പ്രകൃതിക്കൊപ്പം ഹരിതസഞ്ചാരം
സമകാലിക ജനപഥം 2026
സെപ്റ്റംബർ 1 പുസ്തകം 13 ലക്കം 2
പ്രകൃതിസമ്പത്ത് സംരക്ഷിക്കുന്നതിനൊപ്പം സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ട് ഇക്കോടൂറിസം നയം രൂപീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനങ്ങളി ലൊന്നാണ് കേരളംസന്തോഷ് കുമാർ സി ഇക്കോ ടൂറിസം ഓഫീസർ, കെ.എഫ്.ഡി.സി |

പ്രകൃതി സംരക്ഷണവും സാമ്പത്തിക വികസനവും ഒരേ സമയം സാധ്യമാക്കുക എന്നതാണ് കേരളത്തിന്റെ ഹരിത ടൂറിസം നയത്തിന്റെ കാതൽ. സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുക, പ്രകൃതിക്ക് കുറഞ്ഞ ആഘാതമുള്ള സൗകര്യങ്ങൾ ഒരുക്കുക, മാലിന്യനിർമ്മാർജനം ഉറപ്പാക്കുക, തദ്ദേശീയ സമൂഹങ്ങളെ പദ്ധതികളുടെ ഭാഗമാക്കുക തുടങ്ങിയ ഇടപെടലുകളിലൂടെ ഇക്കോ ടൂറിസത്തിന് കേരളം പുതിയ മാനങ്ങൾ നൽകുന്നു. പ്രകൃതിസമ്പത്ത് സംരക്ഷിക്കുന്നതിനൊപ്പം സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ടുകൊണ്ട്, വ്യവസ്ഥാപിതമായ ഒരു ഇക്കോടൂറിസം നയം രൂപീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി. പരിസ്ഥിതി സൗഹൃദ ടൂറിസത്തിന്റെ ശക്തമായ നടത്തിപ്പിലൂടെ സുസ്ഥിര വിനോദസഞ്ചാര മേഖലയിൽ ഇന്ന് ലോകത്തിനുതന്നെ വഴികാട്ടിയാണ് നമ്മുടെ നാട്.
പങ്കാളിത്ത വനപരിപാലനം
വനങ്ങളുടെയും തണ്ണീർത്തടങ്ങളുടെയും പരിസ്ഥിതി സന്തുലനാവസ്ഥ നിലനിർത്താൻ സഹായിക്കുന്ന ഒരു ബഹുതലഘടനയിലാണ് കേരളത്തിലെ ഇക്കോടൂറിസം പ്രവർത്തിക്കുന്നത്. പങ്കാളിത്ത വനപരിപാലന രീതിയിലൂടെ കേരള വനംവകുപ്പ് നേരിട്ട് നിയന്ത്രിക്കുന്ന ഈ സംവിധാനം, വനസംരക്ഷണ സമിതികൾ, ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികൾ തുടങ്ങിയ കൂട്ടായ്മകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുക, ഇക്കോസിസ്റ്റം മാനേജ്മെന്റ് ഫണ്ട് ശേഖരിക്കുക, മാലിന്യമുക്ത താമസസൗകര്യങ്ങൾക്ക് മുൻഗണന നൽകുക എന്നിവയിലൂടെ വലിയതോതിലുള്ള വിനോദസഞ്ചാരം പ്രകൃതിക്ക് വരുത്തുന്ന ദോഷങ്ങളെ തടയാൻ കേരളത്തിന് സാധിക്കുന്നുണ്ട്.
| സഞ്ചാരിയും കാടിന്റെ കാവലാളാകണം വനപരിപാലനവും ജൈവവൈവിധ്യ സംരക്ഷണവും മുൻനിർത്തി സഞ്ചാരികൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്
|
വന്യജീവി-വന ടൂറിസം പദ്ധതികളിലൂടെ 1970-കളിൽ പെരിയാർ മേഖലയിലാണ് കേരളത്തിലെ ഹരിത ടൂറിസത്തിന്റെ തുടക്കം. എന്നാൽ അന്നത്തെ പ്രവർത്തനങ്ങൾക്ക് ഇന്നത്തെ രീതിയിലുള്ള സമഗ്രമായ പരിസ്ഥിതി സുസ്ഥിരതാ ചട്ടക്കൂടുകൾ ഉണ്ടായിരുന്നില്ല.എന്നാൽ 1998 ൽ ഇക്കോടൂറിസത്തെ പങ്കാളിത്ത വനപരിപാലനവുമായി ബന്ധിപ്പിച്ചുകൊണ്ട് കൂടുതൽ ശാസ്ത്രീയമായ സമീപനത്തിലേക്ക് കേരളം നീങ്ങി.
2001-ൽ ആരംഭിച്ച തെന്മല ഇക്കോടൂറിസം പദ്ധതി ഈ യാത്രയിലെ നിർണ്ണായക ചുവട് വെയ്പായി. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ഇക്കോടൂറിസം കേന്ദ്രമായി പരിഗണിക്കപ്പെടുന്ന തെന്മല, കൃത്യമായ സോണിങ് സംവിധാനത്തിലൂടെ പ്രകൃതി സംരക്ഷണവും വിനോദസഞ്ചാരവും എങ്ങനെ സമന്വയിപ്പിക്കാമെന്ന് തെളിയിച്ചു.
തുടർന്ന് ഉത്തരവാദിത്ത ടൂറിസം മിഷൻ പോലുള്ള സംരംഭങ്ങൾ വിനോദസഞ്ചാരത്തെയും പ്രാദേശിക സമ്പദ്ഘടനയെയും കൂടുതൽ ബന്ധിപ്പിച്ചു. കൃഷി അധിഷ്ഠിത അനുഭവങ്ങൾ, പരമ്പരാഗത ഹോംസ്റ്റേകൾ, പ്രാദേശിക കരകൗശല ഉൽപന്നങ്ങൾ തുടങ്ങിയവയ്ക്ക് ഇതിലൂടെ വിപണി ലഭിച്ചു. തീരദേശങ്ങളിലെ കടലാമ സംരക്ഷണവുമായി ബന്ധപ്പെട്ട കമ്മ്യൂണിറ്റി അധിഷ്ഠിത പ്രവർത്തനങ്ങളും പ്രകൃതിസംരക്ഷണത്തിനൊപ്പം പ്രാദേശിക ഉപജീവനമാർഗങ്ങൾ ഉറപ്പാക്കുന്ന മാതൃകകളാണ്.
പരമ്പരാഗത വനപരിപാലന ലക്ഷ്യങ്ങളെ മാറ്റിമറിച്ച്, ജനപങ്കാളിത്തത്തോടെയുള്ള ഉത്തരവാദിത്ത ടൂറിസത്തിന് മികച്ചൊരു മാതൃക സൃഷ്ടിക്കാൻ സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ.എഫ്.ഡി.സി). ആദ്യകാലത്ത് തോട്ടനിർമ്മാണത്തിലും ഏലം, കാപ്പി, തേയില തുടങ്ങിയ നാണ്യവിളകളുടെ കൃഷിയിലുമായിരുന്നു പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പിന്നീട് പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് കോർപ്പറേഷൻ ഇക്കോടൂറിസം മേഖലയിലേക്ക് കടന്നു. സംസ്ഥാനത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിലൂടെ പ്രകൃതി സംരക്ഷണവും വിനോദസഞ്ചാരവും പ്രാദേശിക തൊഴിലും കൂട്ടിയിണക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ കെ.എഫ്.ഡി.സി. നടത്തുന്നത്. നിയന്ത്രിത ട്രെക്കിങ്, ബോട്ടിങ്, താമസം, പ്രകൃതി പഠനം തുടങ്ങിയവയെ അടിസ്ഥാനമാക്കി കെ.എഫ്.ഡി.സി. സംസ്ഥാനത്ത് വിവിധ ഇക്കോടൂറിസം കേന്ദ്രങ്ങൾ വികസിപ്പിച്ചിട്ടുണ്ട്.
ഗവി, പത്തനംതിട്ട
ഒരിക്കൽ അധികമാരുമറിയാതിരുന്ന തോട്ടമേഖല ഇന്ന് രാജ്യാന്തര ശ്രദ്ധ നേടിയ പ്രകൃതി വിനോദസഞ്ചാര കേന്ദ്രമാണ്. സമ്പന്നമായ വനവും പക്ഷി-വന്യജീവി വൈവിധ്യവുമാണ് ഗവിയുടെ പ്രധാന ആകർഷണം. വംശനാശഭീഷണി നേരിടുന്ന വരയാട്, സിംഹവാലൻ കുരങ്ങ് എന്നിവയുടെ സംരക്ഷണത്തിനായി ഇവിടേക്കുള്ള പ്രവേശനം കൃത്യമായി നിയന്തിച്ചിരിക്കുന്നു. 260-ലധികം പക്ഷിയിനങ്ങളും അപൂർവ സസ്യങ്ങളും നിറഞ്ഞ ഗവിയിൽ ഡേ-പ്രോഗ്രാമുകളും വനത്തിനുള്ളിലെ താമസസൗകര്യങ്ങളും ലഭ്യമാണ്.
മീശപ്പുലിമല സൂര്യനെല്ലി ഇടുക്കി
പശ്ചിമഘട്ടത്തിലെ പ്രധാന പർവതപ്രദേശങ്ങളിലൊന്നായ മീശപ്പുലിമല പുൽമേടുകളും ചോലവനങ്ങളും ചേർന്ന അതുല്യമായ ആവാസവ്യവസ്ഥയാണ്. നീലക്കുറിഞ്ഞിയുടെ ആവാസകേന്ദ്രം കൂടിയായ ഇവിടെ പരിസ്ഥിതി ആഘാതം പരമാവധി കുറച്ചുകൊണ്ടുള്ള നിയന്ത്രിത ട്രെക്കിങ്, റോഡോ വാലി, ബേസ് ക്യാമ്പ് ടെന്റ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.
അരിപ്പ, തിരുവനന്തപുരം
വൈവിധ്യമാർന്ന പക്ഷിയിനങ്ങളുള്ള അരിപ്പ പക്ഷിനിരീക്ഷകരുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. അപൂർവമായ ഉഷ്ണമേഖലാ ശുദ്ധജല ചതുപ്പുനിലങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. വനത്തിനുള്ളിലെ താമസത്തിനൊപ്പം പ്രാദേശിക ഗോത്രസംസ്‌കാരത്തിന്റെ അനുഭവവും സഞ്ചാരികൾക്ക് ലഭ്യമാക്കുന്നു.
കമ്പമല (വയനാട്)
മാനന്തവാടി ഡിവിഷനിൽ കോടമഞ്ഞു പുതച്ച നൂറേക്കറോളം വരുന്ന തേയിലത്തോട്ടങ്ങളും മലനിരകളും നിറഞ്ഞ പ്രകൃതിസൗഹൃദ കേന്ദ്രമാണ് കമ്പമല. അരനൂറ്റാണ്ട് മുൻപ് ശ്രീലങ്കയിൽ നിന്ന് പുനരധിവസിപ്പിക്കപ്പെട്ടവരുടെ പിൻതലമുറക്കാരുടെ ജീവിതവും സംസ്‌കാരവും ഇവിടെ പ്രദേശത്തിന്റെ സവിശേഷതയാണ്. ഈ പ്രദേശത്ത് കമേലിയ ഇക്കോ കോട്ടേജുകളും ഡോർമിറ്ററിയും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.
നെല്ലിയാമ്പതി (പാലക്കാട്)
വാഗമൺ (ഇടുക്കി)
നെല്ലിയാമ്പതിയിലെ മലനിരകളുടെ പ്രകൃതിസൗന്ദര്യം നിലനിർത്തി ക്കൊണ്ടുള്ള വിനോദസഞ്ചാര പ്രവർത്തനങ്ങൾക്കൊപ്പം, വാഗമൺ ഹിൽസ് ഗാർഡൻ അപൂർവയിനം ഓർക്കിഡുകൾ, റോസാപ്പൂക്കൾ, ഫേണുകൾ, കള്ളിച്ചെടികൾ തുടങ്ങിയ സസ്യവൈവിധ്യത്തിന്റെ സംരക്ഷണത്തിനും പ്രദർശനത്തിനും പ്രാധാന്യം നൽകുന്നു.
കെ.എഫ്.ഡി.സി. കേന്ദ്രങ്ങൾക്ക് പുറമെ വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും വനസംരക്ഷണ സമിതികളുടെ പങ്കാളിത്തത്തിലും നിരവധി വന ഇക്കോടൂറിസം കേന്ദ്രങ്ങളും കേരളത്തിലുണ്ട്. അതിൽ പ്രധാനപ്പെട്ടവ ഇവയാണ്.
പെരിയാർ കടുവ സങ്കേതം (തേക്കടി)
ഇന്ത്യയിലെ ഏറ്റവും മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന വന്യജീവി സങ്കേതങ്ങളിലൊന്നാണ് പെരിയാർ കടുവ സങ്കേതം. പ്രകൃതിരമണീയമായ പെരിയാർ തടാകവും സമൃദ്ധമായ പച്ചപ്പും അപൂർവ ജൈവവൈവിധ്യവും ഈ പ്രദേശത്തെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാക്കുന്നു. സഞ്ചാരികൾക്ക് ഗൈഡഡ് ട്രെക്കിങ്, ബോട്ട് സഫാരി, രാത്രികാല വനയാത്രകൾ, കമ്മ്യൂണിറ്റി അധിഷ്ഠിത ബാംബൂ റാഫ്റ്റിങ് എന്നിവ ഇവിടെ ലഭ്യമാണ്.
പറമ്പിക്കുളം കടുവ സങ്കേതം
വനം വകുപ്പി െകീഴിലുള്ള മറ്റൊരു ഇക്കോടൂറിസം കേന്ദ്രമാണ് വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രവും സംരക്ഷിത വനമേഖലയുമായ പറമ്പിക്കുളം കടുവ സങ്കേതം. സമ്പന്നമായ ജൈവവൈവിധ്യത്തിനൊപ്പം തദ്ദേശീയ ആദിവാസി സമൂഹങ്ങളുടെ പങ്കാളിത്തമാണ് ഇവിടുത്തെ പ്രത്യേകത. പരിശീലനം നേടിയ പ്രാദേശികർ ഇക്കോ-ഗൈഡുകളായും വിവിധ ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമായും പ്രവർത്തിക്കുന്നു.
വയനാട് വന്യജീവി സങ്കേതം
മുത്തങ്ങയും തോൽപ്പെട്ടിയും ഉൾപ്പെടുന്ന വയനാട് വന്യജീവിസങ്കേതത്തിൽ ആനകൾ, കാട്ടുപോത്തുകൾ തുടങ്ങിയ വന്യജീവികളെ നേരിൽ കാണാൻ സാധിക്കുന്ന നിയന്ത്രിത ജീപ്പ് സഫാരികൾക്ക് അവസരമുണ്ട്.
ഇരവികുളം ദേശീയോദ്യാനം (മൂന്നാർ)
വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ സാന്നിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമാണ് ഇരവികുളം ദേശീയോദ്യാനം. വരയാടുകളുടെ പ്രജനനകാലത്ത് ഏർപ്പെടുത്തുന്ന സന്ദർശക നിരോധനവും നിയന്ത്രണവും മികച്ച പരിസ്ഥിതി സംരക്ഷണത്തിന്റെ മാതൃകയാണ് സൈലന്റ് വാലി ദേശീയോദ്യാനം. മനുഷ്യ ഇടപെടൽ താരതമ്യേന കുറഞ്ഞ നിത്യഹരിത വനങ്ങളുടെ അപൂർവ ലോകമാണ് സൈലന്റ് വാലി. സിംഹവാലൻ കുരങ്ങ് ഉൾപ്പെടെയുള്ള അപൂർവ വന്യജീവികളുടെയും സസ്യജാലങ്ങളുടെയും ആവാസകേന്ദ്രമായ ഈ പ്രദേശം കേരളത്തിന്റെ പ്രകൃതിസംരക്ഷണ പൈതൃകത്തിന്റെ പ്രതീകമാണ്.

പ്രകൃതിസമ്പത്ത് സംരക്ഷിക്കുന്നതിനൊപ്പം സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ട് ഇക്കോടൂറിസം നയം രൂപീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനങ്ങളി ലൊന്നാണ് കേരളം