അൽഗോരിതങ്ങളിൽ മാറുന്ന ടൂറിസം സമവാക്യങ്ങൾ

സമകാലിക ജനപഥം 2026
സെപ്റ്റംബർ 1 പുസ്തകം 13 ലക്കം 2

 

prem2

prem1


ടൂറിസത്തിന്റെ
പരമ്പരാഗത സമവാക്യങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഒരിക്കൽ ഭൂപടങ്ങളും യാത്രാഗൈഡുകളും സുഹൃത്തുക്കളുടെ നിർദേശങ്ങളുമൊക്കെയായിരുന്നു യാത്രികന്റെ വഴികാട്ടികൾ. ഇന്നാകട്ടെ ഡാറ്റയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും അൽഗോരിതങ്ങളും നിർമ്മിതബുദ്ധിയും ഇഴചേർന്ന് സാധ്യതകളുടെ ഒരു മഹാപ്രപഞ്ചം തന്നെ ഓരോ സഞ്ചാരിക്ക് മുന്നിലും തുറക്കപ്പെടുകയാണ്. അതിനൊപ്പം ഒട്ടേറെ സങ്കീർണ്ണതകളും പുതിയ കാലം മുന്നോട്ട് വയ്ക്കുന്നുണ്ട്. ഒരു സഞ്ചാരി എന്താണ് കാണേണ്ടത് എന്നത് ഡിജിറ്റൽ ലോകം തീരുമാനിക്കുന്നു എന്നത് അതിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ്.

ഒരു സ്ഥലത്തെക്കുറിച്ച് ഇന്ന് ലോകം അറിയുന്നത് അതിന്റെ ഭൗതിക സാന്നിധ്യം കൊണ്ടുമാത്രമല്ല; സെർച്ച് എൻജിനുകളും സോഷ്യൽ മീഡിയയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ആ സ്ഥലത്തിന്റെ ദൃശ്യത എങ്ങനെ നിർമ്മിക്കുന്നു എന്നത് കൂടി ആശ്രയപ്പെടുത്തിയാണ്. അത്തരത്തിൽ ഇടങ്ങളുടെ ദൃശ്യത നിർമ്മിക്കപ്പെടുമ്പോൾ ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിക്കുന്നതും നിലനിർത്തുന്നതും ശക്തമായ വെല്ലുവിളിയാവും. നിർമ്മിതബുദ്ധി കൂടി ഈ പ്രക്രിയയുടെ ഭാഗമാകുമ്പോൾ ടൂറിസം വ്യവസായ രംഗത്തും ശക്തമായ പൊളിച്ചെഴുത്തുകൾ ആവശ്യമായി വരും. ഈ മാറ്റത്തിന്റെ വ്യാപ്തി ഉൾക്കൊണ്ടുകൊണ്ടാണ് ലോക ടൂറിസം സംഘടന ഈ വർഷത്തെ ടൂറിസം ദിനാഘോഷങ്ങളുടെ ഭാഗമായി ഡിജിറ്റൽ അജണ്ടയും നിർമ്മിത ബുദ്ധിയും ടൂറിസം പുനരൂപകൽപനയ്ക്ക് (Digital Agenda and Artificial Intelligence to Redesign Tourism) എന്ന പ്രമേയം മുന്നോട്ടുവയ്ക്കുന്നത്. ടൂറിസത്തെ കൂടുതൽ ക്രിയാത്മകവും എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമാക്കാൻ നിർമ്മിതബുദ്ധിയും ഡിജിറ്റൽ സാങ്കേതികവിദ്യയും എങ്ങനെ ഉപയോഗിക്കാം എന്നതാണ് ഈ പ്രമേയം മുന്നോട്ടുവയ്ക്കുന്ന പ്രധാന ചിന്ത.

കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് ഏറെ പ്രസക്തമാണ്. അറിയപ്പെടുന്ന ചില ടൂറിസ്റ്റ് കേന്ദ്രങ്ങൾക്കപ്പുറം അറിയപ്പെടാത്ത ഗ്രാമങ്ങൾ, നാട്ടുഭക്ഷണം, ജീവിതരീതികൾ, കലകൾ, കൃഷി, ജലാശയങ്ങൾ, പൈതൃകസമ്പത്തുകൾ തുടങ്ങി അനേകം വൈവിധ്യങ്ങളിലാണ് കേരള ടൂറിസത്തിന്റെ വികസന സാധ്യതകൾ. അവയെ ഡിജിറ്റൽ ലോകത്തിന് മനസ്സിലാകുന്ന രീതിയിൽ രേഖപ്പെടുത്തുകയും അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ലോകത്തിന് മാതൃകയായ ഒരു ടൂറിസം ലക്ഷ്യസ്ഥാനമായി മാറാൻ കേരളത്തിന് സാധിക്കുകയുള്ളു.

നിർമ്മിതബുദ്ധിയുടെ വരവോടുകൂടി ടൂർ പ്ലാനിങ്ങിലും വൻ മാറ്റങ്ങളാണ് സംഭവിക്കുക. എവിടെ, എങ്ങനെ, എന്തെല്ലാം തുടങ്ങി ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൃത്യമായി എ ഐ നമുക്കായി പ്ലാൻ ചെയ്തു നൽകും. ‘മൂന്ന് ദിവസത്തേക്ക് കുടുംബസമേതം പോകാൻ കഴിയുന്ന കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന, പ്രകൃതിരമണീയവും നല്ല ഭക്ഷണം ലഭിക്കുന്നതുമായ ഒരു സ്ഥലം നിർദേശിച്ച് യാത്ര പ്ലാൻ ചെയ്യാമോ?’ എന്ന് ഒരു നിർമ്മിതബുദ്ധി ആപ്ലിക്കേഷന് പ്രോംപ്റ്റ് നൽകി എന്ന് കരുതുക. നിമിഷങ്ങൾക്കുള്ളിൽ പോകേണ്ട സ്ഥലങ്ങൾ, താമസസൗകര്യം, ഭക്ഷണാനുഭവങ്ങൾ, ഏകദേശ ബജറ്റ് തുടങ്ങി എല്ലാം ഉൾക്കൊള്ളുന്ന കൃത്യമായ യാത്രാപ്ലാൻ നമ്മുടെ മുന്നിലെത്തും.

ടൂറിസത്തിൽ എ ഐ എങ്ങനെ ഉപയോഗിക്കാം എന്നതിനപ്പുറം,എ ഐ ഇതിനകം തന്നെ ടൂറിസത്തെ എങ്ങനെ മാറ്റിക്കൊണ്ടിരിക്കുന്നു എന്നതാണ് സമകാലിക ലോകം ചർച്ച ചെയ്യുന്നത്. ഇപ്പോൾ യാത്രക്കാർ എവിടെ താമസിക്കണം, എന്ത് കാണണം, എവിടേക്ക് പോകണം തുടങ്ങിയ ചോദ്യങ്ങൾ എ ഐയോട് ചോദിച്ചുതുടങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ ചർച്ചയ്ക്ക് പ്രസക്തി വർധിക്കുന്നത്. ഇവിടെയാണ് ടൂറിസത്തിന്റെ പഴയ സമവാക്യങ്ങൾ മാറുന്നത്.

ചെറിയ സംരംഭകർക്ക്
വലിയ സാധ്യതകൾ
എ ഐ സൃഷ്ടിക്കുന്ന വിപ്ലവം യാത്രക്കാരിൽ മാത്രം ഒതുങ്ങുന്നില്ല. കേരളത്തിലെ സാധാരണ ഹോംസ്റ്റേ ഉടമകൾക്കും ടൂർ ഓപ്പറേറ്റർമാർക്കും ഇത് വലിയ അവസരങ്ങൾ തുറന്നുനൽകുന്നു. വലിയ ഏജൻസികളുടെ സഹായമില്ലാതെ തന്നെ വെബ്സൈറ്റ് ഉള്ളടക്കം, പ്രോപ്പർട്ടി വിവരണം, സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവ നിമിഷനേരം കൊണ്ട് വിവിധ ഭാഷകളിൽ തയ്യാറാക്കാം എന്നുള്ളതാണ് ഇതിൽ പ്രധാനമായി എടുത്തു പറയേണ്ടത്.

ഒരു സാധാരണ ഗ്രാമത്തെ വില്ലേജ് വാക്ക്, അഗ്രി-ടൂറിസം, പ്രാദേശിക ഭക്ഷണാനുഭവം, ഫാം ടൂറിസം, സാംസ്‌കാരിക കേന്ദ്രം എന്നിങ്ങനെ വ്യത്യസ്ത ടൂറിസം ഉൽപന്നങ്ങളാക്കി മാറ്റി അവതരിപ്പിക്കാനും പുതിയ സാധ്യതകൾ തുറന്നുകാട്ടാനും നിർമ്മിതബുദ്ധിക്ക് സാധിക്കുന്നു. അതായത്, ഒരു കൃഷിയിടമാകട്ടെ, അടുക്കളയാകട്ടെ, ഒരു കലാകാരന്റെ വീടാകട്ടെ ചെറിയ ഒരു ഗ്രാമമാകട്ടെ ശരിയായ രീതിയിൽ രൂപകൽപന ചെയ്താൽ അത് ദിവസം മുഴുവൻ അനുഭവിക്കാവുന്ന ടൂറിസം ഉൽപന്നങ്ങളാക്കി മാറ്റാൻ സാധിക്കും. ഓരോരുത്തർക്കും അനുയോജ്യമായ രീതിയിൽ ഒരേ കേരളത്തെ തന്നെ വ്യത്യസ്ത അനുഭവങ്ങളായി അവതരിപ്പിക്കാൻ നിർമ്മിതബുദ്ധി സഹായിക്കുന്നു. ഒരേ കേരളത്തെ എല്ലാവർക്കും ഒരേ രീതിയിൽ വിൽക്കേണ്ട കാലം അവസാനിക്കുകയാണ്.

നിർമ്മിത ബുദ്ധി നിർദേശിക്കുന്ന
കേരള ടൂറിസം : 2030
കേരള ടൂറിസം ഇതിനകം തന്നെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. എന്നാൽ 2030-ലേക്കുള്ള നമ്മുടെ ലക്ഷ്യം അതിലും വലുതായിരിക്കണം. ‘നിർമ്മിതബുദ്ധി ഉപയോഗിക്കുന്ന കേരളം’ എന്നതിലുപരി ‘നിർമ്മിതബുദ്ധിക്ക് മനസ്സിലാകുന്ന, നിർമ്മിതബുദ്ധി കണ്ടെത്തുന്ന, നിർമ്മിതബുദ്ധി ലോകത്തിന് ശുപാർശ ചെയ്യുന്ന കേരളം’ എന്നതാകണം അത്.
‘തിരക്കില്ലാത്ത കേരളത്തിൽ ചിലവഴിക്കാൻ കഴിയുന്ന സ്ഥലങ്ങൾ?’ എന്നോ ‘കേരളത്തനിമ മനസിലാക്കാൻ എവിടേക്കു സഞ്ചരിക്കണം?’ എന്നോ ഒരു സഞ്ചാരി ചോദിക്കുമ്പോൾ, നമ്മുടെ ചെറുതും വലുതുമായ ഡെസ്റ്റിനേഷനുകൾക്ക് ആ ഡിജിറ്റൽ ലോകത്ത് കൃത്യമായ സാന്നിധ്യം ഉണ്ടായിരിക്കണം. അതിനായി വിശ്വാസയോഗ്യമായ ടൂറിസം ഡാറ്റ, ബഹുഭാഷാ ഉള്ളടക്കം, മികച്ച ചിത്രങ്ങൾ, വീഡിയോ എന്നിവ അനിവാര്യമാണ്. വലിയ ബ്രാൻഡുകൾക്ക് മാത്രം ഡിജിറ്റൽ ലോകത്ത് സ്വാധീനം ചെലുത്താൻ കഴിയുന്ന സാഹചര്യം മാറി പ്രാദേശിക സാധ്യതകൾക്കുകൂടി ലോകത്തിനു മുന്നിൽ എത്താൻ കഴിയണം.

സ്മാർട്ട് ടൂറിസത്തിൽ നിന്ന്
ഇന്റലിജന്റ് ടൂറിസത്തിലേക്ക്
2030-ഓടെ കേരള ടൂറിസം ഡാറ്റ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ‘ഡെസ്റ്റിനേഷൻ ഇന്റലിജൻസ് ഇക്കോസിസ്റ്റം’ ആയി മാറേണ്ട
തുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ ബദൽ സ്ഥലങ്ങൾ നിർദേശിക്കുക, വിദേശസഞ്ചാരിക്ക് സ്വന്തം ഭാഷയിൽ കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും മനസ്സിലാക്കാൻ സാധിക്കുക, കാലാവസ്ഥ അനുസരിച്ച് യാത്രാപദ്ധതികൾ സ്വയം പുനഃക്രമീകരിക്കുക, സഞ്ചാരികളുടെ ട്രെൻഡുകൾ വിശകലനം ചെയ്ത് ഓരോ ജില്ലയ്ക്കും പുതിയ പദ്ധതികൾ വികസിപ്പിക്കുക എന്നിവയെല്ലാം ഈ മാറ്റത്തിന്റെ ഭാഗമായി സംഭവിക്കും.

സാങ്കേതികവിദ്യയുടെ വളർച്ചയിൽ ചില അടിസ്ഥാന ചോദ്യങ്ങളും നമ്മൾ നേരിടേണ്ടതുണ്ട്. നിർമ്മിതബുദ്ധി പ്രാധാന്യം നൽകുക വലിയ ബ്രാൻഡുകൾക്കു മാത്രമായിരിക്കുമോ എന്നതും, നമ്മുടെ പ്രാദേശിക സംസ്‌കാരവും ഭാഷയും കൃത്യമായി പ്രതിനിധീകരിക്കപ്പെടുമോ എന്നതും ഗൗരവമായി കാണണം. അതുകൊണ്ടുതന്നെ കേരളത്തിന്റെ നിർമ്മിതബുദ്ധി ടൂറിസം കേവലം സാങ്കേതികവിദ്യയിൽ മാത്രം ഒതുങ്ങരുത്. മനുഷ്യൻ, നാട്, സംസ്‌കാരം, സുസ്ഥിരത, സാങ്കേതികവിദ്യ എന്നിവ സമന്വയിക്കുന്ന സമവാക്യത്തിലായിരിക്കണം അത് പടുത്തുയർത്തേണ്ടത്. നിർമ്മിതബുദ്ധി മനുഷ്യനെ മാറ്റിസ്ഥാപിക്കാനുള്ളതല്ല; മറിച്ച്, മനുഷ്യന്റെ അറിവിനെയും സേവനത്തെയും കൂടുതൽ ശാക്തീകരിക്കാനുള്ളതാണ്.

അൽഗോരിതങ്ങൾ
വരയ്ക്കുന്ന യാത്രാ മാപ്പ്
ഭാവിയിലെ ടൂറിസം മത്സരം ആരാണ് കൂടുതൽ സഞ്ചാരികളെ കൊണ്ടുവരുന്നത് എന്നതിലല്ല, മറിച്ച് ആരാണ് ശരിയായ സഞ്ചാരിയെ ശരിയായ സമയത്ത് ശരിയായ അനുഭവങ്ങളുമായി ബുദ്ധിപരമായി ബന്ധിപ്പിക്കുന്നത് എന്നതിലായിരിക്കും. ആഗോള യാത്രാമാപ്പിൽ കേരളം ഇനി അറിയപ്പെടേണ്ടത് ‘God’s Own Country – Intelligently Discovered’ എന്ന നിലയിലാണ്.

 

Spread the love