മുതുവാന്‍ ആവാസ വ്യവസ്ഥയുടെ ഹൃദയം

ഇടമലക്കുടിയിലേക്കെത്താന്‍ പതിമൂന്നു മണിക്കൂര്‍ വരെ കാല്‍ നടയായി കാട്ടു മൃഗങ്ങള്‍ വിഹരിക്കുന്ന കാട്ടിലൂടെ യാത്ര ചെയ്യേണ്ടി വന്ന കാലം പഴങ്കഥയായി മാറി. തമിഴ്‌നാട്ടിലെ വാല്‍പ്പാറ വഴി മലയിറങ്ങി ഇടമലക്കുടിയിലെ ഒരു ഭാഗത്തെ മുളകുതറക്കുടിയിലെത്തിയിരുന്ന കാലവും ഓര്‍മ്മയായി മാറി. അട്ടകള്‍ കാലില്‍ കയറി ചോരയൂറ്റി കുടിക്കാതിരിക്കാന്‍ യാത്ര ആരംഭിക്കും മുമ്പ് പുകയിലപ്പൊടിയും ഉപ്പുപൊടിയും കാലില്‍ പുരട്ടി നടക്കാന്‍ ആരംഭിച്ചിരുന്ന കാലവും കഴിഞ്ഞു. ഇപ്പോള്‍ മൂന്നാറില്‍ നിന്ന് ജീപ്പില്‍ കയറിയാല്‍ മൂന്നു മണിക്കൂറിനുള്ളില്‍ ഇഡലിപ്പാറക്കുടിയിലെത്താം. രോഗം വന്നാല്‍ ചികിത്സാ സൗകര്യമില്ലാതിരുന്ന, വികസന സ്‌പർശം എത്താതിരുന്ന വിദൂര സ്ഥലിയായിരുന്നു ഈ ഗോത്രഗ്രാമം.

കാലം മാറിയപ്പോള്‍ പഴയ ഇടമലക്കുടിയുടെ മുഖമല്ല ഇപ്പോഴുള്ളത്. ഈ ഗോത്ര ഗ്രാമത്തില്‍ അടിസ്ഥാന വികസനത്തിന്റെ വെള്ളി വെളിച്ചം പരക്കുകയാണ്. വനം ജീവന്റെ ആധാരമായി കരുതുന്ന ഗോത്ര സമൂഹത്തിന്റെ പാരമ്പര്യവും സംസ്‌കാരവും നില നിര്‍ത്തി അവരുടെ ജീവിത പുരോഗതി സാധ്യമാക്കുകയാണ് ലക്ഷ്യം.

സംസ്ഥാനത്തെ പ്രഥമ ഗോത്രവര്‍ഗ പഞ്ചായത്തും വിദൂര ആദിവാസി ഗ്രാമവുമാണ് ഇടുക്കിയിലെ ഇടമലക്കുടി. മുതുവാന്‍ ആവാസ വ്യവസ്ഥയുടെ ഹൃദയം എന്നറിയപ്പെടുന്ന ഇവിടേക്ക് ഗതാഗത യോഗ്യമായ റോഡ് സാക്ഷാല്‍ക്കരിക്കപ്പെടുന്നതോടെ ഗോത്ര ഗ്രാമത്തിലുള്ളവരുടെ യാത്രാ ദുരിതത്തിന് അറുതിയുണ്ടാകും. നിലവില്‍ ജീപ്പുകള്‍ ഇഡലിപ്പാറ വരെ എത്തിയതോടെ പെട്ടിമുടിയിലേക്കും മൂന്നാറിലേക്കും കാടിന്റെ മക്കള്‍ക്ക് എത്തിച്ചേരാന്‍ എളുപ്പമായി. പെട്ടിമുടി മുതല്‍ ഇഡലിപ്പാറ വരെ 7.7 കിലോമീറ്റര്‍ ദൂരവും തുടര്‍ന്ന് സൊസൈറ്റിക്കുടിവരെയുള്ള നാലേമുക്കാല്‍ കിലോമീറ്റര്‍ റോഡും പൂര്‍ത്തിയാകുന്നതോടെ കാടിനുള്ളിലെ ഈ ഗോത്ര ഗ്രാമത്തിലേക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയും.

ആദിവാസികളെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനും മേഖലയില്‍ നില നില്‍ക്കുന്ന വികസന പ്രശ്‌നങ്ങൾ പരിഹരിക്കാനും വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമായി ഇടമലക്കുടി സമഗ്ര വികസന പാക്കേജ് എന്ന പേരില്‍ പ്രത്യേക പാക്കേജാണ് സര്‍ക്കാര്‍ വിഭാവനം ചെയ്‌തിരിക്കുന്നത്. നടപ്പു വര്‍ഷം ആദിവാസികള്‍ക്കായി ഭവനം, കുടികള്‍ കേന്ദ്രീകരിച്ച് വൈദ്യുതീകരണം, എല്ലാ കുടികളിലേക്കും സഞ്ചാര യോഗ്യമായ റോഡുകള്‍, ശുദ്ധജല വിതരണം, ആദിവാസികളുടെ ഉപജീവ നമാര്‍ഗത്തിനായി പ്രത്യേക സംവിധാനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.

മൂന്നാര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡ് മാത്രമായിരുന്ന ഇടമലക്കുടിയെ 2010-ലാണ് സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്താക്കി മാറ്റിയത്.

രോഗം ബാധിച്ചവരെയും അപകടത്തില്‍പ്പെടുന്നവരെയും ചാക്കു കട്ടിലില്‍ കിടത്തിയും, കസേരയിലിരുത്തിയും ചുമന്ന് മണിക്കൂറുകളോളം കാല്‍നട യാത്ര ചെയ്‌ത് പുറം ലോകത്തെത്തിച്ചിരുന്ന കാലം ഇനി ഓര്‍മ്മയായി മാറും. ഇക്കഴിഞ്ഞ നാളിലാണ് ഇടമലക്കുടിയില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നത്. വനാശ്രിതരായ ഗോത്ര സമൂഹങ്ങളില്‍ പ്രബല വിഭാഗമാണ് മുതുവാന്‍ സമുദായം. ഇടമലക്കുടിയില്‍ ഇരുപത്തിനാലു കുടികളിലായി 806 കുടുംബങ്ങളാണുള്ളത്. 2255 പേരാണ് ഈ ഗോത്ര ഗ്രാമത്തിലുള്ളത്. വനപാലകര്‍, പട്ടികവര്‍ഗ വികസന വകുപ്പ്, പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ ഒത്തു ചേര്‍ന്നു പ്രവര്‍ത്തിച്ചതോടെ ഇടമലക്കുടിയുടെ മുഖച്ഛായ മാറുകയാണ്.