ധവളപത്രം സാമ്പത്തിക പുനർനിർമാണത്തിന്റെ അടിസ്ഥാന രേഖ
സമകാലിക ജനപഥം 2026
ജൂൺ 1 പുസ്തകം 12 ലക്കം 11
ധവളപത്രം>>
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എവിടെയാണ് നിൽക്കുന്നത്? വികസന നേട്ടങ്ങൾക്കൊപ്പം സാമ്പത്തിക വെല്ലുവിളികളും സംസ്ഥാനത്തെ എങ്ങനെ ബാധിക്കുന്നു? ഈ ചോദ്യങ്ങൾക്ക് കണക്കുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ മറുപടി തേടുകയാണ് പുതിയ ധവളപത്രം. സംസ്ഥാനത്തിന്റെ വരുമാനം, കടബാധ്യത, ചെലവുകൾ, വികസന സാധ്യതകൾ എന്നിവ വിശകലനം ചെയ്യുന്ന ഈ രേഖ കേരളത്തിന്റെ വികസനസാധ്യതകളെുറിച്ചുള്ള നിർണായക ചർച്ചകൾക്ക് വഴിതുറക്കുന്നു
ജനാധിപത്യ ഭരണക്രമത്തിൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനുള്ള പ്രധാന ഉപാധികളിലൊന്നാണ് ധവളപത്രം. ഒരു വിഷയത്തെക്കുറിച്ചുള്ള സർക്കാരിന്റെ വിലയിരുത്തലുകളും നയപരമായ നിലപാടുകളും വസ്തുതാപരമായ വിവരങ്ങളും പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഔദ്യോഗിക രേഖയായാണ് ധവളപത്രം അറിയപ്പെടുന്നത്.
സർക്കാരുകളുടെ വികസനയാത്ര, സാമ്പത്തിക സ്ഥിതി, ഭരണനേട്ടങ്ങൾ, വിവിധ മേഖലകളിലെ പുരോഗതി എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ ധവളപത്രങ്ങൾക്ക് സുപ്രധാന പങ്കുണ്ട്. വസ്തുതകളും കണക്കുകളും അടിസ്ഥാനമാക്കി പൊതുചർച്ചകൾക്ക് വഴിയൊരുക്കുകയും നയരൂപീകരണ പ്രക്രിയയിൽ ജനപങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ഇത്തരം രേഖകളുടെ ലക്ഷ്യം.
സംസ്ഥാനത്തിന്റെ സാമ്പത്തിക, ഭരണപര, വികസന മേഖലകളിലെ സ്ഥിതിഗതികൾ സംബന്ധിച്ച് വ്യക്തമായ ചിത്രം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സർക്കാർ ധവളപത്രം പുറത്തിറക്കിയിരിക്കുന്നത്. കേരളത്തിൽ ഇതിന് മുമ്പ് നാലു സർക്കാരുകൾ ഇത്തരത്തിൽ ധവളപത്രം ഇറക്കിയിട്ടുണ്ട്.
സംസ്ഥാനത്തിന് യഥാർഥത്തിൽ എത്ര വരുമാനം ലഭിക്കുന്നു, എത്ര നീക്കിയിരിപ്പുണ്ട് എത്ര ചെലവഴിക്കുന്നു, എത്ര ബാധ്യതകളുണ്ട്, ഭാവിയിൽ എന്തൊക്കെ സാമ്പത്തിക പ്രതിസന്ധികൾ നേരിടേണ്ടിവരും എന്നീ കാര്യങ്ങളുടെ വസ്തുതാപരമായ ചിത്രമാണ് ഇതിലൂടെ വ്യക്തമാക്കപ്പെടുന്നത്. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ശിശുമരണനിരക്ക്, ലിംഗസമത്വം തുടങ്ങിയ സാമൂഹിക വികസന സൂചികകളിൽ കാലാകാലങ്ങളിൽ മികച്ചു നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്നാൽ ഈ നേട്ടങ്ങൾ നിലനിർത്താനും കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനും ആവശ്യമായ സാമ്പത്തികശേഷി സംസ്ഥാനത്തിനുണ്ടോ എന്ന ചോദ്യം പൊതുമധ്യത്തിൽ ഉയരുന്ന സാഹചര്യത്തിൽ കണക്കുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ നിലവിലെ അവസ്ഥ, നേരിടുന്ന വെല്ലുവിളികൾ, ഭാവിയിൽ സ്വീകരിക്കേണ്ട നയപരമായ സമീപനങ്ങൾ എന്നിവ വിശദീകരിക്കേണ്ട ഉത്തരവാദിത്വം കൂടി പുതിയ സർക്കാരിനുണ്ട്. കൂടാതെ പുതിയ ബജറ്റ് അവതരിപ്പിക്കുന്ന ഘട്ടത്തിൽ ഏറ്റവും സുതാര്യമായി അതിന്റെ അടിസ്ഥാന ഘടകങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനും ഇത് സഹായകമാവുന്നു.
ഒരു ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും സംസ്ഥാനത്തിന്റെ യഥാർഥ അവസ്ഥ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനും ധവളപത്രങ്ങൾ പ്രധാന ഉപാധിയാണ്. എന്നാൽ ഇപ്പോഴത്തെ ധവളപത്രം കഴിഞ്ഞ കാലത്തെ വിലയിരുത്താനുള്ള ഉപകരണം എന്ന നിലയിൽ മാത്രമല്ല വരുംകാല വികസനത്തിനും സാമ്പത്തിക പുനർനിർമാണത്തിനും ആവശ്യമായ പൊതുവായ അടിസ്ഥാനരേഖ എന്ന നിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്.
സുതാര്യത, ഉത്തരവാദിത്വം, വിശ്വാസ്യത എന്നിവയുടെ അടിസ്ഥാനത്തിൽ കേരളത്തിന്റെ ധനഭരണം പുനഃസ്ഥാപിക്കുന്നതിനുള്ള ആദ്യപടിയായിരിക്കും ഈ ധവളപത്രമെന്ന് സർക്കാർ വ്യക്തമാക്കുന്നു. പ്ലാനിങ് ബോർഡ് മുൻ ഉപാധ്യക്ഷൻ കെ.എം.ചന്ദ്രശേഖർ, സാമ്പത്തിക ശാസ്ത്രജ്ഞനും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ മുൻ ഡയറക്ടറുമായ ഡോ.ഡി.നാരായണ, സിഡിഎസ് ചെയർമാൻ ഡോ.വീരമണി എന്നിവരുടെ നേതൃത്തിൽ തയ്യാറാക്കിയ ധവളപത്രം പൊതുമണ്ഡലത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.
| ധവളപത്രം ഒറ്റനോട്ടത്തിൽ 195 പേജുകൾ 7 അധ്യായങ്ങൾ തയ്യാറാക്കിയത് കെ.എം.ചന്ദ്രശേഖർ, പ്ലാനിങ് ബോർഡ് മുൻ ഉപാധ്യക്ഷൻ ഡോ. ഡി. നാരായണ,ഗിഫ്റ്റ് മുൻ ഡയറക്ടർ ഡോ. വീരമണി, സിഡിഎസ് ചെയർമാൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം സംസ്ഥാനത്തിന്റെ പൊതുകടം 5.07 ലക്ഷം കോടി ജി.എസ്.ഡി.പിയുടെ 35.5% പ്രതിബദ്ധ ചെലവുകൾ ആഭ്യന്തര വരുമാനത്തിന്റെ 77.6% ദേശീയ ശരാശരി 46.1% മൂലധന ചെലവ് ആഭ്യന്തര വരുമാനത്തിന്റെ 1.3% ദേശീയ ശരാശരി 3.2% വികസന ചെലവ് ജി.എസ്.ഡി.പിയുടെ 39.9% ദേശീയ ശരാശരി 63.5% പലിശ തിരിച്ചടവ് ആഭ്യന്തര വരുമാനത്തിന്റെ 17.73% കുടിശ്ശിക ബാധ്യത 48,733 കോടി പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 78,851 കോടി കിഫ്ബി വായ്പാ ബാധ്യത ഏകദേശം 21,000 കോടി പ്രധാന ശുപാർശകൾ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുക വ്യവസായ വികസനം ശക്തിപ്പെടുത്തുക തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുക ജി.എസ്.ടി. പിരിവ് കാര്യക്ഷമമാക്കുക ഭരണസംവിധാനങ്ങളുടെ ഡിജിറ്റലൈസേഷൻ സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കുക ലക്ഷ്യം കേരളത്തിന്റെ സാമ്പത്തിക യാഥാർഥ്യങ്ങൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുകയും ഭാവി വികസനത്തിനുള്ള നയദിശകൾ നിർദേശിക്കുകയും ചെയ്യുക. |
മുൻകാലങ്ങളിൽ കെട്ടിപ്പൊക്കിയ സാമ്പത്തിക മിഥ്യകൾ തകർക്കാനും സംസ്ഥാനത്തിന്റെ അടിത്തറ ഭദ്രമാക്കാനും ഈ ധവളപത്രം സഹായിക്കുമെന്ന് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായ വി.ഡി.സതീശൻ പറഞ്ഞു. നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ട് തയ്യാറാക്കിയ ധവളപത്രം ഭാവി കേരളം കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാന രേഖയായിരിക്കുമെന്നും വിദഗ്ധരുടെ സേവനവും ഉപദേശവും ഇനിയുള്ള എല്ലാ സർക്കാർ പദ്ധതികളിലും പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാമ്പത്തികസ്ഥിതി സംബന്ധിച്ച ആശങ്കകൾ പങ്കുവെക്കുന്ന റിപ്പോർട്ട് ഇത് മറികടക്കാനുള്ള നിർദ്ദേശങ്ങളും ആശയങ്ങളും മുന്നോട്ട് വയ്ക്കുന്നുണ്ട്.
ധവളപത്രത്തിലെ കണ്ടെത്തലുകളും നിർദ്ദേശങ്ങളും
2025-26 ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനത്തിന്റെ പൊതുകടം 5.07 ലക്ഷം കോടി രൂപയായി ഉയർന്നു. മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിന്റെ (ജി.എസ്.ഡി.പി) 35.5 ശതമാനത്തോളം വരുമിത്. ദേശീയ ശരാശരി 29.2 ശതമാനവും പ്രധാന സംസ്ഥാനങ്ങളുടെ ശരാശരി 28.81 ശതമാനവുമാണ്.
ആഭ്യന്തര വരുമാനത്തിന്റെ 77.6 ശതമാനവും പ്രതിബദ്ധ ചെലവുകളായ (കമ്മിറ്റഡ് എക്സ്പെൻഡിച്ചർ) ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയവയ്ക്കായി മാറ്റിവെയ്ക്കേണ്ടിവരുന്നു. ദേശീയ ശരാശരി 46.1% വികസനചെലവിന്റെ കാര്യത്തിലും ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്്. 2024-25ലെ പുതുക്കിയ കണക്ക് പ്രകാരം ആഭ്യന്തര ഉൽപാദനത്തിന്റെ 39.9 ശതമാനം മാത്രമാണ് വികസനചെലവ്. ദേശീയ ശരാശരി 63.5% മൂലധന ചെലവിന്റെ കാര്യത്തിലും കേരളം ദേശീയ ശരാശരിയേക്കാൾ പിന്നിലാണ്. 2025-26 ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ആഭ്യന്തര വരുമാനത്തിന്റെ 1.3 ശതമാനം മാത്രമാണ് സംസ്ഥാനത്തിന്റെ മൂലധനചെലവ്. ദേശീയ ശരാശരി 3.2 ശതമാനവും പ്രധാന സംസ്ഥാനങ്ങളുടേത് 3.01 ശതമാനവുമാണ്.
വിവിധ വായ്പകളുടെ പലിശാ തിരച്ചടവിന് മാത്രം ആഭ്യന്തരവരുമാനത്തിന്റെ 17.73 ശതമാനവും മാറ്റിവെയ്ക്കേണ്ടി വരുന്നു. ദേശീയ ശരാശരി 11.99 ശതമാനവും പ്രധാന സംസ്ഥാനങ്ങളുടേത് 12.11 ശതമാനവും മാത്രമാണ്.
ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഡിഎ, ഡിഡിആർ കുടിശ്ശികയടക്കം വിവിധ ഇനങ്ങളിലായി നൽകേണ്ട കുടിശ്ശിക 48733 കോടി രൂപ. പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 78851 കോടി രൂപയായി ഉയർന്നു. കിഫ്ബി വായ്പകൾക്കുള്ള ഉയർന്ന പലിശയ്ക്ക് പണം കണ്ടെത്തുന്നതും കിഫ്ബി വായ്പകൾ സംസ്ഥാനത്തിന്റെ വായ്പാ പരിധിക്കുള്ളിൽ വരുന്നതും അതിന്റെ പ്രസക്തിയെ ബാധിക്കുന്നു. കിഫ്ബിക്കുള്ള വായ്പാ ബാധ്യത 21000 കോടി രൂപയാണ്.
പട്ടികജാതി-പട്ടികവർഗ ഫണ്ടുകളിലും ന്യൂനപക്ഷ വികസന വിഹിതത്തിലും വൻകുറവ്. 2026-27 ബജറ്റിൽ പ്രതീക്ഷിച്ചിരുന്ന 16-ാം ധനകാര്യകമ്മിഷൻ ശുപാർശപ്രകാരം ലഭിക്കുമെന്ന് കരുതിയ വിഹിതത്തിലും മറ്റ് ഗ്രാന്റുകളിലുമായി 20500 കോടിയുടെ കുറവ്.
ദീർഘകാല പരിഹാരമായി ഒട്ടേറെ ശുപാർശകളും ധവളപത്രം മുന്നോട്ട് വയ്ക്കുന്നു. സ്വകാര്യ നിക്ഷേപം വർധിപ്പിക്കുക, വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക, തൊഴിലവസരങ്ങൾ വികസിപ്പിക്കുക, അടിസ്ഥാനസൗകര്യ വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകുക, നികുതി പിരിവ് കാര്യക്ഷമമാക്കുക, ഭരണസംവിധാനങ്ങളുടെ ഡിജിറ്റലൈസേഷൻ ശക്തിപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങൾ അതിൽ പ്രധാനമാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനുള്ള പരിഷ്കാരങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം നൽകൽ, ഉന്നതവിദ്യാഭ്യാസ മേഖലയിലെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തൽ തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.
സാമ്പത്തിക അച്ചടക്കവും വികസനവും തമ്മിൽ സന്തുലിതാവസ്ഥ കണ്ടെത്തുക എന്ന വലിയ ദൗത്യമാണ് ഇന്ന് കേരളത്തിന് മുന്നിലുള്ളത്. അതിനാവശ്യമായ തുറന്ന ചർച്ചകൾക്കും വസ്തുതാധിഷ്ഠിത തീരുമാനങ്ങൾക്കും അടിത്തറയൊരുക്കുന്ന രേഖയാണ് പുതിയ ധവളപത്രം. സംസ്ഥാനത്തിന്റെ സാമ്പത്തിക യാഥാർഥ്യങ്ങളെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുകയും ഭാവി വികസനത്തിനുള്ള പുതിയ ചിന്തകൾക്ക് ദിശാബോധം നൽകുകയും ചെയ്യുന്ന ഈ രേഖ കേരളത്തിന്റെ സാമ്പത്തിക പുനർനിർമാണയാത്രയിൽ നിർണായക രേഖയായി വിലയിരുത്തപ്പെടും.
