വാർധക്യത്തിന് പുതിയ വിലാസം

സമകാലിക ജനപഥം 2026
ജൂൺ 1 പുസ്തകം 12 ലക്കം 11

വയോജനക്ഷേമം>> എസ് നന്ദന

രാജ്യത്ത് ആദ്യമായി വയോജന ക്ഷേമ വകുപ്പ് രൂപീകരിച്ച സംസ്ഥാനമായി മാറി കേരളം

ഒരു സമൂഹം എത്രമാത്രം പരിഷ്‌കൃതമാണെന്നതിന്റെ അളവുകോൽ മുതിർന്ന പൗരൻമാരോടുള്ള അതിന്റെ സമീപനമാണ്. പുതിയ സർക്കാരിന്റെ ആദ്യ തീരുമാനങ്ങളിലൊന്നായി സംസ്ഥാനത്ത് വയോജന ക്ഷേമവകുപ്പ് രൂപീകരിക്കപ്പെടുമ്പോൾ രാജ്യത്തിന് തന്നെ മാതൃകയാവുന്ന തരത്തിലുള്ള മികച്ച സന്ദേശമാണ് അതിലൂടെ മുന്നോട്ട് വയ്ക്കപ്പെടുന്നത്.

nandana1ഇന്ത്യയിൽ ഏറ്റവും കൂടുതൽ വയോജനങ്ങളുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളം വാർധക്യവുമായി ബന്ധപ്പെട്ട പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ്. വർധിച്ചുവരുന്ന ആയുർദൈർഘ്യവും മാറുന്ന കുടുംബഘടനകളും യുവതലമുറയുടെ കുടിയേറ്റവും കാരണം ആരോഗ്യപരിപാലനം, പരിചരണം, സാമ്പത്തിക സുരക്ഷ, സാമൂഹിക പിന്തുണ എന്നിവ വയോജനങ്ങളുടെ ജീവിതത്തിൽ കൂടുതൽ പ്രാധാന്യമാർജിച്ചിരിക്കുകയാണ്. ജീവിതശൈലീരോഗങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, ഏകാന്തത, സാമൂഹിക ഒറ്റപ്പെടൽ തുടങ്ങിയവയും വയോജന സമൂഹത്തെ കൂടുതൽ ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

കൂടുതൽ കരുതലും ക്ഷേമവും അർഹിക്കുന്ന മേഖലയായി കണ്ടാണ് ഈ സർക്കാർ വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക വയോജനക്ഷേമ വകുപ്പ് രൂപീകരിച്ചത്. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നത്. വയോജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് അവരുടെ ആവശ്യങ്ങൾ കൂടുതൽ ഫലപ്രദമായി പരിഗണിക്കുന്നതിനുമായി നിരവധി പദ്ധതികളാണ് വകുപ്പ് രൂപീകരണത്തിലൂടെ സർക്കാർ മുന്നോട്ടുവെക്കുന്നത്. വയോജനങ്ങളെ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി മാത്രം കാണാതെ, സമൂഹത്തിന്റെ സജീവ പങ്കാളികളായി അംഗീകരിക്കുകയും അവർക്ക് സുരക്ഷിതത്വവും ആരോഗ്യകരവും അന്തസ്സുള്ളതുമായ ജീവിതം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. പ്രായം കൂടുന്നതിനനുസരിച്ച് ഉയരുന്ന ആരോഗ്യപ്രശ്നങ്ങൾ, ദീർഘകാല പരിചരണത്തിന്റെ ആവശ്യകത, ഏകാന്തത, സാമൂഹിക ഒറ്റപ്പെടൽ തുടങ്ങിയ വെല്ലുവിളികൾക്ക് സമഗ്രമായ പരിഹാരം കണ്ടെത്താനുള്ള ശ്രമം കൂടിയാണ് ഇത്.nandana2

വയോജനങ്ങൾക്കായുള്ള ക്ഷേമപദ്ധതികൾ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും സാമൂഹിക ഒറ്റപ്പെടൽ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുക എന്നതാണ് വകുപ്പിന്റെ പ്രധാന ചുമതല.

പദ്ധതികൾ നിരവധി
വയോജനക്ഷേമത്തിന് കൂടുതൽ മുൻഗണന നൽകിക്കൊണ്ട് സർക്കാർ പുതിയ പദ്ധതികളും സ്ഥാപന സംവിധാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആരംഭിച്ച വയോമിത്രം പദ്ധതി എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ച് വയോജനങ്ങൾക്ക് വീട്ടിലെത്തിയുള്ള ആരോഗ്യപരിചരണവും മാനസികാരോഗ്യ പിന്തുണയും ഉറപ്പാക്കും. കൂടാതെ നിയമസഹായം, ആരോഗ്യസേവനങ്ങൾ, സംരക്ഷണം എന്നിവ ലഭ്യമാക്കുന്നതിനായി എല്ലാ കളക്ടറേറ്റുകളിലും ‘കെയർ ക്യാബിൻ’ പിന്തുണാകേന്ദ്രങ്ങൾ സ്ഥാപിക്കും. ഡിമെൻഷ്യയും ഓർമ്മക്കുറവും വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്മൃതി കഫേകൾ, ഡിമെൻഷ്യ ഡേ-കെയർ കേന്ദ്രങ്ങൾ, മെമ്മറി ക്ലിനിക്കുകൾ എന്നിവ സംസ്ഥാനത്തുടനീളം വിപുലീകരിക്കാനും സർക്കാർ പദ്ധതിയിടുന്നു. ഇതോടൊപ്പം മധ്യവയസ്‌കരായ എല്ലാവർക്കും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.

വയോമിത്രം പദ്ധതിയിലൂടെ ആരോഗ്യപരിശോധനകളും ചികിത്സാ സേവനങ്ങളും, മന്ദഹാസം പദ്ധതിയിലൂടെ സൗജന്യ ദന്തപരിചരണവും, സായംപ്രഭ കേന്ദ്രങ്ങളിലൂടെ സാമൂഹിക ഇടപെടലുകൾക്കും വിനോദപ്രവർത്തനങ്ങൾക്കും അവസരങ്ങളും ലഭ്യമാണ്. ഓർമ്മത്തോണി പദ്ധതി ഡിമെൻഷ്യ ബാധിതർക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണ നൽകുമ്പോൾ, എൽഡർലൈൻ, വയോരക്ഷ, സല്ലാപം തുടങ്ങിയ പദ്ധതികൾ അടിയന്തര സഹായവും കൗൺസിലിങും സംരക്ഷണവും ഉറപ്പാക്കുന്നു. ഇത്തരത്തിൽ മുതിർന്ന പൗരന്മാർക്കായി വിവിധ തലങ്ങളിൽ ഇതിനോടകം നടപ്പിലാക്കി വരുന്ന പദ്ധതികളെല്ലാം ഒരു കുടക്കീഴിലാക്കി കൂടുതൽ പ്രതിബദ്ധതയോടെ നടപ്പിലാക്കും.nandna 3

അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും ക്ഷേമപെൻഷൻ പ്രതിമാസം 3,000 രൂപയായി വർധിപ്പിക്കുമെന്ന പ്രഖ്യാപനവും സർക്കാർ നടത്തിയിട്ടുണ്ട്. കുടുംബത്തിന് പ്രതിവർഷം 25 ലക്ഷം രൂപവരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന ഉമ്മൻ ചാണ്ടി ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയും സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്.nandana5

വയോജനങ്ങൾക്കൊപ്പം അവരെ പരിചരിക്കുന്ന കുടുംബാംഗങ്ങൾക്കും പരിചരണദാതാക്കൾക്കും പിന്തുണ നൽകുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വയോജന പരിചരണ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രത്യേക പരിശീലനവും സർട്ടിഫിക്കേഷനും നൽകുക, മികച്ച പരിചരണ മാതൃകകൾ നടപ്പാക്കുക, വീട്ടിൽ തന്നെ പരിചരണം ലഭ്യമാക്കുന്ന സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്നിവ ഇതിന്റെ ഭാഗമാണ്.

മാനസികാരോഗ്യത്തിനും വൈകാരിക ക്ഷേമത്തിനും പ്രാധാന്യം നൽകും. ഏകാന്തത, വിഷാദം, സാമൂഹിക ഒറ്റപ്പെടൽ എന്നിവ വാർധക്യത്തിലെ പ്രധാന വെല്ലുവിളികളായി മാറുന്ന സാഹചര്യത്തിൽ കൗൺസിലിങ് സേവനങ്ങൾ, സാമൂഹിക പങ്കാളിത്തം, തലമുറകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന പരിപാടികൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

വാർധക്യം ഒരു വ്യക്തിയുടെ മാത്രം പ്രശ്നമല്ല; അത് ഒരു സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഈ കാഴ്ചപ്പാടോടെയാണ് കേരളം പുതിയ വയോജന നയവുമായി മുന്നോട്ടുപോകുന്നത്.

 

Spread the love