മാറുന്ന തൊഴിൽ സാധ്യതകളും അവസരങ്ങളും

സമകാലിക ജനപഥം 2026
സെപ്റ്റംബർ 1 പുസ്തകം 13 ലക്കം 2

rajendran7

 

 

 

 

rajendran1മനുഷ്യരാശിയുടെ ചരിത്രം യാത്രകളുടെയും പലായനങ്ങളുടേതുമാണ്. യാത്ര മനുഷ്യന്റെ സഹജവാസനയാണ്. അത് ജീവിതത്തിലും മനസ്സിലും പുതിയ വാതിലുകൾ തുറന്നുകൊടുക്കുന്നു. മനുഷ്യന്റെ ഹൃദയകവാടം വിശാല മാക്കാനുള്ള ഒറ്റമൂലിയാണ് യാത്രകൾ. ലോകത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിന്റെ എൻജിൻ എന്നാണ് ഐക്യരാഷ്ട്രസഭ ടൂറിസത്തെ വിശേഷിപ്പിച്ചത്. രാജ്യങ്ങൾ തമ്മിലുള്ള സമാധാനവും സഹവാസവും നിലനിൽക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കു ന്നതോടൊപ്പം, ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന വ്യവസായ മേഖല കൂടിയാണ് ടൂറിസം. ഈ ആഗോള വ്യവസായത്തിന്റെ പുതിയൊരു വസന്തത്തിലേക്കാണ് ‘ദൈവത്തിന്റെ സ്വന്തം നാടായ’ കേരളവും ഇപ്പോൾ വാതിൽ തുറക്കുന്നത്.

സാമ്പത്തിക രംഗത്ത് ജി.ഡി.പി. സംഭാവനയിലും തൊഴിൽ സൃഷ്ടിയിലും മുൻപന്തിയിലാണ് വിനോദസഞ്ചാരമേഖല. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും ഇതിന്റെ സ്വാധീനം ചെറുതല്ല. മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിന്റെ ഗണ്യമായ ശതമാനം ടൂറിസത്തിലൂടെ ലഭിക്കുമ്പോൾ, ലക്ഷക്കണക്കിൻ ആളുകൾക്കാണ് ഈ മേഖല പ്രത്യക്ഷമായും പരോക്ഷമായും ജീവനോപാധി നൽകുന്നത്.

ഇനി നൈപുണ്യ വികസനത്തിന്റെ കാലം കേരളത്തിൽ ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ലഭിക്കുന്നത് വഴി തൊഴിൽ അന്തരീക്ഷത്തിൽ ഗുണപരമായ മുന്നേറ്റത്തിന് വഴിവെക്കാം. ഇത് കൂടുതൽ സ്വകാര്യ നിക്ഷേപങ്ങളെ ആകർഷിക്കുകയും പുതിയ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ടൂർഓപ്പറേറ്റർ സ്ഥാപനങ്ങൾ എന്നിവ വഴി വലിയ അളവിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. വ്യവസായ പദവി ലഭിക്കുന്നതോടെ ഈ മേഖല കൂടുതൽ വൈദഗ്ധ്യം ആവശ്യമുള്ളതാകുകയും, ജീവനക്കാർക്ക് മികച്ച ശമ്പളവ്യവസ്ഥകൾ, ആനുകൂല്യങ്ങൾ, സാമൂഹിക സുരക്ഷാപദ്ധതികൾ, കൃത്യമായ തൊഴിൽ നിയമങ്ങളുടെ പരിരക്ഷ എന്നിവ ഉറപ്പാക്കപ്പെടുകയും ചെയ്യും. കൂടാതെ ഗതാഗതം, പ്രാദേശിക കരകൗശല നിർമ്മാണം, കൃഷി, ജൈവഭക്ഷ്യ ഉൽപാദനം തുടങ്ങിയ അനുബന്ധ മേഖലകളിലും വലിയ തൊഴിലുണർവ് ഉണ്ടാകും.

rajendran2അറേബ്യൻകടലും കായലുകളും മലനിരകളും വനങ്ങളും സംഗമിക്കുന്ന ഭൂപ്രകൃതിയും തനതായ ആയുർവേദപാരമ്പര്യവും കേരളത്തെ ലോക ടൂറിസം ഭൂപടത്തിൽ വേറിട്ടുനിർത്തുന്നു. കേവലം കാഴ്ചകൾ കാണുന്നതിനപ്പുറം ക്രൂയിസ് ടൂറിസം, മൈസ് (യോഗങ്ങൾ, പ്രോത്സാഹനങ്ങൾ, സമ്മേളനങ്ങൾ, പ്രദർശനങ്ങൾ എന്നതിന്റെ ചുരുക്കം), സാഹസിക വിനോദങ്ങൾ, ഹെൽത്ത് ആൻഡ് വെൽനസ്, മെഡിക്കൽ ടൂറിസം എന്നീ മേഖലകളിലേക്ക് നാം അതിവേഗം ചുവടുവയ്ക്കുകയാണ്. ഈ മാറ്റങ്ങൾക്ക് അനുസൃതമായി, നമ്മുടെ മാനവവിഭവശേഷിയിൽ കാര്യമായ പരിവർത്തനം ആവശ്യമാണ്. അടിസ്ഥാന ഹോസ്പിറ്റാലിറ്റി ജോലികൾക്ക് പുറമെ, പുതിയ തൊഴിലവസരങ്ങൾക്കായുള്ള ആവശ്യകതയും ഇപ്പോൾ ഉയർന്നുവരുന്നുണ്ട്.

എ ഐക്കൊപ്പം മാറുന്ന തൊഴിലുകൾ
ഈ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്താൻ വിപുലമായ നൈപുണ്യ വികസനം അനിവാര്യമാണ്. ഇതിൽ ഡിജിറ്റൽ സാങ്കേതിക പ്രാഗൽഭ്യം വളരെ നിർണ്ണായകമാണ്. സോഷ്യൽമീഡിയ മാർക്കറ്റിങ്, വി.ആർ./എ .ഐ. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അനുഭവാധിഷ്ഠിത ടൂറിസം രൂപകൽപന എന്നിവ തൊഴിലന്വേഷകർക്ക് പുതിയ അവസരങ്ങൾ തുറന്നിടുന്നു. നിർമ്മിതബുദ്ധിയുടെ കടന്നുവരവ് ടൂറിസം മേഖലയുടെ പ്രവർത്തന ശൈലിയെ മാറ്റിമറിക്കുകയാണ്. എ.ഐ. ചാറ്റ്ബോട്ടുകളും പ്രിഡിക്റ്റീവ് അനലിറ്റിക്സും (പ്രവചനാത്മക വിശകലനം) വഴി ഉപഭോക്താക്കൾക്ക് തത്സമയം ടൂർ പാക്കേജുകൾ ക്രമീകരിച്ചു നൽകാൻ ഇന്ന് സാധിക്കുന്നു. റൂം മാനേജ്മെന്റ്, ഓട്ടോമേറ്റഡ് ചെക്ക്-ഇൻ, ഉപഭോക്തൃ മുൻഗണനാവിശകലനം എന്നിവയിൽ എ.ഐ. സഹായിക്കുന്നതിനാൽ, അതിഥികൾക്ക് കൂടുതൽ വ്യക്തിഗത സേവനം നൽകാൻ ജീവനക്കാർക്ക് സമയം ലഭിക്കും. അതുകൊണ്ടുതന്നെ, ഭാവിയിൽ ട്രാവൽ ഏജന്റുമാരെ വെറും ബുക്കിങ് ഗുമസ്തരായി തുടരാതെ, ഉപഭോക്താക്കൾക്ക് ലഭിക്കുന്ന അനുഭവം മെച്ചപ്പെടുത്തുന്നതിനും ഉൽപന്നങ്ങളുടെ രൂപകൽപനയും ഉപയോഗക്ഷമതയും കൂടുതൽ ഉപയോക്തൃകേന്ദ്രിതമാക്കുന്നതിനും കഴിവുള്ള അനുഭവ ഉപദേശകരായി (എക്സ്പീരിയൻസ് കണ്സൾട്ടന്റ്) മാറേണ്ടതുണ്ട്.

rajendran5

വേണം ഭാഷാപ്രാവീണ്യം
ഭാഷാപ്രാവീണ്യവും ആശയവിനിമയ ശേഷിയുമാണ് വിനോദസഞ്ചാരമേഖല ആവശ്യപ്പെടുന്ന മറ്റൊരു പ്രധാന ഘടകം. ഇംഗ്ലീഷിനു പുറമേ ഫ്രഞ്ച്, ജർമ്മൻ, അറബിക്, സ്പാനിഷ് തുടങ്ങിയ വിദേശ ഭാഷകളിലുള്ള അറിവ് ഉദ്യോഗാർഥികൾക്ക് ആഗോളതലത്തിൽ തന്നെ അവസരങ്ങൾ സൃഷ്ടിക്കും. വ്യവസായത്തിന്റെ ആവശ്യങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങൾ നൽകുന്ന പാഠ്യപദ്ധതിയും തമ്മിലുള്ള അന്തരം പരിഹരിക്കാൻ സോഫ്റ്റ് സ്‌കിൽസ് വികസനം പാഠ്യപദ്ധതിയുടെ അവിഭാജ്യ ഘടകമാക്കണം.

rajendran6ടൂറിസം വിദ്യാഭ്യാസത്തിൽ എ.ഐ. കേവലം ഒരു പാഠ്യവിഷയമായൊതുങ്ങാതെ, സഞ്ചാരികളുടെ താൽപര്യങ്ങളും യാത്രാരീതികളും വിശകലനം ചെയ്യാനും വ്യക്തിഗത യാത്രാപദ്ധതികൾ തയ്യാറാക്കാനുമുള്ള പ്രായോഗിക പരിശീലനമായി മാറ്റണം. സാഹസിക ടൂറിസത്തിലും സുരക്ഷാമാനേജ്മെന്റിലും അന്താരാഷ്ട്ര അംഗീകാരമുള്ള സുരക്ഷാപരിശീലനങ്ങൾ ബിരുദ കോഴ്സുകളുടെ ഭാഗമാക്കേണ്ടതുണ്ട്. പ്രമുഖ റിസോർട്ടുകൾ, ട്രാവൽഏജൻസികൾ, ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങൾ എന്നിവരുമായി സഹകരിച്ച് വിദ്യാർഥികൾക്ക് പഠനകാലത്ത് തന്നെ ഇന്റേൺഷിപ്പും പ്രായോഗിക പരിശീലനവും ഉറപ്പാക്കുന്നത് മികച്ച പ്രൊഫഷണലുകളെ വാർത്തെടുക്കാൻ സഹായിക്കും.

സുസ്ഥിര-ഉത്തരവാദിത്ത ടൂറിസം, പരിസ്ഥിതി സൗഹൃദ ഹോട്ടൽമാനേജ്മെന്റ്, ശാസ്ത്രീയ മാലിന്യ സംസ്‌കരണം, പ്രാദേശിക സംസ്‌കാരത്തെയും പരിസ്ഥിതിയെയും സംരക്ഷിച്ചുകൊണ്ടുള്ള ടൂർഗൈഡിങ് എന്നിവയ്ക്കെല്ലാം ഇന്ന് വിദഗ്ധരെ ആവശ്യമുണ്ട്. കമ്മ്യൂണിറ്റി ഗൈഡിങ്, ജലകായിക ഇനങ്ങൾ, ട്രെക്കിങ്, റോപ്പ് ആക്ടിവിറ്റികൾതുടങ്ങിയ മേഖലകളിലെ അന്താരാഷ്ട്ര സുരക്ഷാപരിശീലനവും ഗ്രാമീണ ജീവിതരീതികൾ സഞ്ചാരികൾക്ക് പകർന്നുനൽകാനുള്ള ശേഷിയും ടൂറിസം മേഖലയിൽ കേരളത്തനിമ നിലനിർത്തും.

rajendran3സ്ത്രീ ശാക്തീകരണത്തിന്
കരുത്തായി ടൂറിസം
ടൂറിസത്തിന്റെ വളർച്ച ഗ്രാമീണമേഖലകളിലേക്കും സാധാരണക്കാരിലേക്കും എത്തുമ്പോൾഅത് വലിയ സാമൂഹിക മാറ്റങ്ങൾക്ക് വഴിവെക്കും. വനിതാസൗഹൃദ വിനോദസഞ്ചാരം, വനിതാഹോംസ്റ്റേ ഓപ്പറേറ്റർമാർക്കുള്ള പിന്തുണ, സ്ത്രീകൾക്കായുള്ള ടൂർ പാക്കേജുകൾ, വനിതാ ട്രാവൽ ഗൈഡുകൾ, ഡ്രൈവർമാർ എന്നിവയിലൂടെ സ്ത്രീകൾക്ക് സ്വയം തൊഴിലിന്റെയും സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും പുതിയ വാതിലുകൾ തുറന്നുകിട്ടുകയാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുൻ നിർത്തി പരിസ്ഥിതിക്ക് ആഘാതമേൽപ്പി ക്കാത്ത ടൂറിസം ശൈലിയാണ് കേരളം പിന്തുടരുന്നത്. ആഗോള തലത്തിലെ ഇക്കോ-ടൂറിസം മാതൃകകൾ, സാഹസിക ടൂറിസം സുരക്ഷാമാനദണ്ഡങ്ങൾഎന്നിവ കേരളത്തിന്റെ പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ ഉൾപ്പെടുത്താ വുന്നതാണ്.

ആധുനിക ജീവിതത്തിലെ മാനസിക സമ്മർദങ്ങളിൽനിന്ന് മുക്തി നേടാൻ ആഗോള സഞ്ചാരികളെ വെൽനസ് ടൂറിസത്തെ ആശ്രയിക്കുമ്പോൾ, കേരളത്തിന്റെ പരമ്പരാഗത ആയുർവേദ, യോഗ, പ്രകൃതിചികിത്സാരംഗങ്ങളിൽ ആഗോള നിലവാരമുള്ള തെറാപ്പിസ്റ്റുകൾക്കും വ്യക്തിഗത ആരോഗ്യസംരക്ഷണ സേവകർക്കും തൊഴിൽസാധ്യതയേറുന്നു. ലോക സഞ്ചാരികളെ സ്വീകരിക്കാൻ’ദൈവത്തിന്റെ സ്വന്തം നാട്’ പൂർണ്ണസജ്ജമായി നിൽക്കുമ്പോൾ, വ്യവസായപദവിയും ആധുനിക നൈപുണ്യവികസനവും കൈകോർക്കുന്നത് കേരളത്തിന്റെ വിനോദസഞ്ചാര ചരിത്രത്തിലെ സുവർണ്ണ അധ്യായമായി മാറും. വിദ്യാഭ്യാസസ്ഥാപനങ്ങളും വ്യവസായ-സ്വകാര്യ മേഖലകളും സർക്കാരും ഒന്നിച്ച് മുന്നേറുമ്പോൾ, ടൂറിസം മേഖലയിലെ മാനവവിഭവശേഷിയിലും തൊഴിൽ രംഗത്തും സമാനതകളില്ലാത്ത കുതിച്ചുചാട്ടമുണ്ടാകുമെന്നതിൽ സംശയമില്ല.

 

Spread the love