മണ്ണിലെഴുതുന്നു ജീവിതം

മല നിരകളും കാടും അതിരിടുന്ന കാട്ടു പാതകള്‍ കടന്നുള്ള യാത്ര വയനാട്ടിലെ ചുരുളിയെന്ന ഗോത്ര ഗ്രാമത്തിലേക്കാണ്. വലിയ കയറ്റങ്ങളും കുത്തനെയുള്ള ഇറക്കങ്ങളുമായി ജനവാസ കേന്ദ്രങ്ങളില്‍ നിന്നും ഏറെ അകലെയാണ് ഈ വനഗ്രാമം. ഇലപൊഴിക്കാത്ത വലിയ മരങ്ങളും ശിഖരങ്ങള്‍ നീട്ടി വളര്‍ന്ന കാടുകളെയും താണ്ടിയെത്തുന്നവരെ ഈ ഗ്രാമംകാര്‍ഷിക സമൃദ്ധിയുടെ നിറകാഴ്ചകളുമായി സ്വീകരിക്കും. മഴയും മഞ്ഞും മാറിമാറി ചിത്രം വരയ്ക്കുമ്പോള്‍ ചുരുളിയും മണ്ണില്‍ പുതിയ കൃഷിഗാഥകളുയര്‍ത്തും. കൃഷിമാത്രം ഉപജീവനമാക്കിയ കുറിച്യ കുടുംബങ്ങള്‍ അധിവസിക്കുന്ന ഗ്രാമമാണിത്.

തൊണ്ടര്‍ നാട്ടിലെ വയനാടന്‍ അതിര്‍ത്തി ഗ്രാമമായ കുഞ്ഞോത്ത് നിന്നും കുറച്ചു കൂടി മൂന്നോട്ട് പോയി കാട് കടന്നു വേണം ഈ ഗ്രാമത്തിലെത്താന്‍. സമൃദ്ധമായ കാപ്പിത്തോട്ടങ്ങള്‍ക്കും കുരുമുളക് തോട്ടങ്ങള്‍ക്കും ഇടയില്‍ ചെറിയ ഓടുമേഞ്ഞ വീടുകളും അതിന് നടുവിലായി വയലുമായി ചുരുളി സ്വാഗതം ചെയ്യും. ഗ്രാമം കാടിനുള്ളിലാണെങ്കിലും ഇവിടേക്കുള്ള ഗോത്ര കുടുംബങ്ങളുടെ കുടിയേറ്റത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വയനാടിന്റെ പരമ്പരാഗത നെല്‍ കൃഷിയുടെ താളം ഇവരുടെ ജീവിതത്തിനും കാലങ്ങളായി ദിശാബോധം നല്‍കി. മണ്ണില്‍ ജൈവകൃഷിയുടെ വേരുകളാഴ്ത്തി അക്കാലം മുതല്‍ തുടങ്ങിയതാണ് ചുരുളിയുടെ കാര്‍ഷിക ജീവിതം

മൂന്ന് തറവാടുകള്‍ മൂന്നൂറ് അംഗങ്ങള്‍

63 കുടുംബങ്ങളിലായി മൂന്നൂറോളം പേരാണ് ചുരുളിയിലുള്ളത്. എഴുപത് പിന്നിട്ട വെള്ളനാണ് ചുരുളിയിലെ തലമുതിര്‍ന്ന കാരണവര്‍. ആഞ്ഞിലി, പള്ളിയാറക്കല്‍, ചിറക്കംപാടി എന്നിങ്ങനെ മൂന്ന് കുറിച്യ തറവാടുകളാണ് ഇവിടെയുള്ളത്. നഞ്ച, പുഞ്ച എന്നിങ്ങനെ രണ്ട് നെല്‍കൃഷിക്കാലം ചുരുളിയിലുണ്ടായിരുന്നു. വയനാടിന്റെ പഴയ നെല്ലിനങ്ങളായ വെളിയനും ചോമാലയും ഗന്ധകശാലയുമെല്ലാം വ്യാപകമായി കൃഷി ചെയ്ത ഒരുകാലം ഇവിടെയുണ്ടായിരുന്നു. ഇപ്പോള്‍ വെളിയനും ചോമാലയും ഗന്ധകശാലയും പേരിനുണ്ട്.

കൃഷിഭവന്‍ മുഖേന ലഭ്യമാകുന്ന പുതിയ സങ്കരയിനം നെല്‍വിത്തുകളും ഇവിടെ സ്ഥാനം പിടിച്ചു. കൃഷി ചുരുളിയുടെയും നിയോഗമാണ്. കാലാവസ്ഥ വ്യതിയാനമൊന്നും കാര്യമായി ചുരുളിയെ ഇപ്പോഴും ബാധിച്ചിട്ടില്ല. കൃഷി ചെയ്യാനുള്ള മനസ്സും ഇവര്‍ക്ക് ഇന്നും ആവോളമുണ്ട്. ഓരോ കാലത്തും നെല്ല് മാറി മാറി കൃഷി ചെയ്ത് ആവശ്യത്തിനുള്ള നെല്ല് ഇവര്‍ തന്നെ വര്‍ഷാവര്‍ഷം കൊയ്തെടുത്തു. കാലംമാറി പതിയെ പുഞ്ചകൃഷി പോയി. പകരം വേനല്‍ക്കാലത്ത് പച്ചക്കറി കൃഷിയും കുറെ സ്ഥലങ്ങള്‍ വാഴയ്ക്കായും വഴിമാറി. ഇതിനിടയിലാണ് പാവല്‍ കൃഷിയും ഇവിടെ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയത്. ഇന്ന് ഏക്കര്‍ക്കണക്കിന് പാടത്ത് നിന്നും പാവല്‍ കൃഷിയില്‍ വരുമാനം നേടുകയാണ് ചുരുളിയിലെ ഗ്രാമീണര്‍.

മറ്റു കൃഷികളെ അപേക്ഷിച്ച് പാവല്‍ കൃഷിയില്‍ കുരങ്ങുകളുടെ ശല്യം കുറവാണെന്നും ഇവിടുത്തെ ആദിവാസി കര്‍ഷകര്‍ പറയുന്നു. രണ്ട് ക്ലസ്റ്ററുകളിലായി പത്ത് ഹെക്ടര്‍ സ്ഥലത്താണ് ഇന്ന് പാവല്‍ കൃഷി. താഴെ നാടുകളില്‍ നിന്നെല്ലാം പാവക്ക തേടി കച്ചവടക്കാര്‍ ചുരുളിയിലെത്തും. ഒന്നാം തരം ഫ്രഷ് പാവക്ക അങ്ങിനെ ഇവിടെ നിന്നും തൃശ്ശൂര്‍ വിപണികളില്‍ വരെയും എത്താന്‍ തുടങ്ങി. പാവല്‍ ഗ്രാമമെന്ന വിലാസവും ഇതോടെ ഈ ഗ്രാമത്തിന് സ്വന്തമായി മാറുകയായിരുന്നു.

വന്യജീവികളോടുളള പ്രതിരോധം

നേരത്തെ ഉറങ്ങുകയും അതിരാവിലെ ഉണരുകയും ചെയ്യുന്ന ഗ്രാമമാണിത്. കാടിറമ്പങ്ങളില്‍ എപ്പോഴും കാട്ടുപോത്തുകളെയും കാട്ടുപന്നികളെയെല്ലാം പ്രതീക്ഷിക്കണം. മഴക്കാലമായാല്‍ കാട്ടാനയുമെത്തും. ഇവകള്‍ക്കിടയിലും ഇവര്‍ കൃഷി ഉപേക്ഷിക്കുന്നില്ല. വന്യജീവി പ്രതിരോധത്തിനായി പലയിടങ്ങളിലും വൈദ്യുത കമ്പിവേലികളുണ്ട്. നേരമിരുട്ടിയാല്‍ ഈ ഗ്രാമത്തിന് അകത്തോട്ടും പുറത്തോട്ടും വാതിലുകളടയും.

വന്യജീവികള്‍ വഴിവക്കില്‍ നിലയുറപ്പിച്ചിട്ടുണ്ടാകാം. നേരം പുലര്‍ന്നതിന് ശേഷമാണ് പിന്നെ സഞ്ചാരം സാധ്യമാവുക. കുട്ടികള്‍ അധികവും പുറത്തുള്ള ഹോസ്റ്റലുകളില്‍ താമസിച്ചാണ് പഠിക്കുന്നത്. മുമ്പ് ചുരുളി വനം സംരക്ഷണ സമിതിക്കായി അനുവദിച്ച ജീപ്പായിരുന്നു ഇവരുടെ സഞ്ചാരമാര്‍ഗം തുറന്നത്. ഇപ്പോള്‍ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളുമെല്ലാം ചുരുളിക്ക് സ്വന്തമായുണ്ട്. കൃഷി ചെയ്താലും വന്യജീവികള്‍ അവരുടെ പങ്കെടുക്കും. ഇവര്‍ക്ക് കൂടിയുള്ളതാണ് നെല്ലും വിളകളുമെല്ലാം. അതിനോടൊന്നും പരിഭവമില്ല.

ലക്ഷ്യം ജൈവ കൃഷി

പ്രത്യേക കാലാവസ്ഥയില്‍ വളരുന്ന ചുരുളിയിലെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വിപണനം ചെയ്യുക, ചുരളിയെ സമ്പൂര്‍ണ്ണ ജൈവ കാര്‍ഷിക ഗ്രാമമാക്കി മാറ്റുക തുടങ്ങിയവയാണ് ഈ ഗ്രാമം ലക്ഷ്യം വയ്ക്കുന്നത്.