സുരക്ഷിതമായ സാഹസികത

സമകാലിക ജനപഥം 2026
സെപ്റ്റംബർ 1 പുസ്തകം 13 ലക്കം 2

binu3

 

 

 

 

bini1
ശാന്തസുന്ദരമായ
പ്രകൃതി മാത്രമല്ല ഇന്ന് കേരളത്തിന്റെ വിനോദസഞ്ചാരമേഖലയുടെ മുഖം. സാഹസികത തേടുന്ന സഞ്ചാരികളുടെയും പറുദീസയാവുകയാണ് ദൈവത്തിന്റെ സ്വന്തം നാട്. സഞ്ചാരികൾക്കായി കേരളം തുറന്നിടുന്നത് അനുഭവങ്ങളുടെ പുതിയ ലോകമാണ്. ട്രെക്കിങും റോക്ക് ക്ലൈംബിങും കയാക്കിങും വൈറ്റ് വാട്ടർ റാഫ്റ്റിങും മുതൽ സർഫിങും പാരാഗ്ലൈഡിങും മൗണ്ടൻ ടെറൈൻ ബൈക്കിങും വരെ വൈവിധ്യമാർന്ന അനേകം വിനോദങ്ങളാണ് സാഹസിക സഞ്ചാരികൾക്കായി വിനോദ സഞ്ചാര വകുപ്പ് ഒരുക്കിയിരിക്കുന്നത്.

മലബാർ റിവർ ഫെസ്റ്റിവൽ, ഇന്റർനാഷണൽ പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ, സർഫിങ് ഫെസ്റ്റിവൽ തുടങ്ങിയവ കേരളത്തെ ലോകശ്രദ്ധയിലേക്ക് ഉയർത്തുന്നു. പ്രകൃതിയും ആവേശവും അനുഭവവും ഒരുമിക്കുന്നിടത്ത്, കേരളം വിനോദസഞ്ചാരത്തിന്റെ പുതിയ മുഖമായ സാഹസിക ടൂറിസം രംഗത്തും അനിഷേധ്യ സ്ഥാനമുറപ്പിക്കുകയാണ്.

പരമ്പരാഗത ടൂറിസം രീതികളിൽ നിന്ന് മാറി പുതിയ അനുഭവങ്ങളും വെല്ലുവിളികളും ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന സാഹസിക സഞ്ചാരികൾക്ക് കേരളം തുറന്നുനൽകുന്നത് സമാനതകളില്ലാത്ത സാധ്യതകളാണ്. സാഹസികതയുടെ ആവേശത്തിനൊപ്പം സുരക്ഷയും ഉത്തരവാദിത്തവും പരിസ്ഥിതിസംരക്ഷണവും ഉറപ്പാക്കുക എന്നതാണ് കേരളം മുന്നോട്ടുവയ്ക്കുന്ന പുതിയ സമീപനം. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ, സാഹസികതയെ സുരക്ഷിതവും ഉത്തരവാദിത്തപൂർണ്ണവുമായ ടൂറിസം അനുഭവമാക്കി മാറ്റിക്കൊണ്ട് കേരളം തുറക്കുന്നത് വിനോദസഞ്ചാരത്തിന്റെ പുതിയ അധ്യായമാണ്.

അപകടസാധ്യതകൾ കുറയ്ക്കുന്നതിനും സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമായി കരയിലും വെള്ളത്തിലും ആകാശത്തും നടത്തുന്ന വിനോദങ്ങൾക്ക് പൊതുവായതും, ഓരോ വിനോദത്തിനും പ്രത്യേകമായതുമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നത്. സാഹസിക ടൂറിസത്തിനെ സാഹസികം മാത്രമായി പരിഗണിക്കാതെ സുരക്ഷിതമായ സാഹസികത എന്ന ആശയത്തിലേക്ക് പരിവർത്തനം ചെയ്യുകയാണിവിടെ.

പദ്ധതികളിൽ പങ്കാളികളാകാം
സാഹസിക ടൂറിസം പദ്ധതികളിൽ പങ്കാളികളാകാൻ സൊസൈറ്റി അവസരമൊരുക്കിയിട്ടുണ്ട്. കേരളത്തിൽ ലഭ്യമാക്കാവുന്ന സാഹസിക വിനോദങ്ങളെക്കുറിച്ചും അതിൽ എങ്ങനെ പങ്കാളികളാകാമെന്നും സംബന്ധിച്ച് കൃത്യമായ മാർഗനിർദേശങ്ങളുണ്ട്.

binu featured imagപ്രധാന സാഹസികവിനോദങ്ങൾ
കേരളത്തിൽ അനുവദിക്കപ്പെട്ട സാഹസിക വിനോദങ്ങളിൽ പ്രധാനം ട്രെക്കിങ്, ഹൈക്കിങ്, നേച്ചർ വോക്ക്, പ്രകൃതിരമണീയമായ പാതകളിലൂടെയുള്ള സൈക്കിൾ സവാരി, സിപ്പ് ലൈൻ, ഹൈ റോപ്പ് ആക്ടിവിറ്റീസ്, റോക്ക് ക്ലൈംബിങ്, എ.ടി.വി സവാരി, ജീപ്പ് സഫാരി, ബോട്ടിങ്, പാരാസെയിലിങ്, വാട്ടർ സ്‌കീയിങ്, ജെറ്റ് സ്‌കീയിങ്, കയാക്കിങ്, സ്‌കൂബാ ഡൈവിങ്, വൈറ്റ്-വാട്ടർ റാഫ്റ്റിങ്, പാരാഗ്ലൈഡിങ് എന്നിവയാണ്.
രജിസ്ട്രേഷൻ നിർബന്ധം
സാഹസിക ടൂറിസത്തിൽ പങ്കാളിയായി അഡ്വെഞ്ചർ ആക്ടിവിറ്റി പ്രൊവൈഡേഴ്സ് ആകാൻ ആഗ്രഹിക്കുന്നവർ കേരള ടൂറിസം വകുപ്പിൽ നിന്നും രജിസ്‌ട്രേഷൻ നേടേണ്ടത്.  ടൂറിസം വകുപ്പിൽ അപേക്ഷ നൽകുന്നതിന് മുമ്പ് സാഹസിക പരിപാടിയുമായി ബന്ധപ്പെട്ട നിയന്ത്രണ അധികാരികളിൽ നിന്നുള്ള അനിവാര്യമായ ലൈസൻസുകൾ നേടണം. (ഉദാഹരണത്തിന്: ബോട്ടിങ്ങിന് പോർട്ട് അതോറിറ്റിയുടെ അനുമതി ആവശ്യമാണ്.)

ഈ ലൈസൻസുകൾ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സ്ഥാപനത്തിന്റെ വിശദാംശങ്ങൾ, നടത്താനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ, സർക്കാർ നിർദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പൂർണ്ണമായി പാലിക്കുമെന്ന സാക്ഷ്യപത്രം, മറ്റ് ആവശ്യമായ രേഖകൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷ ലഭിച്ച ശേഷം സൊസൈറ്റി പ്രാഥമിക പരിശോധന നടത്തുന്നു. തുടർന്ന് സംസ്ഥാനതല വിദഗ്ധ സമിതിയിലേക്ക് അയയ്ക്കുകയും അവർ സ്ഥലത്തെത്തി സുരക്ഷാസംവിധാനങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യുന്നു. ഇതിനെ തുടർന്ന് രജിസ്ട്രേഷൻ അനുവദിക്കുകയോ നിരസിക്കുകയോ ചെയ്യുന്നു. രജിസ്ട്രേഷന്റെ സാധുത രണ്ട് വർഷം ആണ്.

സുരക്ഷാസംവിധാനങ്ങൾ
അപകടസാധ്യത പൂർണ്ണമായും ഒഴിവാക്കുക എന്നതിലുപരി അപകടസാധ്യത മുൻകൂട്ടി തിരിച്ചറിഞ്ഞ് നിയന്ത്രിക്കുക എന്നതാണ് സാഹസിക ടൂറിസത്തിന്റെ പ്രധാന സമീപനം. അഡ്വെഞ്ചർ ആക്ടിവിറ്റി നടത്തുന്നതിന് മുമ്പ് അപകട സാധ്യതകൾ വിലയിരുത്തി രേഖപ്പെടുത്തുകയും ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിക്കുകയും വേണം. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വ്യക്തമായ എമർജൻസി ആക്ഷൻ പ്ലാൻ ഉണ്ടായിരിക്കണം. ജീവനക്കാർക്ക് അതുമായി ബന്ധപ്പെട്ട പരിശീലനം നൽകണം. പരിസ്ഥിതി സൗഹൃദാന്തരീക്ഷം ഉറപ്പാക്കണം. വനമേഖലയിലോ സമീപ പ്രദേശങ്ങളിലോ സാഹസിക ടൂറിസം നടത്തുമ്പോൾ പ്രകൃതിക്കും വന്യജീവികൾക്കും ഹാനിയുണ്ടാകാതിരിക്കാൻ പ്രത്യേക ജാഗ്രത പുലർത്തേണ്ടതുണ്ട്. അതിനായി വന്യജീവികളെ ശല്യപ്പെടുത്താതിരിക്കുക, ഭക്ഷണം നൽകാതിരിക്കുക, ശബ്ദ മലിനീകരണം നിയന്ത്രിക്കുക. മാലിന്യങ്ങൾ പ്രകൃതിയിൽ തള്ളാതിരിക്കുക. തുടങ്ങിയ കാര്യങ്ങൾ ഉറപ്പു വരുത്തേണ്ടതാണ്.

അന്താരാഷ്ട്ര മത്സരങ്ങളും മേളകളും
കേരളത്തിലെ സാഹസിക ടൂറിസം സാധ്യതകൾ ആഗോളതലത്തിൽ പ്രദർശിപ്പിക്കുന്നതിൽ അന്താരാഷ്ട്ര മത്സരങ്ങളും മേളകളും വലിയ പങ്കുവഹിക്കുന്നു. സാഹസിക വിനോദവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഒട്ടേറെ മേളകൾ സംഘടിപ്പിച്ചുവരുന്നു.

മലബാർ റിവർ ഫെസ്റ്റിവൽ

പുഴയുടെ സ്വാഭാവിക ഒഴുക്കിനെയും മലബാറിന്റെ പ്രകൃതിഭംഗിയെയും സാഹസിക കായികമേളയാക്കി മാറ്റുന്ന മലബാർ റിവർ ഫെസ്റ്റിവൽ, കേരളത്തിന്റെ വൈറ്റ് വാട്ടർ അഡ്വഞ്ചർ ടൂറിസത്തിന്റെ മുഖമുദ്രകളിലൊന്നായി മാറിയിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ തുഷാരഗിരിക്ക് സമീപമുള്ള ചാലിപ്പുഴ, ഇരുവഞ്ഞിപ്പുഴ എന്നിവിടങ്ങളിലാണ് മലബാർ റിവർ ഫെസ്റ്റിവൽ അരങ്ങേറുന്നത്. ജൂലൈ മാസത്തിൽ നടത്തുന്ന ഫെസ്റ്റിവെലിൽ അന്താരാഷ്ട്ര-ദേശീയ താരങ്ങൾക്കൊപ്പം പ്രാദേശികവും അമച്വർ വിഭാഗങ്ങളിലു
മുള്ള കയാക്കർമാർക്കും അവസരം നൽകുന്നു. യാക് സ്ലാലം, ബോട്ടർ ക്രോസ്/കയാക് ക്രോസ്, റോഡിയോ തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുക.

ഇന്റർനാഷണൽ

പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ
വാഗമൺ കുന്നുകളുടെ കാഴ്ച സാധാരണനിലയിൽ തന്നെ അവിസ്മരണീയമാണ്. പ്രകൃതി അതിന്റെ എല്ലാ മനോഹാരിതയോടെയും ആകാശദൃഷ്ടിയിൽ ദൃശ്യമാകുന്ന കാഴ്ചയുടെ മനോഹാരിത പിന്നെ പറയേണ്ടതുണ്ടോ. അതുകൊണ്ട് തന്നെയാണ് ഇടുക്കി ജില്ലയിലെ വാഗമണിലെ വെടിക്കുഴി സൂയിസൈഡ് പോയിന്റിൽ നടത്തുന്ന ഇന്റർനാഷണൽ പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ ആഗോള ശ്രദ്ധയാകർഷിക്കുന്നത്. വാഗമൺ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,100 മീറ്റർ ഉയരത്തിലുള്ള മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. മനോഹരമായ പുൽമേടുകളും അനുകൂലമായ കാലാവസ്ഥയും സ്വാഭാവികമായി അനുയോജ്യമായ ടേക്ക് ഓഫ്, ലാൻഡിങ് മേഖലകളും വാഗമണിനെ പാരാഗ്ലൈഡിങിന് അനുയോജ്യമായ കേന്ദ്രമാക്കുന്നു. ഫെബ്രുവരി മാസത്തിൽ നടക്കുന്ന മത്സരത്തിൽ വിവിധ രാജ്യങ്ങളിലെ മത്സരാർഥികൾക്കൊപ്പം ദേശീയ അന്തർദേശീയ താരങ്ങളും മാറ്റുരയ്ക്കുന്നു. വാഗമണിനെ ഒരു പ്രമുഖ സാഹസിക സഞ്ചാര കേന്ദ്രമാക്കി വളർത്തുന്നതിനൊപ്പം അന്താരാഷ്ട്ര വിദഗ്ധരുടെ അക്രോബാറ്റിക്സ് പ്രദർശനങ്ങളും ഇതിന്റെ ഭാഗമായി നടത്തുന്നു

binu4 1ഇന്റർനാഷണൽ സർഫിങ് ഫെസ്റ്റിവൽ

വർക്കല കടൽത്തീരത്തെ ഒരു അവധിക്കാല ബീച്ച് ഡെസ്റ്റിനേഷനിൽ നിന്ന് തിരമാലകളെ തേടിയെത്തുന്ന സഞ്ചാരികളുടെ സാഹസിക കേന്ദ്രമാക്കി മാറ്റുകയാണ് സർഫിങ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തെ ഇന്ത്യയിലെ പ്രധാന സർഫിങ് ഡെസ്റ്റിനേഷനായി ഉയർത്തുകയും വർക്കലയെ അന്താരാഷ്ട്ര സർഫിങ് ഹബ്ബായി വികസിപ്പിക്കുകയും ചെയ്യുകയാണ് ഫെസ്റ്റിവലിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. എല്ലാ വർഷവും ജനുവരിയിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിവെലിൽ ദേശീയ അന്തർദേശീയ അത്ലറ്റുകൾ മത്സരിക്കുന്നു.

ഇന്റർനാഷണൽ മൗണ്ടൻ ടെറൈൻ ബൈക്കിങ് ചാമ്പ്യൻഷിപ്പ്

ചായത്തോട്ടങ്ങളുടെ പച്ചപ്പിനിടയിലൂടെ മണ്ണും പാറയും വെള്ളവും താണ്ടിയുള്ള അഞ്ച് കിലോമീറ്റർ പാതയിലൂടെയുള്ള ആവേശകരമായ മൗണ്ടൻ ബൈക്കിങ് അനുഭവം നൽകുന്ന ഇന്റർനാഷണൽ മൗണ്ടൻ ടെറൈൻ ബൈക്കിങ് ചാമ്പ്യൻഷിപ്പ് കേരളത്തിന്റെ സാഹസിക ടൂറിസം ഭൂപടത്തിലെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയ ഒരു മത്സരമാണ്. വയനാട്ടിലെ മാനന്തവാടി പ്രിയദർശിനി ടീ പ്ലാന്റേഷനിലാണ് എല്ലാ വർഷവും നവംബർ മാസത്തിൽ എംടിബി കേരള അരങ്ങേറുന്നത്. ഏകദേശം 3,000 അടി ഉയരത്തിലുള്ള അഞ്ച് കിലോമീറ്റർ ട്രാക്ക് മണ്ണ്, പാറ, വെള്ളം തുടങ്ങിയ വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായ ഭൂപ്രദേശങ്ങളി ലൂടെയാണ് കടന്നുപോകുന്നത്. വെല്ലുവിളി നിറഞ്ഞ ഈ ക്രോസ് കൺട്രി കോഴ്സ് റൈഡർമാർക്ക് മികച്ച അനുഭവമേകുന്ന ചാമ്പ്യൻഷിപ്പാണ്. വിവിധ രാജ്യങ്ങളിലുള്ള സൈക്ലിസ്റ്റുകൾക്കും ഇന്ത്യൻ അമച്വർ അത്ലറ്റുകൾക്കും മത്സരം സംഘടിപ്പിക്കുന്നു.യൂണിയൻ സൈക്ലിസ്റ്റ് ഇന്റർനാഷണലിന്റെ (UCI) MTB ചാമ്പ്യൻഷിപ്പ് കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുള്ള പരിപാടി കൂടിയാണിത്.

പുതിയ സാധ്യതകൾ

ട്രെക്കിങ് പാതകൾ, പുഴകൾ, കുന്നുകൾ, തീരദേശം, ഗ്രാമങ്ങൾ എന്നിവയെ സുരക്ഷിതമായി ബന്ധിപ്പിക്കുന്നതിലൂടെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വൈവിധ്യവൽക്കരണം സാധ്യമാവുകയാണ്. ഇതിലൂടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അമിത തിരക്ക് കുറയ്ക്കാനും പുതിയ ഗ്രാമീണമേഖലകളിൽ തൊഴിലവസരങ്ങളും വരുമാനവും സൃഷ്ടിക്കാനും സാധിക്കുന്നു.

സാഹസികടൂറിസം എന്നത് വെറുമൊരു അനുഭവം മാത്രം പ്രദാനം ചെയ്യുന്ന ഒന്നല്ല. അതിനൊപ്പം സുരക്ഷ, ഉത്തരവാദിത്വം, പരിസ്ഥിതി സംരക്ഷണം, പരിശീലനം, ഗുണനിലവാരം, പ്രാദേശിക പങ്കാളിത്തം, അടിസ്ഥാന സൗകര്യവികസനം എന്നിവയും ചേർന്നുള്ള സമഗ്രമായ വിനോദസഞ്ചാരമേഖലയാണ്. സാഹസികത മാത്രമല്ല സുരക്ഷിതമായ സാഹസിക ടൂറിസമാണ് കേരളം ലോകത്തിനു മുന്നിൽ
തുറന്നിടുന്നത്.

 

Spread the love