വനഭൂമികയിലെ രക്തതാരകങ്ങൾ
സമകാലിക ജനപഥം 2026
സെപ്റ്റംബർ 1 പുസ്തകം 13 ലക്കം 2

കാട്ടിൽ നിങ്ങൾ ഒരിക്കലും ഒറ്റയ്ക്കല്ല. കാണാമറയത്തും കാഴ്ച അവസാനിക്കുന്ന വഴിത്താരയുടെ വളവുകളിലും ഇലകളുടെ അനക്കത്തിലും നീർച്ചാലുകളുടെ നിശ്ശബ്ദതയിലും ആയിരം കണ്ണുകൾ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കും. അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാകാത്തതാണ് വന്യതയുടെ സ്വഭാവം. അവിടെ ഓരോ ചുവടും ജാഗ്രത ആവശ്യപ്പെടുന്നു; ഓരോ ദൗത്യവും ഒരു ചെറിയ അപകടസാധ്യത കൂടി വഹിക്കുന്നു.
ആ കാട്ടിലേക്ക്, അതിന്റെ ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥയുടെയും സുരക്ഷയ്ക്കായി, ഔദ്യോഗിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി നിരന്തരം കടന്നുചെല്ലുന്നവരാണ് വനപാലകർ. വന്യമൃഗങ്ങളുടെ ആക്രമണം മാത്രമല്ല, വേട്ടക്കാരും മരംകൊള്ളക്കാരും കള്ളക്കടത്തുകാരും നിയമവിരുദ്ധമായി കാട് കീഴടക്കാൻ ശ്രമിക്കുന്നവരും അവരുടെ എതിരാളികളാണ്. ചിലർ തിരിച്ചെത്തുന്നു; ചിലർ കാടിന്റെ ഓർമ്മയായി മാറുന്നു. അവരുടെ ത്യാഗങ്ങളുടെ കണക്കെടുപ്പ് പൂർണ്ണമല്ല. രേഖകളിൽ ഇടം നേടിയവരേക്കാൾ എത്രയോ അധികം പേരുകൾ വനത്തിന്റെ നിശ്ശബ്ദതയിൽ മറഞ്ഞുകിടക്കുന്നുണ്ടാകാം. അവരെ ഓർക്കാനുള്ള ഒരു ദിനമാണ് സെപ്റ്റംബർ 11 ദേശീയ വനരക്തസാക്ഷി ദിനം.
ചില ഔദ്യോഗിക രേഖകളിൽ ആദ്യവന രക്തസാക്ഷിയായി രേഖപ്പെടുത്തിയ പേര് എൻ രാജശേഖരൻ നായർ എന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥന്റേതാണെന്ന് കാണാം. 1976 ൽ അദ്ദേഹം ബന്ദിപ്പൂർ വനങ്ങളിൽ വച്ച് കാട്ടാന ആക്രമണത്തിൽ മരണപ്പെടുകയാണുണ്ടായത്. എന്നാൽ അതിനുമുമ്പ് തന്നെ ടി കെ കൃഷ്ണൻകുട്ടി നായർ 1969 വനകുറ്റവാളികളുടെ കൈകളാൽ കൊല്ലപ്പെട്ടു എന്ന് മറ്റു രേഖകളിൽ നമുക്ക് കാണാൻ സാധിക്കും. ഇത്തരത്തിൽ രേഖപ്പെടുത്താതെ പോയ, അല്ലെങ്കിൽ പ്രാദേശിക രേഖപ്പെടുത്തലുകളായി മാത്രം ശേഷിക്കുന്ന, അതുമല്ലെങ്കിൽ മറവിയുടെ മാറാമ്പലുകളിൽ പെട്ടുപോയ എത്രയെത്ര രക്തസാക്ഷികൾ ഉണ്ടായിട്ടുണ്ടാവണം. ഉണ്ടായിട്ടുണ്ട് തീർച്ച. അവരെയൊക്കെ സ്മരിക്കാനായാണ് ഓരോ വർഷവും സെപ്റ്റംബർ 11ന് ദേശീയ വനരക്തസാക്ഷി ദിനം രാജ്യമൊട്ടാകെ ആചരിക്കുന്നത് വനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച വനഉദ്യോഗസ്ഥർ, വാച്ചർമാർ ആദിവാസി സംരക്ഷകർ സാധാരണ പൗരന്മാർ എന്നിവർക്കായുള്ള ആദര ദിവസമാണ് അന്ന്.
ലോകത്ത് രേഖപ്പെടുത്തപ്പെട്ട ഏറ്റവും ആദ്യത്തെ പരിസ്ഥിതി രക്തസാക്ഷിത്വ വാർഷികം കൂടിയാണ് ഇത്. മരങ്ങളെ രക്ഷിക്കുന്നതിന് 1730 സെപ്റ്റംബർ 11-ന് രാജസ്ഥാനിലെ മാർവാഡിലെ ഖേജർലി ഗ്രാമത്തിൽ നടന്ന ഒരു കൂട്ടക്കൊലയുടെ ഓർമ്മ പുതുക്കൽ കൂടിയാണ് ഈ ദിവസം. അക്കാലത്ത് ജോധ്പൂർ രാജാവായ മഹാരാജാ അഭയ് സിങ് തന്റെ പുതിയ കൊട്ടാരത്തിന് തടി വേണമെന്ന് കൽപ്പിച്ച് ഖേജ്രി മരങ്ങൾ വെട്ടാൻ ഖേജർലി ഗ്രാമത്തിലേക്ക് ആളുകളെ അയച്ചു. പച്ചമരങ്ങൾ മുറിക്കരുതെന്നും ജീവികളെ ഉപദ്രവിക്കരുതെന്നുമുള്ള 29 നിയമങ്ങളിൽ ഉറച്ചു വിശ്വസിക്കുന്ന ബിഷ്നോയി സമൂഹം രാജാവിന്റെ നിർദേശം നിരാകരിച്ചു. ഗ്രാമവാസിയായ അമൃതദേവി ബിഷ്നോയി എന്ന സ്ത്രീ മരത്തിന് പകരം സ്വന്തം ശിരസ്സ് നൽകാമെന്ന് പറഞ്ഞ് മരങ്ങളെ ആലിംഗനം ചെയ്തുവെന്നാണ് ചരിത്രം. പ്രകോപിതരായ സൈനികർ അവരെയും കുടുംബത്തെയും ശിരഛേദം ചെയ്തു. അതറിഞ്ഞ് അയൽഗ്രാമങ്ങളിൽ നിന്നും ജനം ഒഴുകിയെത്തി. മരങ്ങളെ ആലിംഗനം ചെയ്ത് പ്രതിഷേധിച്ച 363 പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഈ സമരത്തിൽ കൊല്ലപ്പെട്ടു.. സംഭവമറിഞ്ഞ രാജാവ് ഉത്തരവ് പിൻവലിക്കുകയും മാപ്പുപറയുകയും ഖേജർലി പ്രദേശത്തും ബിഷ്നോയ് ഗ്രാമങ്ങളിലും മരംവെട്ടുന്നതും വന്യജീവികളെ കൊല്ലുന്നതും നിരോധിച്ച് ഉത്തരവിറക്കുകയും ചെയ്തു. കോടാലിക്കെതിരെ ശരീരം ചേർത്തു നിർത്തിയ ആ ചെറുത്തുനിൽപ്പ് പിന്നീട് ഒരു മാതൃകയായി. അതിന്റെ അനുരണങ്ങൾ പിന്നീട് കാണുന്നത് 1970 -കളിലാണ്. ചരിത്രകാരന്മാരും സംരക്ഷണപ്രവർത്തകരും ഗ്രാമീണരും ഹിമാലയൻ ചിപ്കോ പ്രസ്ഥാനത്തിന്റെ ഭാഗമായി മരങ്ങളെ ആലിംഗനം ചെയ്യുന്ന കാഴ്ചകൾ ചരിത്രത്തിൽ കാണാം. 2013 ൽ കേന്ദ്ര പരിസ്ഥിതി വന മന്ത്രാലയം സെപ്റ്റംബർ 11 ദേശീയ വന രക്തസാക്ഷി ദിനമായി പ്രഖ്യാപിച്ചു.
വനം സംരക്ഷണത്തിന് ജീവത്യാഗം ചെയ്തവർക്ക് ഒരു ദിനം
വന്യത എന്ന പദത്തിൽ തന്നെ ആവാസ വ്യവസ്ഥയുടെ കടിഞ്ഞാണില്ലാത്ത സ്വഭാവം ഉൾച്ചേരുന്നുണ്ട്. എല്ലായിടത്തും അപകടം പതുങ്ങിയിരിക്കുന്നു ഔദ്യോഗിക ആവശ്യമാണോ അല്ലയോ എന്നതല്ല ഒരു അപരിചിതന്റെ അന്യായപ്രവേശനമാണ് ഇവിടെ വിഷയം . തങ്ങളുടെ പ്രകൃതിയിലേക്ക്, കടന്നുവരുന്ന ഇരുകാലി അവരെ സംബന്ധിച്ചിടത്തോളം ഒരു കടന്നു കയറ്റക്കാരനാണ്. സ്വന്തം വളർത്തുനായയുടെ അടുത്ത നിമിഷപ്രകൃതത്തെക്കുറിച്ച് നിശ്ചയം പോരാത്ത നമുക്ക് വന്യതയിൽ വിവരിക്കുന്ന മൃഗങ്ങളുടെ പ്രകൃതമെങ്ങനെയാണ് അളക്കാൻ സാധിക്കുക.
മൃഗങ്ങളെക്കാൾ അപകടകാരികളാകുന്നത് വനത്തിനുള്ളിലെ കൊള്ള സംഘങ്ങളാണ്. കഞ്ചാവിനും കൊമ്പിനും മാംസത്തിനും വേണ്ടി കാടുകയറുന്നവരുടെ പ്രകൃതവും ഇത്തരത്തിൽ വന്യമാണ്. ഏഴു പേരാണ് കേരളത്തിലെ വന സംരക്ഷണ പ്രവർത്തനങ്ങളിൽ ജീവൻ സമർപ്പിച്ചിട്ടുള്ളത് എന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. കോരിച്ചൊരിയുന്ന മഴയിൽ രക്തം കുടിക്കുന്ന അട്ടകൾ, വേനലിൽ ശരീരം മുഴുവൻ കടിച്ചു പൊട്ടിച്ച് തൊലികൾക്ക് താഴെ മുട്ടയിടുന്ന മ്ലാ വട്ടനുകൾ. കാട് സരക്ഷണം കാവ്യാത്മകമല്ല. ഓരോ ദിവസവും കാട് കടം കൊടുക്കുന്ന ജീവനാണ് വന ഉദ്യോഗസ്ഥന്റേത്.
വേട്ട, അനധികൃത കഞ്ചാവ് കൃഷി, തടിവെട്ട്, കൈയേറ്റങ്ങൾ, വനവിഭവങ്ങളുടെ മോഷണം തുടങ്ങി കാടിന്റെ സുരക്ഷയെ ബാധിക്കുന്ന ഓരോ ഇടപെടലിനെയും ചെറുക്കേണ്ട ഉത്തരവാദിത്തം വനപാലകർക്കുണ്ട്. അതിനൊപ്പമാണ് വന്യജീവി സംഘർഷം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളും. രാത്രി വൈകി താവളത്തിലെത്തിയാലും അടുത്ത നിമിഷം ഒരു സഹായവിളിയെത്താം; ഉടനെ അവിടേ ക്കുള്ള പാച്ചിലുകൾ. വനംകാവൽ ഒരു ജോലി എന്നതിനപ്പുറം ഒരു സമർപ്പണമാണ്.
മരങ്ങളെയും മൃഗങ്ങളെയും മാത്രമല്ല; ഭൂമിയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെയും മനുഷ്യന്റെ തന്നെ ഭാവിയെയും സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ജീവൻ നഷ്ടപ്പെട്ടവർ ഈ സമർപ്പണത്തിന്റെ ഏറ്റവും വിലയേറിയ അടയാളങ്ങളാണ്. വനത്തിന്റെ സുരക്ഷയ്ക്കായി ജീവൻ നൽകിയ ഓരോ മനുഷ്യനും ഒരു ഓർമ്മമാത്രമല്ല ഇന്നും കാടിന് വഴികാട്ടുന്ന ഒരു രക്തതാരകമാണ്.
