ലഹരിക്കെതിരെ കൊടുങ്കാറ്റായി കേരളം
സമകാലിക ജനപഥം 2026
ആഗസ്റ്റ് 1 പുസ്തകം 13 ലക്കം 1

കേരളം ഇന്ന് ലഹരിക്കെതിരായ സമാനതകളില്ലാത്ത ഒരു ജനകീയ മുന്നേറ്റത്തിന്റെ ഭാഗമാണ്. സമാധാനവും പ്രതീക്ഷയും വിതയ്ക്കുന്ന ഒരു കൊടുങ്കാറ്റ് പോലെ ആ മുന്നേറ്റം കേരളമെങ്ങും വീശിയടിക്കുകയാണ്. സാധാരണയായി കൊടുങ്കാറ്റ് നാശത്തിന്റെ പ്രതീകമാണ്. എന്നാൽ കേരളത്തിൽ ഇന്ന് വീശിയടിക്കുന്ന ‘തൂഫാൻ’ ആകട്ടെ പ്രത്യാശയുടെ പ്രതീകമായി മാറിയിരിക്കുന്നു. അഭ്യന്തരവകുപ്പിന്റെ ആദ്യ പദ്ധതിയെന്ന നിലയിൽ ‘ഓപ്പറേഷൻ തൂഫാൻ- ദി നാർക്കോ ഹണ്ടിന് തുടക്കമിടുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ ലഹരിവിരുദ്ധ ദൗത്യത്തിന്റെ പിറവികൂടിയായി അത് മാറുകയായിരുന്നു. വകുപ്പിന്റെ ആദ്യ ഇടപെടൽ ലഹരിക്കെതിരെ ആയിരിക്കണമെന്ന തീരുമാനത്തിലാണ് ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചത്. എല്ലാ ജില്ലകളിലും വാക്ക് എഗയിൻസ്റ്റ് ഡ്രഗ്സ് എന്ന പേരിൽ നടത്തിയ ലഹരിവിരുദ്ധ റാലികൾക്ക് സമൂഹത്തിൽനിന്ന് ലഭിച്ച സ്വീകാര്യതയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുയർന്ന ആശങ്കകളും മാതാപിതാക്കളുടെ അനുഭവങ്ങളും വിദ്യാർഥികളുടെ ഭാവിയെക്കുറിച്ചുള്ള ഉൽക്കണ്ഠകളും നാർക്കോ ഹണ്ട് എന്ന ആശയത്തിന് കൂടുതൽ ശക്തിപകർന്നു.
ലഹരി ഒരു നിയമപ്രശ്നം മാത്രമല്ല; അത് കുടുംബങ്ങളെയും വിദ്യാഭ്യാസത്തെയും സമൂഹത്തിന്റെ ഭാവിയെയും ബാധിക്കുന്ന ഗുരുതരമായ സാമൂഹിക വെല്ലുവിളിയാണെന്ന തിരിച്ചറിവു കൂടിയാണ് ഈ ദൗത്യത്തിന്റെ അടിസ്ഥാനം. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതോടൊപ്പം സമൂഹത്തെ ഈ പോരാട്ടത്തിന്റെ ഭാഗമാക്കാനും തീരുമാനിച്ചു. അതിന്റെ ഫലമായാണ് ഒരു സാധാരണ സർക്കാർ പദ്ധതിക്കപ്പുറം ‘ഓപ്പറേഷൻ തൂഫാൻ’ ജനഹൃദയങ്ങൾ ഏറ്റെടുക്കുന്ന മുന്നേറ്റമായി മാറുന്നത്.
ലക്ഷം തൂഫാൻ യോദ്ധാക്കൾ
ഓപ്പറേഷൻ തൂഫാന് മൂന്ന് ഘട്ടങ്ങളാണുള്ളത്. നിയമനടപടികൾ, ജനകീയ പങ്കാളിത്തം, ചികിത്സയും പുനരധിവാസവും എന്നിങ്ങനെ പരസ്പരപൂരകമായ മൂന്ന് തലങ്ങളിലൂടെയാണ് ദൗത്യം മുന്നേറുന്നത്. ലഹരി മാഫിയക്കെതിരായ ശക്തമായ പരിശോധനകൾ, റെയ്ഡുകൾ, അറസ്റ്റ്, നിയമനടപടികൾ എന്നിവ ഉൾപ്പെടുന്ന തൂഫാൻ സ്ട്രൈക്ക്, സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളെ ലഹരിവിരുദ്ധ ജനകീയ മുന്നേറ്റത്തിന്റെ ഭാഗമാക്കുന്ന തൂഫാൻ വാരിയേഴ്സ്. ലഹരിക്ക് അടിമപ്പെട്ടവരുടെ കൗൺസലിങ്, ചികിത്സ, പുനരധിവാസം, കുടുംബപിന്തുണ, ബോധവൽക്കരണം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന തൂഫാൻ കെയർ എന്നിവയാണവ. തൂഫാൻ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോഴും ലഹരി മാഫിയക്കെതിരായ കർശന പരിശോധനകളും നിയമ നടപടികളും ഇപ്പോഴും തുടരുകയാണ്.
ഈ ദൗത്യത്തിന്റെ ഏറ്റവും വലിയ നേട്ടം ജനപങ്കാളിത്തമാണ്. ഒരു ലക്ഷത്തിലധികം തൂഫാൻ യോദ്ധാക്കളാണ് സംസ്ഥാനമൊട്ടാകെ ലഹരി വിരുദ്ധ പോരാട്ടത്തിനായി ഇതിനോടകം അണിചേർന്നത്.
സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമായി ആളുകൾ സ്വമേധയാ തൂഫാൻ വാരിയേഴ്സായി മുന്നോട്ടുവരുന്നത് ഏറെ പ്രതീക്ഷ നൽകുന്നു. വിദ്യാർഥികൾ, അധ്യാപകർ, ആരോഗ്യപ്രവർത്തകർ, സ്ത്രീകൾ, തൊഴിലാളികൾ, കലാകാരർ, ഓട്ടോറിക്ഷ തൊഴിലാളികൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ഈ പോരാട്ടത്തെ സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുത്തിരിക്കുന്നു. ഒരു ലക്ഷത്തിലധികം തൂഫാൻ വാരിയേഴ്സ് ഇതിനോടകം ഈ ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായത് ചരിത്രപരമായ നേട്ടമാണ്.
ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തിൽ സമൂഹത്തിലെ വിവിധ തുറകളിലുള്ള പ്രമുഖരും സമുദായ നേതാക്കളും സാധാരണ ജനങ്ങൾക്കൊപ്പം അണിചേർന്നു. നടൻ മോഹൻലാൽ ആദ്യ തൂഫാൻ വാരിയറായി അണിചേർന്ന ഈ മുന്നേറ്റത്തിൽ കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കാശ്യപ ആശ്രമം ആചാര്യ എം.ആർ.രാജേഷ് തുടങ്ങിയ സമുദായിക നേതാക്കളും ചലച്ചിത്രരംഗത്തുനിന്ന് അടൂർ ഗോപാലകൃഷ്ണൻ, മധു, ശ്രീകുമാരൻ തമ്പി തുടങ്ങിയവരും അണിചേർന്നു. ക്രമസമാധാന പാലനത്തിന്റെ ഭാഗമായി 2,299 തൂഫാൻ വാരിയേഴ്സിനെ പോലീസ് സേനയും നേരിട്ട് രംഗത്തിറക്കിയിട്ടുണ്ട്.
നമ്മൾ ഉയർത്തിവിട്ട ഈ കൊടുങ്കാറ്റ് കേരളത്തിന്റെ അതിർത്തികൾ കടന്നും മുന്നോട്ട് പോകുകയാണ്. ദക്ഷിണേന്ത്യ ഒന്നാകെ ലഹരിക്കെതിരെ ഒരുമിക്കുന്ന മാതൃക സൃഷ്ടിച്ചുകൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവരുമായി നടത്തിയ ചർച്ചകളുടെ ഫലമായി തമിഴ്നാട്, കർണാടക പോലീസുമായി ചേർന്ന് സംയുക്ത തിരച്ചിലുകളും ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്നതിനും ധാരണയായി. ഇതിനുപുറമെ, പോലീസിന്റെ ഏകോപനത്തിനായി ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുടെ പ്രത്യേക സമ്മേളനവും ചേർന്നു. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയും മോഹൻലാലും ഒന്നിച്ചെത്തുന്ന വിപുലമായ തൂഫാൻ വേദി വൈകാതെ കൊച്ചിയിൽ നടക്കും. ഇത്തരത്തിൽ സാംസ്കാരിക, ചലച്ചിത്ര, സാമൂഹിക, ആത്മീയ രംഗങ്ങളിലെ പ്രമുഖർ തൂഫാനൊപ്പം അണിചേരുന്നത് ജനങ്ങളിലേക്ക് ശക്തമായ സന്ദേശമാണ് നൽകിയത്.
കഴിഞ്ഞ അമ്പത് ദിവസത്തിനിടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നേരിട്ടെത്തി ജനങ്ങളുമായി സംവദിക്കാനും തൂഫാൻ പ്രവർത്തനങ്ങൾ വിലയിരുത്താനും സാധിച്ചു. മുമ്പ് ജനങ്ങൾക്ക് ലഹരിമാഫിയയെയായിരുന്നു പേടിയെങ്കിൽ ഇപ്പോഴത് നേരെ തിരിച്ചാണ്. ലഹരി മാഫിയ ഇന്ന് ജനത്തെയാണ് പേടിക്കുന്നത്. ജനങ്ങൾ അത്രത്തോളം ജാഗ്രതയോടെയാണ് മുന്നോട്ടുപോകുന്നത്. നമ്മുടെ കുട്ടികളെയാണ് മാഫിയ ലക്ഷ്യമിടുന്നത്. മരണ വ്യാപാരമാണ് അവർ നടത്തിവന്നത്. അത് ഈ നാടാകെ ഉൾക്കൊണ്ടതുകൊണ്ടാണ് സാക്ഷരതാ മുന്നേറ്റത്തിനു ശേഷം കേരളത്തിന്റെ മണ്ണിൽ ഏറ്റവും ആഴത്തിലിറങ്ങിയ പ്രസ്ഥാനമായി തൂഫാൻ മാറുന്നത്.

തൂഫാന്റെ കണ്ണും കാതുമായി പൊതുജനങ്ങൾ മാറിക്കഴിഞ്ഞു. സംശയാസ്പദമായ നീക്കങ്ങൾ പോലീസിനെ അറിയിക്കുന്നതിലും ലഹരിവ്യാപനത്തെ ചെറുക്കുന്നതിലും സാധാരണ പൗരന്മാർ സജീവ പങ്കാളികളാകുന്നു. ഈ മാറ്റമാണ് ഓപ്പറേഷൻ തൂഫാന്റെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്ന്. ഈ പോരാട്ടത്തിൽ നിന്ന് നാം ഇനി പിന്നോട്ടില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതിനൊപ്പം ഇരകളായവർക്ക് മോചനത്തിലേക്കുള്ള വഴി തുറക്കുന്ന തൂഫാൻ കെയർ പ്രവർത്തനങ്ങൾ മറുവശത്ത് വ്യാപകമാക്കുകയാണ്. ലഹരിക്ക് അടിമപ്പെട്ടവരെ കുറ്റവാളികളായി കാണുന്ന സമീപനമല്ല സർക്കാരിനുള്ളത്. അവർ ചികിത്സയും കരുതലും അർഹിക്കുന്നവരാണ്. അതുകൊണ്ടാണ് തൂഫാൻ കെയറിലൂടെ ചികിത്സ, കൗൺസലിങ്, പുനരധിവാസം എന്നിവയ്ക്ക് ഒരുപോലെ പ്രാധാന്യം നൽകുന്നത്. ലഹരിവിരുദ്ധ പോരാട്ടം വിജയിക്കണമെങ്കിൽ വിതരണ ശൃംഖല തകർക്കുന്നതിനൊപ്പം ഇരകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും വേണം. പുനരധിവാസ പ്രവർത്തനങ്ങളിലും നാം ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ടതുണ്ട്.
ലഹരിക്കെതിരായ പോരാട്ടം ഒരു വകുപ്പിന്റെയോ പോലീസിന്റെയോ മാത്രം ഉത്തരവാദിത്വമല്ല; കേരളം മുഴുവൻ ഏറ്റെടുത്ത സാമൂഹിക പ്രതിജ്ഞയാണെന്ന ബോധം ഈ കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്തി.
മാറ്റത്തിന്റെ നാൾവഴികൾ
ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ കേരളം ശ്രദ്ധേയമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചതിനൊപ്പം സമൂഹത്തിന്റെ ജാഗ്രതയും ജനപങ്കാളിത്തവും ഗണ്യമായി വർധിച്ചു. ഈ രണ്ട് ഘടകങ്ങളുടെ സമന്വയമാണ് ഇതിന് കാരണമായത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ എണ്ണായിരത്തോളം കേസുകൾ രജിസ്റ്റർ ചെയ്തു. എണ്ണായിരത്തി അഞ്ഞൂറോളം അറസ്റ്റുകളും നടന്നു. മുപ്പത് കോടിയിലേറെ വിലവരുന്ന ലഹരി ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. അതിഥി തൊഴിലാളികളുടെ മറവിൽ ലഹരി വ്യാപാരം നടക്കുന്ന പെരുമ്പാവൂർ പോലുള്ള ചില പ്രദേശങ്ങളിൽ സൈ്വര്യജീവിതം പോലും ബാധിക്കപ്പെട്ട നിലയിലായിരുന്നു. അവിടങ്ങളിൽ പ്രത്യേക പരിശോധനകളും നിരീക്ഷണ സംവിധാനങ്ങളും ശക്തിപ്പെടുത്തി. ‘തൂഫാൻ ജാഗരൺ’ പോലുള്ള ജനകീയ പരിപാടികളിലൂടെ നാട്ടുകാരെയും അതിഥി തൊഴിലാളികളെയും ഈ പോരാട്ടത്തിന്റെ പങ്കാളികളാക്കുകയും പ്രത്യേക പോലീസ് സംഘങ്ങളെ വിന്യസിച്ച് തുടർച്ചയായ പരിശോധന ഉറപ്പാക്കുകയും ചെയ്തു. നിരന്തരമായ ഇടപെടലുകളിലൂടെയും മേൽനോട്ടത്തിലൂടെയും നിയമപാലന സംവിധാനവും പൊതുസമൂഹവും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ മാറ്റം സാധ്യമാണെന്ന് പെരുമ്പാവൂർ തെളിയിച്ചു.
ഓപ്പറേഷൻ തൂഫാൻ കുറ്റകൃത്യങ്ങൾ തടയുന്നതിനൊപ്പം തൂഫാൻ കെയർ പ്രവർത്തനങ്ങളും സജീവമാണ്. തൂഫാൻ കെയറിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഇക്കഴിഞ്ഞ ദിവസങ്ങളിൽ 13,311 ബോധവൽക്കരണ ക്ലാസുകൾ നടന്നു. ലഹരിക്ക് ഇരയായ 417 പേർക്ക് കൌൺസലിങ്ങിലൂടെ കൃത്യമായ ചികിത്സയും പിന്തുണയും ഉറപ്പാക്കാൻ സാധിച്ചു.
വിദ്യാർഥികളിലൂടെയും വനിതകളിലൂടെയും ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്ന നിരവധി പരിപാടികളാണ് സംസ്ഥാനത്തുടനീളം നടന്നത്. കൊല്ലത്ത് സിറ്റി പോലീസിന്റെ നേതൃത്വത്തിൽ ‘ജ്വാല 2026’ വനിതാ റാലി സംഘടിപ്പിച്ചു. ഉദയംപേരൂർ എസ്.എൻ.ഡി.പി. സ്കൂളിലെ 3,200 വിദ്യാർഥികളുടെ വീടുകളിൽ ലഹരിക്കെതിരെ ദീപം തെളിയിച്ചതും വിദ്യാർഥികൾ റെഡ് കാർഡ് ഉയർത്തി പ്രതിഷേധിച്ചതും ഇത്തരം ഇടപെടലുകളിൽ ഏറെ ശ്രദ്ധേയമായി. കൂടാതെ പ്രൊഫഷണൽ നാടക മേഖലയും സിനിമാ പ്രവർത്തകരും പൂർണ്ണമായി ഈ പോരാട്ടത്തിന്റെ ഭാഗമായി.
കൈകോർക്കാം
അടുത്ത ഘട്ടത്തിലേക്ക്
ഓപ്പറേഷൻ തൂഫാൻ ഒരു നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ലഹരി മാഫിയക്കെതിരായ നിയമനടപടികൾ കൂടുതൽ ശക്തമാകുന്നതിനൊപ്പം പ്രതിരോധം, ചികിത്സ, പുനരധിവാസം എന്നിവയ്ക്കും തുല്യപ്രാധാന്യം നൽകുന്ന സമഗ്ര മാതൃകയിലേക്കാണ് ഈ ദൗത്യം വികസിക്കുന്നത്. ലഹരിവിരുദ്ധ പോരാട്ടം പോലീസിന്റെ മാത്രം ഉത്തരവാദിത്വമല്ല; ആരോഗ്യം, വിദ്യാഭ്യാസം, കുടുംബം, സമൂഹം എന്നിവയുടെ കൂട്ടായ ഉത്തരവാദിത്വമാണെന്ന തിരിച്ചറിവാണ് ഈ അടുത്ത ഘട്ടത്തിന്റെ അടിസ്ഥാനം. അടുത്തഘട്ടത്തിലേക്ക് കടക്കുമ്പോൾ ആഭ്യന്തരവകുപ്പിനൊപ്പം കൈകോർക്കാൻ ആരോഗ്യരംഗത്തെ വിവിധ സംഘടനകളും മുന്നോട്ടുവന്നിട്ടുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി, ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രീഷൻ എന്നീ സംഘടനകളുമായി നടത്തിയ ചർച്ചയിൽ ഒട്ടേറെ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്.
ഓപ്പറേഷൻ തൂഫാന്റെ അടുത്തഘട്ടം നിയമനടപടികളുടെ വ്യാപ്തി വർധിപ്പിക്കുന്നതിൽ മാത്രമല്ല, ലഹരിയിലേക്ക് നയിക്കുന്ന സാമൂഹിക സാഹചര്യങ്ങളെ പ്രതിരോധിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. കുട്ടികൾക്കും യുവജനങ്ങൾക്കും സുരക്ഷിതമായ സാമൂഹിക അന്തരീക്ഷം ഒരുക്കുകയും കുടുംബങ്ങളെ ഈ പോരാട്ടത്തിന്റെ കേന്ദ്രശക്തിയാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ലഹരിക്കെതിരായ ബോധവൽക്കരണം ഒരു പ്രചാരണ പരിപാടിയായി മാത്രം ഒതുങ്ങാതെ ജീവിതശൈലിയായി മാറേണ്ടതുണ്ട്.
സംസ്ഥാനത്തെ ഇരുപത് പൊലീസ് ജില്ലകളിലും ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പരിശീലന, ചികിത്സാപരിപാടികൾക്ക് രൂപം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, സൈക്യാട്രിസ്റ്റുകൾ, ശിശുരോഗ വിദഗ്ധർ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി പൊലീസ് ജില്ലകളിൽ ഏകോപിത സംവിധാനങ്ങൾ രൂപീകരിച്ചുവരികയാണ്. വിദ്യാലയങ്ങളിൽ വിദ്യാർഥി കൂട്ടായ്മകൾക്ക് പ്രത്യേക പരിശീലനം നൽകുന്നതിനും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും പദ്ധതികൾ തയ്യാറായിക്കഴിഞ്ഞു. സർക്കാർ-സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ ചികിത്സയും പുനരധിവാസവും കൂടുതൽ ജനകീയവും സുലഭവുമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. തൂഫാൻ കെയറിന്റെ ഭാഗമാകാൻ സംസ്ഥാനത്ത് എഴുപതോളം ആശുപത്രികൾ ഇതിനകം സന്നദ്ധത അറിയിച്ചിട്ടുണ്ട്.
വീണ്ടും ലഹരിയുടെ കൈകൾ അതിർത്തി കടന്ന് നമ്മുടെ നാട്ടിലെത്തുന്നത് തടയാൻ അതിർത്തി സംസ്ഥാനങ്ങളുമായുള്ള ഏകോപനവും ഇന്റലിജൻസ് വിവരങ്ങളുടെ കൈമാറ്റവും സംയുക്ത പരിശോധനകളും കൂടുതൽ ശക്തമാക്കിക്കൊണ്ട് ലഹരി ടത്തിന്റെ ശൃംഖല തകർക്കുന്നതിനുള്ള നടപടികൾ തുടരും. സംസ്ഥാനങ്ങളുടെ അതിർത്തികൾക്കപ്പുറം വ്യാപിച്ചുകിടക്കുന്ന ഈ വെല്ലുവിളിയെ അതേ ഐക്യത്തോടെയും ദൃഢനിശ്ചയത്തോടെയും നേരിടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നമ്മുടെ കുട്ടികളുടെ സ്വപ്നങ്ങളും കുടുംബങ്ങളുടെ പ്രതീക്ഷകളും കേരളത്തിന്റെ ഭാവിയും ഒരു ലഹരി മാഫിയയ്ക്കും വിട്ടുകൊടുക്കാനാവില്ലെന്ന ഉറച്ച തീരുമാനമാണ് ഓപ്പറേഷൻ തൂഫാന്റെ ആത്മാവ്. അത് കേരളം ഒന്നിച്ച് നിന്ന് കാത്തുസൂക്ഷിക്കുക തന്നെ ചെയ്യും.
