പ്രൊഫഷണൽ ടൂർ ഗൈഡ് സഞ്ചാരത്തിന്റെ അക്കാദമിക മുഖം

സമകാലിക ജനപഥം 2026
സെപ്റ്റംബർ 1 പുസ്തകം 13 ലക്കം 2

tour4

tour1
ഒരു നാടിന്റെ
കാഴ്ചകളിലേക്ക് സഞ്ചാരിയെ നയിക്കുന്നതിനൊപ്പം, അതിന്റെ ചരിത്രവും സംസ്‌കാരവും പൈതൃകവും ജീവിതരീതികളും പരിചയപ്പെടുത്തുന്നവരാണ് പ്രൊഫഷണൽ ടൂർ ഗൈഡുകൾ. ഒരു യാത്രയെ കേവലം കാഴ്ചാനുഭവത്തിൽ നിന്ന് അറിവിന്റെയും അന്വേഷണത്തിന്റെയും അനുഭവമാക്കി മാറ്റുന്നതിൽ അവരുടെ പങ്ക് നിർണ്ണായകമാണ്. ഭൂമിശാസ്ത്രം, ചരിത്രം, കല, വാസ്തുവിദ്യ, ഭാഷ, മതം, പാരമ്പര്യം തുടങ്ങി വിവിധ മേഖലകളിലെ അറിവ് സഞ്ചാരികളിലേക്ക് ലളിതമായും ആകർഷകമായും പകർന്നുനൽകുന്നവരാണ് അവർ. പ്രത്യേകിച്ച് അന്താരാഷ്ട്രസഞ്ചാരികളുടെ മുന്നിൽ ഒരു നാടിന്റെ കഥയും സംസ്‌കാരവും അവതരിപ്പിക്കുമ്പോൾ, ഗൈഡ് ആ നാടിന്റെ പ്രതിനിധി കൂടിയാകുന്നു. മാറുന്ന ടൂറിസം സങ്കൽപങ്ങൾക്കൊപ്പം ഗൈഡിങും കൂടുതൽ വൈദഗ്ധ്യവും പരിശീലനവും അക്കാദമികമികവും ആവശ്യപ്പെടുന്ന ഒരു പ്രൊഫഷനായി വളരുകയാണ്. അതുകൊണ്ടുതന്നെ ടൂർ ഗൈഡുകൾ ടൂറിസം വ്യവസായത്തിന്റെ അവിഭാജ്യ ഘടകം മാത്രമല്ല, ഒരു നാടിന്റെ അറിവും അനുഭവവും സഞ്ചാരിയിലേക്ക് എത്തിക്കുന്ന സഞ്ചാരത്തിന്റെ അക്കാദമിക മുഖം കൂടിയാണ്.

എന്നാൽ പലപ്പോഴും ഔദ്യോഗിക അംഗീകാരമോ, രേഖകളോ, യോഗ്യതയോ ഇല്ലാതെ വിനോദസഞ്ചാരികളെ സമീപിക്കുന്നവർ ഗൈഡുകൾ എന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്. ഇത് ടൂറിസം രംഗത്ത് പലതരത്തിലുള്ള തിരിച്ചടികൾക്കും കാരണമാകുന്നുണ്ട്. സഞ്ചാരികളെ അപകടത്തിലാക്കുന്നതരത്തിൽ പോലുമുള്ള പ്രവൃത്തികൾ ഇത്തരത്തിലുള്ള ആളുകളിൽ നിന്നുണ്ടാവുന്നത്് നിയമപരമായി പരിശീലനം നേടിയ പ്രൊഫഷണൽ ഗൈഡുകളുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രഫഷണൽ ഗൈഡുകളുടെ പ്രസക്തി ഏറുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാറുകൾ ഗൈഡ് പരിശീലനം നൽകി വരുന്നുണ്ട്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പരിശീലനം ലഭിച്ച മൂവായിരത്തിലധികം പാൻ-ഇന്ത്യൻ പ്രൊഫഷണൽ ഗൈഡുകളും, വിവിധ സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ലെവൽ ഗൈഡുകളും ഇതിനോടകം ടൂറിസം രംഗത്ത് പ്രവർത്തിച്ച് വരുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

tour2ആരാണ് പ്രൊഫഷണൽ ടൂർ ഗൈഡ്
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പരിശീലനവും, അംഗീകാരമുള്ള പ്രൊഫഷണൽ ഗൈഡുകളെ ഇൻക്രെഡിബിൾ ഇന്ത്യ ടൂർ ഗൈഡ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും പുറമെ ലക്ഷദ്വീപ്, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ ഉൾപ്പെടെ രാജ്യം മുഴുവൻ ഫ്രീലാൻസ് പ്രൊഫഷണൽ ഗൈഡുകളായി സേവനം ചെയ്യാൻ ഇവർക്ക് അനുമതിയുണ്ട്. ഇതിന് പുറമെ ഓരോ സംസ്ഥാനത്തെയും ടൂറിസം വകുപ്പുകളുടെ പരിശീലനം ലഭിച്ച സ്റ്റേറ്റ് ലെവൽ ഗൈഡുകളുമുണ്ട്. ഇവരുടെ സേവനം ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ പരിധിയിലാണ് ലഭ്യമാവുക. ടൂറിസം മന്ത്രാലയത്തിന്റെ മാർഗരേഖ പ്രകാരം, വിനോദസഞ്ചാരി കൾക്കൊപ്പം വെറുതെ യാത്ര ചെയ്യുന്നവരെയോ, സഹായികളെയോ, ഗൈഡുകളായി കണക്കാക്കാനാവില്ല. പ്രൊഫഷണൽ ടൂർ ഗൈഡുകൾ ടൂറിസം വ്യവസായത്തിന്റെ പ്രധാന അക്കാദമിക് മുഖം കൂടിയാണ്. ബിരുദമാണ് ഈ രംഗത്ത് കരിയർ കെട്ടിപ്പടുക്കുന്നതിന് വേണ്ട അടിസ്ഥാന യോഗ്യത. എന്നാൽ ഡോക്ടറേറ്റും മറ്റ് ഉന്നത ബിരുദങ്ങളുമുള്ള അധ്യാപകർ, അഭിഭാഷകർ,ജേർണലിസ്റ്റുകൾ, എഞ്ചിനീയർമാർ തുടങ്ങിയ പ്രൊഫഷണലുകളും ധാരാളമായി ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ട്.

കൃത്യമായ പോലീസ് വെരിഫിക്കേഷനും, പരിശീലനത്തിനും ശേഷമാണ് ഇവർക്ക് ലൈസൻസ് ലഭിക്കുന്നത്. കൂടാതെ, മൂന്ന് വർഷത്തിലൊരിക്കൽ ടൂറിസം മന്ത്രാലയം നടത്തുന്ന നിർബന്ധിത റിഫ്രഷർ കോഴ്സിൽ പങ്കെടുക്കണം. ഇതിലൂടെ ഗൈഡുമാർ അറിവുകൾ പുതുക്കുകയും പ്രൊഫഷണൽ നിലവാരം നിലനിർത്തുകയുമാണ് ലക്ഷ്യം. അഞ്ച് വർഷത്തിലൊരിക്കൽ ഓഫ് ലൈൻ രീതിയിലായിരുന്നു പരിശീലനം ഉണ്ടായിരുന്നത്. ഒരു ബാച്ചിൽ 2025 പേർക്ക് മാത്രമായിരുന്നു അവസരം. ഇപ്പോൾ നിരവധി ഘട്ടങ്ങളിലൂടെ ഓൺലൈൻ രീതിയിലാണ് പരിശീലനം നടക്കുന്നത്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം നിർബന്ധമാക്കിയിരിക്കുന്ന ഈ കോഴ്സ്, കേന്ദ്ര സർക്കാർ നേരിട്ട് നിയന്ത്രിക്കുന്ന, ബിരുദം അസിസ്ഥാനയോഗ്യതയായി ആവശ്യപ്പെടുന്ന അപൂർവം പ്രൊഫഷണൽ പരിശീലനങ്ങളിൽ ഒന്നാണ്. 2004 വരെ ദക്ഷിണേന്ത്യയിൽ കൊച്ചി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സംസ്ഥാന ആസ്ഥാനങ്ങളിൽ ഇന്ത്യാടൂറിസം നേരിട്ടായിരുന്നു പരിശീലനം സംഘടിപ്പിച്ചിരുന്നത്. ചരിത്രം, ഭാഷ, പൈതൃകം, കല, മതം, തത്വശാസ്ത്രം, ഭരണഘടന തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖർ ഈ പരിശീലന പരിപാടികളിൽ ക്ലാസുകൾ എടുത്തിരുന്നു. ഇപ്പോൾ ഇന്ത്യാ ടൂറിസത്തിനുവേണ്ടി ഐ.ഐ.ടി.ടി.എം ഗ്വാളിയോർ, നെല്ലൂർ എന്നിവിടങ്ങളാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.

tour5ദേശീയ തലത്തിൽ ഗൈഡായും ടൂർ മാനേജർ/ടൂർ ലീഡറായും പ്രവർത്തിക്കാൻ ഐ.ഐ.ടി.ജി കൾക്ക് അനുമതിയുണ്ട്. വിദേശരാജ്യങ്ങളിൽ ഇന്ത്യൻ വിനോദസഞ്ചാരികളെ നയിക്കാനും, അവിടത്തെ ഔദ്യോഗിക ഗൈഡുകളുടെ സഹകരണത്തോടെ ഇവർക്ക് പ്രവർത്തിക്കാനുമാകും. ഇംഗ്ലീഷിന് പുറമേ ജർമ്മൻ, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ തുടങ്ങിയ ഭാഷകളിൽ പ്രാഗൽഭ്യമുള്ള നിരവധി ഐ.ഐ.ടി.ജി കൾ കേരളത്തിലും, ദക്ഷിണേന്ത്യയിലുമുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ലോകനേതാക്കൾ, പ്രമുഖ വ്യക്തിത്വങ്ങൾ, കോർപ്പറേറ്റ് പ്രമുഖർ എന്നിവർ ഇന്ത്യയിലെത്തുമ്പോൾ അവരുടെ യാത്ര സുഗമമാക്കുന്നത് ഇത്തരം പ്രൊഫഷണലുകളാണ്. കേരളത്തിന്റെ ടൂറിസം ഭൂപടം മാറ്റിവരച്ച കെട്ടുവള്ളം ഹൗസ് ബോട്ടുകളുടെ പിന്നണിയിൽ പ്രവർത്തിച്ച ബാബു വർഗീസ് ഉൾപ്പെടെയുള്ള പ്രമുഖർ ആദ്യകാല പ്രൊഫഷണൽ ഗൈഡുകളായിരുന്നു. ഇക്കോ ടൂറിസത്തിന്റെ മുൻഗാമിയായ ബാബു വർഗീസ് ഹൗസ്ബോട്ടുകളും ട്രീഹൗസുകളും ഉൾപ്പെടെയുള്ള പുതുമയാർന്ന ടൂറിസം ഉൽപന്നങ്ങൾക്ക് നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള വ്യക്തിയാണ്. നാഷണൽ ജിയോഗ്രാഫിക്കിന്റെ ദക്ഷിണേന്ത്യൻ പ്രവർത്തനങ്ങളിൽ വർഷങ്ങളോളം കൺസൾട്ടന്റായും പ്രവർത്തിച്ചു. അദ്ദേഹത്തെപ്പോലെ നിരവധി പ്രൊഫഷണൽ ഗൈഡുകൾ പിന്നീട് വിജയകരമായ ടൂർ ഓപ്പറേറ്റർമാരായി മാറിയിട്ടുണ്ട്.

ജർമ്മൻ ഭാഷയിൽ പ്രാവീണ്യമുള്ള മുതിർന്ന ഇൻക്രെഡിബിൾ ഇന്ത്യ ടൂർ ഗൈഡ് ആയ രഞ്ജൻ, ഗൈഡിങ് ഒരു പ്രത്യേക വിജ്ഞാനശാഖയായി കാണണമെന്ന് പറയുന്നു. ”ബുദ്ധൻ ഒരു ഗൈഡായിരുന്നു, കോൺഫ്യൂഷ്യസും ഒരു ഗൈഡായിരുന്നു,” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഈ പ്രൊഫഷന്റെ ആഴം വ്യക്തമാക്കുന്നതാണ്. 1970-കളുടെ തുടക്കത്തിൽ ചെന്നൈ ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചിരുന്ന അദ്ദേഹം പിന്നീട് ടൂർ ഗൈഡിങിനോടുള്ള താൽപര്യം കാരണം ഈ രംഗത്തേക്ക് മാറുകയായിരുന്നു. ”ചിത്രരചന ഒരു കലയാണെങ്കിൽ, എഴുത്ത് ഒരു കലയാണെങ്കിൽ, ഗൈഡിങും ഒരു കലയാണ്,” എന്നാണ് രഞ്ജൻ പറയുന്നത്. അഞ്ച് പതിറ്റാണ്ടിലേറെയായി അദ്ദേഹം ഈ രംഗത്ത് സജീവമാണ്.

tour3സമൂഹത്തിന് ഈ പ്രൊഫഷന്റെ അക്കാദമിക് നിലവാരത്തെയും സാധ്യതകളേയും കുറിച്ച് വേണ്ടത്ര അറിവില്ലെന്നാണ് ഇറ്റാലിയൻ ഭാഷാ വിദഗ്ധനായ ഡോ. മുജീബ് പറയുന്നത്. ‘ഗൈഡ്’ എന്ന വാക്ക് കേൾക്കുമ്പോൾ ‘കിലുക്കം’ എന്ന മലയാള സിനിമയിലെ മോഹൻലാലിന്റെ തെറ്റായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തെ ഓർക്കുന്നവരാണ് പലരും എന്നത്, ഈ തെറ്റിദ്ധാരണയുടെ ഒരു ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഒരു മികച്ച പ്രൊഫഷണൽ ടൂർ ഗൈഡിന് ഒരേസമയം നിരവധി കഴിവുകൾ ആവശ്യമാണ്. പബ്ലിക് റിലേഷൻസ്, ആശയവിനിമയം, നേതൃപാടവം, സംസാരശൈലി, അവതരണം, മാർക്കറ്റിങ്, സമയനിയന്ത്രണം, ഇവന്റ് മാനേജ്മെന്റ് തുടങ്ങി നിരവധി മേഖലകളിലെ കഴിവുകൾ ഒരുമിച്ച പ്രൊഫഷനാണിതെന്ന് ജർമ്മൻ ഭാഷയിൽ സ്പെഷ്യലിസ് ചെയുന്ന ക്രിസ് ജോസഫ് പറയുന്നു ഇംഗ്ലീഷിന് പുറമെ ജർമ്മൻ, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ, റഷ്യൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങിയ ഭാഷകളിൽ പ്രാവീണ്യമുള്ള നിരവധി ഐഐടിജികൾ ഇന്ത്യയിലുണ്ട്. 3.3 കോടി ജനസംഖ്യയുള്ള കേരളത്തെ പ്രതിനിധീകരിച്ച് എൺപതോളം ഐ.ഐ.ടി.ജി കളുണ്ട്. ദക്ഷിണേന്ത്യയിലാകെ ഏകദേശം 300 പ്രൊഫഷണൽ ഗൈഡുകളുണ്ടെന്നാണ് കണക്ക്. IITGകളും, SLGIകളും (സ്റ്റേറ്റ് ലെവൽ ഗൈഡുകളും),നിരന്തരം ടൂറിസം വകുപ്പുകളുടെ നിരീക്ഷണത്തിലുള്ളവരാണ്. ഇത് അംഗീകൃത ഗൈഡുകളുടെ ഉത്തരവാദിത്തം വർധിപ്പിക്കുകയാണ്.

ടൂറിസം രംഗത്ത് വൻമാറ്റങ്ങൾക്ക് ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. യാത്രകൾ ഒരോ വ്യക്തിയുടെയും ജീവിതത്തിന്റെ ഭാഗമായി മാറികഴിഞ്ഞു. അന്താരാഷ്ട്ര ടൂർ പാക്കേജുകളും ആഭ്യന്തര ടൂറിസവും പുതിയ സഞ്ചാര സമവാക്യങ്ങൾ തേടുന്ന കാലമാണ്. അതുകൊണ്ട് തന്നെ ഗൈഡുകൾക്ക് മികച്ച തൊഴിൽ സാധ്യതകളാണ് ടൂറിസം രംഗം തുറന്നിടുന്നത്. പക്ഷേ ഒരു സ്ഥലത്തിന്റെ വിവരങ്ങൾ മാത്രം കൈമാറാനുള്ള കഴിവിനപ്പുറമുള്ള വൈദഗ്ധ്യമാണ് പുതിയ കാലം ടൂർ ഗൈഡിങിൽ നിന്ന് ആവശ്യപ്പെടുന്നത്. ചരിത്രത്തെയും പൈതൃകത്തെയും സംസ്‌കാരത്തെയും പുതിയ രീതിയിൽ അവതരിപ്പിക്കാനും, വിവിധ ഭാഷകളിലും സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ചും സഞ്ചാരിയുമായി സംവദിക്കാനും കഴിയുന്ന പ്രൊഫഷണലുകളെയാണ് പുതിയകാലം തേടുന്നത്. ഒരു നാടിന്റെ കാഴ്ചകൾ കാണിച്ചുകൊടുക്കുന്നതിൽ നിന്ന് അതിന്റെ കഥയും സംസ്‌കാരവും ജീവിതവും സഞ്ചാരിയെ അനുഭവിപ്പിക്കുന്നതിലേക്കുള്ള മാറ്റം, പ്രൊഫഷണൽ ടൂർ ഗൈഡിങിന്റെ വളർച്ചയുടെ കൂടി അടയാളമായി മാറ്റുന്നിടത്ത് മികച്ച ഒരു പ്രൊഫഷനായി ടൂർ ഗൈഡിങ് പുതിയ കാലത്തും അതിന്റെ പ്രസക്തി കൂടുതൽ ഉറപ്പിക്കുകയാണ്.

 

 

Spread the love