വികസനമാതൃകകളിലെ ബദൽ മുഖമായി ബജറ്റ്

സമകാലിക ജനപഥം 2026
ജൂലൈ 1 പുസ്തകം 12 ലക്കം 12

വികസനത്തിന്റെ വാർപ്പുമാതൃകകളെ മറികടന്ന് അനന്തസാധ്യതകളുടെ ഒരു കേരളമോഡൽ ദീർഘവീക്ഷണത്തോടെ മുന്നോട്ടുവയ്ക്കുകയാണ് സർക്കാരിന്റെ ആദ്യബജറ്റ്. പലതരത്തിലുള്ള പരിമിതികൾ നിലനിൽക്കുമ്പോഴും വികസനത്തിന്റെ വേഗം കുറയ്ക്കാതെ മുന്നോട്ട് പോകാൻ കേരളത്തിന്റെ എല്ലാ സാധ്യതകളെയും 2026-27 ബജറ്റ് ഉപയോഗപ്പെടുത്തുന്നു. വിദ്യാഭ്യാസ തൊഴിൽ അവസരങ്ങൾക്കായുള്ള യുവാക്കളുടെ കുടിയേറ്റവും, വർധിച്ചു വരുന്ന വയോജനങ്ങളുടെ എണ്ണവുമാണ് പുതിയകാല കേരളം നേരിടുന്ന പ്രധാന വെല്ലുവിളികൾ. ഈ രണ്ടു പ്രശ്നങ്ങൾം അവസരങ്ങളുടെ ഒട്ടേറെ പുതിയ വാതിലുകളാണ് ബജറ്റിലുള്ളത്. പല വികസിതരാജ്യങ്ങളിലുമെന്നപോലെ വയോജനങ്ങളെ സാമൂഹിക ക്ഷേമത്തിന്റെ പരിധിയിൽ നിന്ന് സാമ്പത്തിക വളർച്ചയുടെ എഞ്ചിനായി മാറ്റാനുള്ള ശ്രമമാണ് ബജറ്റിലെ സിൽവർ ഇക്കോണമിയും അനുബന്ധ പദ്ധതികളും.

യുവതലമുറയുടെ പുതിയകാല തൊഴിൽ വിദ്യാഭ്യാസ അന്വേഷണങ്ങൾക്കുള്ള മികച്ച മറുപടിയാണ്  ഗ്ലോബൽ ജോബ് വാച്ച് ടവർ, കേരള നോളജ് വാലി, വയനാട് ട്രൈബൽ സർവകലാശാല, സ്‌പേസ് ഇക്കോണമി എന്നിവ. പരമ്പരാഗത അറിവുകളും പുത്തൻ സാങ്കേതിക വിദ്യയും സമന്വയിച്ച് മാനവവിഭവശേഷിയുടെ കാര്യത്തിൽ വൻശക്തിയാവുക എന്ന ലക്ഷ്യം യുവാക്കളുടെ കുടിയേറ്റ പ്രശ്നത്തിന് വലിയ രീതിയിൽ പരിഹാരമായേക്കും.ജെൻസികൾക്കുള്ള സംരംഭക പദ്ധതിയും ഇതിനോട് ചേർത്തുവായിക്കാവുന്നതാണ്.

ഇൻവെസ്റ്റ് കേരളയിലൂടെ നിക്ഷേപ സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്താനും, എം.എസ്.എം.ഇ. മേഖലയെ ഉൽപാദനത്തിന്റെയും തൊഴിലവസരങ്ങളുടെയും നട്ടെല്ലായി വളർത്താനും, ടൂറിസത്തെ അനുഭവാധിഷ്ഠിത സമ്പദ്വ്യവസ്ഥയുടെ കേന്ദ്രമാക്കി ഉയർത്താനുമുള്ള കാഴ്ചപ്പാടാണ് ബജറ്റിലുടനീളം ദർശിക്കാനാകുക. പാരമ്പര്യമേഖലകൾക്കും സ്ത്രീകൾ, മറ്റു പിന്നാക്ക വിഭാഗങ്ങൾ എന്നിവർക്കും അർഹമായ കരുതലും പദ്ധതികളും ബജറ്റിലുണ്ട്.

അതോടൊപ്പം, ഗ്രീൻ ഗ്രോത്ത്, ഗ്രീൻ ഹൈഡ്രജൻ ഹബ്ബ്, നോളജ് ഇക്കോണമി, സ്പേസ് ഇക്കോണമി, മിഷൻ സമുദ്ര തുടങ്ങിയ ഭാവിയെ ലക്ഷ്യമിട്ട ആശയങ്ങൾ കേരളത്തിന്റെ വികസന ചർച്ചയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നു. വിജ്ഞാനം, നവീകരണം, ശാസ്ത്രം, സമുദ്രസമ്പത്ത്, ഹരിത ഊർജം, സാങ്കേതികവിദ്യ എന്നിവയാണ് ഇനി സമ്പദ്‌വ്യവസ്ഥയുടെ പുതിയ ഇന്ധനമെന്ന തിരിച്ചറിവാണ് ഈ ബജറ്റിന്റെ അടിസ്ഥാനം. മനുഷ്യവിഭവശേഷിയും പ്രകൃതിവിഭവങ്ങളും ശാസ്ത്രീയ മികവും സമന്വയിപ്പിച്ചുള്ള വികസന കാഴ്ചപ്പാടാണ് ഇവിടെ തെളിയുന്നത്. അങ്ങനെ സാമൂഹിക ക്ഷേമത്തിന്റെയും കരുതലിന്റെയും ഒട്ടേറെ പദ്ധതികളും സാധ്യതകളും പങ്കുവെയ്ക്കുന്ന ബജറ്റ്് കരുതലും വികസനവും ഇഴചേർന്ന പുതിയകാല ബദലായി മാറുന്നു.
ധനകാര്യമന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ ബജറ്റിനെ അടിസ്ഥാനപ്പെടുത്തിയുള്ള അഭിമുഖം,വിവിധമേഖലകൾ അടിസ്ഥാനമാക്കി വിദഗ്ധരുടെ ബജറ്റ് അവലോകനം, ബജറ്റ് ഒറ്റനോട്ടത്തിൽ തുടങ്ങിയവ കൂടുതൽ ബജറ്റ് അറിവുകൾ പങ്കുവെയ്ക്കുന്നവയാണ്. ലോകകപ്പിലെ ഡ്രീം ടീമുകളുമായി മന്ത്രിമാരുടെ ഫുട്ബാൾ ക്യാബിനറ്റ്, പ്രിയദർശിനി യാത്രാനുഭവങ്ങൾ, മാറുന്ന വായനയെക്കുറിച്ചുള്ള എഴുത്തുകാരുടെ കാഴ്ചപ്പാടുകൾ തുടങ്ങിയവയും ഈ ലക്കത്തിൽ വായിക്കാം..

സബിൻ സമീദ് ഐ എ എസ്
എഡിറ്റർ

 

 

Spread the love