ലഹരിയുടെ അന്തകൻ
സമകാലിക ജനപഥം 2026
ആഗസ്റ്റ് 1 പുസ്തകം 13 ലക്കം 1


ലഹരിയുടെ വഴിയിലേക്ക് വഴുതിപ്പോയി ജീവിതം ഇരുളടഞ്ഞവരുടെ ഒട്ടേറെ കഥകൾ നേരിട്ടും മാധ്യമങ്ങളിലൂടെയും നമ്മൾ അറിഞ്ഞിട്ടുണ്ട്. പഠനം മുടങ്ങിയ ബാല്യ- കൗമാരങ്ങൾ, കുറ്റകൃത്യങ്ങളിൽ ആനന്ദം കണ്ടെത്തുന്ന യുവതീയുവാക്കൾ, കൊടും ക്രൂരതയുടെ പര്യായമായി മാറിയ വിവിധ പ്രായക്കാർ… ഇത്തരക്കാരുടെ എണ്ണം വളരെ കുറവാണെങ്കിലും, ഒരു സമൂഹത്തിൽ എത്ര ചെറുതായാലും, ഇവർ സൃഷ്ടിക്കുന്നത് പേടിയും വേദനയും അങ്കലാപ്പും അരക്ഷിതാവസ്ഥയുമാണ്. ഒരു പരിഷ്കൃത ജീവിതത്തിലേക്ക് മുന്നേറുന്നതിന് ലഹരി വരുന്ന വഴികൾ അടയ്ക്കുകയും ലഹരി ഉപയോഗം എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കുകയും തന്നെ വേണം. തലമുറകളെ തന്നെ ഇല്ലാതാക്കുന്ന ലഹരി മാഫിയയുടെ വേരറുക്കാനായി സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ കേരള പോലീസ് നടപ്പാക്കുന്ന കർമ്മപരിപാടിയാണ് ‘ഓപ്പറേഷൻ തൂഫാൻ- ദി നാർക്കോ ഹണ്ട്’. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ടകൾക്കാണ് കഴിഞ്ഞ രണ്ടു മാസമായി കേരളം സാക്ഷിയാകുന്നത്.
ആഭ്യന്തരമന്ത്രിയായി ചുമതല ഏറ്റെടുത്ത ആദ്യ മണിക്കൂറുകളിൽ തന്നെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പോലീസ് ആസ്ഥാനത്തുവച്ച് ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ചത്. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി.സതീശൻ ജൂൺ രണ്ടിന് തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ നടത്തി. ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തിരുവനന്തപുരത്ത് കൺട്രോൾ റൂം തുടങ്ങുകയും തൂഫാൻ നോഡൽ ഓഫീസറായി നോർത്ത് സോൺ ഐ.ജി. പുട്ട വിമലാദിത്യയെ നിയമിക്കുകയും ചെയ്തു.
ഓപ്പറേഷൻ തൂഫാന്റെ ലക്ഷ്യം
കെമിക്കൽ, സിന്തറ്റിക് നാർക്കോട്ടിക്സ്, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുടെ ഉറവിടം കണ്ടെത്തി, ലഹരി ഉപയോഗം എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കുക എന്നതാണ് ഓപ്പറേഷൻ തൂഫാന്റെ പ്രധാന ദൗത്യം. ഉറവിടങ്ങൾ, യാത്രാവഴികൾ, വിതരണക്കാർ, ലഹരി ഉപയോഗിക്കുന്നവർ എന്നിവരെ നിരീക്ഷിക്കാനും റെയ്ഡുകൾ നടത്താനും ശക്തമായ എൻഫോഴ്സ്മെന്റ് സംവിധാനങ്ങളാണ് കേരള പോലീസ് ഒരുക്കിയിട്ടുളളത്. ജില്ലാതലങ്ങളിലെ ഡാൻസാഫ് സംഘങ്ങൾക്ക് പുറമേ വിവിധ പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ചുറ്റിപ്പറ്റി നടക്കുന്ന ലഹരിവ്യാപന പ്രവർത്തനങ്ങൾക്കു പ്രത്യേക ശ്രദ്ധയാണ് നൽകുന്നത്. കുട്ടികളെ ലഹരിക്ക് ഇരയാക്കുന്ന സംഘങ്ങളെ വേരോടെ പിഴുതെറിയാൻ തന്നെയാണ് തീരുമാനം. അതിർത്തി ചെക്ക് പോസ്റ്റുകൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ബോട്ട് ജെട്ടികൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലെല്ലാം നിരീക്ഷണവും പരിശോധനയും ഊർജിതമാക്കിയിട്ടുണ്ട്. സ്കൂൾ, കോളജ് പരിസരങ്ങൾ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ, ഡി.ജെ. പാർട്ടികൾ, കായലുകളിലെയും കടലിലെയും പാർട്ടികൾ എന്നിവിടങ്ങളിലെ ലഹരി ഉപയോഗത്തിനെതിരെ കർശന നടപടി എടുത്തുകഴിഞ്ഞു. നിരോധിത പുകയില വിൽപന കേന്ദ്രങ്ങൾക്കെതിരെയും നിയമനടപടികൾ എടുത്തുവരുന്നു.
നിരോധിക്കപ്പെട്ട ലഹരി വസ്തുകൾ പിടിച്ചെടുക്കുകയും ഇതുമായി ബന്ധപ്പെടുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുകയും മാത്രമല്ല ഓപ്പറേഷൻ തൂഫാനിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്ര സംസ്ഥാന ഏജൻസികളുടെ സഹായത്തോടെ ലഹരി വരുന്ന വഴികൾ അടയ്ക്കാനും ലഹരിക്ക് അടിമപ്പെട്ടവർക്ക് ചികിത്സയും കൗൺസലിങ്ങും നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും, പൊതുജനപങ്കാളിത്തത്തോടെ വലിയൊരു ജനകീയ പ്രതിരോധം തീർക്കാനുമാണ് ഈ ഓപ്പറേഷനിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി എക്സൈസ്, ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളുടെ ഏകോപനവും ആഭ്യന്തരവകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്.

തൂഫാൻ പോരാളികൾ
ലഹരിക്കെതിരെ അണിനിരക്കാനും തൂഫാൻ വാരിയറായി പ്രവർത്തിക്കുവാനും നടൻ മോഹൻലാൽ ഉൾപ്പടെ നിരവധി സിനിമാ താരങ്ങൾ സ്വയം സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ട്. കലാ-കായിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ, വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, ഡ്രൈവർമാർ തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലയിലും ഉള്ളവർ ഈ യജ്ഞത്തിന് പിന്തുണ അറിയിച്ച് തൂഫാൻ വാരിയർമാരായി സ്വയം മുന്നോട്ട് വരുന്ന കാഴ്ച്ച പ്രതീക്ഷ നൽകുന്നതാണ്. സ്റ്റുഡ് പോലീസ് കേഡറ്റ്സ്, എൻഎസ്എസ്, എൻസിസി എന്നിവയും ആത്മാർഥ സഹകരണം നൽകുന്നുണ്ട്.
അന്തർ സംസ്ഥാന സഹകരണം
ദക്ഷിണേന്ത്യ ലഹരിവിമുക്തമാക്കാനായി ആരംഭിച്ച ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ലഹരി വിരുദ്ധ ദൗത്യമാണ് ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’. ഇക്കാര്യത്തിൽ സഹകരണം ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി വി.ഡി.സതീശൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ആദ്യം തന്നെ ബന്ധപ്പെട്ടിരുന്നു. പദ്ധതി നടപ്പാക്കുന്നതിൽ മറ്റുസംസ്ഥാനങ്ങളുടെ കൂടി സഹകരണം ഉറപ്പാക്കാൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രത്യേക യോഗങ്ങൾ വിളിച്ചുചേർത്തു. അന്തർസംസ്ഥാന ഏകോപനത്തിനായി രണ്ടു ഉന്നതതല യോഗങ്ങളാണ് പോലീസ് ആസ്ഥാനത്ത് നടത്തിയത്. വകുപ്പുമന്ത്രി അധ്യക്ഷനായ യോഗങ്ങളിൽ അന്തർസംസ്ഥാന ലഹരി മാഫിയക്കെതിരെ മറ്റ് സംസ്ഥാനങ്ങളിലെ എൻഫോഴ്സ്മെന്റ് ഏജൻസികൾ ഏകോപിതമായി പ്രവർത്തിക്കാൻ ധാരണയായി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടകം, ആന്ധ്ര, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലെ പോലീസ് മേധാവിമാരുമായി നടത്തിയ കൂടിക്കാഴ്ച ഇക്കാര്യത്തിലെ ശ്രദ്ധേയമായ കാൽവെപ്പായിരുന്നു. കസ്റ്റംസ്, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, റവന്യൂ ഇന്റലിജൻസ്, തെലങ്കാന ആന്റി നാർക്കോട്ടിക് ബ്യൂറോ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ ഇന്റർ ഏജൻസി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ പ്രവർത്തനങ്ങളും ഇക്കാര്യത്തിൽ കൂടുതൽ പ്രതീക്ഷയ്ക്കു വക നൽകുന്നതാണ്. കേന്ദ്ര-സംസ്ഥാന ഏജൻസികളുമായി കൈകോർത്തുകൊണ്ട് മൾട്ടി ഡിജിറ്റൽ ഇൻറഗ്രേഷൻ പ്രോജക്ട് നടപ്പാക്കാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
വിട്ടുവീഴ്ചയില്ലാത്ത നടപടി
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ ഇതുവരെ 8258 കേസുകളാണ് എടുത്തത്. ആകെ 8883 പേർ അറസ്റ്റിലായി. ഇവരിൽ നിന്നും 6684.446 ഗ്രാം എം.ഡി.എം.എ.യും, 784.048 കി.ഗ്രാം കഞ്ചാവും, 4690.629 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് ആക്ടിലെ (എൻ.ഡി.പി.എസ്.) 20, 22, 27 എന്നീ വ്യവസ്ഥകൾക്കനുസരിച്ചാണ് ഭൂരിപക്ഷം കേസുകളും എടുത്തിട്ടുള്ളത്. സിഗററ്റ് ആൻഡ് അദർ ടുബാക്കോ പ്രോഡക്ട്സ് ആക്ട് പ്രകാരം 4199 കേസുകളും എടുത്തു.
നിലവിലെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് കോഴിക്കോട് സിറ്റിയിലാണ്, (852). എന്നാൽ ഏറ്റവും കൂടുതൽ അറസ്റ്റ് നടന്നിട്ടുള്ളത് മലപ്പുറത്താണ്, (916) പേർ). 802 കേസുകളുമായി രണ്ടാം സ്ഥാനത്താണ് മലപ്പുറം പൊലീസ് ജില്ല. പാലക്കാട്, കൊച്ചി എന്നീ പോലീസ് ജില്ലകൾ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. 600-ലധികം കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കണ്ണൂർ റൂറലിലാണ് ഏറ്റവും കുറവ് കേസുകളുള്ളത്- 129 എണ്ണം.
അറസ്റ്റ്, നിയമനടപടികൾ എന്നിവയ്ക്ക് പുറമേ, ശക്തമായ ബോധവൽരണ പരിപാടികളും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കേരള പോലീസ് നടത്തിവരുന്നു. ഇതുവരെ 8269 ബോധവൽരണ ക്ലാസ്സുകളാണ് നടന്നത്. 477 കൗൺസലിങ്ങുകൾ നടത്തി. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 6093 ബോധവൽരണ പരിപാടികളും ഇതിനോടകം നടന്നുകഴിഞ്ഞു.
രാസലഹരിക്കെതിരെ
ഡിജിറ്റൽ കാവൽ
സിന്തറ്റിക് ഡ്രഗ്സിന്റെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കാൻ ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ രീതിയിലാണ് ഓപ്പറേഷൻ തൂഫാൻ വിഭാവനം ചെയ്തിരിക്കുന്നത്. ലഹരി മാഫിയകൾക്ക് നിയമത്തിന്റെ കർക്കശമായ മുന്നറിയിപ്പ് നൽകുന്നതിനോടൊപ്പം, സാധാരണക്കാർക്ക് പൂർണ്ണ സുരക്ഷിതത്വബോധം ഉറപ്പാക്കാനും ഈ ദൗത്യം ലക്ഷ്യമിടുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാൻ ആധുനിക അന്വേഷണ രീതികൾ സ്വീകരിക്കും. ലഹരി മരുന്ന് വ്യാപനം വേരോടെ അറുക്കാനും, അവയുടെ ഉപയോഗത്തെക്കുറിച്ച് അതിവേഗം വിവരം ലഭ്യമാക്കാനും വേണ്ടി ഒരു ഡിജിറ്റൽ എനേബിൾഡ് സിസ്റ്റം സ്ഥാപിക്കും. എല്ലാ സംസ്ഥാനങ്ങളിലും ഇതിനായി നോഡൽ ഓഫീസർമാരെ നിയോഗിക്കാനും തത്സമയ വിവരവിനിമയത്തിനും വിശകലനത്തിനുമായി പ്രത്യേക ഡാഷ്ബോർഡ് ആരംഭിക്കാനും ആലോചിക്കുന്നുണ്ട്.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ അജ്ഞാതമായി കൈമാറാൻ ആപ്പുകളും വാട്സാപ്പ് ചാറ്റ്ബോട്ടുകളും അടങ്ങുന്ന വിപുലമായ ഡിജിറ്റൽ സർവൈലൻസ് സംവിധാനം സജ്ജമാക്കും. നഗരങ്ങൾ, ഗ്രാമങ്ങൾ, ക്യാമ്പസുകൾ, റസിഡൻഷ്യൽ മേഖലകൾ എന്നിവിടങ്ങളിലെ ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി ഡ്രോണുകളുടെ സഹായത്തോടെ സ്മാർട്ട് പട്രോളിങ് നടത്തും. സ്കൂൾ തലത്തിൽ ലഹരിക്കെതിരായ പ്രത്യേക കരിക്കുലം ഉൾപ്പെടുത്തും.
ലഹരി മാഫിയകളുടെ സ്വത്തുക്കൾ കണ്ടുകെട്ടും. ഇങ്ങനെ ലഹരിക്കെതിരായ പോരാട്ടത്തിൽ സർവതല സ്പർശിയായ ഒരു ജനകീയ മുന്നേറ്റമാക്കി ഓപ്പറേഷൻ തൂഫാനെ മാറ്റാനാണ് കേരള പോലീസ് ലക്ഷ്യമിടുന്നത്. വരും തലമുറകളെയും നമ്മുടെ നാടിനേയും ലഹരിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കാനായുള്ള ഈ മഹത്തായ യജ്ഞത്തിൽ എല്ലാവരും പങ്കുചേരണമെന്ന് അഭ്യർഥിക്കുന്നു.
