വ്യക്തിയുടെയും സമൂഹത്തിന്റെയും സ്വത്വത്തിന്റെ അടയാളമായ മാതൃഭാഷ മാനുഷികാനുഭവങ്ങളുടെ പങ്കുവയ്ക്കല്‍, ചിന്താധാരകളുടെ വിനിമയം തുടങ്ങി മനുഷ്യന്റെ പ്രധാനപ്പെട്ട ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഉപാധിയാണ്. വ്യക്തിയുടെ ചിന്തകളും സങ്കല്‌പങ്ങളും ആവിഷ്‌കരിക്കുന്നതിനുള്ള മാധ്യമം മാതൃ ഭാഷയാണ്. ആശയ വിനിമയത്തിലൂടെയാണ് വ്യക്തി ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും രൂപപ്പെടുന്നത്. സാമൂഹിക പരിവര്‍ത്തനങ്ങള്‍ ഭാഷാ പ്രയോഗത്തിലെ പരിവര്‍ത്തനങ്ങള്‍ക്കും കാരണമാകുന്നു.ഒരു ഭൂവിഭാഗത്തിന്റെ രാഷ്ട്രീയ ചരിത്രവും ഭാഷയും തമ്മിലുള്ള ബന്ധം പരസ്‌പര പൂരകമാണ്. ഇന്ത്യയില്‍ അധിനിവേശ ശക്തികളുടെ കടന്നു കയറ്റമാണ് ഭാഷയിലും സംസ്‌കാരത്തിലും വ്യതിയാനങ്ങള്‍ സൃഷ്‌ടിച്ചത്.സാമ്രാജ്യത്വ ശക്തികള്‍ കോളനിവല്‍ക്കരണത്തിലൂടെ ഭാഷാപരമായ അടിമത്തമാണ് സൃഷ്‌ടിക്കുന്നത്. നവീന വിദ്യാഭ്യാസത്തിന്റെ മറവിലാണ് അടിമ രാഷ്ട്രങ്ങളുടെ മേല്‍ സാമ്രാജ്യത്വ ശക്തികള്‍ അവരുടെ സംസ്‌കാരവും ഭാഷയും വ്യാപിപ്പിച്ചത്.അധിനിവേശ ശക്തികള്‍ ഓരോ രാജ്യത്തുമുള്ള പ്രദേശവാസികളുടെ മനസ്സില്‍ അവരുടെ ഭാഷ കീഴാള ഭാഷയാണെന്നും, അവികസിതമായ അതിനെ നാട്ടു ഭാഷ എന്നു മാത്രം വിളിക്കാവുന്നതും അതിന്റെ സാഹിത്യം പ്രാകൃതമാണെന്നുമുള്ള ധാരണ വളര്‍ത്തിയെടുത്തു എന്നുള്ളത് വിചിത്രമായ സംഗതിയാണ്.(1)
നാടുവാഴിത്തവും ആചാരഭാഷയും
അധികാരി വര്‍ഗവും അടിയാള വര്‍ഗവും രണ്ടായി നിലകൊണ്ട സാമൂഹിക ശ്രേണീകരണത്തെ ഭാഷയില്‍ അഭിവ്യക്തമാക്കുന്നത് ആചാര ഭാഷയാണ്. ഫ്യൂഡല്‍ കാലഘട്ടത്തിലെ വ്യവഹാര ഭാഷയില്‍ ഇതു ദൃഢമായിരുന്നു. മേലാളരും കീഴാളരും രണ്ടായി നില നിന്ന കോളനി വാഴ്‌ചക്കാലം വരെ ഈ ഭാഷാ രീതി തുടർന്നു. ജാതീയവും സാമൂഹികവുമായ അസമത്വങ്ങള്‍ നിറഞ്ഞു നിന്ന സമൂഹത്തിന്റെ ഭാഷയിലെ അടയാളങ്ങളാണ് ആചാര പദങ്ങള്‍. ‘പ്രഭുത്വത്തിനോടും അധികാരത്തിനോടും അതിയായ ആദരം കാണിക്കുന്നതിനോടൊപ്പം, വക്താവിന്റെ ആശ്രിത ഭാവം വ്യക്തമാക്കാനായിരുന്നു ഈ ഭാഷ ഉപയോഗിച്ചിരുന്നത്.(2) രാജാവിനെ തിരുമേനി, തിരുമനസ്സ്, തിരുവടികള്‍, തിരുനാള്‍ എന്നിങ്ങനെയാണ് വിളിച്ചിരുന്നത്. രാജാവിന്റെ മനസ്സ് തിരുവുള്ളം. തിരുവുള്ളമുണ്ടാകുക എന്നു പറഞ്ഞാൽ തീരുമാനിക്കുക എന്നർത്ഥം. തിരുനാഴി രാജാവിന്റെ മോതിരവും അമൃതേത്ത് രാജാവിന്റെ ഭക്ഷണവുമാണ്.(3) അവസ്ഥ-സ്ഥാനമാനം, ഉണര്‍ത്തിക്കുക-അറിയിക്കുക, കേള്‍പ്പിക്കുക-ആജ്ഞാപിക്കുക, തുല്യം ചാര്‍ത്തുക-രാജാവ് ഒപ്പു വയ്ക്കുക എന്നിങ്ങനെ ആചാര പദങ്ങള്‍ ധാരാളമുണ്ട്. രാജാവിന്റേത് അമൃതേത്താണെങ്കില്‍ അടിയാളരുടേത് കരിക്കാടിയാണ്. രാജാവ് തിരുമുത്തു വിളക്കുമ്പോള്‍ അതേ സാമൂഹിക വ്യവസ്ഥിതിയില്‍ അതേ തലത്തില്‍പ്പെടാത്തവര്‍ പല്ലുതേയ്ക്കുക/ഉമിക്കരിയുരയ്ക്കുകയാണു ചെയ്യുന്നത്.
തമ്പുരാക്കന്മാരുടെ കുളിക്കും ഭക്ഷണത്തിനും ഉറക്കത്തിനും ശ്രേഷ്‌ഠതയുണ്ടായിരുന്നതിനാൽ അവ നീരാട്ടും അമൃതേത്തും പള്ളിയുറക്കവുമായി. ഭൃത്യന്മാര്‍ക്ക് നിലം പൊത്താനേ അവകാശമുണ്ടായിരുന്നുള്ളൂ. എട പ്രഭുക്കന്മാരുടെ കുളി കുളം കലക്കലാണെങ്കില്‍ കീഴാളരുടേത് ചേറു നനയ്ക്കലാണ്.(4)
വലിയവനും എളിയവനും തമ്മിലുള്ള ബന്ധത്തിനകത്താണ് ആചാര പദങ്ങളുടെ നില. വര്‍ഗം, ജാതി, ലിംഗം തുടങ്ങിയ സാമൂഹിക ഭേദങ്ങള്‍ (social vriables) ആചാര ഭാഷയില്‍ കാണാം. അടിയാള വര്‍ഗത്തിന്റെ അംഗീകരിക്കപ്പെടേണ്ട പ്രവൃത്തികള്‍ പോലും, ആചാര ഭാഷയിലെ പദ പ്രയോഗത്തിലൂടെ ഇകഴ്ത്തപ്പെടുു. പത്തൊന്‍പത്, ഇരുപത് നൂറ്റാണ്ടുകളില്‍ മേലാള-കീഴാള ഭേദമെന്യേ വിദ്യാഭ്യാസം ലഭ്യമായി. സാധാരണക്കാരന്റെ ഭാഷയ്‌ക്കു മെച്ചപ്പെട്ട സ്ഥാനം കൈവന്നു. വിദ്യാഭ്യാസം നേടിയവര്‍ക്ക് നീതി നിര്‍വഹണത്തിനും കരം വസൂലാക്കലിനും അധികാരം ലഭിച്ചു. സമൂഹത്തില്‍ മേലാള-കീഴാള അന്തരം കുറയുകയും ആചാര ഭാഷയുടെ പ്രസക്തി നഷ്‌ടപ്പെടുകയും ചെയ്‌തു. കോളനി വാഴ്‌ചയ്‌ക്കു ശേഷം ജനാധിപത്യ ഭരണ സംവിധാനം നിലവില്‍ വന്നപ്പോൾ ഭരണ രംഗത്ത് അധികാര ശ്രേണി (hierarchy)യുമായി ബന്ധപ്പെട്ട പദപ്രയോഗ രീതികളുണ്ടെങ്കിലും ആചാര ഭാഷ ഇല്ലാതായി.
താഴ്‌മയായി അപേക്ഷിക്കേണ്ടതില്ല
‘നിരവധി മനുഷ്യരെ അപകൃഷ്‌ടരും അപ്രസക്തരുമാക്കുന്ന പല മാനദണ്ഡങ്ങളും പൊളിച്ചെഴുതുകയും ശ്രേണീകരണങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന ജനാധിപത്യ സംസ്‌കാരം (6) ഭരണ ഭാഷയിലും രൂപപ്പെടേണ്ടതുണ്ട്. ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും വിവേചനപരവുമായ പദങ്ങളും പ്രയോഗങ്ങളും ഭരണ സംവിധാനത്തില്‍ നിന്ന് തിരസ്‌കരിക്കേണ്ടി വരുന്നത് ഈ സാഹചര്യത്തിലാണ്. ജനങ്ങളുടെ ആവശ്യങ്ങള്‍ നടപ്പാക്കിക്കുന്നതിന് ഉദ്യോഗസ്ഥരോട് താഴ്‌മയായി അപേക്ഷിക്കേണ്ട ആവശ്യമില്ല, പകരം അപേക്ഷിക്കുന്നു/അഭ്യർത്ഥിക്കുന്നു എന്നുപയോഗിക്കണമെന്ന് വകുപ്പു തലവന്മാര്‍ക്ക് കേരള സര്‍ക്കാര്‍ നിര്‍ദേശം നൽകിയിട്ടുണ്ട്. ഹരിജന്‍, ഗിരിജന്‍, ദളിത് എന്നീ പദങ്ങള്‍ ഭരണ ഘടനാ വിരുദ്ധമായതിനാല്‍ അതിനു പകരം കത്തിടപാടുകളിലും പ്രസിദ്ധീകരണങ്ങളിലും പട്ടികജാതി, പട്ടികഗോത്ര വർഗം എന്നീ പദങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. കീഴാളര്‍ എന്ന പദം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ട്രാൻസ്‌ജെൻഡർ വ്യക്തികളെ ഭിന്നലിംഗം, മൂന്നാംലിംഗം, ഭിന്നലൈംഗികം എന്നിങ്ങനെ അഭി സംബോധന ചെയ്യാനും പാടില്ല. തത്തുല്യമായ പദം ലഭിക്കുന്നതു വരെ ട്രാൻസ്‌ജെൻഡർ എന്നുപയോഗിക്കണമെന്ന ഉത്തരവാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
വികലാംഗര്‍ക്കു പകരം വ്യക്തികളുടെ ഇതര കഴിവുകളെ അംഗീകരിക്കുന്ന വിധത്തില്‍ ഭിന്നശേഷിക്കാരായ വ്യക്തികൾ (persons with disabilities) എന്നെഴുതുന്ന രീതിയാണ് ഇന്ന് ഭരണ രംഗത്തുള്ളത്. ഭിന്നശേഷിക്കാരുടെ അവകാശ ആക്‌ട്, 2016 (The Rights of Persons with Disabilities Act 2016), ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റ് (The State Commissionerate For Persons with Dsabilities) എന്നിങ്ങനെയാണ് രേഖപ്പെടുത്തുന്നത്. അംഗപരിമിതര്‍ (Physically challenged), കാഴ്‌ച പരിമിതിയുള്ളവർ (Visually impaired), മാനസിക വെല്ലുവിളി നേരിടുന്നവർ (Mentally Challenged) എന്നിങ്ങനെ പ്രയോഗ തലത്തില്‍ മാറി വന്ന പദങ്ങള്‍ ധാരാളമുണ്ട്.
കേരളത്തിലെ ഭരണ രംഗത്തെ കത്തിടപാടുകളില്‍ ‘സര്‍’/’മാഡം’ എന്ന് അഭിസംബോധന ചെയ്യണമെന്നാണ് വ്യവസ്ഥ. ജനങ്ങള്‍ ‘സര്‍’/’മാഡം’ എന്നാണ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുന്നത്. തിരിച്ച് ജനങ്ങളെയും അതേപടി അഭിസംബോധന ചെയ്യേണ്ട ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കുണ്ടെന്നു വിസ്‌മരിക്കരുത്. ‘കാലതാമസം മാപ്പാക്കുന്നതിന്’ എന്നതിനു പകരം ‘കാലതാമസം പരിഗണിക്കാതെ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന്’ എന്ന് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. അതു പ്രകാരം മാപ്പ്, മാപ്പപേക്ഷ, മാപ്പാക്കണം തുടങ്ങിയ വാക്കുകള്‍ അപേക്ഷാ ഫാറങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നതാണ്. അപേക്ഷാ ഫാറങ്ങള്‍ ലിംഗനിഷ്‌പക്ഷത (gender neutral)യുള്ളതാക്കാന്‍ നിര്‍ദേശം നൽകിയിട്ടുണ്ട്. ഹര്‍ജികളിലും ഉത്തരവുകളിലും വിധി ന്യായങ്ങളിലും ലിംഗ അസമത്വം പ്രകടമാക്കുന്ന, പ്രത്യേകിച്ച് സ്ത്രീകളുമായി ബന്ധപ്പെട്ട പതിവു പ്രയോഗങ്ങള്‍ പരിഷ്‌കരിക്കുന്നതിന് കൈപ്പുസ്‌തകം പ്രസിദ്ധീകരിച്ച സുപ്രീം കോടതിയുടെ ഇടപെടല്‍ കാലത്തിന്റെ അനിവാര്യതയാണ്.
നമ്മുടെ ഭാഷാ ബോധ്യങ്ങളില്‍ മാറ്റം വേണ്ട മേഖലകള്‍ ധാരാളമുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ അത് അത്യന്താപേക്ഷിതവുമാണ്. ‘വിഭാഗീയതയുടെ പക്ഷങ്ങള്‍ക്ക് കീഴ്‌പ്പെടാത്തതും സ്വാതന്ത്ര്യത്തിന്റെയും പരസ്‌പരാംഗീകാരത്തിന്റയും ചൈതന്യം പേറുന്നതുമായ ഭാഷണ ശീലങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനും ചിട്ടപ്പെടുത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും ശ്രദ്ധ കൊടുത്താലേ ജനാധിപത്യത്തിന്റെ ശരിയായ അന്തഃസത്ത ഉയര്‍ത്തിപ്പിടിക്കാനാകൂ.
കുറിപ്പുകള്‍
1. Bhishma Sahni, Literature and Society, Afro-Asian Writers Association, 1989
2.ഉഷാ നമ്പൂതിരിപ്പാട്, ഡോ. സാമൂഹിക ഭാഷാ വിജ്ഞാനം, തിരുവനന്തപുരം: കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1994
3. ജോസഫ്, പി.എം., മലയാളത്തിലെ പരകീയ പദങ്ങള്‍, തിരുവനന്തപുരം: കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2015
4. കുമാരന്‍ വയലേരി, ഡോ., ഭാഷയും സമൂഹവും,
കോഴിക്കോട്:പാപ്പിയോൺ, 2004
5. ശിവകുമാര്‍, ആര്‍., ഡോ., ഭാഷാ വികസനത്തിന്റെ ജനാധിപത്യ വഴികള്‍, തിരുവനന്തപുരം: