കേരളത്തിന്റെ സല്‍ക്കര്‍മ്മ സൈന്യം

ജാഫര്‍മാലിക്‌ ഐ.എ.എസ്
എക്‌സിക്യുട്ടീവ് ഡയറക്‌ടർ, കുടുംബശ്രീ

മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള നമ്മുടെ യാത്രയില്‍ മുന്‍നിര സംഘടനയാണ് ഹരിത കര്‍മ്മ സേന. പാഴ്‌വസ്‌തുക്കൾ ശേഖരിക്കുക, അതത്‌ കേന്ദ്രങ്ങളില്‍ എത്തിക്കുക, തരം തിരിക്കുക, സംസ്‌കരിക്കുക, പുനഃ ചംക്രമണം നടത്തുക തുടങ്ങി എല്ലാ പ്രവൃത്തികളും സ്ത്രീകളുടെ കൂട്ടായ്‌മയായ ഹരിത കര്‍മ്മ സേന ഏറ്റെടുത്ത് നടത്തുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളും ശുചിത്വ മിഷനുമായി സഹകരിച്ചാണ് ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍. അജൈവ പാഴ്‌വസ്‌തുക്കളുടെ ശേഖരണത്തിലും സംസ്‌കരണത്തിലുമാണ് ഹരിത കര്‍മ്മ സേന കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

വാതില്‍പ്പടി ശേഖരണം മുതല്‍ ഹരിത സംരംഭങ്ങള്‍ വരെ

മാലിന്യ സംസ്‌കരണത്തെറിച്ചുള്ള കൃത്യമായ ബോധ്യം ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കുക, വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കാന്‍ കഴിയുന്ന കംപോസ്റ്റിങ്ങ്‌ സംവിധാനങ്ങളെക്കുറിച്ച് മാർഗ നിർദ്ദേശം നല്‍കുക, ഉറവിട സംസ്‌കരണത്തിന് ആവശ്യമായ ഉപകരണങ്ങള്‍ വീടുകളിലും സ്ഥാപനങ്ങളിലും ലഭ്യമാക്കുക, കലണ്ടര്‍ പ്രകാരം അജൈവ പാഴ് വസ്‌തുക്കളുടെ വാതില്‍പ്പടി ശേഖരണം ഉറപ്പാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം ഹരിത കര്‍മ്മ സേന ഫലപ്രദമായി ചെയ്‌തു വരുന്നു.

ജൈവ മാലിന്യ സംസ്‌കരണത്തില്‍ വീടുകള്‍ക്ക് ഹരിത കര്‍മ്മ സേന മാര്‍ഗ നിര്‍ദേശം നല്‍കുന്നു. ഉറവിട മാലിന്യ സംസ്‌കരണത്തില്‍ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സേവനം ലഭ്യമാണ്. ഇതിന് ആവശ്യമെങ്കില്‍, ഹരിത സഹായ സ്ഥാപനത്തിന്റെ സഹായം ഉറപ്പാക്കുന്നതും ഹരിത കര്‍മ്മ സേനയുടെ ചുമതലയാണ്. പാഴ് വസ്‌തുക്കളിൽ നിന്ന് പുത്തന്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഹരിത സംരംഭങ്ങൾക്ക് തുടക്കം കുറിച്ച് നവീന വരുമാന സാധ്യതയും തേടുന്നു. ജൈവ കൃഷി, പരിസ്ഥിതി സൗഹൃദ വസ്‌തുക്കളുടെ നിര്‍മ്മാണം, പരിസ്ഥിതി സൗഹൃദ ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കുക തുടങ്ങിയ പ്രവൃത്തികളും ഏറ്റെടുക്കുന്നുണ്ട്.

സുസ്ഥിര മാലിന്യ സംസ്‌കരണം ലക്ഷ്യമിട്ട് ഹരിത കര്‍മ്മ സേന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ശുചിത്വ മിഷന്‍, ഹരിത കേരളം മിഷന്‍, കുടുംബ ശ്രീ എന്നിവയുടെ മേൽനോട്ടത്തിലാണ് മുന്നോട്ട് പോകുന്നത്. ഒരു വാര്‍ഡില്‍ കുറഞ്ഞത് രണ്ട് ഹരിത കര്‍മ്മ സേനാംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. ഓരോ അംഗവും 250 ഓളം വീടുകളില്‍ നിന്ന്‌ വാതില്‍പ്പടി അജൈവ പാഴ് വസ്‌തു ശേഖരണം നടത്തുന്നു.

വീടുകളില്‍ വൃത്തിയായി സൂക്ഷിച്ചിട്ടുള്ള അജൈവ പാഴ്‌ വസ്‌തുക്കളാണ് കൃത്യമായ ഇടവേളകളില്‍ ശേഖരിക്കുന്നത്. ഈ സേവനത്തിന് യൂസര്‍ ഫീ ഈടാക്കുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ്‌ യൂസര്‍ ഫീ നിശ്ചയിക്കുന്നത്. ഉറവിടത്തില്‍ നിന്ന്‌ ശേഖരിക്കുന്ന പാഴ് വസ്‌തുക്കൾ മിനി മെറ്റീരിയല്‍ കളക്ഷന്‍ കേന്ദ്രത്തില്‍ എത്തിക്കുന്നു. അവിടെ നിന്ന്‌ മെറ്റീരിയല്‍ കളക്ഷന്‍ കേന്ദ്രത്തിലേക്ക്‌ കൊണ്ടു പോകുന്നു. ഇവിടെ വച്ചാണ് മാലിന്യം തരം തിരിക്കുന്നത്.

എല്‍.ഇ.ഡി ബള്‍ബ്, ട്യൂബ്, പി.വി.സി. സ്റ്റീല്‍, ചില്ലു കുപ്പികള്‍, കുപ്പിയുടെ അടപ്പുകള്‍, സ്പ്രേ കുപ്പികള്‍ തുടങ്ങി പാഴ് വസ്‌തുക്കളെ വിവിധ വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. ഇവയില്‍ പുനരുപയോഗം സാധ്യമാവുന്ന പ്ലാസ്റ്റിക് മാലിന്യം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഇത് ഉപയോഗിക്കുന്ന കമ്പനികള്‍ക്ക്‌ കൈമാറുന്നു. പുനഃ ചംക്രമണത്തിനുതകുന്ന പ്ലാസ്റ്റിക് മാലിന്യം ഷ്രെഡ്ഡിങ്ങ്‌ യൂണിറ്റുകളില്‍ എത്തിച്ചാണ്‌ ചെറു തരികളാക്കുന്നത്.

പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് മാലിന്യം റിസോഴ്‌സ് റിക്കവറി കേന്ദ്രത്തിലേക്ക് അയയ്‌ക്കുന്നു. ഇത്‌ ചെറു തരികളാക്കി റോഡു നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. ഇതു വഴി ഇത്തരം പ്ലാസ്റ്റിക്കിന്റെ പുനഃ ചംക്രമണം സാധ്യമാകുന്നു. മനുഷ്യ ഇടപെടല്‍ മൂലം സൃഷ്‌ടിക്കപ്പെടുന്ന പാഴ് വസ്‌തുക്കളും മാലിന്യവും വേണ്ട രീതിയില്‍ സംസ്‌കരിച്ച് ഭൂമിയെ പരി രക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. പരിസ്ഥിതിക്ക്‌ വേണ്ടിയുമുള്ള ഈ പോരാട്ടത്തിന്റെ മുന്നണിയില്‍ ഹരിത കര്‍മ്മ സേനയുണ്ട്.

ആകെ ഹരിതകര്‍മ്മ സേനകള്‍ 1018
ഗ്രാമീണ മേഖലയില്‍ പ്രവർത്തിക്കുന്നത്  926
നഗര മേഖലയില്‍ പ്രവർത്തിക്കുന്നത്  92
സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള ഹരിത കര്‍മ്മ സേനാ യൂണിറ്റുകള്‍ 4145
ഗ്രാമീണ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ  2704
നഗര തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ  1441
ആകെ ഹരിത കര്‍മ്മ സേനയിലെ സ്ത്രീകളുടെ എണ്ണം 30,000 ത്തോളം
ഗ്രാമീണ മേഖലയില്‍ 23,546 സ്ത്രീകള്‍
നഗര മേഖലയില്‍ 4678 സ്ത്രീകള്‍