വിനോദസഞ്ചാരത്തിന്റെ പൈതൃക ഭൂമിക
സമകാലിക ജനപഥം 2026
സെപ്റ്റംബർ 1 പുസ്തകം 13 ലക്കം 2

മധ്യകേരളത്തെ വിദേശരാജ്യങ്ങളുമായി ബന്ധിപ്പിച്ചിരുന്ന പ്രാചീന തുറമുഖനഗരമായിരുന്നു മുസിരിസ്. പെരിയാർ നദീതടത്തെ കേന്ദ്രീകരിച്ച് വളർന്ന ഈ പ്രദേശം റോമാക്കാർ, അറബികൾ, ചൈനക്കാർ തുടങ്ങിയ വിവിധ ദേശക്കാരായ വ്യാപാരികളുടെയും യാത്രികരുടെയും സാന്നിധ്യത്തിന് സാക്ഷ്യം വഹിച്ചു. സംഘകാല കൃതികളിലും പ്രാചീന ഗ്രന്ഥങ്ങളിലും പരാമർശിക്കപ്പെടുന്ന മുസിരിസ്, പാപ്പിറസ് രേഖകളിലും പ്ലിനിയുടെ വിവരണങ്ങളിലും പ്രത്യക്ഷപ്പെടുന്ന പ്രധാന വ്യാപാരകേന്ദ്രമായിരുന്നു. പശ്ചിമേഷ്യ, യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യ തുടങ്ങി വിവിധ നാഗരികതകളുമായി ദക്ഷിണേന്ത്യയ്ക്ക് നിലനിന്നിരുന്ന വ്യാപാരബന്ധങ്ങളുടെ പ്രധാന കണ്ണിയായിരുന്നു ഇത്.
കാലക്രമത്തിൽ പ്രകൃതിദുരന്തങ്ങളും നദിയുടെ ഗതിമാറ്റങ്ങളും ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ മുസിരിസിന്റെ പ്രാധാന്യം ക്ഷയിക്കുകയും തുറമുഖനഗരം ചരിത്രത്തിന്റെ താളുകളിൽ മറയുകയും ചെയ്തു. എന്നാൽ നൂറ്റാണ്ടുകൾക്കുശേഷം പോർച്ചുഗീസുകാരും ഡച്ചുകാരും ഉൾപ്പെടെയുള്ള യൂറോപ്യൻ ശക്തികളുടെ വരവോടെ ഈ പ്രദേശം വീണ്ടും ചരിത്രത്തിന്റെ ശ്രദ്ധാകേന്ദ്രമായി.
മുസിരിസ് വ്യാപാരത്തിന്റെ മാത്രം കേന്ദ്രമായിരുന്നില്ല. വിവിധ രാജ്യങ്ങളുടെയും മതങ്ങളുടെയും സംസ്കാരങ്ങളുടെയും ഇടപെടലുകളിലൂടെ രൂപപ്പെട്ട ബഹുസ്വര സാംസ്കാരിക ഭൂമികയായിരുന്നു. കേരളത്തിലെ ജൂത -ഇസ്ലാമിക-ക്രൈസ്തവ പാരമ്പര്യങ്ങളുടെ പ്രാരംഭ ചരിത്രവുമായും ഈ പ്രദേശത്തിന് അടുത്ത ബന്ധമുണ്ട്. അതിനാൽ തന്നെ ആയിരക്കണക്കിന് വർഷങ്ങളുടെ മനുഷ്യവാസത്തിന്റെയും സാംസ്കാരിക ഇടപെടലുകളുടെയും ചരിത്രം ഉൾക്കൊള്ളുന്ന സമ്പന്നമായ പൈതൃകഭൂമിയാണ് മുസിരിസ്.
പട്ടണം കേന്ദ്രീകരിച്ച് കേരളം കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് നടത്തിയ പുരാവസ്തു ഖനനങ്ങളും തുടർന്നുള്ള ഗവേഷണങ്ങളും മുസിരിസിന്റെ ചരിത്രത്തെക്കുറിച്ചുള്ള പുതിയ തെളിവുകൾ പുറത്തുകൊണ്ടുവന്നു. വിദേശവ്യാപാര ബന്ധങ്ങളുടെ തെളിവുകളോടൊപ്പം പെരിയാർ നദീതടത്തിലും അതിന്റെ ഉൾപ്രദേശങ്ങളിലും സജീവമായിരുന്ന പുരാതന മനുഷ്യവാസത്തിന്റെയും കാർഷിക-സാമ്പത്തിക ജീവിതത്തിന്റെയും സൂചനകൾ കണ്ടെത്താനായി. മഹാശിലായുഗം മുതൽ വിവിധ ഘട്ടങ്ങളിലായി വികസിച്ച മനുഷ്യവാസത്തിന്റെ തുടർച്ചയും ഈ പ്രദേശത്തിന്റെ ചരിത്രപ്രാധാന്യം വ്യക്തമാക്കുന്നു.
സംരക്ഷണത്തിൽ നിന്ന്
പുനരുജ്ജീവനത്തിലേക്ക്
കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം സംരക്ഷണമില്ലാതെ തകർന്നുപോയ നിരവധി ചരിത്രസ്മാരകങ്ങളെയും പൈതൃക ഇടങ്ങളെയും സംരക്ഷിച്ച് പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാർ മുസിരിസ് പൈതൃക പദ്ധതിക്ക് 2009 ൽ രൂപം നൽകിയത്. വടക്കൻ പറവൂർ മുതൽ കൊടുങ്ങല്ലൂർ മതിലകം വരെയുള്ള പ്രദേശങ്ങളിലെ മുപ്പതോളം പൈതൃക കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് സ്മാരകസംരക്ഷണം, മ്യൂസിയം വികസനം, ഗവേഷണം, പൈതൃക വിനോദസഞ്ചാരം, പരിസ്ഥിതി സംരക്ഷണം, പ്രാദേശിക കലാ-കരകൗശല മേഖലകളുടെ പ്രോത്സാഹനം, സമൂഹപങ്കാളിത്തം എന്നിവയെ സമന്വയിപ്പിച്ചാണ് പദ്ധതി മുന്നേറുന്നത്.
ജീവിക്കുന്ന പൈതൃകത്തിന്റെ
പുതിയ ഭൂപ്രകൃതി
പൈതൃകത്തെ നിശ്ചലമായ ഒരു ഭൂതകാല അവശിഷ്ടമായി കാണാതെ, പ്രാദേശിക സമൂഹത്തിന്റെ ജീവിതവുമായി ബന്ധിപ്പിക്കുന്ന ‘ലിവിങ് ഹെറിറ്റേജ്’ ആശയമാണ് മുസിരിസ് പദ്ധതി മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ, ചരിത്രവും സംസ്കാരവും സമൂഹവും പ്രകൃതിയും പരസ്പരം സംവദിക്കുന്ന ഒരു സജീവ പൈതൃക ഭൂപ്രകൃതിയായി മുസിരിസ് ഇന്ന് ഇന്ത്യയിലെ സമഗ്ര പൈതൃക സംരക്ഷണത്തിന്റെയും സാംസ്കാരിക വിനോദസഞ്ചാരത്തിന്റെയും ശ്രദ്ധേയമായ മാതൃകയായി മാറുകയാണ്. ആയിരക്കണക്കിന് വർഷങ്ങളായി തുടരുന്ന മനുഷ്യവാസവും മതപാരമ്പര്യങ്ങളും ആരാധനാകേന്ദ്രങ്ങളും ഉത്സവങ്ങളും പരമ്പരാഗത കലകളും കരകൗശലങ്ങളും ഭക്ഷണസംസ്കാരവും കാർഷിക-ജലജീവിതരീതികളും ചരിത്രസ്മാരകങ്ങളുമെല്ലാം പരസ്പരം ബന്ധപ്പെട്ടുനിൽക്കുന്ന ലിവിങ് ഹെറിറ്റേജ് സോൺ എന്ന നിലയിലേക്ക് മുസിരിസ് വികസിച്ചുകൊണ്ടിരിക്കുകയാണ്.
ചരിത്രസ്മാരകങ്ങളുടെ സംരക്ഷണത്തിനൊപ്പം മ്യൂസിയങ്ങൾ, പൈതൃകനടത്തങ്ങൾ, സാംസ്കാരിക അനുഭവങ്ങൾ, പൈതൃക വിനോദസഞ്ചാര പാക്കേജുകൾ, പൈതൃക താമസസൗകര്യങ്ങൾ തുടങ്ങിയവ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം പൈതൃക കേന്ദ്രങ്ങളും പ്രാദേശിക സമൂഹവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തി, തദേശീയ കലാകാരന്മാർ, കരകൗശല വിദഗ്ധർ, പരമ്പരാഗത തൊഴിലാളികൾ, വ്യാപാരികൾ, മത-സാംസ്കാരിക സ്ഥാപനങ്ങൾ, യുവജനങ്ങൾ തുടങ്ങിയവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ മുസിരിസിന്റെ പൈതൃകം ജനജീവിതവുമായി കൂടുതൽ ഇഴചേർക്കാനാകും. ഇതുവഴി സന്ദർശനം ഒരു സ്മാരകം കാണുന്നതിൽ മാത്രം ഒതുങ്ങാതെ, അതുമായി ബന്ധപ്പെട്ട ചരിത്രവും പ്രാദേശിക ജീവിതവും സംസ്കാരവും പാരമ്പര്യങ്ങളും നേരിട്ട് അനുഭവിച്ചറിയാനുള്ള അവസരമായി മാറും. ഈ സമീപനമാണ് മുസിരിസിനെ ഒരു ലിവിങ് പൈതൃക സോൺ ആയി വികസിപ്പിക്കുന്നതിന്റെ പ്രധാന അടിത്തറ.
തുറമുഖങ്ങളെ
ബന്ധിപ്പിക്കുന്ന സ്പൈസ് റൂട്ട്
മുസിരിസ് പൈതൃക പദ്ധതിയുടെ പ്രവർത്തനങ്ങൾ ആലപ്പുഴയിലേക്ക് കൂടി വ്യാപിപ്പിച്ചതോടെ, കേരളത്തിന്റെ ചരിത്രപ്രധാനമായ തുറമുഖങ്ങളെയും സമുദ്രപൈതൃകത്തെയും സംരക്ഷിക്കുകയും അവയെ സാംസ്കാരിക വിനോദസഞ്ചാരവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന വിശാലമായ ആശയത്തിന് തുടക്കമായി. മുസിരിസിൽ നിന്ന് ആലപ്പുഴയിലേക്കുള്ള ഈ വിപുലീകരണം കേരളത്തിന്റെ മാരിടൈം ഹെറിറ്റേജ് സംരക്ഷണത്തിന് പുതിയൊരു ദിശ തുറന്നു.
കേരളത്തിന്റെ പ്രാചീന സുഗന്ധവ്യഞ്ജന വ്യാപാരപാതകളുമായി ചരിത്രപരമായി ബന്ധം പുലർത്തിയിരുന്ന വിവിധ രാജ്യങ്ങളെ ഉൾപ്പെടുത്തി, ആഗോളതലത്തിൽ കേരളത്തിന്റെ സമുദ്രവ്യാപാര പൈതൃകത്തെ പുനരവതരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ഇതോടൊപ്പം ശക്തമായി. അടുത്തിടെ നടന്ന സ്പൈസ് റൂട്ട് കോൺഫറൻസിൽ, കേരളവുമായി ചരിത്രപരമായ വ്യാപാരബന്ധം പുലർത്തിയിരുന്ന ഏകദേശം 30 രാജ്യങ്ങളെ ഉൾപ്പെടുത്തി ഒരു ഇന്റർനാഷണൽ സ്പൈസ് റൂട്ട് നെറ്റ്വർക്ക് പ്രഖ്യാപിച്ചത് ഈ ദിശയിലെ പ്രധാന ചുവടുവയ്പ്പായി.
ഇതിലൂടെ മുസിരിസ്, ആലപ്പുഴ കൊല്ലം, കോഴിക്കോട്, പൊന്നാനി, ബേപ്പൂർ തുടങ്ങിയ ചരിത്രതുറമുഖങ്ങളെ ഒറ്റപ്പെട്ട പൈതൃകകേന്ദ്രങ്ങളായി കാണാതെ, കേരളത്തിന്റെ പുരാതന സമുദ്രവ്യാപാര ശൃംഖലയുമായി ബന്ധിപ്പിച്ചുള്ള ഒരു അന്താരാഷ്ട്ര മാരിടൈം ഹെറിറ്റേജ് നെറ്റ്വർക്ക് ആയി വികസിപ്പിക്കാനുള്ള സാധ്യതയാണ് തുറന്നുകിട്ടുന്നത്. ചരിത്രപഠനം, പൈതൃകസംരക്ഷണം, മ്യൂസിയം വികസനം, സാംസ്കാരിക വിനിമയം, ഗവേഷണം, അന്താരാഷ്ട്ര വിനോദസഞ്ചാരം എന്നിവയെ ഏകോപിപ്പിക്കുന്നതിലൂടെ കേരളത്തിന്റെ സമുദ്രപൈതൃകത്തിന് ആഗോള ശ്രദ്ധ നേടാനും ഇത് സഹായിക്കും.
പൈതൃകത്തിന് പുതിയ അനുഭവഭാഷ പൈതൃക ടൂറിസത്തിന്റെ ഭാവി ചരിത്രസ്മാരകങ്ങൾ സന്ദർശിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. അവയെ അനുഭവിക്കാനും മനസ്സിലാക്കാനും സംവദിക്കാനും കഴിയുന്ന രീതിയിൽ അവതരിപ്പിക്കുന്നതിലാണ്. പ്രത്യേകിച്ച് പുതുതലമുറയിലെ സഞ്ചാരികളെ ആകർഷിക്കുന്നതിന് നിർമ്മിതബുദ്ധി, ഡിജിറ്റൽ സ്റ്റോറിടെല്ലിങ്, ഓഗ്മെന്റഡ് റിയാലിറ്റി , വെർച്വൽ റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.
മുസിരിസിന്റെ കാര്യത്തിൽ, ഇന്ന് കാണാനാകാത്ത പ്രാചീന തുറമുഖം, കപ്പലുകൾ, പുരാതന വ്യാപാരപാതകൾ, വിപണികൾ, വിവിധ ദേശങ്ങളിൽ നിന്നെത്തിയ വ്യാപാരികൾ, അന്നത്തെ നഗരജീവിതം, വിവിധങ്ങളായ യുദ്ധങ്ങൾ, പോരാട്ടങ്ങൾ, സമരങ്ങൾ തുടങ്ങിയവയെ ഓഗ്മെന്റഡ് റിയാലിറ്റി , വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യയിലൂടെ പുനർസൃഷ്ടിച്ച് കൊണ്ട് വിവിധ സ്മാരക മ്യൂസിയങ്ങളായ ചേരമാൻ ജുമാ മസ്ജിദ് , കോട്ടപ്പുറം കോട്ട, കൊടുങ്ങല്ലൂർ ക്ഷേത്ര മ്യൂസിയം , മാരിടൈം മ്യൂസിയം പട്ടണം എന്നിവിടങ്ങളിലായി വിഭാവനം ചെയ്തിട്ടുണ്ട് . വിദ്യാർഥികൾക്കും യുവസഞ്ചാരികൾക്കും ഗെയിമിഫിക്കേഷൻ, ഇന്ററാക്ടീവ് ക്വിസുകൾ, ഹെറിറ്റേജ് ട്രെയിലുകൾ തുടങ്ങിയവ പൈതൃകാനുഭവത്തെ കൂടുതൽ പങ്കാളിത്തപരമാക്കി വരുന്നുണ്ട്
മുസിരിസിലെ വിദ്യാഭ്യാസ
വിനോദസഞ്ചാരം
കേരളചരിത്രത്തിന്റെ പരിച്ഛേദമായ മുസിരിസിന്റെ പൈതൃകസമ്പത്ത് വിദ്യാഭ്യാസ വിനോദസഞ്ചാരത്തിന് (Educational Tourism) വലിയ സാധ്യതകളാണ് തുറന്നിടുന്നത്. ഒരു വിനോദയാത്രയ്ക്കപ്പുറം ചരിത്രം, പുരാവസ്തുശാസ്ത്രം, മ്യൂസിയം പഠനം, വാസ്തുവിദ്യ, സമുദ്രവ്യാപാരം, മത-സാംസ്കാരിക പാരമ്പര്യങ്ങൾ, പരിസ്ഥിതി, പ്രാദേശിക ജീവിതരീതികൾ എന്നിവ നേരിട്ട് അനുഭവിച്ചറിയാൻ കഴിയുന്ന ഒരു തുറന്ന പഠനശാലയായി മുസിരിസിനെ വികസിപ്പിക്കാനാകും.
പട്ടണം പുരാവസ്തു ഖനനകേന്ദ്രം, കൊടുങ്ങല്ലൂർ കോട്ട, ചേറമാൻ ജുമാ മസ്ജിദ്, തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം, പറവൂർ ജൂതപ്പള്ളി തുടങ്ങിയ വിവിധ പൈതൃകകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള വിദ്യാഭ്യാസ വിനോദസഞ്ചാരം വിദ്യാർഥികൾക്കും ഗവേഷകർക്കും പ്രയോജനകരമാകും. മ്യൂസിയം സന്ദർശനങ്ങൾ, പുരാവസ്തു വിദഗ്ധരുമായുള്ള സംവാദങ്ങൾ, ഹെറിറ്റേജ് വാക്കുകൾ, പ്രാദേശിക സമൂഹവുമായി ഇടപഴകുന്ന പഠന പരിപാടികൾ, പരമ്പരാഗത കലാ-കരകൗശല പരിശീലനങ്ങൾ എന്നിവ പഠനത്തെ ക്ലാസ് മുറിക്ക് പുറത്തേക്ക് വ്യാപിപ്പിക്കും.
മാരിടൈം ഹെറിറ്റേജ് സർക്യൂട്ട്
കേരളത്തിന്റെ സമുദ്രവ്യാപാര ചരിത്രത്തെ കൂടുതൽ ആകർഷകമായും അനുഭവാധിഷ്ഠിതമായും അവതരിപ്പി ക്കുന്നതിനായി 50-ഓളം കസ്റ്റമൈസ്ഡ് ഹെറിറ്റേജ് ടൂർ പാക്കേജുകൾ വികസിപ്പിച്ചിട്ടുണ്ട്. ഒരേ മാതൃകയിലുള്ള പൊതുവായ ടൂറുകൾക്കു പകരം, സന്ദർശകരുടെ താൽപര്യം, പ്രായം, ലഭ്യമായ സമയം, പഠനലക്ഷ്യം, ദേശീയത എന്നിവ പരിഗണിച്ച് വ്യത്യസ്ത പൈതൃകാനുഭവങ്ങൾ ഒരുക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മുസിരിസിൽ മാത്രം പരിമിതപ്പെടാതെ ആലപ്പുഴ, കൊല്ലം, കോഴിക്കോട്, പൊന്നാനി, ബേപ്പൂർ തുടങ്ങിയ ചരിത്രപ്രധാന തുറമുഖങ്ങളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് കേരളത്തിന്റെ മാരിടൈം ഹെറിറ്റേജ് സർക്യൂട്ട് വികസിപ്പിച്ചിട്ടുണ്ട്. ഓരോ തുറമുഖത്തിന്റെയും സവിശേഷമായ വ്യാപാരചരിത്രം, കപ്പൽനിർമ്മാണ പാരമ്പര്യം, സുഗന്ധവ്യഞ്ജന വ്യാപാരം, തീരദേശ ജീവിതം, മത-സാംസ്കാരിക ഇടപെടലുകൾ എന്നിവയെ അടിസ്ഥാനമാക്കി വ്യത്യസ്ത പൈതൃകാനുഭവങ്ങൾ രൂപപ്പെടുത്തുന്നതിലൂടെ സന്ദർശകർക്ക് കേരളത്തിന്റെ സമ്പന്നമായ സമുദ്രചരിത്രത്തെ സമഗ്രമായി മനസ്സിലാക്കാനും അനുഭവിച്ചറിയാനും അവസരമൊരുക്കുന്നു.
മുസിരിസ് ഒരു പുരാതന തുറമുഖത്തിന്റെ ഓർമ്മകളിൽ മാത്രം ഒതുങ്ങുന്ന പൈതൃകഭൂമിയല്ല; ചരിത്രവും സംസ്കാരവും പ്രകൃതിയും ജനജീവിതവും സാങ്കേതിക വിദ്യയും വിനോദസഞ്ചാരവും പരസ്പരം ഇഴചേർന്നു നിൽക്കുന്ന ജീവിക്കുന്ന പൈതൃക ഭൂപ്രകൃതിയാണ്. പുരാവസ്തു ഗവേഷണങ്ങളിലൂടെ വീണ്ടെടുത്ത ചരിത്രവും സംരക്ഷിക്കപ്പെട്ട സ്മാരകങ്ങളും മ്യൂസിയങ്ങളും പ്രാദേശിക പാരമ്പര്യങ്ങളും സമകാലിക സാങ്കേതിക വിദ്യയുടെയും പുതുതലമുറയുടെയും അനുഭവങ്ങളുമായി ബന്ധിപ്പിച്ചു കൊണ്ട്, പൈതൃകസംരക്ഷണത്തിന് പുതിയൊരു സമീപന മാണ് മുസിരിസ് പൈതൃക പദ്ധതിയിലൂടെ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മുന്നോട്ടുവയ്ക്കുന്നത്.
പൈതൃക സംരക്ഷണം, ലിവിങ് ഹെറിറ്റേജ്, വിദ്യാഭ്യാസ വിനോദസഞ്ചാരം, ഹെറിറ്റേജ് ടൂർ പാക്കേജുകൾ, അന്താരാഷ്ട്ര സ്പൈസ് റൂട്ട് നെറ്റ്വർക്ക് തുടങ്ങിയ വിവിധ മേഖലകളെ സമന്വയിപ്പിക്കുന്നതിലൂടെ മുസിരിസിന് ഒരു പ്രാദേശിക പൈതൃകകേന്ദ്രം എന്ന പരിധി മറികടന്ന് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ പൈതൃക വിനോദസഞ്ചാര കേന്ദ്രമായി വളരാനുള്ള വലിയ സാധ്യതയുണ്ട്. അതോടൊപ്പം തദ്ദേശീയ സമൂഹങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും പരമ്പരാഗത അറിവുകളും തൊഴിൽരീതികളും കലാ-കരകൗശല പാരമ്പര്യങ്ങളും സംരക്ഷിക്കുകയും പ്രാദേശിക ജനങ്ങൾക്ക് പുതിയ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമ്പോഴാണ് ഈ പൈതൃക പുനരുജ്ജീവനം യഥാർഥത്തിൽ സുസ്ഥിരമാകുന്നത്.
