സുവര്‍ണ്ണ താരകം

എ. എന്‍. രവീന്ദ്രദാസ്
മുതിർന്ന സ്‌പോര്‍ട്‌സ് ലേഖകന്‍

പി ആര്‍ ശ്രീജേഷ് … സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തില്‍ ഹോക്കിയിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ ആരെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് എറണാകുളം കിഴക്കമ്പലം സ്വദേശിയായ ഈ ചെറുപ്പക്കാരന്‍. ടോക്കിയോയിലെ നീരജ് ചോപ്രയുടെ സ്വര്‍ണ്ണ മെഡല്‍ നിലനിര്‍ത്താനോ ഏഴ് മെഡലുകളിലെത്താനോ കഴിയാത്ത മഹാ രാജ്യമായ ഇന്ത്യയെ തുടര്‍ച്ചയായ രണ്ടാമത്തെ ഒളിമ്പിക്‌സിലും വെങ്കലത്തില്‍ എത്തിച്ച ടീം ഹോക്കിയിലെ മലയാളി സാന്നിധ്യമായ പി ആര്‍ ശ്രീജേഷ് ഈ നാടിന് നൽകുന്നത് ഇരട്ടി സന്തോഷമാണ്.

1972-ലെ മ്യൂണിക് ഗെയിംസിനു ശേഷം ഇന്ത്യന്‍ ഹോക്കിയില്‍ തുടര്‍ച്ചയായി രണ്ട് മെഡലുകള്‍ നേടുന്നത് ഇതാദ്യമാണ്. മുന്‍ നായകന്‍ കൂടിയായ ശ്രീജേഷിനും ഇതോടെ ഇരട്ട ഒളിമ്പിക്‌സ് മെഡലായി. ഗോള്‍കീപ്പര്‍ എന്ന നിലയില്‍ ശ്രീജേഷിന്റെ ശേഷിയും നൈപുണിയും പൂര്‍ണ്ണ പ്രഭ ചൊരിഞ്ഞ് ടീമിന്റെ മെഡലിലേക്കുള്ള പ്രയാണത്തില്‍ തുണയായ സുപ്രധാന ഘടകമാണ്. ഹര്‍മന്‍ പ്രീത് സിങ്ങിന്റെ നേതൃത്വത്തിലുള്ള കളി സംഘത്തിന്റെ ആത്മ വിശ്വാസവും പോരാട്ട വീര്യവും ഓരോ മത്സരത്തിലും ഉയർത്തിക്കൊണ്ടു വന്നത് ഈ കാവല്‍ ഭടന്റെ ഉജ്ജ്വല രക്ഷാ പ്രവര്‍ത്തനമാണ്.

ജര്‍മ്മനിയോട് 2-3 നു തോറ്റതോടെയാണ് ഇന്ത്യ മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പോരാട്ടത്തിന് യോഗ്യത നേടിയത്. അവിടെ അവസാന പദത്തില്‍ ശ്രീജേഷ് കാഴ്‌ചവെച്ച അസാമാന്യ പ്രകടനമാണ് മുന്‍തൂക്കം നില നിര്‍ത്തി ടീമിനെ വിജയത്തിലേക്കും മെഡലിലേക്കും (21) എത്തിച്ചത്. മൂന്നു വർഷം മുമ്പ് ടോക്കിയോയും എട്ടു കളിയില്‍ 40 രക്ഷപ്പെടുത്തലുകളാണ് നടത്തിയത് എങ്കില്‍ പാരീസില്‍ എതിരാളിയുടെ 50 ഗോളവസരമാണ് ഈ കാവല്‍ മാലാഖ തട്ടിത്തെറിപ്പിച്ചത്. പാരീസില്‍ ഇത്തവണ ബ്രിട്ടനെ നേരിട്ടതുൾപ്പെടെ 23 തവണയാണ്.

പെനല്‍റ്റി ഷൂട്ടൗട്ടിൽ ശ്രീജേഷ് ഇന്ത്യന്‍ വല കാത്തത്. അതില്‍ പതിമൂന്നിലും ടീം വിജയത്തിലെത്തി. വെങ്കല പോരാട്ടത്തിന്റെ അവസാന യാമത്തില്‍ രണ്ടു തവണ പെനല്‍റ്റി കോര്‍ണറുകളെ നേരിട്ടപ്പോഴും ശ്രീജേഷിന്റെ ജാഗ്രതയും കര്‍മ്മ ശേഷിയും ഇന്ത്യയെ സുരക്ഷിതമാക്കി.

എറണാകുളം കിഴക്കമ്പലത്തിലെ പണിക്കരയെ ഗ്രാമത്തില്‍ രവീന്ദ്രന്‍-ഉഷ ദമ്പതിമാരുടെ മകനായി ജനിച്ച് ഏതൊരു കുട്ടിയെയും പോലെ എല്ലാ കളികളെയും സ്നേഹിച്ചാണ് ശ്രീജേഷ് ഹോക്കിയിലെത്തുന്നത്. തിരുവനന്തപുരം ജി.വിരാജ സ്‌പോർട്‌സ് സ്‌കൂളാണ് ശ്രീജേഷിന് ഹോക്കിയിലേക്ക് വഴി തുറന്നതും ലോകോത്തര നിലവാരത്തിലേക്ക് വരാനും അടിത്തറയായത്. 2002-ല്‍ കേരള ടീമിലെത്തി 2006-ല്‍ പതിനെട്ടാം വയസ്സില്‍ ദേശീയ സീനിയര്‍ ടീമില്‍ അരങ്ങേറിയത് മുതല്‍ സ്ഥിരതയോടെ ടീമിന്റെ നെടും തൂണായി നിലനിന്നതിനുള്ള അംഗീകാരങ്ങളാണ് ഈ താരത്തെ തേടിയെത്തിയ ദേശീയ, രാജ്യാന്തര ബഹുമതികളെല്ലാം. 2011 ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനെതിരായ ജയത്തിലെ മികച്ച പ്രകടനമാണ് ശ്രീജേഷിനെ ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമാക്കിയത്. 2014 ലോക ചാമ്പ്യന്‍ ഷിപ്പിലും മികച്ച ഗോള്‍കീപ്പറായി. 2016 ഇഞ്ചിയോ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ ശ്രീജേഷിന്റെ ടീം ഇന്ത്യ 2016, 2018 ചാമ്പ്യന്‍സ് ട്രോഫിയില്‍ വെള്ളിയിലുമെത്തി. 2016, 2018 ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ സ്വര്‍ണ്ണ മെഡലുകളും കരസ്ഥമാക്കി.

ഇന്ത്യന്‍ ഹോക്കിയുടെ പുതുയുഗം

രണ്ട് ഹാട്രിക് നേട്ടമടക്കം (1928-1936, 1948-1956) എട്ട് തവണ ഒളിമ്പിക്‌സ് സ്വര്‍ണ്ണമണിഞ്ഞ ഇന്ത്യന്‍ ഹോക്കിക്ക് 1980 മോസ്‌കോ ഗെയിംസിനു ശേഷം മെഡലില്‍ എത്താന്‍ 2021 ടോക്കിയോ വരെ നീളുന്ന 41 സംവല്‍സരങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. ഫുട്ബോളില്‍ എന്ന പോലെ ഹോക്കിയിലും പവര്‍ ഗെയിം സിദ്ധാന്തം ആവിഷ്‌കരിച്ചും ഏറ്റവും മൂര്‍ച്ചയുള്ള ആയുധമായ പെനല്‍റ്റി കോര്‍ണറിന്റെ വിന്യാസത്തില്‍ സാങ്കേതിക മേന്‍മ കൈവരിച്ചുള്ള യൂറോപ്യന്‍ ശക്തികളുടെ പടപ്പുറപ്പാട് ഇന്ത്യയുടെയും പാകിസ്ഥാന്റെയും ആധിപത്യ കാലത്തിന് ദീര്‍ഘമായ ഇടവേളയാണ് വരുത്തിയത്. ഓസ്ട്രേലിയയും നെതർലൻഡ്‌സും ബെല്‍ജിയവും ബ്രിട്ടനും സ്പെയിനും അര്‍ജന്റീനയുമൊക്കെ ഈ കളിയില്‍ നിര്‍ണ്ണായക ശക്തികളായതോടെ ഏഷ്യന്‍ ഹോക്കിക്ക് ഇരുളില്‍ നിൽക്കേണ്ടി വന്നു. ദീര്‍ഘമായ ഒളിമ്പിക്‌സ് ഹോക്കി ചരിത്രത്തില്‍ ഒരിക്കല്‍, 2008-ലെ ബെയ്‌ജിങ്ങ് ഗെയിംസില്‍ ഇന്ത്യയ്ക്ക് യോഗ്യത നേടാനുമായില്ല.

ഇവിടെ നിന്നാണ് പി ആര്‍ ശ്രീജേഷ് ഉൾപ്പെട്ട കളിക്കാരുടെ സംഘം ഇന്ത്യന്‍ ഹോക്കിയെ പുതിയ ഒരു യുഗത്തിലേക്ക് നയിച്ചത്. ഭരത് ഛേത്രിക്കും അഡ്രിയാന്‍ ഡിസൂസയ്ക്കുമൊപ്പം മൂന്നാം കീപ്പറായിരുന്ന ശ്രീജേഷ് 2011 ഓടെ ഒന്നാം നമ്പര്‍ ഗോളിയായി.

പിന്നീടങ്ങോട്ട് ശ്രീജേഷിന്റെ കരിയറിലെ പോലെ ഇന്ത്യന്‍ ഹോക്കിയുടെ വീണ്ടെടുപ്പിന്റെയും കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്.

തളരാത്ത പോരാട്ട വീര്യത്തിന് ഉടമയായ ശ്രീജേഷിന്റെ പ്രതിഭ അന്താരാഷ്ട്ര തലത്തില്‍ തന്നെ പലവട്ടം അദരിക്കപ്പെട്ടിട്ടുണ്ട്. 2021-ലും 2022-ലും അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ മികച്ച ഗോള്‍കീപ്പര്‍ എന്ന ബഹുമതി ഈ മലയാളിയെ തേടിയെത്തി. എത്ര നാള്‍ ഒരു രംഗത്ത് നില നിന്നു എന്നതല്ല, ആ നീണ്ടു നില്‍ക്കലിന്റെ പൂര്‍ണ്ണതയും അര്‍പ്പണവും ഒരേ മികവോടെ കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞുവെന്നതാണ് ശ്രീജേഷിലെ ഗോള്‍കീപ്പറെ വ്യത്യസ്‌തനാക്കുന്നത്.

‘ഗോള്‍വലയ്ക്ക് മുന്നിൽ വിടവുണ്ടാകില്ല തന്റെ സ്ഥാനത്ത് മറ്റൊരാള്‍ വരും എല്ലാ കളികളിലും അങ്ങനെയാണ് എല്ലാ കളിയിലും ഓരോ താരത്തിന് പകരവും മറ്റൊരാള്‍ വരും. അങ്ങനെ ശ്രീജേഷും ഇന്നലെയുടെ താരമായി നാളെ ആ സ്ഥാനത്ത് പകരക്കാരന്‍ ഉണ്ടാകും’ വെങ്കല മെഡല്‍ നേട്ടത്തിന് ശേഷം ശ്രീജേഷിന്റെ വാക്കുകള്‍ ഇതായിരുന്നു. ഇനി നാളെയുടെ താരങ്ങളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ശ്രീജേഷ് ദേശീയ ജൂനിയര്‍ ടീമിന്റെ പരിശീലകനായി അടുത്ത അങ്കത്തിലേക്ക് കടക്കുകയാണ്.