വ്യവസായച്ചിറകിലേറി ടൂറിസം
സമകാലിക ജനപഥം 2026
സെപ്റ്റംബർ 1 പുസ്തകം 13 ലക്കം 2
ടൂറിസം>> വിവേക് വി എസ്
ഐ പി ആർ ഡി
|
കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് വ്യവസായ പദവി നൽകാനുള്ള തീരുമാനം ഏറെക്കാലമായി കാത്തിരുന്നതും സുപ്രധാനവുമായ ഒരു ചുവടുവെപ്പാണ്. വിനോദസഞ്ചാരം ഇന്ന് കേവലമൊരു സേവനമേഖല മാത്രമല്ല. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിലും വിദേശനാണ്യം നേടിത്തരുന്നതിലും തദ്ദേശീയ സമൂഹങ്ങളുടെ വികസനത്തിലും ഈ മേഖല നിർണ്ണായക പങ്കുവഹിക്കുന്നു.
വിനോദസഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഉത്തരവാദിത്തമുള്ള സ്വകാര്യ നിക്ഷേപം ആകർഷിക്കാൻ കഴിയും എന്നതാണ് വ്യവസായ പദവി തുറന്നിടുന്ന ഏറ്റവും വലിയ സാധ്യത. മികച്ച താമസസൗകര്യങ്ങൾ, ആയുർവേദ സുഖചികിത്സാകേന്ദ്രങ്ങൾ, സാഹസിക ടൂറിസം ഉൽപന്നങ്ങൾ, മൈസ് (യോഗങ്ങൾ, പ്രോത്സാഹന യാത്രകൾ, സമ്മേളനങ്ങൾ, പ്രദർശനങ്ങൾ) എന്ന ആശയത്തിൽ ഊന്നിയുള്ള പശ്ചാത്തല സൗകര്യങ്ങൾ, ഗ്രാമീണ അനുഭവാധിഷ്ഠിത ടൂറിസം പദ്ധതികൾ, മികച്ച ഗതാഗത സൗകര്യങ്ങൾ എന്നിവ ഇന്ന് കേരളത്തിന് അനിവാര്യമാണ്. പ്രത്യേകിച്ച്, നമ്മുടെ പതിവ് വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പുറമെയുള്ള പുതിയ ഇടങ്ങളിലേക്ക് കൂടുതൽ നിക്ഷേപമെത്താൻ പുതിയ നയം കളമൊരുക്കും.
മാറ്റങ്ങൾ നിക്ഷേപസൗഹൃദമാവേണ്ടതുണ്ട്. വ്യവസായ പദവി നൽകുന്നതിനൊപ്പം സംരംഭങ്ങൾക്കായുള്ള ചട്ടങ്ങളും ഏകജാലക അനുമതികളും സുഗമമാക്കുക, സ്ഥാപനാധിഷ്ഠിത ധനസമാഹരണം ലഭ്യമാക്കുക, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുക എന്നീ കാര്യങ്ങൾ കൂടി പ്രാവർത്തികമാക്കേണ്ടതുണ്ട്.
മനോഹരമായ കായലുകൾ, 600 കിലോമീറ്റർ നീളമുള്ള തീരപ്രദേശം, ഉഷ്ണമേഖലാ മഴക്കാടുകൾ, ഹിൽ സ്റ്റേഷനുകൾ, ബീച്ചുകൾ, ഹൗസ് ബോട്ടുകൾ, തടാകങ്ങൾ, തോടുകൾ വന്യജീവികൾ, ആയുർവേദം, ഉയർന്ന സ്ത്രീ സുരക്ഷ, നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ തുടങ്ങി സഞ്ചാരികളെ കൊതിപ്പിക്കുന്ന നിരവധി സവിശേഷതകൾ കേരളത്തിനുണ്ട്.
ഇത്രയൊക്കെയുണ്ടായിട്ടും കേരളം വിനോദസഞ്ചാര മേഖലയിലെ മുൻനിരയിൽ ഇനിയും എത്തിയിട്ടില്ലെങ്കിൽ, അത് വലിയൊരു പോരായ്മ തന്നെയാണ്. വിനോദസഞ്ചാര മേഖലയ്ക്ക് ‘വ്യവസായ പദവി’യും അനുബന്ധ ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല എന്നതാണ് അതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. എന്നാൽ ആ കുറവ് പുതിയ സർക്കാർ നികത്തിയിരിക്കുകയാണ്. കേരളത്തിലെ ടൂറിസം മേഖലയുടെ പുതിയ കുതിപ്പിനുള്ള ഒരു തുടക്കമായി ഈ വ്യവസായ പദവി പ്രഖ്യാപനത്തെ കാണാം.
വിവിധ തരത്തിലുള്ള സബ്സിഡികൾ, ഏകജാലക അനുമതികൾ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള കൂടുതൽ നിക്ഷേപം എന്നിവയാണ് പ്രധാന മാറ്റങ്ങൾ. ടൂറിസത്തെ ഒരു വ്യവസായമായി അംഗീകരിക്കാനുള്ള സർക്കാരിന്റെ സന്നദ്ധതയും അതിലൂടെയുണ്ടാകുന്ന ആത്മവിശ്വാസവുമാണ് ഈ നിക്ഷേപങ്ങളെ ആകർഷിക്കുന്നത്. ഇതിനൊപ്പം ഈ അധിക നിക്ഷേപം സംസ്ഥാനത്ത് കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നതിലേക്ക് നയിക്കുകയും കേരളത്തിന്റെ മൊത്തത്തിലുള്ള ടൂറിസം സാധ്യതകളെ കൂടുതൽ സമ്പന്നമാക്കുകയും ചെയ്യും.
കേരളത്തിൽ വരാനിരിക്കുന്ന നിക്ഷേപ സാധ്യതകൾ വ്യക്തമാക്കാൻ സമീപകാലത്തെ രണ്ട് ഉദാഹരണങ്ങൾ മാത്രം മതിയാകും. ഒന്ന് നൂറുകണക്കിന് സന്ദർശകരെ ആകർഷിക്കുന്ന വാഗമണ്ണിനടുത്തുള്ള കോലാഹലമേട്ടിലെ കാന്റിലിവർ ഗ്ലാസ് ബ്രിഡ്ജ് ആണ്. രണ്ടാമത്തേത് കൊച്ചിയുടെ പ്രാന്തപ്രദേശമായ ഞാറയ്ക്കലിൽ നിർമ്മിക്കുന്ന കയാക്കുകളാണ്. അതിന്റെ ആദ്യ ബാച്ച് ഇതിനകം പുറത്തിറക്കിക്കഴിഞ്ഞു. കേരളത്തിന്റെ വാട്ടർസ്പോർട്സ് മേഖല ഗണ്യമായ രീതിയിൽ കുതിച്ചുയരാൻ തുടങ്ങുന്നതിന്റെ സൂചനയാണിത് നൽകുന്നത്. ലോകത്തെ ഏറ്റവും മികച്ചവരോട് മത്സരിക്കാൻ കഴിവുള്ളവരാണ് സംരംഭകരായ മലയാളികൾ എന്നതിന്റെ വ്യക്തമായ ഉദാഹരണമായി ഇതിനെ കാണാം.
കേരളത്തിൽ ഏകദേശം ഒരുലക്ഷത്തിൽ അധികം ടൂറിസം സംരംഭകരും ഇരുപത് ലക്ഷത്തിൽ അധികം സാങ്കേതിക വൈദഗ്ദ്യം നേടിയവരും പരിശീലനം സിദ്ധിച്ചവരും തുടങ്ങി ടാക്സി ഡ്രൈവർമാർ, ബോട്ട് ജീവനക്കാർ, പൂന്തോട്ട പരിപാലകർ വരെയുള്ള തൊഴിലാളികളും ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. കേരളത്തിലെ ടൂറിസം മേഖലയിൽ നിക്ഷേപിച്ചിരിക്കുന്ന സംരംഭകരിൽ 90% പേരും മലയാളികളാണ്.
സർക്കാർ അടിസ്ഥാനവികസനത്തിലും വിപണനതന്ത്രങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ സ്വകാര്യ മേഖലയാണ് ഹോട്ടലുകൾ, റിസോർട്ടുകൾ, ആയുർവേദ സെന്ററുകൾ, ഹൗസ് ബോട്ടുകൾ, ടൂർ ഓപ്പറേഷൻ, ട്രാൻസ്പോർട് ഓപ്പറേഷൻ തുടങ്ങി വിവിധ മേഖലകളിൽ നിക്ഷേപം നടത്തുന്നത്. ഏകദേശം മൂന്നുലക്ഷം കോടിയിൽ അധികം സ്വകാര്യ നിക്ഷേപം കേരളത്തിൽ ടൂറിസത്തിലും അനുബന്ധ വ്യവസായങ്ങളിലും ഉള്ളതായാണ് കണക്കാക്കപ്പെടുന്നത്.
ആദ്യ കാലങ്ങളിൽ യൂറോപ്പിൽ നിന്നുള്ള വിദേശ സഞ്ചാരികൾ ആയിരുന്നു നമ്മുടെ മുഖ്യ വരുമാന മാർഗമെങ്കിൽ കാലാന്തരത്തിൽ ആഭ്യന്തര ടൂറിസം വിപണി വികസിക്കുകയും ഇന്നത് മേഖലയുടെ നട്ടെല്ലായി മാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ കോവിഡ് കാലഘട്ടത്തിന് ശേഷം അറബ് രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ വലിയ തോതിൽ കേരളത്തിലേക്ക് ആകർഷിക്കപ്പെടുകയും 2024 മുതൽ ഒമാൻ യു എസ്സിനും യു കെക്കും പിറകിലായി ജർമ്മനിയെയും ഫ്രാൻസിനെയും പിന്തള്ളി മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തത് നമ്മുടെ അന്താരാഷ്ട്ര വിപണിയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ സൂചിപ്പിക്കുന്നു.
ടൂറിസത്തിന്റെ സമീപ ഭാവിയിലേക്ക് നോക്കുമ്പോൾ, ജി.സി.സി ഉൾപ്പെടെയുള്ള അറബ് വിപണി ഇന്ത്യയുടെ ഇൻബൗണ്ട് ടൂറിസത്തിന് ഏറ്റവും വലിയ വളർച്ചാസാധ്യതകളിലൊന്നാണ് തുറന്നു നൽകുന്നത്. ഈ സഞ്ചാരികൾ ധാരാളമായി പണം ചിലവഴിക്കുന്നവരും, വർഷം മുഴുവൻ യാത്ര ചെയ്യുന്നവരും, കുടുംബത്തോടൊപ്പമുള്ള യാത്രകൾക്ക് മുൻഗണന നൽകുന്നവരുമാണ്. കൂടാതെ വെൽനസ്, മെഡിക്കൽ, ആഡംബരം, അനുഭവാധിഷ്ടിത ടൂറിസത്തിൽ ഇവർക്ക് വലിയ താൽപര്യമുണ്ട്. ഇന്ത്യയിലേക്ക് ആകെ ലഭ്യമായ ആഗോള എയർലൈൻ കണക്റ്റിവിറ്റിയുടെ 37 ശതമാനത്തിലധികം ജി.സി.സി രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകളാണ്. മറ്റ് ടൂറിസം രാജ്യങ്ങൾക്ക് അവകാശപ്പെടാനില്ലാത്ത തന്ത്രപ്രധാനമായ ഒരു നേട്ടമാണിത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തുടങ്ങിയ നഗരങ്ങളിൽ വിനോദത്തിനും മെഡിക്കൽ ആവശ്യങ്ങൾക്കുമായി എത്തുന്ന അറബ് സന്ദർശകരുടെ എണ്ണത്തിൽ ഇതിനകം തന്നെ വലിയ വർധനവുണ്ട്. ഈ മുന്നേറ്റം കൂടുതൽ ടൂറിസം കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുകയും മികച്ച ലക്ഷ്യബോധത്തോടെ വിപണനം നടത്തുകയും ചെയ്യുക എന്നതാണ് ഇപ്പോഴുള്ള അവസരം. ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന വിനോദസഞ്ചാരികളിൽ ഉൾപ്പെട്ടവരാണ് ജി.സി.സി സഞ്ചാരികൾ. പ്രധാനമായി, അവർ ഇന്ത്യയിലെ പരമ്പരാഗത ഓഫ്-സീസൺ ആയ ജൂൺ-ആഗസ്റ്റ് മാസങ്ങളിലാണ് സന്ദർശനം നടത്തുന്നത്. ഇത് ടൂറിസം ബിസിനസുകൾക്ക് വർഷം മുഴുവൻ വരുമാനം ഉറപ്പാക്കാൻ സഹായിക്കുന്നു.
മെഡിക്കൽ വാല്യൂ ട്രാവൽ ആണ് അറബ് സഞ്ചാരികളെ ലക്ഷ്യം വച്ചുകൊണ്ടുള്ള മറ്റൊരു മേഖല. ലോകോത്തര ആശുപത്രികൾ, കുറഞ്ഞ ചെലവ്, പ്രവാസി സമൂഹത്തിന്റെ സാന്നിധ്യം എന്നിവയാൽ കൊച്ചി, തിരുവനന്തപുരം, ബംഗളൂരു തുടങ്ങിയ നഗരങ്ങൾ അറബ് മെഡിക്കൽ സന്ദർശകരുടെ ശക്തമായ അടിത്തറ ഇതിനകം നിർമ്മിച്ചെടുത്തിട്ടുണ്ട്. അടുത്ത ദശകത്തിൽ ഇന്ത്യൻ ഇൻബൗണ്ട് ടൂറിസത്തിന്, പ്രത്യേകിച്ചും കേരളത്തിന്, ഏറ്റവും പ്രതീക്ഷ നൽകുന്ന വളർച്ചാ അവസരങ്ങളിലൊന്നാണ് അറബ് യാത്രാ വിപണി. 2026 ആഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിച്ച ഇന്തോ-അറബ് കണക്ട് 2026 വ്യക്തമാക്കുന്നതും അതാണ്. ആവശ്യമായ ഉൽപന്നങ്ങൾ കേരളത്തിലുണ്ട്. അതോടൊപ്പംതന്നെ അടിസ്ഥാന സൗകര്യങ്ങളും അതിവേഗം മെച്ചപ്പെടുന്നുണ്ട്. യാത്രകൾ എത്രത്തോളം തടസരഹിതവും സന്ദർശകർക്ക് സഞ്ചാരാനുകൂലവുമാകുന്നോ എന്നതിനെ ആശ്രയിച്ചിരിക്കും ടൂറിസത്തിന്റെ അടുത്ത ഘട്ടത്തിലുള്ള വളർച്ച. ആ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയിൽ പുതിയ വ്യവസായ പദവി പുത്തൻ ഉണർവ് നൽകും എന്ന കാര്യത്തിൽ സംശയമില്ല.
ഇതിനോടകം ഏതാണ്ട് നാൽപത് രാജ്യങ്ങളിലൂടെ ഞാൻ സഞ്ചരിച്ചിട്ടുണ്ട്. കൂടുതൽ കൂടുതൽ യാത്രകൾക്ക് എനിക്ക് സഹായകമായത് ഞാൻ ചെയ്ത യാത്രകളെ തന്നെ ഒരു വരുമാനമാർഗമാക്കി കൂടിയാണ്. സോഷ്യൽ മീഡിയ അതിനുള്ള അനേകം അവസരങ്ങളാണ് ഒരുക്കുന്നത്. ടൂറിസത്തിന് വ്യവസായ പദവി ലഭിക്കുമ്പോൾ സംരംഭകമേഖലയിൽ അത് വൻ മാറ്റങ്ങൾക്ക് കാരണമാകും. പക്ഷേ അതിനേക്കാളേറെ നമ്മുടെ നാടിന്റെ സാധ്യതകളെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഞാൻ പലപ്പോഴും തിരിച്ചറിയുന്ന ഒരു സത്യമാണ് പ്രകൃതിയും സംസ്കാരവും നാട്ടുജീവിതവും ഇത്ര മനോഹരമായി ഒരുമിക്കുന്ന നാട് നമ്മുടെ കേരളം തന്നെയാണ് എന്ന വസ്തുത. യാത്രകൾ എനിക്ക് വിനോദം മാത്രമല്ല, പുതിയ മനുഷ്യരെയും ജീവിതരീതികളെയും അനുഭവങ്ങളെയും അടുത്തറിയാനുള്ള വഴി കൂടിയാണ്. അതുകൊണ്ടുതന്നെ കേരളത്തെ ഒരു സഞ്ചാരിയുടെ കണ്ണിലൂടെ നോക്കുമ്പോൾ ഇന്നും പൂർണ്ണമായി ഉപയോഗിക്കപ്പെടാത്ത അനവധി ടൂറിസം സാധ്യതകളാണ് നമുക്ക് മുന്നിൽ തെളിയുക.
മുന്നാർ, വയനാട്, ആലപ്പുഴ, കോവളം പോലെ നാം മുന്നോട്ട് വയ്ക്കുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾക്കപ്പുറം, ഗ്രാമീണ പാതകൾ, കായൽതീരങ്ങൾ, ചെറിയ മലനിരകൾ, വെള്ളച്ചാട്ടങ്ങൾ, നാട്ടുചന്തകൾ, തീരദേശ ഗ്രാമങ്ങൾ, പരമ്പരാഗത ഭക്ഷണം തുടങ്ങിയവയെല്ലാം മികച്ച ടൂറിസം സാധ്യതകളാണ്. പുതിയ സ്ഥലങ്ങളെ വെറും ‘ടൂറിസ്റ്റ് സ്പോട്ടുകൾ’ ആക്കുന്നതിനുപകരം, ആ നാടിന്റെ ജീവിതവും സംസ്കാരവും അനുഭവിക്കാവുന്ന ഡെസ്റ്റിനേഷനുകളായി അവതരിപ്പിക്കേണ്ടതുണ്ട്.
വിദേശയാത്രകളിൽ എനിക്ക് ഏറ്റവും പ്രധാനമായി തോന്നിയത് യാത്രാസൗകര്യങ്ങളുടെ പ്രാധാന്യമാണ്. നല്ല റോഡുകൾ, വ്യക്തമായ സൈൻബോർഡുകൾ, ശുചിത്വമുള്ള ടോയ്ലറ്റുകൾ, സുരക്ഷിത പാർക്കിങ്, പൊതുഗതാഗതം, മികച്ച ഇന്റർനെറ്റ് കണക്റ്റിവിറ്റി, വിശ്വസനീയമായ ഡിജിറ്റൽ വിവരങ്ങൾ എന്നിവ ഒരു യാത്രക്കാരന്റെ അനുഭവം കൂടുതൽ സുഖകരമാക്കുന്നു. കേരളത്തിലും ഇത്തരം സൗകര്യങ്ങൾ കൂടുതൽ ഏകോപിതമായി വികസിപ്പിക്കേണ്ടതുണ്ട്.
ടൂറിസത്തിന്റെ പ്രചാരകനായി മാത്രമല്ല, ഒരു മികച്ച പങ്കാളിയായിക്കൂടി സർക്കാർ പ്രവർത്തിക്കണം. പ്രാദേശിക സംരംഭകർ, ഹോംസ്റ്റേകൾ, ടൂർ ഓപ്പറേറ്റർമാർ, നാട്ടുകാർ, ട്രാവൽ ഇൻഫ്ളുവൻസർമാർ എന്നിവരെ ബന്ധിപ്പിച്ചാൽ പുതിയ ഡെസ്റ്റിനേഷനുകൾ ലോകശ്രദ്ധയിൽ എത്തിക്കാം. വ്യവസായ പദവിയിലേക്ക് വരുമ്പോൾ ഇത്തരം കണക്ടിവിറ്റികളും, വിവിധ തരത്തിലുള്ള നിക്ഷേപ സാധ്യതകളും സാധ്യമാകുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ ഓരോ ഇടത്തിനും ഓരോ കഥയുണ്ട് പറയാൻ. ആ കഥ ലോകത്തോട് മനോഹരമായി പറയാൻ കഴിഞ്ഞാൽ, നമ്മുടെ ടൂറിസം സാധ്യതകൾക്ക് അതിരുകളില്ല.
വ്യവസായ പദവിയിലേക്കെത്തുന്നതോടെ വെറും ഒരു സേവനമേഖലയിൽ നിന്ന് തൊഴിലും നിക്ഷേപവും പ്രാദേശിക വരുമാനവും വിദേശനാണ്യവും ഒരുമിച്ച് സൃഷ്ടിക്കുന്ന പ്രധാന സാമ്പത്തിക ശക്തിയായി വിനോദ സഞ്ചാരം മാറും. ഈ യാഥാർഥ്യത്തെ നയപരമായി അംഗീകരിക്കുന്ന സുപ്രധാന ചുവടുവയ്പാണ് 2026-27ലെ പരിഷ്കരിച്ച ബജറ്റിൽ വിനോദസഞ്ചാര മേഖലയ്ക്ക് 325.36 കോടി വകയിരുത്തുകയും വ്യവസായ പദവി നൽകുന്നതിനുള്ള നടപടികൾ പ്രഖ്യാപിക്കുകയും ചെയ്തത്.
കേരളം വിനോദസഞ്ചാരത്തിൽ നേടിയ വളർച്ചയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനത്തിന്റെ പ്രസക്തി മനസ്സിലാക്കേണ്ടത്. വിനോദസഞ്ചാരം ചില മനോഹരമായ സ്ഥലങ്ങളുടെ കഥ മാത്രമല്ല. ഒരു സഞ്ചാരി കേരളത്തിലെത്തുമ്പോൾ ഹോട്ടലിൽ മാത്രം പണം ചെലവഴിക്കുന്നില്ല. വാഹനമോടിക്കുന്നയാൾക്കും കർഷകനും മത്സ്യത്തൊഴിലാളിക്കും കരകൗശല തൊഴിലാളിക്കും ചെറുകിട വ്യാപാരിക്കും ഹോംസ്റ്റേ ഉടമയ്ക്കും ഭക്ഷണശാലയ്ക്കും കലാകാരനും അതിന്റെ പ്രയോജനം ലഭിക്കുന്നു. അതുകൊണ്ടുതന്നെ വിനോദസഞ്ചാരത്തിന്റെ വളർച്ചയുടെ യഥാർത്ഥ അളവുകോൽ സന്ദർശകരുടെ എണ്ണം മാത്രമല്ല; ആ വളർച്ച എത്രത്തോളം പ്രാദേശിക ജീവിതത്തിലേക്ക് വരുമാനവും തൊഴിലും എത്തിക്കുന്നു എന്നതുമാണ്. ഈ കാഴ്ചപ്പാടിലാണ് ഉത്തരവാദിത്ത വിനോദസഞ്ചാരത്തിനും സമൂഹാധിഷ്ഠിത പദ്ധതികൾക്കും സർക്കാർ നൽകുന്ന പ്രാധാന്യം പ്രസക്തമാകുന്നത്.
പുതിയ ബജറ്റിലെ സമീപനത്തിന്റെ മറ്റൊരു പ്രത്യേകത വിനോദസഞ്ചാരത്തെ ഏതാനും പരമ്പരാഗത കേന്ദ്രങ്ങളിൽ ഒതുക്കാതെ അതിന്റെ സാധ്യതകൾ വ്യാപിപ്പിക്കാനുള്ള ശ്രമമാണ്. മുസിരിസ് പൈതൃക പദ്ധതിക്ക് 19 കോടി, അന്താരാഷ്ട്ര മാരിടൈം മ്യൂസിയത്തിന് 50 കോടി, ആലപ്പുഴയിലെ പഴയ ടൂറിസം സൗകര്യങ്ങളുടെ പുനരുദ്ധാരണം, പതിരാമണൽ ദ്വീപിന്റെ സമഗ്ര വികസനത്തിനുള്ള മാസ്റ്റർപ്ലാൻ, തീർത്ഥാടന വിനോദസഞ്ചാര സർക്യൂട്ട്, ‘ബ്രാൻഡ് വയനാട്’, അഷ്ടമുടി വികസനം തുടങ്ങിയ നിർദേശങ്ങൾ ഇതിന്റെ ഭാഗമാണ്. പരിസ്ഥിതി, പൈതൃകം, ജലസമ്പത്ത്, സംസ്കാരം, ഗ്രാമീണ ജീവിതം എന്നിവയെ വിനോദസഞ്ചാരത്തിന്റെ സാമ്പത്തിക സാധ്യതകളുമായി ബന്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വ്യവസായ പദവി നൽകാനുള്ള തീരുമാനം ഈ പദ്ധതികൾക്ക് കൂടുതൽ അർത്ഥം നൽകുന്നു. വൈദ്യുതി, വെള്ളം, നികുതി തുടങ്ങിയ മേഖലകളിൽ വ്യവസായങ്ങൾക്ക് ലഭിക്കുന്ന പരിഗണനകളും നിക്ഷേപ സൗകര്യങ്ങളും വിനോദസഞ്ചാര സംരംഭങ്ങൾക്കും ലഭ്യമാകുന്ന സാഹചര്യം ഉണ്ടാകുന്നത് സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കും. പ്രത്യേകിച്ച് ചെറുകിട സംരംഭകരെയും ഹോംസ്റ്റേകളെയും സ്ത്രീകൾ നയിക്കുന്ന സംരംഭങ്ങളെയും പ്രാദേശിക അനുഭവാധിഷ്ഠിത ടൂറിസത്തെയും ഇത് ശക്തിപ്പെടുത്തും.
അതേസമയം വളർച്ചയുടെ പേരിൽ കേരളത്തിന്റെ പ്രകൃതിയെ നഷ്ടപ്പെടുത്തരുതെന്ന ബോധവും ഈ നയത്തിന്റെ കാതലാവണം. ആലപ്പുഴയിൽ ഹൗസ്ബോട്ട് മാലിന്യസംസ്കരണ സംവിധാനം, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ‘ഗ്രീൻ മാർഷൽസ്’ പദ്ധതി, മാംഗ്രൂവ്, ജൈവവൈവിധ്യ, കൃഷി, ഗ്രാമീണ വിനോദസഞ്ചാരങ്ങൾക്ക് നൽകുന്ന പ്രാധാന്യം എന്നിവ ഈ ഉത്തരവാദിത്തത്തിന്റെ സൂചനകളാണ്. കേരളത്തിന്റെ സൗന്ദര്യത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുമ്പോഴും അതിന്റെ ആത്മാവിനെ സംരക്ഷിക്കുക എന്നതാണ് ഇനി മുന്നിലുള്ള യഥാർഥ ഉത്തരവാദിത്തം.
വിനോദസഞ്ചാര മേഖലയ്ക്ക് സർക്കാർ വ്യവസായ പദവി പ്രഖ്യാപിച്ചുകഴിഞ്ഞു. സമഗ്രമായൊരു ടൂറിസം ഗുണനിലവാര മാനദണ്ഡം രൂപീകരിക്കുക എന്നതാണ് അടുത്ത പടി. ടൂർ ഓപ്പറേറ്റർമാർ, താമസവും ഗതാഗത സൗകര്യവും ഒരുക്കുന്നവർ, ഗൈഡുകൾ, അനുഭവാധിഷ്ഠിത സേവനങ്ങൾ നൽകുന്നവർ എന്നിവർക്കെല്ലാം ഈ മാനദണ്ഡം ബാധകമാക്കണം. ഇതിലൂടെ വിനോദസഞ്ചാരികൾക്ക് ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ കഴിയണം. ഒപ്പം, സുസ്ഥിരവും ഉത്തരവാദിത്തപൂർണ്ണവുമായ ടൂറിസം, ജനപങ്കാളിത്തം, പ്രാദേശിക തൊഴിലവസരങ്ങൾ എന്നിവയ്ക്കും തുല്യ പരിഗണന നൽകേണ്ടതുണ്ട്. ഒരു വ്യവസായമെന്ന നിലയിൽ, കേവലം വിനോദസഞ്ചാരികളുടെ എണ്ണം നോക്കി മാത്രം വിജയം അളക്കുന്ന പരമ്പരാഗത രീതിയിൽ നിന്ന് മാറി ചിന്തിക്കണമെന്നാണ് എന്റെ പക്ഷം. സന്ദർശകർ ഇവിടെ ചെലവഴിക്കുന്ന തുകയും അവർ തങ്ങുന്ന ദിവസങ്ങളുടെ എണ്ണവുമാണ് ഇനി വിലയിരുത്തേണ്ടത്. വിനോദസഞ്ചാരം പ്രാദേശിക സമ്പദ്വ്യവസ്ഥയിലുണ്ടാക്കുന്ന മാറ്റങ്ങൾ, പുതുതായി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ, നമ്മുടെ സമൂഹത്തിലും പരിസ്ഥിതിയിലുമുണ്ടാകുന്ന സ്വാധീനം എന്നിവയും കണക്കിലെടുക്കണം.
ടൂറിസം മേഖലയിൽ കുറ്റമറ്റൊരു സർട്ടിഫിക്കേഷൻ – ഗ്രേഡിങ് സംവിധാനം ഏർപ്പെടുത്തേണ്ടതുണ്ട്. നിരക്കുകൾ കുറച്ചുള്ള അനാവശ്യ മത്സരങ്ങൾക്ക് പകരം, മികച്ച ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യകരമായ മത്സരം കാഴ്ചവയ്ക്കാൻ പ്രൊഫഷണൽ ഓപ്പറേറ്റർമാർക്ക് ഇതിലൂടെ സാധിക്കും. സഞ്ചാരികളിൽ കൂടുതൽ വിശ്വാസ്യത വളർത്തുന്നതിനൊപ്പം, ഉത്തരവാദിത്തപൂർണ്ണമായ പ്രവർത്തനരീതികൾ അവലംബിക്കാൻ ഇത് സംരംഭകരെ പ്രേരിപ്പിക്കുകയും ചെയ്യും. ‘ഇന്ത്യയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രം’ എന്നതിലുപരിയായി നമ്മുടെ ലക്ഷ്യങ്ങൾ കൂടുതൽ വിപുലമാകണം. സുരക്ഷിതവും കാര്യക്ഷമവും സുസ്ഥിരവും ഉത്തരവാദിത്തപൂർണ്ണവുമായ ടൂറിസത്തിന്റെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മാതൃകയായി കേരളം മാറണം.
കേരളത്തിലെ ടൂറിസം മേഖല വർഷങ്ങളായി ആവശ്യപ്പെട്ടിരുന്ന ഒന്നായിരുന്നു ടൂറിസത്തിനുള്ള വ്യവസായ പദവി. ടൂറിസം രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് തന്നെ കാരണമാകുന്ന ഒന്നാണിത്. വ്യവസായ പദവി ലഭ്യമാകുന്നതിലൂടെ സിംഗിൾ വിൻഡോ ക്ലിയറൻസ്, സമയബന്ധിതമായ അനുമതികൾ, വിവിധ വകുപ്പുകൾ തമ്മിലുള്ള മികച്ച ഏകോപനം എന്നിവ സാധ്യമാക്കുകയും ടൂറിസം പ്രൊജക്ടുകൾ വേഗത്തിലാവുകയും സംരംഭകരുടെ സാമ്പത്തിക ഭാരം ഗണ്യമായി കുറയുകയും ചെയ്യുന്നു. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വളർച്ചാസാധ്യതയും നിക്ഷേപാനുകൂല സാഹചര്യവും നൽകുന്ന ടൂറിസം മേഖലയ്ക്ക് ഇത് വളരെ പ്രധാനമാണ്, വ്യവസായ പദവി ലഭിക്കുമ്പോൾ ആ പദ്ധതി പ്രദേശത്തെ റോഡുകൾ, കുടിവെള്ള വിതരണം, മലിനജല നിർമ്മാർജനം, തെരുവ് വിളക്കുകൾ, പൊതുഗതാഗതം, ഇന്റർനെറ്റ് കണക്റ്റിവിറ്റി തുടങ്ങിയ പൊതുവായ അടിസ്ഥാന, പശ്ചാത്തല സൗകര്യ വികസന മേഖലയിൽ സർക്കാർ നിക്ഷേപം കൂടുതൽ എളുപ്പമാക്കുകയും അതിലൂടെ വികസനം വേഗത്തിലാവുകയും ചെയ്യും. ഇത് സ്ഥാപനങ്ങൾക്കും വിനോദസഞ്ചാരികൾക്കും പ്രാദേശിക ജനവിഭാഗങ്ങൾക്കും ഒരുപോലെ ഗുണം ചെയ്യും.
സേവനമേഖലയിൽ നിന്നും വ്യവസായമായി മാറുന്നതോടെ വൈദുതി നിരക്കുകളിൽ ഉണ്ടാകുന്ന മാറ്റമാണ് ഇതിൽ ഏറ്റവും പ്രധാനമായത്. മെച്ചപ്പെട്ട ലോഡ് അനുമതിയും മികച്ച പവർ ഇൻഫ്രാസ്ട്രക്ചറും ലഭ്യമാകുന്നതോടൊപ്പം, എയർ കണ്ടീഷനിങ്, ഹീറ്റിങ്, ലോൺട്രി എന്നിവയ്ക്കുള്ള പ്രവർത്തനച്ചെലവ് ഗണ്യമായി കുറയുമെന്ന് കണക്കാക്കുന്നു. ആ തുക മറ്റ് വികസന പ്രവർത്തനത്തിലും തൊഴിലാളി ക്ഷേമ പ്രവർത്തനത്തിലും ഉപയോഗിക്കാൻ സാധിക്കും. നിലവിൽ പല ടൂറിസം സ്ഥാപനങ്ങളും കൊമേഴ്സ്യൽ വസ്തുനികുതിയാണ് അടയ്ക്കുന്നത്. വ്യവസായ പദവി ലഭിക്കുന്നതോടെ വ്യവസായങ്ങൾക്കുള്ള വസ്തു നികുതി നിരക്കുകൾ ബാധകമാവുകയും, ടൂറിസം സംരംഭങ്ങൾക്ക് അടിസ്ഥാന വികസന മേഖലക്ക് ലഭ്യമാകുന്ന വിവിധ ഇളവുകൾ ലഭിക്കുകയും ചെയ്യും.
കുറഞ്ഞ പലിശയിൽ എളുപ്പത്തിൽ ബാങ്ക് വായ്പകൾ ലഭ്യമാകുന്നതിലൂടെ നിലവിൽ സംരംഭകർ പലിശ ഇനത്തിൽ ചെലവഴിക്കുന്ന തുകയിൽ കാര്യമായ ഗുണം ലഭിക്കും. വ്യവസായിക പദവി ലഭിക്കുന്നതിലൂടെ അർഹമാകുന്ന നേട്ടങ്ങൾ, പലതാണ്. ഉയർന്ന വായ്പായോഗ്യതയും ദീർഘകാല തിരിച്ചടവ് കാലാവധിയും ചില പ്രത്യേക പദ്ധതികളിൽ കുറഞ്ഞ ഈട് ആവശ്യകതയും ഈ മേഖലയ്ക്ക് കൂടുതൽ ഉണർവ് നൽകും.
വിവിധ കേന്ദ്ര, സംസ്ഥാന വ്യവസായ പ്രോത്സാഹന പദ്ധതികളിൽ മുൻഗണനാ മേഖലയ്ക്കുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതോടെ അതിൽ സർക്കാർ ടൂറിസം പ്രോജക്ടുകളെ ഉൾപ്പെടുത്താൻ സാധിക്കും. മൂലധന സബ്സിഡി, പലിശ സബ്സിഡി, സാങ്കേതികവിദ്യ നവീകരിക്കുന്നതിനുള്ള പിന്തുണ, ക്വാളിറ്റി സർട്ടിഫിക്കേഷൻ പിന്തുണ, നൈപുണ്യ വികസനത്തിനുള്ള ഗ്രാന്റുകൾ അടക്കം കൂടുതൽ നേട്ടങ്ങൾ ഈ നടപടിയിലൂടെ സാധ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വ്യവസായമായി പ്രഖ്യാപിക്കുമ്പോൾ കയറ്റുമതി വ്യവസായ പദവി കൂടി അനുബന്ധമായി ലഭിക്കുന്നതോടെ, കേന്ദ്ര സർക്കാരിന്റെ കയറ്റുമതി പ്രോത്സാഹന ആനുകൂല്യങ്ങൾ, അന്താരാഷ്ട്ര ട്രേഡ് ഫെയറുകളിൽ പങ്കാളിത്തം, പങ്കാളിത്ത ചെലവുകളിൽ ലഭിക്കുന്ന ആനുകൂല്യം, അന്താരാഷ്ട്ര വിപണന പിന്തുണ, ബ്രാൻഡ് പ്രൊമോഷൻ എന്നിവ ടൂറിസം മേഖലയ്ക്ക് സഹായമാകുന്നതോടൊപ്പം കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ കരുത്തേകാനും സഹായകമാകും. ഇതിനൊപ്പം മറ്റു വ്യവസായങ്ങൾക്ക് ലഭിക്കുന്ന ഇൻഷുറൻസ് ആനുകൂല്യങ്ങൾ ടൂറിസം വ്യവസായത്തിനും ലഭിക്കാൻ വ്യവസായ പദവി അംഗീകാരം വഴിവെക്കും.
ടൂറിസം മേഖലയ്ക്കുള്ള വ്യവസായ പദവി നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും സ്വകര്യ നിക്ഷേപം വർധിപ്പിക്കാനും വിദേശ നിക്ഷേപ താൽപര്യം, ഉയർത്താനും വഴിയൊരുക്കും. ജോയിന്റ് വെഞ്ച്വർ, പ്രൈവറ്റ് ഇക്വിറ്റി പോലെയുള്ള നിക്ഷേപ സാധ്യതകൾ വരും നാളുകളിൽ വർധിക്കുകയും കേരളത്തിന്റെ ഭാവി വളർച്ചയിൽ വലിയ പങ്കു വഹിക്കുകയും ചെയ്യും.
