ഇന്ത്യയുടെ ‘അമ്മമാർ’
സമകാലിക ജനപഥം 2026
ആഗസ്റ്റ് 1 പുസ്തകം 13 ലക്കം 1


പെരുമ്പാമ്പിനെപ്പോലെ വളഞ്ഞുപുളഞ്ഞ് ഭൂമിയുടെയും ആകാശത്തിന്റെയും അതിരിലേക്ക് നീണ്ടുകിടക്കുന്ന ചെങ്കുത്തായ മലമ്പാത… ശാലമരങ്ങളും പൈൻ മരങ്ങളും തിങ്ങിനിറഞ്ഞ മലഞ്ചരിവുകൾ. കൊയ്ത്തുകഴിഞ്ഞ നെൽപ്പാടങ്ങളിൽ പുല്ല് തിന്നുന്ന പശുക്കൾ… തൊട്ടരികെ, അലസലാസ്യയായി ഒഴുകുന്ന തമോർ നദി… തലയിൽ പച്ചപ്പുല്ലിന്റെ കെട്ടുമായി മല കയറിപ്പോകുന്ന ലെപ്ച്ച സ്ത്രീകൾ ഒരുവേള മേഘങ്ങൾക്കിടയിലൂടെയാണോ നടക്കുന്നത് എന്ന് തോന്നിപ്പോകും. ദൂരെ, മഞ്ഞുമൂടിയ ഹിമാലയത്തിന്റെ ഭീമാകാരമായ ഗിരിനിരകൾ ആകാശത്തെ ഒറ്റവിരൽ കൊണ്ട് താങ്ങിനിർത്തുംപോലെ ഉയർന്നുനിൽക്കുന്നു.
കിഴക്കൻ നേപ്പാളിലെ പ്രാദേശിക രാഷ്ട്രീയപ്രവർത്തകയായ ചാന്ദ്നി ലെപ്ച്ചയുടെ കുഞ്ഞുവീട്ടിലായിരുന്നു ഞാൻ. ഇന്ത്യൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന താപ്ലെജുംഗ് ജില്ലയിലെ അതിവിദൂരമായ ഒരുൾനാടൻ ഗ്രാമം. മേൽക്കൂരയിൽ നീല നിറത്തിലുള്ള ആസ്ബസ്റ്റോസ് ഷീറ്റടിച്ച, മണ്ണുകൊണ്ട് തറയും ചുമരും പണിത ആ ഒറ്റമുറി വീട്ടിൽ ചാന്ദ്നി തനിച്ചാണ്. നാൽപത് വർഷങ്ങൾക്കുമുമ്പ് സിക്കിമിലെ ഒരുൾനാടൻ ഗ്രാമത്തിൽനിന്നും താപ്ലെജുംഗിലേക്ക് കുടിയേറിയ കുടുംബമാണ് ചാന്ദ്നിയുടേത്. അവളുടെ കാരണവന്മാർ ഡാർജിലിങിലെ യുറോപ്യൻ ചായത്തോട്ടങ്ങളിലെ പണിക്കാരായിരുന്നു. ചാണകം പൊട്ടിയടർന്ന് വരാന്തയിൽ ഇരുന്ന്, ‘ടൂകി’ (നേപ്പാളി ഗ്രാമങ്ങളിൽ ഉപയോഗിക്കുന്ന ചെറിയ മണ്ണെണ്ണ വിളക്ക്)യുടെ അടപ്പൂരി കുപ്പിയിലേക്ക് ശ്രദ്ധയോടെ മണ്ണെണ്ണ ഒഴിക്കുകയായിരുന്നു അവൾ. ഒറ്റപ്പെട്ട വീടാണ് ചാന്ദ്നിയുടേത്. ചുറ്റും കൃഷിസ്ഥലങ്ങളും പുൽമേടുകളുമാണ്. മലമ്പാതയിലൂടെ രണ്ടുമൂന്നു കിലോമീറ്റർ നടന്നാൽ മാത്രമേ അടുത്ത അയൽവാസിയെ കാണാനൊക്കൂ. സ്വയം തിരഞ്ഞെടുത്ത ഏകാന്തജീവിതം. പശുക്കളും കോഴികളും നെൽക്കതിർ കൊത്താൻ എവിടെനിന്നോ വന്നുപോകുന്ന കിളികളും, മുന്നിലെ സർവസാക്ഷിയായ ഹിമവാനും മാത്രമാണ് ചാന്ദ്നിയുടെ കൂട്ടുകാർ.
പിറ്റേന്ന് താപ്ലെജുംഗിനടുത്തുള്ള ഒരു ഗ്രാമത്തിൽ വെച്ച് നടക്കുന്ന യോഗത്തിൽ പങ്കെടുക്കാനാണ് ഞാൻ ആ വിദൂര ഗ്രാമത്തിൽ എത്തിയത്. ഹോട്ടലുകൾ ഇല്ലാത്തതുകൊണ്ട് ഈ ഒറ്റപ്പെട്ട കുടിലിൽ തങ്ങുകയല്ലാതെ മറ്റു വഴികൾ ഇല്ലായിരുന്നു. ചെങ്കുത്തായ ഹെയർപിൻ പാതകളിലൂടെ അപകടകരമാം വിധം പഴഞ്ചനായ ജീപ്പിൽ സഞ്ചരിച്ചും നടന്നും കിതച്ചും ഒക്കെയാണ് ഭൂമിയുടെ കിഴക്കേ അറ്റം എന്ന് തോന്നിപ്പിക്കുന്ന മലയടിവാരത്തെ ഈ കുഞ്ഞു വീട്ടിൽ ഞങ്ങൾ എത്തിയത്. ചാന്ദ്നി അകത്തെ ഒറ്റമുറിയിൽ നിന്നും ഒരു കീറിയ തഴപ്പായ മുറ്റത്തേക്കിട്ടു. അതിനുശേഷം സുൾപു കത്തിച്ച് ആഞ്ഞ് പുകയൂതി (നേപ്പാളി ഹുക്ക).
ദൂരെയുള്ള ഗ്രാമത്തിനു മുകളിൽ മഞ്ഞിന്റെ മേലാട വീഴാൻ തുടങ്ങി. നദിയും നെൽപ്പാടങ്ങളും കടന്നെത്തിയ കുളിർകാറ്റിന് പവിഴമല്ലിയുടെ മണം. മിഴികൾ അടയും മുമ്പേ ചാന്ദ്നി എന്നെ ആ വീട്ടിലെ ഒറ്റ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. പഴന്തുണികളും കീറിയ കമ്പിളിത്തുണ്ടുകളും കൊണ്ട് മറച്ച ജനലഴികൾ ഉള്ള ഇടുങ്ങിയ ഒരു മുറി. ഒരു വശത്തായി ചെറിയ ഒരു കട്ടിൽ. മറുവശത്ത്, കൂട്ടിയിട്ട തുണികൾക്കിടയിൽ ഒരു പഴയ തയ്യൽ മെഷീൻ. തയ്യൽ മെഷീന്റെ മുകളിൽ സാമാന്യം വലിപ്പമുള്ള ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഫ്രെയിം ചെയ്ത് തൂക്കിയിരുന്നു. ‘ടൂക്കി’യുടെ മങ്ങിയ പ്രകാശത്തിൽ ഫോട്ടോ വ്യക്തമല്ല. ഞാൻ പതുക്കെ ആ ചുമരിന് അരികിലേക്ക് നടന്നു. ഫോട്ടോ വ്യക്തമായി കാണാൻ ചാന്ദ്നി ‘ടൂക്കി’ ചുമരിനടുത്തേക്ക് പിടിച്ചു.
പ്രായം ചെന്ന രണ്ട് സ്ത്രീകളായിരുന്നു അതിൽ. ഒരാൾ ഖാദി സാരിയും നീണ്ട കൈയുള്ള ബ്ലൗസും ധരിച്ച കണ്ണട ധരിച്ച ഒരു വൃദ്ധ. മറ്റേത് ലെപ്ച്ചകളുടെ പരമ്പരാഗത വേഷം ധരിച്ച ഒരു യുവതി. ഫോട്ടോയിലെ യുവതിയെ തൊട്ടുകാണിച്ചുകൊണ്ട് അതെന്റെ മുത്തശ്ശിയാണെന്ന് ചാന്ദ്നി അഭിമാനത്തോടെ പറഞ്ഞു. മറ്റേത് ആരാണെന്ന് ഞാൻ കൗതുകത്തോടെ ചോദിച്ചു. ചാന്ദ്നി എന്നെ അമ്പരപ്പോടെ നോക്കി. എന്നിട്ട് ഹിന്ദിയിൽ ചോദിച്ചു. ‘അതാരാണെന്ന് മനസ്സിലായില്ലേ? ഒരിക്കൽക്കൂടി നോക്കൂ… നിങ്ങൾക്ക് ശരിക്കും അറിയേണ്ടതാണ്’.
ഞാൻ വീണ്ടും നോക്കി. ഇല്ല. ഒരു പരിചയവും തോന്നുന്നില്ല. മുമ്പ് ഒരിക്കലും എവിടെയും കണ്ടിട്ടില്ലാത്ത ഒരു സ്ത്രീ. ‘അതാണ് സാബിത്രീദേവി’. ചാന്ദ്നിയുടെ മുഖത്ത് ശരിക്കും നിലാവ് പൂത്തു. ‘ഗാന്ധിബാപ്പു ഇട്ട പേരാണത്. ബാപ്പു ആയിരുന്നു അവരുടെ ഗുരു. യഥാർഥ പേര് ഹെലൻ ലെപ്ച്ച. സിക്കിമിൽ നിന്നുള്ള പ്രശസ്തയായ സ്വാതന്ത്ര്യസമരസേനാനിയാണ്. ഞങ്ങളുടെ ‘സാങ്മു’ ഗ്രാമത്തിലാണ് ജനിച്ചത്. എന്റെ മുതുമുത്തശ്ശിയും അവരുടെ കുടുംബവും അയൽക്കാരായിരുന്നു’.
ഞാൻ അന്ധാളിച്ചു. അങ്ങനെയൊരു പേര് ഒരിക്കലും കേട്ടിട്ടില്ല. ഈ പെൺകുട്ടി കള്ളം പറയുന്നതാവാൻ വഴിയില്ല. ഒരുപക്ഷെ ഏതെങ്കിലും പ്രാദേശിക നേതാവാകാം. ദേശീയബോധത്തിന്റെ വേരുകൾ ഇടനെഞ്ചിലും ഞരമ്പുകളിലും ആഴത്തിൽ പടർത്തിയ മനുഷ്യർ എല്ലായിടത്തും ഉണ്ടാകുമല്ലോ എന്ന് ആശ്വസിച്ചുകൊണ്ട് എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി.
പിറ്റേന്ന് രാവിലെ ഞങ്ങൾ താപ്ലെജുംഗിലേക്ക് മടങ്ങി. അവിടുന്ന് ദൽഹിയിലേക്കും. തിരികെ അഹമ്മദാബാദിൽ എത്തിയ ശേഷമാണ് ഞാൻ ‘ഹെലൻ ലെപ്ച്ച’യെ ഇന്റർനെറ്റിൽ തിരഞ്ഞത്. തിരയാൻ അധികമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഗൂഗിളിൽ നിന്നും കിട്ടിയ പരിമിതമായ വിവരങ്ങൾ എന്നെ വല്ലാതെ അലട്ടി. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് എത്രമാത്രം പരിമിതമാണെന്ന് മനസിലായത് അപ്പോഴാണ്.
മഞ്ഞിൽ ജനിച്ച്, മഞ്ഞിൽ വളർന്ന, അതീവ സൗമ്യയും അതീവ ധീരയുമായ സ്ത്രീയായിരുന്നു ഹെലൻ ലെപ്ച്ച. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ ശബ്ദായമാനമായ ചരിത്രത്തിൽ നിശ്ശബ്ദതയിലൂടെ മാത്രം സ്വയം അടയാളപ്പെടുത്തിയ ചുരുക്കം ചില സ്ത്രീകളിൽ ഒരാൾ. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവങ്ങളിലും വർണ്ണശബളമായ പൂരക്കാഴ്ചകളിലും ഹെലൻ ലെപ്ച്ച കടന്നുവന്നിട്ടേയില്ല. നിസ്സഹകരണപ്രസ്ഥാനം മുതൽ ക്വിറ്റ് ഇന്ത്യാ സമരം വരെ ഡാർജിലിങ് മലനിരകളിലെയും തറായ് മേഖലയിലെയും വടക്കുകിഴക്കൻ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെയും ഏറ്റവും ധീരയായ കോൺഗ്രസ് നേതാവായിരുന്നു ഹെലൻ. യുറോപ്യൻ മുതലാളിത്ത സംസ്കാരത്തിന്റെ കേന്ദ്രങ്ങളായ കുർസോങിലും ഡാർജിലിങിലും സിലിഗുരിയിലും ഒക്കെ ബ്രിട്ടീഷ് നിർമ്മിത വസ്തുക്കളുടെ ബഹിഷ്കരണം സംഘടിപ്പിക്കാനും, ഗൂർഖ-ലെപ്ച്ച സമുദായങ്ങളെ ബ്രിട്ടിഷുകാർക്കെതിരെ ഏകോപിപ്പിക്കാനും ഹെലന്റെ ചിട്ടയായ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു.
സുഭാഷ്ചന്ദ്രബോസിനെ ഇന്ത്യയിൽനിന്നും രക്ഷപ്പെടുന്നതിൽ സഹായിച്ചത് ഹെലൻ ലെപ്ച്ച ആയിരുന്നുവെന്നത് ഇന്നും അധികമാർക്കും അറിയില്ലാത്ത ചരിത്രവസ്തുതയാണ്. നിർഭാഗ്യവശാൽ, നേതാജിയുടെ ജീവചരിത്രമെഴുതിയവർ പോലും ഹെലൻ ലെപ്ച്ചയുടെ പങ്കാളിത്തം വിസ്മരിച്ചു. അതുകൊണ്ടുതന്നെ അവിടെയും അവർ അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ടു.
1939-40 കാലഘട്ടത്തിൽ നേതാജി സുഭാഷ്ചന്ദ്രബോസ് കുർസോങിൽ വീട്ടുതടങ്കലിൽ കഴിയുമ്പോൾ ഹെലൻ ഭർത്താവായ ഇഷാൻ അഹമ്മദിന്റെ ബേക്കറിയിൽനിന്നുള്ള ബ്രെഡിനുള്ളിൽ കത്തുകൾ ഒളിപ്പിച്ചാണ് കൽക്കത്തയിൽനിന്നും മറ്റു പല ഭാഗങ്ങളിൽ നിന്നുമുള്ള രഹസ്യസന്ദേശങ്ങൾ അദ്ദേഹത്തിന് കൈമാറിയത്. കൂടാതെ നേതാജിയെ താടിയും മീശയും വെച്ച് ഒരു പത്താന്റെ വേഷത്തിൽ രക്ഷപ്പെടാനും അവർ സഹായിച്ചു. അങ്ങനെ ഹെലന്റെ സഹായത്തോടെയാണ് നേതാജിക്ക് കുർസോങിൽ നിന്നും കൽക്കത്തയിലേക്കും അവിടുന്ന് കാബൂൾ വഴി ജർമനിയിലേക്കും രക്ഷപ്പെടാൻ സാധിച്ചത്. സ്വാതന്ത്ര്യം ലഭിച്ച ശേഷവും അവർ കുർസോങിലെ പ്രാദേശിക രാഷ്ട്രീയത്തിൽ സജീവമായിരുന്നു. പക്ഷെ, നെഹ്റു കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നിട്ടും അവർ ഒരിക്കൽപ്പോലും പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ നേരിൽ പോയി കാണുകയോ സ്ഥാനമാനങ്ങൾക്കായി അപേക്ഷിക്കുകയോ ചെയ്തില്ല. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും കറയറ്റ മതേതരവാദിയായിരുന്ന ഹെലൻ ലെപ്ച്ച വടക്കുകിഴക്കൻ ഇന്ത്യയിലെ സമാദരണീയയായ നേതാവായിരുന്നു.
1980 ആഗസ്ത് 18ന് ഡാർജിലിങിലെ പ്ലാന്റേഴ്സ് ക്ലബ് ആശുപത്രിയിൽ വെച്ചാണ് ഹെലൻ ലെപ്ച്ച അന്തരിച്ചത്. ജാതിമതഭേദമന്യേ ആയിരക്കണക്കിന് മനുഷ്യരാണ് അവരെ അവസാനമായി കാണാൻ ആശുപത്രിയിലും വീട്ടിലും എത്തിയത്. മതരഹിത ജീവിതം നയിച്ച ഹെലൻ ലെപ്ച്ചയുടെ മൃതദേഹം സംസ്കരിച്ചത് സർവമത പ്രാർഥനകളോടെയായിരുന്നു.
ഹെലൻ ലെപ്ച്ചയുടെ ജീവിതം അങ്ങനെ വിസ്മരിക്കപ്പെടേണ്ടതല്ല. പൊതുപ്രവർത്തനരംഗത്ത് പുരുഷന്മാരും അഭിജാതരായ വരേണ്യവനിതകളും മാത്രം പരിഗണിക്കപ്പെട്ടിരുന്ന ഒരു കാലത്താണ് ആദിവാസിയായ, സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാത്ത, ഒരു സ്ത്രീ മുൻ നിരയിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. അതുവരെ സമൂഹത്തിന്റെ അരികുകളിൽ ഒതുക്കപ്പെട്ടിരുന്ന ധാരാളം സ്ത്രീകൾക്ക് ആത്മവിശ്വാസം നൽകിയത് ഹെലൻ ലെപ്ച്ചയുടെ സമർപ്പിതജീവിതമായിരുന്നു.
ഹെലൻ ലെപ്ച്ചയുടെ ജീവിതം അക്ഷരാർഥത്തിൽ എന്റെ കണ്ണുനിറച്ചു. മുഖ്യധാരാ ചരിത്രകാരന്മാർ ഒരിക്കൽപ്പോലും പരാമർശിക്കാത്ത ധീരദേശാഭിമാനികളായ ധാരാളം സ്ത്രീകൾ ഇതുപോലെ വിദൂരമായ ഗ്രാമങ്ങളിലെ പല മുഷിഞ്ഞ ചുമരുകളിലും ഉണ്ടാകില്ലേ? പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പൊതുസമൂഹം ഓർമ്മിക്കാത്ത നിരവധി സ്ത്രീകളെക്കുറിച്ച് അറിഞ്ഞത്. വാസ്തവത്തിൽ, വൻ ജലപാതങ്ങളെയും മഞ്ഞുമലകളെയും ചിറ്റരുവികളെയും നീർച്ചാലുകളെയും ഒരുപോലെ നെഞ്ചിലേറ്റുന്ന ഒരു മഹാനദിപോലെയാണ ഇന്ത്യൻ ദേശീയപ്രസ്ഥാനം. ചർക്കയും ഉപ്പും പദയാത്രകളും പിക്കറ്റിങും നൃത്തവും നാടകവും മുജ്രയും യക്ഷഗാനവും മാത്രമല്ല; അമ്പും വില്ലും വാളും പരിചയും തോക്കും ബോംബും പീരങ്കിയും വരെ ഒരേ ലക്ഷ്യബോധത്തോടെ അതിൽ പങ്കാളികളായി. ആശയങ്ങളുടെയും ആയുധങ്ങളുടെയും ഈ മഹാപ്രവാഹത്തിൽ ചെറുവഞ്ചികളും ചങ്ങാടങ്ങളുമായി ഒറ്റയ്ക്ക് തുഴയാനിറങ്ങിയ ധാരാളം സ്ത്രീകളും ഉണ്ടായിരുന്നു.
കഥകിന്റെയും ഗസലുകളുടെയും ഖവാലികളുടെയും ലോകത്തുനിന്നും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സായുധകലാപത്തിലേക്ക് ആയുധങ്ങളും അഭയവും സ്നേഹവും പ്രണയവുമായി ഇറങ്ങി വന്ന തവായിഫുകൾ മുതൽ യാഥാസ്ഥിതികത്വത്തിന്റെ ചങ്ങലക്കെട്ടുകളെ ധീരതയോടെ കുടഞ്ഞുകളഞ്ഞ് രാഷ്ട്രീയത്തിലും സമൂഹത്തിലും മാറ്റം വരുത്താൻ സ്വയം സമർപ്പിച്ച ദേവദാസികൾ വരെ…
ഉദാദേവി പാസി, ജൽക്കാരി ദേവി, അസീസൻ ബായി, ഗൗഹർ ജാൻ, ഹെലൻ ലെപ്ച്ച, സത്യവതീ ദേവി, ദുർഗാവതി വോറ, കൽപ്പന ദത്ത, ഉഷാ മേത്ത, മാതംഗിനി ഹസ്ര, പ്രീതിലത വാദേദാർ, നനിബാലാ ദേവി, രാജ് കുമാരി അമൃത്കൗർ, ഹൻസാ മേത്ത, ദാക്ഷായണി വേലായുധൻ, ദുർഗാബായ് ദേശ്മുഖ്, മുത്തുലക്ഷ്മി റെഡ്ഡി, ഖുർഷിദ്ബെൻ നവറോജി…… ഇതൊരു നീണ്ട പട്ടികയാണ്.
പുരുഷന്മാരുടെ നിഴലിൽ അല്ലാതെ മിന്നാമിനുങ്ങുകൾ പോലെ സ്വയം പ്രകാശിച്ച സ്ത്രീകളാണ് ഇവരൊക്കെയും. ഇവരിൽ അക്ഷരമറിയാത്ത ഗോത്രവർഗ വനിതകൾ മുതൽ ലോകോത്തര സർവകലാശാലകളിൽ ഉപരിപഠനം നടത്തിയ സ്ത്രീകൾ വരെയുണ്ട്. അമ്പും വില്ലുമേന്തി കുതിരപ്പുറത്ത് പടക്കിറങ്ങാൻ തയ്യാറായ, സ്വന്തം നാട്ടുരാജ്യത്തിന്റെ അതിരുകൾക്കപ്പുറമുള്ള ലോകം അപരിചിതമായിരുന്ന ദളിത് സ്ത്രീപോരാളികൾ മുതൽ ഐക്യരാഷ്ട്രസഭയുടെ സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം തിരുത്തിയെഴുതിക്കാൻ കഴിവും ശബ്ദവും ഉണ്ടായിരുന്ന സ്ത്രീകൾ വരെ… വിപ്ലവത്തിന് വേണ്ടി സ്വന്തം ജീവനും രക്തവും നൽകിയ പെൺകുട്ടികൾ മുതൽ ഗാന്ധിയൻ പാതയിൽ നിന്നും ഒരടിപോലും വ്യതിചലിക്കാൻ തയ്യാറാവാത്ത സമാധാനപോരാളികൾ വരെ…
ഈ പോരാളികളിൽ പലരും പിന്നീട് പാടേ വിസ്മൃതരായി. അവരുടെ സംഭാവനകൾ എവിടെയും ചർച്ച ചെയ്യപ്പെട്ടില്ല. അവരുടെ പേരിൽ മരണാനന്തര ബഹുമതികളും പുരസ്കാരങ്ങളും അനുസ്മരണ പ്രഭാഷണങ്ങളും ഉണ്ടായില്ല. അവരുടെ ജീവചരിത്രങ്ങൾ എഴുതപ്പെട്ടില്ല. മ്യൂസിയങ്ങളിൽ അവരുടെ ചിത്രങ്ങൾ ഇല്ല. ചില സ്ത്രീകൾ പൂർണ്ണമായും തമസ്കരിക്കപ്പെട്ടപ്പോൾ അപൂർവം ചിലർ അവരുടെ ദേശത്തുമാത്രം പ്രാദേശികമായി ഓർമ്മിക്കപ്പെട്ടു. ചിലർ വിദൂരഗ്രാമങ്ങളിലെ ഒറ്റമുറി വീടുകളിലെ നിറം മങ്ങിയ ചുമരുകളിൽ ഒതുങ്ങി. മറ്റു ചിലരാകട്ടെ, പ്രാദേശിക വായനശാലകളിലെ പഴകി മഞ്ഞിച്ച സോവനീറുകളിലെ പൊടിയിൽ മുങ്ങിക്കിടക്കുന്നുണ്ടാകും. ചിലരുടെ പ്രതിമകൾ അവരുടെ ഗ്രാമങ്ങളിൽ അടുത്ത കാലത്തായി ഉയർന്നിട്ടുണ്ട്. ഉത്തരേന്ത്യയിലെ ദളിത്-ബഹുജനരാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ് അപൂർവം ചില സ്ത്രീ സ്വാതന്ത്രസേനാനികൾ എങ്കിലും ഇന്ന് വീരാംഗനകളായി ആരാധിക്കപ്പെടുന്നത്.
സ്വാതന്ത്ര്യസമരത്തിൽ മാത്രം ഒതുങ്ങിയില്ല, ഈ സ്ത്രീപങ്കാളിത്തവും അദൃശ്യവൽക്കരണവും. അത് ഭരണഘടനാനിർമ്മാണ സഭയിലേക്കും രാഷ്ട്രനിർമ്മാണ പ്രവർത്തനത്തിലേക്കും കൂടി നീണ്ടു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മഹത്തായ രാഷ്ട്രനിർമ്മാണപ്രക്രിയയിലും ഭരണഘടനാ നിർമ്മാണത്തിലും പുരുഷന്മാരായ നേതാക്കൾക്കൊപ്പം തുല്യമായ പങ്ക് വഹിച്ച ധാരാളം സ്ത്രീകൾ ഉണ്ടായിരുന്നു. വിഭജനവും പലായനങ്ങളും വർഗീയകലാപങ്ങളും ക്ഷാമവും സൃഷ്ടിച്ച ഗുരുതരമായ പ്രശ്നങ്ങളുടെ മലവെള്ളപാച്ചിലിൽ, നെഹ്റുവിനോടൊപ്പം ചേർന്നുനിന്ന് തുഴഞ്ഞുകൊണ്ട് ജനാധിപത്യഇന്ത്യയെ കരയ്ക്കെത്തിക്കാൻ ഈ സ്ത്രീകൾ സഹിച്ച ത്യാഗങ്ങൾ ചെറുതല്ല. ഭരണഘടനയിലും ആരോഗ്യരംഗത്തും സാമൂഹ്യക്ഷേമരംഗത്തും വിദ്യാഭ്യാസരംഗത്തും ഒക്കെ അവരുടെ കൃത്യമായ കൈയൊപ്പുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനെയും ഇന്ത്യയുടെ ആരോഗ്യവ്യവസ്ഥയെയും ശൂന്യതയിൽനിന്ന് പടുത്തുയർത്തിയ രാജ്കുമാരി അമൃത് കൗർ മുതൽ സാമൂഹ്യക്ഷേമവകുപ്പിന്റെ പ്രവർത്തനങ്ങൾ അടിത്തട്ടിൽവരെ വ്യാപിപ്പിച്ച ദുർഗാബായ് ദേശ്മുഖ് വരെയുള്ള സ്ത്രീകൾ… എന്നിട്ടും, വിക്രം സാരാഭായിയും ഡോ.വിശ്വേശ്വരയ്യയും മഹലനോബിസും എം.എസ്.സ്വാമിനാഥനും ഒക്കെ ‘ഇൻസ്റ്റിറ്റിയൂഷൻ ബിൽഡിങിലെ’ അതികായന്മാരായി വാഴ്ത്തപ്പെട്ട നാട്ടിൽ അസാധാരണമായ പ്രതിഭയും ഭാവനയും കാര്യശേഷിയും ഉണ്ടായിരുന്ന ഈ സ്ത്രീനേതാക്കൾ വിസ്മരിക്കപ്പെട്ടു. സ്വാതന്ത്ര്യസമരത്തിലെയും വികസനപാതയിലേയും ‘പിതാക്കന്മാരെ’ കൃത്യമായി അടയാളപ്പെടുത്തുകയും ബിംബവൽക്കരിക്കുകയും ചെയ്ത് സിംഹാസനങ്ങളിൽ ഇരുത്തിയ ഇന്ത്യൻ പൊതുബോധം ഈ പ്രക്രിയയുടെ അവിഭാജ്യഘടകമായിരുന്ന ‘അമ്മമാരെ’ സ്മരണയുടെ ഓരങ്ങളിലേക്ക് കുറ്റബോധമില്ലാതെ തള്ളിമാറ്റി.
വിഭിന്ന സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നുമുള്ള തികച്ചും വ്യത്യസ്തരായ ഈ അമ്മമാരെ ബന്ധിപ്പിക്കുന്ന ഒരേയൊരു കണ്ണി ഇന്ത്യയെന്ന മഹാരാജ്യത്തോടുള്ള അവരുടെ ഉപാധികളില്ലാത്ത സ്നേഹവും സമർപ്പണവുമാണ്. സഹജീവികളോടുള്ള അതിരില്ലാത്ത അനുതാപമാണ്. ഭർത്താവിന്റെ നിഴലിലല്ലാതെ സ്വയം വഴിവെട്ടി മുന്നോട്ടുവന്നവരാണ് ഇവരിലേറെയും. ഈ അമ്മമാരിൽ പലരും വ്യക്തിജീവിതത്തിൽ അമ്മമാരോ ഭാര്യമാരോ അല്ല. അവിവാഹിതകളും വിധവകളും സന്ന്യാസജീവിതം നയിച്ചവരും ഇവർക്കിടയിലുണ്ട്. എങ്കിലും, പൊതുവായി ഈ ‘റിപ്പബ്ലിക്കിന്റെ അമ്മ’ എന്ന് വിശേഷിപ്പിക്കപ്പെടാൻ അർഹരാണ് ഓരോരുത്തരും.
വാസ്തവത്തിൽ, ഒരു ബഹുസ്വര മതേതര ദേശരാഷ്ട്രത്തിന്റെ മാതാവായി നമ്മൾ സങ്കൽപിക്കേണ്ടത് ശിവകാശി കലണ്ടറുകളെ ഓർമ്മിപ്പിക്കുന്ന സർവാഭരണ വിഭൂഷിതയായ രൂപത്തെയോ ആയുധധാരിയായ സംഹാരമൂർത്തിയേയോ അല്ല. പകരം, സഹനത്തിന്റെയും പ്രതിബദ്ധതയുടെയും ആത്മസമർപ്പണത്തിന്റെയും സമരവീര്യത്തിന്റെയും കാലാതിവർത്തിയായ ചേതോഹരമാതൃകകളിലൂടെ രാഷ്ട്രനിർമ്മാണപ്രക്രിയയിൽ സുപ്രധാന പങ്കുവഹിച്ചിട്ടും യാതൊരു അവകാശവാദങ്ങളും ഇല്ലാതെ നിശ്ശബ്ദരായി കടന്നുപോയ നിരവധി സാധാരണ സ്ത്രീകളാണ് യഥാർഥത്തിൽ ‘ഭാരതമാതാവ്’ എന്ന് സങ്കൽപ്പിക്കുമ്പോൾ നമുക്ക് മുന്നിൽ തെളിഞ്ഞുവരേണ്ടത്. കാരണം, ആ അമ്മമാരുടെ ജീവനും ജീവിതവും വിയർപ്പും ചോരയും ഉരുക്കിച്ചേർത്ത ഉലയിൽ നിന്നാണ് ഇന്ത്യയെന്ന ആധുനിക മതേതര ജനായത്ത റിപ്പബ്ലിക് സുവർണ്ണ ശോഭയോടെ ഉയർന്നുവന്നത്.
ആധുനിക ഇന്ത്യാചരിത്രം പെരുമഴയത്ത് നിർത്തിയ ഈ ‘അമ്മമാരിൽ’ ചിലരെയെങ്കിലും കണ്ടെടുത്ത് പരിചയപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത കൂടിയാണ്.
