മാറുന്ന യാത്രാകൗതുകങ്ങളിൽ വളർച്ചയുടെ പുതുവഴി തേടി

സമകാലിക ജനപഥം 2026
സെപ്റ്റംബർ 1 പുസ്തകം 13 ലക്കം 2

 

പുതിയകാല സാങ്കേതികതയ്‌ക്കൊപ്പം മാറികൊണ്ടിരിക്കുന്ന ആഗോള വിനോദസഞ്ചാര മാതൃകകൾക്കൊപ്പമോ അതിലേറെ മുന്നിലോ ആണ് കേരളത്തിന്റെ ടൂറിസംമേഖല. പ്രകൃതിയും പൈതൃകവും സംസ്‌കാരവും മനുഷ്യജീവിതവും സാങ്കേതികവിദ്യയും സമന്വയിക്കുന്ന പുതിയകാല സഞ്ചാരസാധ്യതകളെ ദീർഘവീക്ഷണത്തോടെ മുന്നോട്ടുവയ്ക്കുകയാണ് കേരളം. വിനോദസഞ്ചാരികളുടെ എണ്ണത്തിൽ മാത്രം ടൂറിസത്തിന്റെ വളർച്ചയെ അളക്കുന്ന പരമ്പരാഗത സമീപനങ്ങളെ മറികടന്ന്, തൊഴിലും നിക്ഷേപവും പ്രാദേശിക വികസനവും സംരംഭകത്വവും അനുഭവസമ്പദ്ഘടനയും ഉൾപ്പെടുന്ന വിശാല മേഖലയായി ടൂറിസത്തെ കാണുകയാണ് കേരള സർക്കാർ.

ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ ടൂറിസം മേഖലയുടെ വളർച്ചക്കായി ഒട്ടേറെ പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ടൂറിസം രംഗത്തെ വികസനസാധ്യതകൾക്കായി 325.36 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. ടൂറിസത്തിന് വ്യവസായ പദവി നൽകാനുള്ള സർക്കാർ തീരുമാനത്തെ പരമ്പരാഗതസമീപനങ്ങളിൽ നിന്നുള്ള മാറ്റത്തിന്റെ നാഴികക്കല്ലായി കണക്കാക്കാം. 2026-27 സംസ്ഥാന ബജറ്റിൽ ടൂറിസം മേഖലയുടെ വളർച്ചയ്ക്കായി ഒട്ടേറെ പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. പൈതൃക-സാംസ്‌കാരിക ടൂറിസം, അടിസ്ഥാനസൗകര്യ വികസനം, ഡെസ്റ്റിനേഷൻ ചലഞ്ച്, ടൂറിസം ഹബ്ബുകൾ, പിൽഗ്രിമേജ് ടൂറിസം, വിവിധ ടൂറിസം സർക്യൂട്ടുകൾ, സ്ത്രീകളുടെയും യുവാക്കളുടെയും പുതിയ സംരംഭ സാധ്യതകൾ തുടങ്ങി ഒട്ടേറെ പദ്ധതികൾക്ക് ഊന്നൽ നൽകിയതും ഈ പുതിയ സമീപനത്തിന്റെ ഭാഗമാണ്.

കേരളത്തിന്റെ വൈവിധ്യം തന്നെയാണ് അതിന്റെ ഏറ്റവും വലിയ ടൂറിസം സാധ്യത. കടലും കായലും മലനിരകളും വനങ്ങളും മാത്രമല്ല, നൂറ്റാണ്ടുകളുടെ ചരിത്രവും പൈതൃകവും വിശ്വാസങ്ങളും കലകളും ഭക്ഷണവും ഗ്രാമീണ ജീവിതവും പ്രാദേശിക അറിവുകളും ചേർന്നതാണ് കേരളത്തിന്റെ ടൂറിസം സമ്പത്ത്. പൈതൃകം, തീർഥാടനം, വെൽനെസ്, ഗ്രാമീണം, സാഹസികം എന്നീ മേഖലകളിലേക്കുള്ള ടൂറിസം വ്യാപനം യാത്രകളെ പുതിയ അനുഭവമാക്കി മാറ്റാനുള്ള സാധ്യതയാണ് മുന്നോട്ടുവയ്ക്കുന്നത്. ഉത്തരവാദിത്തടൂറിസത്തിൽ ഊന്നിയ പരിസ്ഥിതിസംരക്ഷണ സമീപനമാണ് കേരളത്തിേത്. പ്രകൃതിയെ സംരക്ഷിച്ചും പ്രാദേശിക സമൂഹത്തെ പങ്കാളികളാക്കിയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തിയും മുന്നേറുന്ന തരത്തിലാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. രാജ്യത്ത് തന്നെ മികച്ച മാതൃകയായി മാറിയ കേരളത്തിന്റെ ഉത്തരവാദിത്തടൂറിസം പ്രവർത്തനങ്ങൾ സുസ്ഥിരടൂറിസം എന്ന ആശയത്തെയും ശക്തമാക്കുന്നു. ഈ മാസം 27 ന് ലോകം ടൂറിസം ദിനം ആഘോഷിക്കുകയാണ്.

“നിർമ്മിതബുദ്ധിയും ഡിജിറ്റൽ സാങ്കേതികതയും ടൂറിസംരംഗത്തെ പുനർനിർമ്മിക്കുമ്പോൾ?” എന്ന ആശയമാണ് ഐക്യരാഷ്ട്ര സംഘടന മുന്നോട്ട് വച്ചിട്ടുള്ളത്. നിർമ്മിതബുദ്ധി യാത്രാആസൂത്രണത്തെയും വിപണനത്തെയും അനുഭവങ്ങളെയും മാറ്റിമറിക്കുമ്പോൾ സ്മാർട്ട് ഡെസ്റ്റിനേഷനുകൾ എന്ന ആശയം യാഥാർഥ്യമാകുന്നു. ഉത്തരവാദിത്തവും സുസ്ഥിരതയും ഉൾക്കൊള്ളലും സാങ്കേതികവിദ്യയും അനുഭവവും ഒരുമിക്കുന്നിടത്താണ് പുതിയ ടൂറിസം സാധ്യതകൾ. മനുഷ്യരെയും പ്രകൃതിയെയും സംസ്‌കാരത്തെയും സമ്പദ്ഘടനയെയും ഒരേ യാത്രയിൽ കൂട്ടിച്ചേർക്കുന്ന വികസനത്തിന്റെ പ്രധാന മുഖമായി കേരള ടൂറിസം മാറുകയാണ്.

ഈ ലക്കം സമകാലിക ജനപഥം കേരള ടൂറിസത്തിന്റെ ഈ മാറുന്ന മുഖങ്ങളിലേക്കാണ് ശ്രദ്ധ തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ 100 ദിന സന്ദേശം, സപ്ലൈകോയുടെ ചരിത്രവിൽപനാനേട്ടം, വനം രക്തസാക്ഷികൾക്കുള്ള ആദരം തുടങ്ങിയവ ഈ ലക്കം ജനപഥത്തിൽ വായിക്കാം.

സബിൻ സമീദ് ഐ എ എസ്
എഡിറ്റർ

 

Spread the love