കവര്‍‌സ്റ്റോറി

ലഹരിക്കടത്തിനു മാത്രമല്ല; ഉപയോഗത്തിനുമുണ്ട് ശിക്ഷ

സമകാലിക ജനപഥം 2026
ആഗസ്റ്റ് 1 പുസ്തകം 13 ലക്കം 1

ലഹരി വിൽപനയും കടത്തലിനുമൊക്കെ മാത്രമാണ് ശിക്ഷയെന്നാണ് പൊതുധാരണ. എന്നാൽ ലഹരിയുടെ ലോകത്തേക്കുള്ള ആദ്യ ചുവടുപോലും ഒരാളുടെ ജീവിതം കവർന്നെടുക്കാൻ പര്യാപ്തമാണ്.

കാരണം, മയക്കുമരുന്ന് കേസുകളിൽ നിയമം ലക്ഷ്യമിടുന്നത് കടത്തുകാരെയും വിൽപനക്കാരെയും മാത്രമല്ല; ഉപയോഗിക്കുന്നവരെയും കൂടിയാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനായി രാജ്യത്ത് നിലവിലുള്ള ഏറ്റവും കർശനമായ നിയമങ്ങളിലൊന്നാണ് നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് (NDPS Act). ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ മയക്കുമരുന്ന് കടത്തും വിൽപനയും മാത്രമല്ല; ഉപയോഗം, കൈവശം വെക്കൽ, ഉൽപാദനം, സംഭരണം, ഗതാഗതം, ഇറക്കുമതി-കയറ്റുമതി, ഗൂഢാലോചന, കുറ്റവാളികൾക്ക് സഹായം നൽകൽ തുടങ്ങി ലഹരിശൃംഖലയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക പ്രവൃത്തികളും കുറ്റകൃത്യങ്ങളാണ്.

കുറ്റത്തിന്റെ സ്വഭാവവും മയക്കുമരുന്നിന്റെ അളവും അനുസരിച്ച് ശിക്ഷയുടെ കാഠിന്യവും വർധിക്കും. ചെറിയ അളവിലുള്ള ഉപയോഗത്തിന് തടവും പിഴയും മുതൽ, കൊമേഴ്സ്യൽ ക്വാണ്ടിറ്റിയിലുള്ള ഗുരുതര കുറ്റങ്ങൾക്ക് ദീർഘകാല കഠിനതടവും സ്വത്ത് കണ്ടുകെട്ടലും, ആവർത്തിക്കുന്ന അതീവ ഗുരുതര കുറ്റങ്ങളിൽ വധശിക്ഷ വരെയും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ മയക്കുമരുന്ന് നിയമത്തിന്റെ വ്യാപ്തിയും കാഠിന്യവും സംബന്ധിച്ച ശരിയായ അവബോധം ഓരോ പൗരനും ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.

ഞാൻ എന്റെ സ്വകാര്യ ഇടത്തിൽ ഇരുന്ന് ഉപയോഗിച്ചിട്ടല്ലേ ഉള്ളൂ എന്ന ന്യായവാദത്തിനൊന്നും പ്രസക്തിയില്ല എന്നാണ് പറഞ്ഞുവരുന്നത്. മയക്കു മരുന്നുകളുടെ സ്വയം ഉപയോഗവും നിയമത്തിൽ കർശനമായി നിരോധിച്ചിട്ടുണ്ട്. കഞ്ചാവ് പോലെയുള്ള മയക്കു മരുന്നുകൾ ഉപയോഗിച്ചാൽ 6 മാസം തടവ് ശിക്ഷയും 10,000 രൂപ വരെ പിഴ ശിക്ഷയും മോർഫിൻ, കൊക്കയിൻ തുടങ്ങിയവ ഉപയോഗിച്ചാൽ ഒരു വർഷം വരെ കഠിന തടവ് ശിക്ഷയും 20,000രൂപ വരെ പിഴയും കോടതിക്ക് ഈടാക്കാം.

നിയമ അവബോധമില്ലായ്മ
മയക്കുമരുന്ന് വിപണന ശൃംഖലയുടെ ഭാഗമായാൽ ലഭിക്കാവുന്ന ശിക്ഷയെക്കുറിച്ച് കൃത്യമായ അറിവില്ലാത്തതിനാൽ അധികവരുമാനം കണ്ടെത്തുന്നതിനും മറ്റുമായി ഈ മേഖലയിലേയ്ക്ക് തിരിയുന്നവരാണ് പലരും. ഒരു ജയിലിൽ ക്ലാസ്സെടുത്തു കഴിഞ്ഞപ്പോൾ ഏകദേശം 19-20 വയസ്സ് പ്രായമുള്ള ഒരാൾ എന്റെ അടുത്തേക്ക് വന്ന്, വളരെ സങ്കടത്തോടെ അവന്റെ വിഷമങ്ങൾ പറഞ്ഞു. കേരളത്തിന് പുറത്തുള്ള ഒരു കോളേജിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ പോക്കറ്റ് മണിക്കായി കഞ്ചാവ് വിൽപന നടത്തുകയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്. കുറച്ചു നാളുകൾക്കുള്ളിൽ വിട്ടേക്കും എന്ന ശുഭപ്രതീക്ഷയിലാണ് അവൻ എന്നോട് സംസാരിച്ചത്. പക്ഷേ കേസിന്റെ ഗൗരവം എത്രത്തോളമാണെന്ന് അറിയാവുന്ന ഞാൻ മറ്റൊന്നും അവനോട് പറഞ്ഞില്ല.

ലഹരിയുടെ പാത തടവറയിലേക്ക്
ഇന്ന് കേരളത്തിലെ ജയിലുകളിൽ തടവുകാരായുള്ളതിൽ കൂടുതലും ചെറുപ്പക്കാരാണ്. അവരിൽ ഭൂരിപക്ഷവും മയക്കുമരുന്ന് കൈവശം വെച്ചതിനും വിൽപ്പന നടത്തിയതിനും പ്രതികളായവരാണ്. അങ്ങനെയുള്ള കേസുകളിൽ പ്രതികളായാൽ കോടതിയിൽനിന്ന് ജാമ്യം കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. ഇപ്പോൾ എല്ലാ ജില്ലകളിലും മയക്കുമരുന്ന് കേസുകൾ വിചാരണ ചെയ്യാൻ പ്രത്യേക കോടതികൾ സ്ഥാപിക്കുകയും പ്രത്യേക പ്രോസിക്യൂട്ടർമാരെ നിയമിക്കുകയും ചെയ്തിട്ടുള്ളതിനാൽ കേസുകളുടെ വിചാരണ വളരെ വേഗത്തിൽ നടക്കുന്നുണ്ട്. ഭൂരിപക്ഷം കേസുകളിലും ശിക്ഷ നൽകാറുമുണ്ട്.

1985-ൽ നിലവിൽ വന്ന നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈകോട്രോപിക് സബ്സ്റ്റൻസ് ആക്ട് പ്രകാരം മയക്കുമരുന്ന് ഉപയോഗത്തെയും, പിടിച്ചെടുത്ത മുതലുകളെയും സ്മാൾ ക്വാണ്ടിറ്റി, മീഡിയം ക്വാണ്ടിറ്റി, കൊമേഴ്സ്യൽ ക്വാണ്ടിറ്റി എന്ന് മൂന്നായി തരം തിരിച്ചിട്ടുണ്ട്.

20 വർഷം വരെ തടവും പിഴയും
ഒരുകാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ മയക്കുമരുന്ന് കേസ് കഞ്ചാവുമായി ബന്ധപ്പെട്ടതായിരുന്നു. ഒരു കിലോഗ്രാം വരെ കഞ്ചാവ് കൈവശം വയ്ക്കുകയോ വിൽപ്പന നടത്തുകയോ ചെയ്താലുള്ള കേസുകൾ സ്മോൾ ക്വാണ്ടിറ്റി എന്ന വിഭാഗത്തിലും, ഒരു കിലോയ്ക്ക് മുകളിൽ 20 കിലോഗ്രാം വരെയുള്ളവയെ മീഡിയം ക്വാണ്ടിറ്റി എന്നും, 20 കിലോഗ്രാം മുതൽ മുകളിലുള്ളവയെ കൊമേഴ്സ്യൽ ക്വാണ്ടിറ്റി എന്നുമാണ് നിയമത്തിൽ വിശേഷിപ്പിച്ചിട്ടുള്ളത്. ഇതിനുള്ള ശിക്ഷകളും വ്യത്യസ്തമാണ്. ഉദാഹരണത്തിന്, ഒരു കിലോഗ്രാം വരെയുള്ള കഞ്ചാവ് സ്മാൾ ക്വാണ്ടിറ്റി കേസുകൾ ആണെങ്കിൽ ആറുമാസം വരെ കഠിന തടവും പതിനായിരം രൂപ പിഴ ശിക്ഷയും ആണ്. ഒരു കിലോഗ്രാമിന് മുകളിലുള്ള മീഡിയം ക്വാണ്ടിറ്റി ആണെങ്കിൽ 10 വർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, 20 കിലോഗ്രാമിന് മുകളിലുള്ള കൊമേഴ്സ്യൽ ക്വാണ്ടിറ്റി ആണെങ്കിൽ കുറഞ്ഞത് 10 വർഷവും പരമാവധി 20 വർഷം വരെയും കഠിന തടവും ഒരു ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപ വരെ പിഴയും ചുമത്താവുന്നതാണ്.

കഞ്ചാവ് ചെടി വളർത്തുകയാണെങ്കിൽ അളവിന്റെ അടിസ്ഥാനത്തിലല്ലാതെ തന്നെ 10 വർഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷ ചുമത്താവുന്നതാണ്. ഹഷീഷ് ഓയിൽ, ചരസ്, ഒപ്പിയം, ഹെറോയിൻ / ബ്രൗൺഷുഗർ, കൊക്കെയിൻ, മോർഫിൻ, പെത്തഡിൻ, ആമ്പറ്റാമിൻ, ബുപ്രിനോർഫിൻ ആംപ്യുൾ, കൊറ്റാമിൻ, നൈട്രോസ്പാം, ഡയസപാം, ലസ്ഡ് (ലെസർജിക് ആസിഡ്), ഫെന്റോനൽ എന്നീ രാസലഹരി മയക്കുമരുന്നുകൾ കൈവശം വയ്ക്കുന്നതും വിൽപ്പന നടത്തുന്നതിനും ഉള്ള ശിക്ഷകൾ അവയുടെ അളവിനനുസരിച്ച് വ്യത്യസ്തമാണ്.

ഹാഷിഷ് ഓയിൽ/ ചരസ്സ് 100 ഗ്രാം വരെ കൈവശം വയ്ക്കുകയോ വിൽപ്പന നടത്തുകയും ചെയ്താൽ ആറുമാസം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാം. 100 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ ഉള്ള മീഡിയം ക്വാണ്ടിറ്റിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും, ഒരു കിലോ ഗ്രാമിന് മുകളിലുള്ള വസ്തുക്കൾക്ക് മിനിമം 10 വർഷം മുതൽ പരമാവധി 20 വർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപ വരെ പിഴയും ചുമത്താവുന്നതാണ്.

ഒപ്പിയം ഉപയോഗിക്കുകയോ കൈവശം വയ്ക്കുകയോ വിൽപ്പന നടത്തുകയോ ചെയ്താൽ 25 ഗ്രാമിന് താഴെയുള്ളവയെ സ്മോൾ ക്വാണ്ടിറ്റി ആയി കണക്കാക്കി ആറുമാസം വരെ കഠിന തടവും പതിനായിരം രൂപ പിഴയും ലഭിക്കാം. 25 ഗ്രാം മുതൽ 2.5 കിലോഗ്രാം വരെ മീഡിയം ക്വാണ്ടിറ്റിയായി കണക്കാക്കും. പത്തുവർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ആണ് ശിക്ഷ. 2.5 കിലോയ്ക്ക് മുകളിലുള്ള വസ്തുക്കളെ കൊമേഴ്സ്യൽ ക്വാണ്ടിറ്റി ആയി കണക്കാക്കുകയും മിനിമം 10 വർഷം മുതൽ പരമാവധി 20 വർഷം വരെ കഠിനതടവും ഒരുലക്ഷം രൂപ മുതൽ 2 ലക്ഷം രൂപ വരെ പിഴയും വിധിക്കാവുന്നതാണ്.

ഹെറോയിൻ / ബ്രൗൺഷുഗർ 5 ഗ്രാമിന് താഴെ കൈവശം വയ്ക്കുകയോ വിൽപ്പന നടത്തുകയോ ചെയ്താൽ അതിനെ സ്മോൾ ക്വാണ്ടിറ്റി ആയി കണക്കാക്കി ആറുമാസം കഠിന തടവും പതിനായിരം രൂപ പിഴയും നൽകും. 5 ഗ്രാം മുതൽ 250 ഗ്രാം വരെയുള്ള കേസുകളിൽ പത്ത് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ആണ് ശിക്ഷ. 250 ഗ്രാമിന് മുകളിൽ പത്തുവർഷം മുതൽ 20 വർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ വരെ പിഴയും വിധിക്കാം.

കൊക്കൈൻ രണ്ട് ഗ്രാം വരെ (സ്മാൾ ക്വാണ്ടിറ്റി) ആറു മാസം വരെ കഠിനതടവും പതിനായിരം രൂപ പിഴയും, രണ്ട് ഗ്രാമിന് മുതൽ 100 ഗ്രാം വരെ (മീഡിയം ക്വാണ്ടിറ്റി) പത്തുവർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും, 100 ഗ്രാമിന് മുകളിൽ (കോമേഴ്സിൽ ക്വാണ്ടിറ്റി) പത്തുവർഷം മുതൽ 20 വർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ വരെ പിഴയും ഈടാക്കാവുന്നതാണ്.

മോർഫിൻ 5 ഗ്രാം വരെ കൈവശം വയ്ക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യുകയാണെങ്കിൽ ആറുമാസം കഠിന തടവും പതിനായിരം രൂപ പിഴയും, അഞ്ചു ഗ്രാം മുതൽ 250 ഗ്രാം വരെ ഉള്ള മീഡിയം ക്വാണ്ടിറ്റിക്ക് പത്തുവർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും, 250 ഗ്രാമിന് മുകളിലുള്ള കൊമേഴ്സ്യൽ ക്വാണ്ടിറ്റിക്ക് മിനിമം 10 വർഷം മുതൽ 20 വർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ വരെ പിഴയും ചുമത്താവുന്നതാണ്.

പെത്തഡിൻ 10 ഗ്രാം വരെ ഉള്ള കേസുകളിൽ ആറുമാസം കഠിന തടവും പതിനായിരം രൂപ പിഴയും ലഭിക്കും. 10 ഗ്രാം മുതൽ 200 ഗ്രാം വരെ 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, 200 ഗ്രാമിന് മുകളിൽ കോമേഴ്സ്യൽ ക്വാണ്ടിറ്റിയായി കണക്കാക്കി 10 വർഷം മുതൽ 20 വർഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപ വരെ പിഴയും ചുമത്താവുന്നതാണ്.

ആമ്പറ്റാമിൻ രണ്ട് ഗ്രാം വരെ കൈവശം വയ്ക്കുകയോ വിൽപ്പന നടത്തുകയും ചെയ്യുകയാണെങ്കിൽ ആറുമാസം കഠിന തടവും 10000 രൂപ പിഴയും ലഭിക്കും. 2 ഗ്രാം മുതൽ 50 ഗ്രാം വരെ ഉള്ള കേസുകളിൽ പത്തുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, 50 ഗ്രാമിന് മുകളിൽ ഉള്ള കേസുകളിൽ മിനിമം 10 വർഷം മുതൽ 20 വർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപ വരെ പിഴയും കോടതിക്ക് വിധിക്കാവുന്നതാണ്.

ബുപ്രിനോർഫിൻ ആംപ്യൂൾ വളരെ കുറഞ്ഞ ഒരു ഗ്രാം വരെ കൈവശം വയ്ക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യുകയാണെങ്കിൽ ആറുമാസം തടവും പതിനായിരം രൂപ പിഴയും, ഒരു ഗ്രാം മുതൽ 20 ഗ്രാം വരെ 10 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും, 20 ഗ്രാമിന് മുകളിൽ 10 വർഷം മുതൽ 20 വർഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപ വരെ പിഴയും വിധിക്കാവുന്നതാണ്.
കൊറ്റാമിൻ 10 ഗ്രാം വരെ സ്മാൾ ക്വാണ്ടിറ്റി ആയി കണക്കാക്കി ആറുമാസം വരെ കഠിനതടവും പതിനായിരം രൂപ പിഴയും, 10 ഗ്രാം മുതൽ 500 ഗ്രാം വരെ മീഡിയം ക്വാണ്ടിറ്റിയായി കണക്കാക്കി 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, 500 ഗ്രാമിന് മുകളിൽ കൊമേഴ്സ്യൽ ക്വാണ്ടിറ്റി കണക്കാക്കി 10 വർഷം മുതൽ 20 വർഷം വരെ കഠിനതടവും ഒരുലക്ഷം രൂപ വരെ പിഴയും ചുമത്താവുന്നതാണ്.

നൈട്രോസ്പാം 20 ഗ്രാം കൈവശം വയ്ക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യുകയാണെങ്കിൽ ആറുമാസം കഠിന തടവും പതിനായിരം രൂപ പിഴയും, 20 ഗ്രാം മുതൽ 500 ഗ്രാം വരെ ഉള്ള കേസുകളിൽ 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും, 500 ഗ്രാമിന് മുകളിൽ മിനിമം 10 വർഷം മുതൽ മാക്സിമം 20 വർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപ വരെ പിഴയും വിധിക്കാവുന്നതാണ്.
ഡയസപാം 20 ഗ്രാം വരെ കൈവശം വയ്ക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യുകയാണെങ്കിൽ ആറുമാസം കഠിന തടവും പതിനായിരം രൂപ പിഴയും 20 ഗ്രാം മുതൽ 500 ഗ്രാം വരെ 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും 500 ഗ്രാമിന് മുകളിൽ 10 വർഷം മുതൽ മാക്സിമം 20 വർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപ വരെ പിഴയും ചുമത്താവുന്നതാണ്.

ചെറിയ അളവിലും
മാരകമാവുന്ന രാസലഹരി
രാസലഹരി മയക്കുമരുന്നുകളിൽ ഉൾപ്പെട്ട എൽ.എസ്.ഡി (ലൈസർജിക് ആസിഡ്) എന്ന മയക്കമരുന്ന് 0.002 ഗ്രാം കൈവശം വയ്ക്കുകയോ വിൽപ്പന നടത്തുകയോ ചെയ്താൽ അതിനെ സ്മോൾ ക്വാണ്ടിറ്റി ആയി കണക്കാക്കും. ആറുമാസം വരെ കഠിന തടവും പതിനായിരം രൂപ പിഴയും വിധിക്കാം. 0.002 ഗ്രാം മുതൽ 0.01 ഗ്രാം വരെ പത്തുവർഷം കഠിനവും ഒരു ലക്ഷം രൂപ പിഴയും വിധിക്കാം. 0.01 ഗ്രാമിന് മുകളിൽ 10 വർഷം മുതൽ 20 വർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപ വരെ പിഴയും വിധിക്കാവുന്നതാണ്.

മറ്റൊരു രാസലഹരി വസ്തുവായ ഫെന്റോനൽ 0.005 ഗ്രാം കൈവശം വെക്കുകയോ വിൽപ്പന നടത്തുകയോ ചെയ്താൽ ആറുമാസം വരെ കഠിന തടവും പതിനായിരം രൂപ പിഴയും, 0.005 ഗ്രാമിനും 0.1 ഗ്രാമിനും ഇടയിലുള്ള കേസുകളിൽ 10 വർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും. 0.1 ഗ്രാമിന് മുകളിൽ 10 വർഷം മുതൽ 20 വർഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപ വരെ പിഴയും ചുമത്താവുന്നതാണ്.

ആവർത്തിക്കുന്ന കുറ്റകൃത്യങ്ങളും ശിക്ഷയും
മയക്കുമരുന്ന് കേസുകളിൽ മുമ്പ് ശിക്ഷ ഏറ്റുവാങ്ങിയ വ്യക്തി വീണ്ടും മയക്കുമരുന്നുമായി ബന്ധപ്പെട്ട ഗുരുതരമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കുകയാണെങ്കിൽ ഇരട്ടി ശിക്ഷ നൽകുവാനും ചില പ്രത്യേക സാഹചര്യങ്ങളിൽ വധശിക്ഷ തന്നെ വിധിക്കുവാനും കോടതിക്ക് അധികാരം ഉണ്ട്. മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും വിചാരണ സമയത്ത് ആ സ്വത്തുക്കൾ വേറെ ആർക്കെങ്കിലും കൈമാറ്റം ചെയ്തിട്ടുണ്ടെങ്കിൽ അത് റദ്ദാക്കാനും സാധിക്കും. മയക്കുമരുന്ന് നിയമപ്രകാരം കുറ്റവാളികൾക്ക് സഹായം നൽകുന്നതും അവരെ ഒളിവിൽ കഴിയുവാൻ സഹായിക്കുന്നതും ഗൂഢാലോചന നടത്തുന്നതും കുറ്റകൃത്യമാണ്.

കുറ്റകൃത്യത്തിനായി സ്ഥലമോ വീടോ സൗകര്യമോ ഒരുക്കുന്ന ആളുകളും കുറ്റകൃത്യത്തിൽ ഉൾപ്പെടും. മയക്കുമരുന്ന് വിദേശത്തുനിന്ന് വരുത്തുന്നതും വിദേശത്തേക്ക് അയയ്ക്കുന്നതും കുറ്റകൃത്യമാണ്. സ്ഥിരമായി മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാതിരിക്കുവാൻ വേണ്ടി 2 വർഷം വരെ തടവിൽ പാർപ്പിക്കാൻ ‘മയക്കുമരുന്ന് നിയമവിരുദ്ധമായ കടത്തൽ തടയൽ നിയമം (PITS NDPS Act) എന്ന പ്രത്യേക നിയമം ഉണ്ട്.

മയക്കുമരുന്നുകൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്കും മാനസികപ്രശ്നങ്ങൾക്കും പുറമേ, അതിന് ലഭിക്കുന്ന ശിക്ഷകൾ ഗൗരവതരവും കാഠിന്യം ഏറിയതുമാണ്. 20 വർഷം തടവ് മുതൽ വധശിക്ഷവരെ ശിക്ഷ ലഭിക്കാവുന്ന കേസുകൾ ഉള്ളതിനാൽ യൗവനത്തിന്റെ പ്രധാന കാലം മുഴുവൻ ജയിലിൽ കഴിയേണ്ട അവസ്ഥ വന്നേക്കാം. തന്റെ ജീവിതം മാത്രമല്ല തന്നെ ആശ്രയിച്ച് കഴിയുന്ന കുടുംബാംഗങ്ങൾ പോലും ഈ സംഭവങ്ങളോടെ തകർന്നുപോകും. ഓർക്കുക, മയക്കുമരുന്ന് അവനവനെയും സമൂഹത്തിനെയും ഒരുപോലെ കാർന്നുതിന്നുന്ന വിപത്താണ്.