രദേശങ്ങളിൽ നിന്ന് വ്യക്തി ഇതര ദേശങ്ങളിലേക്ക് പോകുന്തോറും കേന്ദ്രമേഖലയില്‍ നിന്ന് അകന്നു പോകുന്ന ഭാഷാശൈലി സ്വീകരിക്കുന്നത് കാണാം. ഒരു ഭാഷണ സമൂഹം പ്രാദേശിക ഭേദങ്ങളിലൂടെ രൂപപ്പെടുമ്പോഴും അതിനുള്ളില്‍ കലര്‍പ്പുകള്‍ സൃഷ്‌ടിക്കാൻ സാധ്യമാണ് എന്ന ആശയത്തെയാണ് ഇത് ഉൾക്കൊള്ളുന്നത്. സാമൂഹികമായ കലര്‍പ്പുകളിലൂടെ അത് നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്നു എന്നതാണ് പൊതുവായ സവിശേഷത.