മയങ്ങില്ല കേരളം
സമകാലിക ജനപഥം 2026
ആഗസ്റ്റ് 1 പുസ്തകം 13 ലക്കം 1

പുതിയ സർക്കാർ അധികാരത്തിലേറുമ്പോൾ മുൻപിലുണ്ടായിരുന്നത് സമാനതകളില്ലാത്ത, ഭയപ്പെടുത്തുന്ന, അങ്ങേയറ്റം ആശങ്കാജനകമായ കാഴ്ചയായിരുന്നു. നാളെ രാജ്യത്തെ വരെ നയിക്കേണ്ട അടുത്ത തലമുറ ഈയാംപാറ്റകളെ പോലെ ലഹരിയിൽ വീണുനശിക്കുന്നു, അവരുടെ സർഗശേഷികൾ അകാലത്തിൽ ഇല്ലാതാകുന്നു. വീടുകൾ കൊലക്കളങ്ങളായി മാറുന്നു. ഓരോ കുട്ടിയുടെയും സ്കൂൾ ബാഗ് എല്ലാ ദിവസവും പരിശോധിക്കേണ്ട ഗതികേടിലാണ് മാതാപിതാക്കൾ. കുട്ടികൾ ഇരകൾ മാത്രമല്ല, ലഹരിവാഹകരുമാകുന്നു.
ഈ കാഴ്ചകൾക്ക് ഒരറുതി വരുത്തണമെന്ന നിശ്ചയദാർഢ്യത്തോടുകൂടിയാണ് സംസ്ഥാന സർക്കാരിന്റെ എക്സൈസ് വകുപ്പ് ‘മയങ്ങില്ല കേരളം’ എന്ന വിശാല ജനകീയ ലഹരിവിരുദ്ധ കർമ്മ പദ്ധതി ആരംഭിച്ചത്. ലഹരി ഉപയോഗം ഫലപ്രദമായി തടയുന്നതിനൊപ്പം പ്രതിരോധം, ബോധവൽരണം, ലഹരി ഉപയോഗ സാധ്യതകളുടെ നേരത്തെയുള്ള കണ്ടെത്തൽ, കൗൺസലിങ്, ചികിത്സ, പുനരധിവാസം എന്നിവയെ ഏകോപിപ്പിച്ച് വ്യക്തികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ചിരിക്കുന്ന സമഗ്ര ലഹരിവിരുദ്ധ ജനകീയ പദ്ധതിയാണ് ‘മയങ്ങില്ല കേരളം’. എൻഫോഴ്സ്മെ്, ബോധവത്കരണം, ഡീ-അഡിക്ഷൻ, പുനരധിവാസം എന്നീ നാല് തൂണുകളിലൂന്നിയാണ് പദ്ധതി നടപ്പിലാക്കിവരുന്നത്.
എൻഫോഴ്സ്മെന്റ്
നടപടികൾ ശക്തം
സമഗ്ര ലഹരിവിരുദ്ധ ജനകീയ പദ്ധതിയിൽ ആദ്യത്തേത് എൻഫോഴ്സ്മെന്റാണ്. ശക്തമായി എൻഫോഴ്സ്മെന്റ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ‘ഓപ്പറേഷൻ തണ്ടർ’ വഴി സംസ്ഥാനത്തുടനീളം ലഹരിവേട്ട ഊർജിതപ്പെടുത്തിയത്. ഇതിനോടകം സംസ്ഥാനത്തുടനീളം രജിസ്റ്റർ ചെയ്ത ലഹരിക്കേസുകളുടെ എണ്ണം 25,000 പിന്നിടുകയും ആറായിരം കടക്കുകയും ചെയ്തു. ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി ഡ്രഗ് ഐഡന്റിഫിക്കേഷൻ കിറ്റുകൾ വിതരണം തുടങ്ങിക്കഴിഞ്ഞു. കൂടാതെ, വ്യാജ കള്ളിന്റെ വിതരണം തടയാൻ ‘ഓപ്പറേഷൻ ശുദ്ധി’ എന്ന പദ്ധതി സംസ്ഥാന എക്സൈസ് വകുപ്പ് ആരംഭിക്കുകയും ചെയ്തു.
രണ്ടാം ഘട്ടം ബോധവൽരണമാണ്. വ്യക്തിത്വ വികസനത്തിലൂന്നിയുള്ള ഈ ഘട്ടത്തിൽ, അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും പൂർണ്ണ പിന്തുണ ഓരോ കുട്ടിക്കും ഉറപ്പുവരുത്തണം. സ്കൂളുകൾ കേന്ദ്രീകരിച്ച് വ്യായാമങ്ങളും കലാകായിക വിനോദങ്ങളും ഉറപ്പുവരുത്തും. ഓരോ കുടുംബത്തിനും അധ്യാപക സമൂഹത്തിനും കൃത്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാനും കൗൺസലിങ് അടക്കം ആവശ്യമായ പിന്തുണ ഉറപ്പുവരുത്താനും എക്സൈസ് വകുപ്പ് മുന്നിലുണ്ടാകും. കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പുവരുത്താൻ വേണ്ട ഇടപെടലുകൾ ആരോഗ്യ വകുപ്പുമായി ചേർന്ന് സജ്ജീകരിക്കും.
മൂന്നാം ഘട്ടം, ഡീ-അഡിക്ഷനാണ്. ലഹരിക്ക് പൂർണ്ണമായും അടിപ്പെട്ട മനുഷ്യരെ കണ്ടെത്തി, പുതുജീവിതത്തിലേക്ക് നയിക്കുക എന്നതാണ് പ്രധാനപ്പെട്ട ഈ ഘട്ടം. സംസ്ഥാനത്ത് നിലവിൽ 14 ജില്ലകളിലാണ് ഓരോ വിമുക്തി കേന്ദ്രങ്ങളുള്ളത്. അതായത്, സംസ്ഥാനത്ത് ആകെയുള്ളത് 14 വിമുക്തി കേന്ദ്രങ്ങൾ. അതിനെ താലൂക്ക് അടിസ്ഥാനത്തിൽ വർധിപ്പിക്കുകയാണ് എക്സൈസ് വിഭാവനം ചെയ്യുന്നത്. വേണ്ട വൈദ്യസഹായം ഉറപ്പാക്കുക, കൃത്യമായി കൗൺസലിങ് ഉറപ്പുവരുത്തുക, സൈക്കോളജിക്കൽ തെറാപ്പി, ഫാമിലി തെറാപ്പി എന്നിവ ലഭ്യമാക്കുക തുടങ്ങിയവയാണ് ഓരോ താലൂക്കിലെയും വിമുക്തി കേന്ദ്രങ്ങളിൽ ഉറപ്പുവരുത്താൻ പോകുന്നത്.
ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. ഡീ-അഡിക്ഷൻ പൂർത്തീകരിച്ച ഓരോ മനുഷ്യനെയും കൃത്യമായി നിരീക്ഷിച്ചുകൊണ്ട് അവർക്ക് പുനരധിവാസം ഉറപ്പുവരുത്തുക എന്നതാണ് നാലാം ഘട്ടം. അതിന് ഏതുതരത്തിലുള്ള സഹായവും നൽകാൻ എക്സൈസ് വകുപ്പ് പ്രതിജ്ഞാ ബദ്ധമാണ്.
സ്റ്റേറ്റ് നർക്കോട്ടിക്
കൺട്രോൾ ബ്യൂറോ
ഇതിനിടെ സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി എക്സൈസ് വകുപ്പിന് കീഴിൽ സ്റ്റേറ്റ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആരംഭിക്കാനുള്ള തീരുമാനം കൂടി സർക്കാർ കൈക്കൊള്ളുകയുണ്ടായി. സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കാതെ വകുപ്പിലെ നിലവിലുള്ള തസ്തികകൾ പുനർവിന്യസിച്ചും ഉദ്യോഗസ്ഥർക്ക് അധിക ചുമതലകൾ നൽകിയും സ്റ്റേറ്റ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് അതിവേഗത്തിൽ പ്രവർത്തനാനുമതി കൂടി നൽകി.
മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും സംഘടിത കുറ്റകൃത്യ ശൃംഖലകളെ നിരീക്ഷിക്കുന്നതിനും ശാസ്ത്രീയമായ അന്വേഷണം നടത്തുന്നതിനും ഈ വിഭാഗങ്ങൾ ഏകോപിതമായി പ്രവർത്തിക്കും. റിസർച്ച് ആൻഡ് അനാലിസിസ് വിങ് മുഖേന മയക്കുമരുന്ന് സംബന്ധമായ വിവരങ്ങളുടെ വിശകലനവും കുറ്റകൃത്യ പ്രവണതകളുടെ പഠനവും ശക്തിപ്പെടുത്തും.
സൈബർ ഇന്റലിജൻസ് ആൻഡ് സൈബർ ഓപ്പറേഷൻസ് വിങ് വഴി സൈബർ നിരീക്ഷണം, ഡിജിറ്റൽ അന്വേഷണങ്ങൾ, സാങ്കേതിക വിവരശേഖരണം എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകും. സൈബർ സുരക്ഷ, എതിക്കൽ ഹാക്കിങ്, ഡിജിറ്റൽ ഫോറൻസിക്സ്, ഡാറ്റാ അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ പ്രാവീണ്യമുള്ള ഐ.ടി. വിദഗ്ധർ, അക്കാദമിക് വിദഗ്ധർ, വിദ്യാർഥികൾ, വിരമിച്ച ഉദ്യോഗസ്ഥർ എന്നിവരുടെ സന്നദ്ധ ശൃംഖല രൂപീകരിച്ച് ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കാൻ എക്സൈസ് കമ്മീഷണർക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
‘മയങ്ങില്ല കേരളം’ പോർട്ടൽ
ഈ പ്രവർത്തനങ്ങളുടെ തുടർച്ചയായി ‘മയങ്ങില്ല കേരളം’ പോർട്ടൽ ഉടൻ പ്രവർത്തനമാരംഭിക്കും. ലഹരി ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങൾക്ക് ഇതുവഴി പങ്കുവെയ്ക്കാനും ഡീ-അഡിക്ഷനും കൗൺസലിങും ആവശ്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാനും സാധിക്കും. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു സമഗ്ര പോർട്ടൽ ആരംഭിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
ലഹരിയിൽ വീഴുന്ന ഈയാംപാറ്റകളല്ല പുതുതലമുറയെന്ന് ഉറപ്പിക്കാനുതകുന്ന പ്രവർത്തനങ്ങൾക്ക് എക്സൈസ് വകുപ്പ് മുൻകൈയടുക്കും. ശക്തമായ നടപടികളുമായി മുന്നോട്ടുപോകും.
