വര്‍ക്ക് @ ഹരിത കര്‍മ്മ സേന വരുമാനം രണ്ടു ലക്ഷം
പുഞ്ചക്കരിയുടെ വഴിയോരങ്ങളില്‍ ഇന്നാരും മാലിന്യം വലിച്ചെറിയുന്നില്ല. കഠിനാധ്വാനത്തിലൂടെ മികച്ച വരുമാനവും നാടിനു മാലിന്യ മുക്തിയുമേകുന്ന തിരുവനന്തപുരം പുഞ്ചക്കരിയിലെ ഹരിത കര്‍മ്മ സേനയെ അറിയാം
അക്ഷര എ. കെ
ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, തിരുവനന്തപുരം
രാവിലെ എട്ടു മണി, തിരുവല്ലം സ്റ്റുഡിയോ ജംഗ്ഷനില്‍ പച്ച കുപ്പായക്കാര്‍ വട്ടം കൂടി നിന്ന് പേര് പറയുന്നു. വാസന്തി, രാജിമോള്‍, രേണുക, മീന, സിന്ധു.കെ, ശിവകല സരിത, സിന്ധു വി, ആര്യാ എസ്. മണികണ്‌ഠൻ, മഞ്ജു ഹാജര്‍ പത്തില്‍ പത്ത്. കയ്യില്‍ കരുതിയ സഞ്ചിയുമായി രണ്ടു പേര്‍ വീതം ഓരോ വീടുകളിലും ചെല്ലും, ‘ഹലോ പ്ലാസ്റ്റിക്ക് ഉണ്ടെങ്കില്‍ കൊണ്ടു വരണേ. അജൈവ മാലിന്യ ശേഖരണത്തില്‍ വിജയ ചരിത്രം കുറിച്ച തിരുവനന്തപുരം നഗര സഭയിലെ പുഞ്ചക്കരി വാര്‍ഡ് ഹരിത കര്‍മ്മ സേനയുടെ ഒരു ദിനം ആരംഭിക്കുന്നത് ഇങ്ങനെയാണ്.
മാലിന്യ ശേഖരണത്തിലൂടെ നഗര സഭയില്‍ ഏറ്റവും അധികം വരുമാനം നേടുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളായ ഇവര്‍ ഇന്ന് സംസ്ഥാനത്തിന് തന്നെ മാതൃകയാണ്. കഴിഞ്ഞ മാസം പുഞ്ചക്കരി യൂണിറ്റിലെ ഒരു അംഗത്തിന് വേതന ഇനത്തില്‍ ലഭിച്ചത് 23,249 രൂപയാണ്. ശരാശരി രണ്ടു ലക്ഷം രൂപയിലധികം വരുമാനം യൂണിറ്റ് പ്രതിമാസം നേടുന്നു.
2021 ഒക്‌ടോബർ 28-നാണ് പുഞ്ചക്കരി വാര്‍ഡില്‍ ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തില്‍ ആളുകളില്‍ നിന്നും തികഞ്ഞ അവജ്ഞയാണ് നേരിടേണ്ടി വന്നത്. എന്നാല്‍ പ്രവര്‍ത്തന മികവിലൂടെയും കഠിനാധ്വാനത്തിലൂടെയും അകല്‍ച്ച അംഗീകാരമാക്കി മാറ്റാന്‍ സേനാംഗങ്ങൾക്ക് കഴിഞ്ഞു.
പുഞ്ചക്കരി വാര്‍ഡിലെ വിവിധ കുടുംബ ശ്രീ യൂണിറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പത്തു പേരാണ് ഹരിത കര്‍മ്മ സേനയില്‍ അംഗങ്ങളായിട്ടുള്ളത്. ഒരോ വീട്ടില്‍ നിന്നും മാസത്തില്‍ രണ്ട് തവണയായി മാലിന്യം ശേഖരിക്കും. വീടുകളില്‍ 100 രൂപയും സ്ഥാപനങ്ങളില്‍ 200 രൂപയുമാണ് യൂസര്‍ ഫീ ഇനത്തില്‍ ഈടാക്കുന്നത്. കാന്‍സര്‍, ഓട്ടിസം രോഗം ബാധിച്ചവര്‍, ഡയാലിസിസ് രോഗികള്‍, മക്കളോ ബന്ധുക്കളോ ഇല്ലാത്ത വൃദ്ധ ജനങ്ങള്‍ എന്നിവരുടെ വീടുകളില്‍ സേവനം സൗജന്യമാണ്. നഗര സഭയ്ക്ക് കൈമാറുന്ന മാലിന്യത്തിന് പുറമേ ശേഖരിക്കുന്ന മറ്റു പാഴ്‌വസ്‌തുക്കൾ ആക്രിക്കടയില്‍ നല്‍കി അതിന് ലഭിക്കുന്ന തുക ബാങ്ക് അക്കൗണ്ടിേക്ക് തന്നെ നിക്ഷേപിക്കും.
യൂണിറ്റിന്റെ മൊത്തം വരുമാനം ഹാജര്‍ നിലയ്ക്ക് അനുസൃതമായി പങ്കിടും. വിശേഷ മാസങ്ങളില്‍ തങ്ങള്‍ക്കുള്ള ബോണസ്സും ഇവര്‍ കരുതി വയ്ക്കുന്നുണ്ട്. മാസം തോറും ശമ്പളത്തില്‍ നിന്നും ആയിരം രൂപ അക്കൗണ്ടില്‍ ഓരോരുത്തരും നിക്ഷേപിക്കും. ആവശ്യമായ അവസരങ്ങളില്‍ തുക തുല്യമായി വീതിച്ചെടുക്കും. വരുമാനമൊന്നുമില്ലാതെ ജീവിതം പ്രതിസന്ധിയിലായിരുന്ന ഈ സ്‌ത്രീകൾക്ക് ഇന്ന് ആശങ്കകൾ മാറുകയാണ്. ബിരുദാനന്തര ബിരുദം നേടിയവരും പഠനം പാതിയില്‍ മുടങ്ങിയവരും ഉള്‍പ്പെടെ ഇക്കൂട്ടത്തിലുണ്ട്.
ആദ്യ ഘട്ടത്തില്‍ ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കുന്നതിനും അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിയുന്നതിനുമായി പുഞ്ചക്കരി വാര്‍ഡില്‍ ചോദ്യോത്തര സര്‍വേ നടത്തി. പദ്ധതിയുമായി സഹകരിക്കാന്‍ വിമുഖത കാട്ടിയവരെ ജന പ്രതിനിധികളും ഉദ്യോഗസ്ഥരും നേരിട്ട് സന്ദർശിച്ച് സ്ഥിതി ഗതികള്‍ വിശദീകരിച്ചു. സേനാംഗങ്ങള്‍ തന്നെ സ്വന്തം ചെലവില്‍ അറിയിപ്പുകള്‍ അച്ചടിച്ച് ഓരോ വീടുകളിലും സ്ഥാപനങ്ങളിലും വിതരണം ചെയ്‌തു. കൃത്യമായ ഇടവേളകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നത് സജീവമായതോടെ ജനങ്ങളുടെ പങ്കാളിത്തവും വര്‍ധിച്ചു. സേനാംഗങ്ങളുടെ സൗഹൃദത്തോടെയുള്ള പെരുമാറ്റവും പദ്ധതി വിജയത്തിന് ഏറെ സഹായകമായി. മാലിന്യ ശേഖരണത്തിനു പുറമെ ആരോഗ്യ വകുപ്പിന്റെ വിവിധ പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഇവര്‍ പങ്കാളികളാണ്.