ഡിജിറ്റലാവുന്നു മേല്‍ നോട്ടം

വാതില്‍പ്പടി ശേഖരണം ഉള്‍പ്പെടെയുള്ള സേവനങ്ങളുടെ കൃത്യമായ മേല്‍നോട്ടം ഉറപ്പു വരുത്തുന്നതിന് ആപ്പ്
കെ.ടി. ബാലഭാസ്‌കരന്‍
എക്‌സിക്യൂട്ടീവ് ഡയറക്‌ടർ, ശുചിത്വ മിഷന്‍

കേരളത്തെ മാലിന്യ രഹിത സംസ്ഥാനമെന്ന പദവിയിലേക്കുയര്‍ത്തുന്നതിനു തദ്ദേശ സ്വയം ഭരണതലത്തിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണ്ണമായും ഡിജിറ്റലാക്കു ന്നതിലേക്കുള്ള എന്ന ധീരമായ ചുവടുവയ്പ്പാണ്‌ സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഹരിത കര്‍മ്മ സേന മുഖേന ജനങ്ങള്‍ക്ക് നല്‍കി വരുന്ന വാതില്‍പ്പടി ശേഖരണം ഉള്‍പ്പെടെയുള്ള സേവനങ്ങളുടെ കൃത്യമായ മേല്‍നോട്ടം ഉറപ്പാക്കുന്നതിനായി ഹരിത കേരളം മിഷനും ശുചിത്വ മിഷനും ചേർന്ന് ഹരിത മിത്രം സ്‌മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം അഥവാ ഹരിത മിത്രം ആപ്പിന് രൂപം നല്‍കിയിരിക്കുകയാണ്.

ആപ്പിലൂടെ അറിയാമെല്ലാം

വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം, ഹരിത കര്‍മ്മ സേനാംഗങ്ങളുടെ സേവനം ലഭ്യമാകുന്ന വീടുകളുടേയും സ്ഥാപന ങ്ങളുടേയും എണ്ണം, ശേഖരിച്ച പാഴ് വസ്‌തുക്കളുടെ അളവ്, എം.സി.എഫില്‍ തരം തിരിക്കുന്നവയുടെ അളവ്, ഓരോ എം.സി.എഫ്/ആര്‍.ആര്‍.എഫുകളിലും സംഭരിച്ച്‌ സൂക്ഷിക്കുന്നവയുടേയും നീക്കം ചെയ്യുന്നവയുടെയും അളവ്, ലഭിക്കുന്ന യൂസര്‍ ഫീ തുക, ശേഖരിച്ച പാഴ്‌വസ്‌തുക്കൾ ഇനം തിരിച്ച്‌ വില്‍പനയിലൂടെ ലഭിക്കുന്ന തുക തുടങ്ങിയ വിശദാംശങ്ങള്‍ ആപ്പിലൂടെ ലഭ്യമാകും. വാർഡ് തലം മുതല്‍ സംസ്ഥാന തലം വരെ ഈ പ്രവര്‍ത്തനങ്ങളെല്ലാം ഹരിത മിത്രം ആപ്പ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന് കീഴില്‍ ഏകോപിപ്പിക്കുന്നു.

ആപ്പിന്റെ ഭാഗമായി രൂപം കൊടുത്തിട്ടുള്ള വെബ് പോര്‍ട്ടല്‍ മാലിന്യ സംസ്‌കരണ സേവനങ്ങള്‍ ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യും. ആപ്പില്‍ നല്‍കിയിരിക്കുന്ന പ്രത്യേക മൊഡ്യൂള്‍ വഴി പൊതു ജനങ്ങള്‍ക്ക്‌ വിവരങ്ങള്‍ മനസ്സിലാക്കുക, പോരായ്‌മകൾ ചൂണ്ടിക്കാട്ടുക, പരാതികള്‍ രേഖപ്പെടുത്തുക തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാകും. തദ്ദേശ വാര്‍ഡുകളില്‍ നിന്ന് തുടങ്ങി സംസ്ഥാന തലം വരെയുള്ള തത്സമയ വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാണ്. പൊതു ജനങ്ങള്‍ക്ക് പ്രാദേശികമായ മലിനീകരണ പ്രശ്‌നങ്ങൾ ആപ്പ്‌ വഴി അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തെ അറിയിക്കാം.

പദ്ധതി പ്രാരംഭ ഘട്ടത്തില്‍

രണ്ട് ഘട്ടങ്ങളായാണ് തദ്ദേശ സ്വയം ഭരണ തലത്തില്‍ ആപ്പ് നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ നാല്‌ കോര്‍റേഷനുകള്‍, 59 മുനിസിപ്പാലിറ്റികള്‍, 313 ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയുള്‍പ്പെടെ 376 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്. വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ ആര്‍ കോഡ് പതിപ്പിച്ച് പദ്ധതിയുടെ ഭാഗമാക്കുക എന്നതാണ്ആദ്യ നടപടി. ഇതില്‍ പകുതിയോളം സ്ഥലങ്ങളില്‍ ക്യൂ ആര്‍ കോഡ്‌ സ്‌കാന്‍ ചെയ്‌ത് ആപ്പിൽ വിവരങ്ങള്‍ രേഖപ്പെടുത്തിയുള്ള പാഴ് വസ്‌തു ശേഖരണം തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ കേരളം മുഴുവന്‍ പാഴ് വസ്‌തു ശേഖരണ സേവനം ഈ രീതിയിലേക്ക് മാറും. ശുചിത്വ മിഷനും ഹരിത കേരളം മിഷനും പദ്ധതിക്ക് മേല്‍നോട്ടം വഹിക്കും. ഹരിത മിത്രം ആപ്പ്‌ വികസിപ്പിച്ചത്‌ കെല്‍ട്രോണാണ്.

ഖര മാലിന്യ പരിപാലനം എന്ന കീറാമുട്ടിയായ പ്രശ്‌നത്തിന് ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിഹാരത്തിന് ആദ്യമായി തുടക്കമിട്ടത്‌ കേരളമാണെന്ന്‌ നമുക്ക് അഭിമാനത്തോടെ പറയാം.