സൈബറിടത്തിലും കെണികൾ; ഓരോ ക്ലിക്കും ജാഗ്രതയോടെ

സമകാലിക ജനപഥം 2026
ആഗസ്റ്റ് 1 പുസ്തകം 13 ലക്കം 1

cyber1

ആശയവിനിമയത്തിലും വിദ്യാഭ്യാസത്തിലും ഇന്റർനെറ്റ് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചെങ്കിലും, സംഘടിത കുറ്റകൃത്യങ്ങൾക്കുള്ള ശക്തമായ ഒരു മാധ്യമമായും അത് മാറിയിരിക്കുന്നു. മയക്കുമരുന്ന് മാഫിയകൾ ഇന്ന് സോഷ്യൽ മീഡിയ, എൻക്രിപ്റ്റ് ചെയ്ത മെസേജിങ് ആപ്ലിക്കേഷനുകൾ, ഓൺലൈൻ ഗെയിമിംഗ് കമ്മ്യൂണിറ്റികൾ, അജ്ഞാത (Anonymous) ഓൺലൈൻ ഫോറങ്ങൾ, ഡാർക്ക്നെറ്റ് (Darknet) എന്നിവ ദുരുപയോഗം ചെയ്ത് ഇരകളാകാൻ സാധ്യതയുള്ള വ്യക്തികളെ കണ്ടെത്തുകയും അവരുടെ നിയമവിരുദ്ധ ശൃംഖലകൾ വ്യാപിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടേയിരിക്കയും ചെയ്യുന്നു. അവരുടെ ഏറ്റവും ശക്തമായ ആയുധം സാങ്കേതികവിദ്യയല്ല-സൈബർ സൈക്കോളജി (Cyber Psychology) തന്നെയാണ്.

ഇത്തരം മാഫിയാ സംഘങ്ങൾ മിയർ എക്സ്പോഷർ ഇഫക്റ്റ് (Mere Exposure Effect), സോഷ്യൽ ഇൻഫ്ളുവൻസ് (Social Influence), ഫിൽട്ടർ ബബിൾസ് (Filter Bubbles), റെസിപ്രോസിറ്റി (Reciprocity), ഫൂട്ട്-ഇൻ-ദി-ഡോർ ടെക്നിക് (Foot-in-the-Door Technique) തുടങ്ങിയ മനഃശാസ്ത്ര തത്വങ്ങളെ സമർഥമായി ഉപയോഗിക്കുന്നു.

സൗഹൃദം, അംഗീകാരം, അല്ലെങ്കിൽ മാനസിക പിന്തുണ തേടുന്ന യുവാക്കൾക്ക് ആദ്യം ദോഷകരമല്ലായെന്ന് തോന്നിപ്പിക്കുന്ന ഫ്രണ്ട് റിക്വസ്റ്റുകൾ, ഗെയിമിങ് ക്ഷണങ്ങൾ, അല്ലെങ്കിൽ ചാറ്റ് ഗ്രൂപ്പുകളിലേക്കുള്ള പ്രവേശനം എന്നിവയിലേക്ക് സ്വാഗതം ചെയ്യുന്നു. ആഡംബര ജീവിതശൈലി, ഇൻഫ്ളുവൻസർ സംസ്‌കാരം, പാർട്ടി വീഡിയോകൾ, എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന വാഗ്ധാനങ്ങൾ എന്നിവ തുടർച്ചയായി കാണുന്നതിലൂടെ അപകടകരമായ പെരുമാറ്റം ക്രമേണ സാധാരണമായ ഒന്നായി തോന്നിത്തുടങ്ങുന്നു. ഏകാന്തത, ഉൽണ്ഠ, പഠനസമ്മർദ്ദം, കുടുംബപ്രശ്നങ്ങൾ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്നവർ ഇത്തരം മാനസിക സ്വാധീനങ്ങൾക്ക് കൂടുതൽ ഇരയാകാൻ സാധ്യതയുണ്ട്. എ ഐ ഹാലൂസിനേഷൻ എന്ന തന്ത്രമാണ് ഇവിടെ സൈബർ ക്രിമിനലുകൾ ദുരുപയോഗം ചെയ്യുന്നത്.

ഡാർക്ക്നെറ്റ് ദുരുപയോഗവും
ചെറുത്തുനിൽപും
സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള നിയമാനുസൃത ഉപയോഗങ്ങൾ ഡാർക്ക്നെറ്റിനുണ്ടെങ്കിലും, അജ്ഞാത മയക്കുമരുന്ന് വിപണികൾ, എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയം, അനധികൃത സാമ്പത്തിക ഇടപാടുകൾ, അന്തർദേശീയ മയക്കുമരുന്ന് കടത്ത് എന്നിവയ്ക്കായി ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടുവരികയും ചെയ്യുന്നു ഇതിനെതിരെ ലോകമെമ്പാടും INTERPOL, UNODC എന്നിവയും വിവിധ രാജ്യങ്ങളിലെ നിയമപാലന ഏജൻസികളും (Law Enforcement Agencies) സംയുക്തമായി ഡിജിറ്റൽ മയക്കുമരുന്ന് ശൃംഖലകൾക്കെതിരെ ഇന്റലിജൻസ് അധിഷ്ഠിത നടപടികൾ സ്വീകരിച്ചുവരുന്നു.

ഓപ്പറേഷൻ തൂഫാൻ – ഡിജിറ്റൽ നിരീക്ഷണം, കർശന നിയമനടപടികൾ, പൊതുജന ബോധവൽക്കരണം, ജനപങ്കാളിത്തം എന്നിവയിലൂടെ സിന്തറ്റിക് മയക്കുമരുന്ന് ശൃംഖലകളെ തകർക്കുകയാണ് ദി നാർക്കോ ഹണ്ട് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം.

cyber2സൈബർ സൈക്കോളജിയുടെ ദുരുപയോഗം
ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ നമ്മൾ വീണ്ടും വീണ്ടും കാണാറുണ്ട് എന്നത്. എന്തുകൊണ്ടാണ് ചില വീഡിയോകൾ നമ്മെ തുടർച്ചയായി കാണാൻ പ്രേരിപ്പിക്കുന്നത്? എന്തുകൊണ്ടാണ് വ്യാജവാർത്തകൾ അതിവേഗം പ്രചരിക്കുന്നത്? എന്തുകൊണ്ടാണ് വിദ്യാഭ്യാസവും അറിവും ഉള്ള ആൾക്കാർ പോലും ഓൺലൈൻ തട്ടിപ്പുകളിൽ കുടുങ്ങുന്നത്?

ഇതിനുള്ള ഉത്തരം സൈബർ സൈക്കോളജി എന്ന ശാഖയിലുണ്ട്. ഡിജിറ്റൽ ലോകത്ത് മനുഷ്യരുടെ ചിന്തകളും വികാരങ്ങളും തീരുമാനങ്ങളും പെരുമാറ്റവും എങ്ങനെ സ്വാധീനിക്കപ്പെടുന്നു എന്നതാണ് സൈബർ സൈക്കോളജി വിശകലനം ചെയ്യുന്നത്.
ഇന്ന് സോഷ്യൽ മീഡിയ, ഓൺലൈൻ ഗെയിംസ്, ഷോപ്പിങ് വെബ്സൈറ്റ്, എഐ അധിഷ്ഠിത അപ്ലിക്കേഷനുകൾ എന്നിവ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റാൻ പ്രത്യേക രീതിയിലാണ് രൂപകൽപന ചെയ്യപ്പെട്ടിരിക്കുന്നത്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് പല സാങ്കേതിക വിദ്യകളും രൂപകൽപന ചെയ്തിരിക്കുന്നത്. അതേസമയം ഇതേ മനഃശാസ്ത്ര തന്ത്രങ്ങൾ സൈബർ ക്രിമിനലുകൾ, ഒൺലൈൻ തട്ടിപ്പുകാർ, വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്നവർ, ലഹരിമാഫിയകൾ എന്നിവർ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നു.

ഉദാഹരണത്തിന്, മിയർ എക്സ്പോഷർ എഫക്ട് (Mere Exposure Effect) എന്ന മനഃശാസ്ത്ര സിദ്ധാന്തമനുസരിച്ച് ഒരേ സന്ദേശമോ, വീഡിയോയോ, പരസ്യമോ വീണ്ടും വീണ്ടും കാണുമ്പോൾ അത് സത്യമാണെന്ന തോന്നൽ സ്വാഭാവികമായി നമ്മളിൽ ഉണ്ടായേക്കാം. അതുപോലെ അവൈലബിലിറ്റി ഹ്യൂറിസ്റ്റിക് (Availability Heuristic) കാരണം ആവർത്തിച്ച് കാണുന്ന വിവരങ്ങൾ യാഥാർഥ്യമാണെന്ന് ആളുകൾ വിശ്വസിക്കാനുള്ള സാധ്യതയും വർധിക്കുന്നു, അത് തെറ്റായ വിവരമാണെങ്കിൽ പോലും.

മറ്റൊരു പ്രധാന ഘടകമാണ് Social Influence അഥവാ സാമൂഹിക സ്വാധീനം. ആയിരക്കണക്കിന് ആളുകൾ ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്യുന്ന ഒരു പോസ്റ്റ് കൂടുതൽ വിശ്വാസ്യതയുള്ളതാണെന്ന ചിന്ത പലരിലും സൃഷ്ടിക്കപ്പെടുന്നു, ഇതുവഴി ഫിൽറ്റർ ബബിൾ (Filter Bubble) അഥവാ (Echo Chamber) എക്കോ ചേമ്പർ എന്ന അവസ്ഥയിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു, പരിണതഫലം പ്രേക്ഷകർ സമാനമായ ആശയങ്ങൾ മാത്രം വീണ്ടും വീണ്ടും കാണുന്നതിനുള്ള അവസ്ഥ സംജാതമാകുന്നു, തുടർന്ന് വ്യത്യസ്ത അഭിപ്രായങ്ങൾ മറഞ്ഞുപോകുകയും തെറ്റായ ധാരണകൾ അവരിൽ കൂടുതൽ ശക്തിപ്പെടുകയും ചെയ്യുന്നു.

സൈബർ ക്രിമിനലുകൾ മനുഷ്യരുടെ മനഃശാസ്ത്രം വളരെ നന്നായി പഠിച്ചവരാണ്. ‘നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഉടൻ ബ്ലോക്ക് ചെയ്യും’, ‘ഇപ്പോൾ തന്നെ ക്ലിക്ക് ചെയ്താൽ സമ്മാനം ലഭിക്കും’, ‘അഞ്ച് മിനിറ്റിനകം ഈ ഓഫർ അവസാനിക്കും’ തുടങ്ങിയ സന്ദേശങ്ങൾ അടിയന്തര സ്വഭാവവും ഭയവും ചിലപ്പോഴൊക്കെ ആകാംക്ഷയും സൃഷ്ടിക്കുന്നു. ഇത് നഷ്ടഭീതി (Loss Aversion) എന്ന മനഃശാസ്ത്ര സിദ്ധാന്തത്തെ അനുകരിച്ചാണ് പ്രായോഗികമാക്കുന്നത്. മുകളിൽ പറഞ്ഞതിന് സമാനമായി സൗജന്യ സമ്മാനങ്ങളോ ഓഫറുകളോ വാഗ്ദാനം ചെയ്ത് ആളുകളെ പ്രതികരിക്കാൻ പ്രേരിപ്പിക്കുന്നതും റെസിപ്രോസിറ്റി (Reciprocity) എന്ന മനഃശാസ്ത്ര തന്ത്രത്തിന്റെ ഭാഗമാണ്.
ജെൻ സി, ജെൻ ആൽഫ വിദ്യാർഥികൾ സാമൂഹ്യമാധ്യമ ലോകത്താണ് കൂടുതൽ സമയം ചെലവഴിക്കുന്നതെങ്കിൽ, മാതാപിതാക്കളും മുതിർന്നവരും വിശ്വാസ്യതയുള്ളതായി തോന്നുന്ന സന്ദേശങ്ങളിലും വെബ്സൈറ്റുകളിലും എളുപ്പത്തിൽ ആകൃഷ്ടരായേക്കാം. പലപ്പോഴും ആക്രമിക്കപ്പെടുന്നത് കമ്പ്യൂട്ടറോ മൊബൈലോ അല്ല; മനുഷ്യന്റെ മനസ്സും തീരുമാനങ്ങളുമാണ്.

cyber3നിർമിതബുദ്ധി ഉയർത്തുന്ന
വെല്ലുവിളികൾ
നിർമ്മിതബുദ്ധിയുടെ (Artificial Intelligence) വ്യാപനത്തോടെ പുതിയ വെല്ലുവിളികളും ഉയർന്നുവരുന്നു. ചിലപ്പോൾ എഐ വളരെ ആത്മവിശ്വാസത്തോടെ തെറ്റായ വിവരങ്ങൾ അവതരിപ്പിക്കാം. ഇതിനെ എഐ ഹാലൂസിനേഷൻ (AI Hallucination) എന്ന് വിളിക്കുന്നു. അതിനാൽ എഐ നൽകുന്ന എല്ലാ ഉത്തരങ്ങളും പരിശോധിക്കാതെ വിശ്വസിക്കുന്നത് അപകടകരമായേക്കാം. ഇതിന്റെ പോരായ്മ പരിഹരിക്കുന്നതിലേക്കായി ആധുനിക എഐ സംവിധാനങ്ങൾ Retrieval Augmented Generation (RAG) പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം Information Disambiguation തത്വത്തെ അടിസ്ഥാനമാക്കിയാണ് വിവര വിനിമയത്തിന് വേണ്ട മറുപടി തയ്യാറാക്കാൻ ശ്രമിക്കുന്നത്. എന്നിരുന്നാലും, അന്തിമ ഉത്തരവാദിത്വം ഉപയോക്താവിന്റെ വിമർശനാത്മക ചിന്തയ്ക്കുതന്നെ.

ആസക്തികളും അവബോധവും
മയക്കുമരുന്ന് ആസക്തിപോലെ മറ്റൊരു ദോഷ പ്രവണതയാണ് മൊബൈൽ ഫോൺ ആസക്തി, പലപ്പോഴും ദോഷകരമായ ഓൺലൈൻ സ്വാധീനങ്ങളിലേക്കുള്ള സാധ്യത വർധിപ്പിക്കാൻ ഇത് കാരണമാകുന്നു. അതിലൂടെ മയക്കുമരുന്ന് ആസക്തിയിലേക്ക് യുവാക്കളെ കൊണ്ടു പോവാനുള്ള ആസൂത്രിത ശ്രമങ്ങൾ കൂടി നടക്കുന്ന ഇക്കാലത്ത് ഇരട്ടി ജാഗ്രത വേണ്ട ഒന്നാണ് ഈ മേഖല. ഇതിൽ നിന്ന് സംരക്ഷണം നേടാൻ വിമർശനാത്മക വിലയിരുത്തൽ (Critical Thinking), ഡിജിറ്റൽ സാക്ഷരത (Digital Literacy), ആരോഗ്യകരമായ സ്‌ക്രീൻ ഉപയോഗശീലങ്ങൾ, മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള തുറന്ന ആശയവിനിമയം എന്നിവയ്ക്ക് പുറമേ നമ്മുടെ ശ്രദ്ധയിൽ പ്പെടുന്ന സംശയാസ്പദമായ ഓൺലൈൻ പ്രവർത്തനങ്ങൾ എന്നിവ ഉടനടി ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക എന്നതും അനിവാര്യമായ ഒരു ഘടകമാണ്.
ബോധവൽക്കരണവും ഉത്തരവാദിത്വപരമായ സാങ്കേതിക ഉപയോഗവും വിവരാധിഷ്ഠിതമായ തീരുമാനങ്ങളുമാണ് സൈബർ അധിഷ്ഠിത മയക്കുമരുന്ന് കുറ്റകൃത്യങ്ങളെയും അതുപോലുള്ള മറ്റു ഓൺലൈൻ ദുരുപയോഗങ്ങളെയും തടയുന്നതിനുള്ള ഏറ്റവും ശക്തമായ മാർഗം.
ഡിജിറ്റൽ ലോകത്തിൽ ഏറ്റവും ശക്തമായ പ്രതിരോധ മാർഗം അവബോധമാണ് എന്ന തിരിച്ചറിവിൽ നിന്നുകൊണ്ട് ഒരു വിവരം വിശ്വസിക്കുകയോ ഷെയർ ചെയ്യുകയോ ചെയ്യുന്നതിന് മുമ്പ് സ്വയം ചില ചോദ്യങ്ങൾ ചോദിക്കാം.

  • ഈ വിവരം പ്രസിദ്ധീകരിച്ചത് ആരാണ്?
  • ഇതിന് വിശ്വാസ്യതയുള്ള തെളിവുകളുണ്ടോ?
  • എന്റെ വികാരങ്ങളെ സ്വാധീനിക്കാനാണോ ഈ സന്ദേശം ശ്രമിക്കുന്നത്?
  • ഞാൻ ചിന്തിച്ചാണോ പ്രതികരിക്കുന്നത്, അതോ വികാരത്തിന്റെ അടിസ്ഥാനത്തിലാണോ?

സൈബർ മനഃശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത്, സാങ്കേതികവിദ്യ മനുഷ്യരെ സ്വാധീനിക്കുമെങ്കിലും നമ്മുടെ തീരുമാനങ്ങളെ പൂർണ്ണമായി നിയന്ത്രിക്കാനാവില്ല എന്നതാണ്. ഓരോ ക്ലിക്കും ലൈക്കും ഷെയറും കമന്റും ഡിജിറ്റൽ സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്നത് ഒരു സത്യമാണ്.

വിദ്യാർഥികളും മാതാപിതാക്കളും എല്ലാ ഡിജിറ്റൽ പൗരന്മാരും ഇന്ന് സാങ്കേതികവിദ്യ ഉപയോഗിക്കാൻ പഠിക്കുന്നതുപോലെതന്നെ അതിനുപിന്നിലെ മനഃശാസ്ത്രവും മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. നിർമ്മിതബുദ്ധിയുടെ ഈ യുഗത്തിൽ ഏറ്റവും ബുദ്ധിമാനായ വ്യക്തി എല്ലാം കണ്ണടച്ച് വിശ്വസിക്കുന്ന ഒരാളാകരുത്; മറിച്ച് ഒരു നിമിഷം നിർത്തി, വിവരങ്ങൾ പരിശോധിച്ച്, ചിന്തിച്ചശേഷം മാത്രം പ്രതികരിക്കുന്ന ആളാകണം.

 

Spread the love