സമകാലിക ജനപഥം 2026
ഒക്ടോബർ 1 പുസ്തകം 13 ലക്കം 3
അന്താരാഷ്ട്ര മാരിടൈം ദിനം>>വി ഡി സതീശൻ, മുഖ്യമന്ത്രി
സമുദ്ര മേഖലയിലെ മികവ് ശക്തിപ്പെടുത്തൽ ; നയത്തിൽ നിന്ന് പ്രയോഗത്തിലേക്ക് (‘From Policy to Practice: Powering Maritime Excellence’) എന്ന പ്രമേയത്തോടെയാണ് ഇത്തവണ ലോകം അന്താരാഷ്ട്ര മാരിടൈം ദിനം ആചരിച്ചത്. നയങ്ങളും പദ്ധതികളും സമ്മേളനങ്ങളും മാത്രം പോര; അവ ജനങ്ങളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കുന്നതാകണം. അടിസ്ഥാനസൗകര്യങ്ങൾ അവസരങ്ങളായും അറിവ് തൊഴിലും സംരംഭങ്ങളു മായും മാറണം. നൂറ്റാണ്ടുകളായി രാജ്യങ്ങളെയും സംസ്കാരങ്ങളെയും ബന്ധിപ്പിച്ച മഹാപാതയാണ് സമുദ്രം. ഇന്നും ലോക വ്യാപാരത്തിന്റെയും ആഗോള വിതരണ ശൃംഖലയുടെയും പ്രധാന അടിത്തറ സമുദ്ര ഗതാഗതമാണ്. എന്നാൽ ഇന്നത്തെ സമുദ്ര സമ്പദ് വ്യവസ്ഥ കപ്പലിലും തുറമുഖത്തും മാത്രം അവസാനിക്കുന്നതല്ല. ലോജിസ്റ്റിക്സ്, മത്സ്യബന്ധനം, തീരദേശ ടൂറിസം, തീരദേശ ചരക്ക് വ്യാപാരം, കപ്പൽ നിർമ്മാണം, സമുദ്ര സാങ്കേതികവിദ്യ, മറൈൻ ഇൻഷുറൻസ്, മാരിടൈം നിയമം, ആർബിട്രേഷൻ, സമുദ്രഗവേഷണം, പുനരുപയോഗ ഊർജം, വിദ്യാഭ്യാസം, നൈപുണ്യ വികസനം തുടങ്ങി വലിയൊരു ബ്ലൂ ഇക്കോണമിയാണ് ലോകത്തിനു മുന്നിൽ തുറക്കുന്നത്.
കേരളത്തിന് അനന്ത സാധ്യത
കേരളത്തിന്റെ ചരിത്രം കടലിന്റെ ചരിത്രവുമായി വേർതിരിക്കാനാവാത്തതാണ്. സുഗന്ധവ്യഞ്ജനങ്ങളുമായി അറേബ്യയിലേക്കും ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും ഏഷ്യയിലേക്കും സഞ്ചരിച്ചത് കടൽ വഴിയായിരുന്നു. അതേ വഴികളിലൂടെയാണ് ആശയങ്ങളും അറിവും സംസ്കാരങ്ങളും കേരളത്തിലേക്കെത്തിയത്. ഇന്ന് മറ്റൊരു ചരിത്രാവസരം നമ്മുടെ മുന്നിലുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി, നമ്മുടെ മറ്റ് തുറമുഖങ്ങൾ, ഉൾനാടൻ ജലപാതകൾ, അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, റോഡ്-റെയിൽ ശൃംഖല, വിദ്യാഭ്യാസമുള്ള മനുഷ്യവിഭവശേഷി ഇവയെല്ലാം ഒരൊറ്റ സാമ്പത്തിക ദർശനത്തിൽ ബന്ധിപ്പിക്കാൻ കഴിഞ്ഞാൽ കേരളത്തിന് പുതിയ വളർച്ചാപഥം സൃഷ്ടിക്കാനാകും. അതാണ് മിഷൻ സമുദ്ര. 2026-27 സംസ്ഥാന ബജറ്റിൽ 400 കോടി രൂപ വകയിരുത്തി ആരംഭിച്ച മിഷൻ സമുദ്ര ഒരു തുറമുഖ വികസനപദ്ധതി മാത്രമല്ല, കടലിന്റെ സാധ്യതകളിലൂടെ കേരളത്തിന്റെ സമഗ്ര വികസനം സാധ്യമാക്കാനുള്ള ദീർഘകാല ദർശനം കൂടിയാണ്.
പുതിയ തുടക്കം
മുൻകാലങ്ങളിൽ കേരളത്തിൽ മാരിടൈം ദിനാചരണം പ്രൊഫഷണലുകളുടെയും മേഖലയുമായി ബന്ധപ്പെട്ട സംഘടനകളുടെയും പരിധിയിലായിരുന്നു. ഇനി ആ ചർച്ചയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം. വിദ്യാർഥി മുതൽ വ്യവസായി വരെ, മത്സ്യത്തൊഴിലാളി മുതൽ നിയമവിദഗ്ധൻ വരെ, ജനപ്രതിനിധി മുതൽ സാധാരണക്കാർ വരെ സമുദ്ര മേഖലയിൽ കേരളത്തിനുള്ള അവസരം മനസിലാക്കണം. ഓരോ അന്താരാഷ്ട്ര മാരിടൈം ദിനവും പുതിയ ആശയങ്ങൾ വിലയിരുത്താനും കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ പരിശോധിക്കാനും അടുത്ത ഘട്ടത്തിലേക്കുള്ള ദിശ നിശ്ചയിക്കാനുമുള്ള പൊതുവേദിയായി വളരണം. ഇത് ഒരു ദിവസത്തെ ആഘോഷമല്ല. കേരളത്തിന്റെ പുതിയ സമുദ്ര ചിന്തയുടെ തുടക്കമാണ്.
സാധ്യതകൾ ഉപയോഗപ്പെടുത്തണം
കേരളത്തിലെ ഓരോ തുറമുഖത്തിനും ഒരേ ദൗത്യമാകണമെന്നില്ല. എന്നാൽ സാമ്പത്തികമായി പ്രയോജനപ്പെടുത്താവുന്ന തുറമുഖങ്ങളും അനുബന്ധ സൗകര്യങ്ങളും പുതിയ പ്രവർത്തനങ്ങളിലേക്ക് കൊണ്ടുവരണം. തീരദേശ ചരക്ക് ഗതാഗതം, ഉൾനാടൻ ജലഗതാഗതം, യാത്രാസൗകര്യം, ടൂറിസം, ചരക്കുനീക്കം, ലോജിസ്റ്റിക് ഹബ്ബുകൾ, ഡ്രൈ പോർട്ടുകൾ, വെയർഹൗസുകൾ, കോൾഡ് ചെയിൻ സംവിധാനങ്ങൾ എന്നിവയെ ഏകോപിപ്പിക്കണം. കടലോ പ്രധാന ജലപാതയോ ഇല്ലാത്ത ജില്ലകൾക്കും മാരിടൈം വികസനത്തിന്റെ നേട്ടം ലഭിക്കണം. റോഡ്, റെയിൽ, ജലപാത, വിമാനത്താവളം, ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ചാൽ ഒരു ഉൾനാടൻ ഗ്രാമത്തിലെ സംരംഭകനും ലോകവിപണിയിലേക്ക് എത്താം. തീരകേരളവും ഉൾനാടൻ കേരളവും രണ്ടല്ല, ഒരൊറ്റ സാമ്പത്തിക കേരളമാണ്.
മത്സ്യത്തൊഴിലാളികൾ കാഴ്ചക്കാരല്ല
നമ്മുടെ മത്സ്യത്തൊഴിലാളികളും തീരദേശ സമൂഹവും ഉൾപ്പെടുന്നതാണ് ബ്ലൂ ഇക്കോണമി. ആധുനിക മത്സ്യബന്ധന സൗകര്യങ്ങൾ, കോൾഡ് ചെയിൻ, മത്സ്യ സംസ്കരണം, മൂല്യവർധിത ഉൽപന്നങ്ങൾ, പരിശീലനം, വിദ്യാഭ്യാസം, സംരംഭകത്വം, മറൈൻ ടൂറിസം തുടങ്ങിയ മേഖലകളിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കണം. തലമുറകളായി കടലിനൊപ്പം ജീവിച്ചവരുടെ അനുഭവജ്ഞാനവും പുതിയ സാങ്കേതികവിദ്യയും തമ്മിൽ കൈകോർക്കണം. കടലിൽ നിന്ന് സമ്പത്ത് സൃഷ്ടിക്കുമ്പോൾ, കടലിനെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളിലേക്കാണ് അതിന്റെ ആദ്യ നേട്ടം എത്തേണ്ടത്.
മാരിടൈം ടൂറിസം
നമ്മുടെ കടൽത്തീരം ഒരു സാമ്പത്തിക സ്രോതസു കൂടിയാണ്. ബീച്ചുകൾ, മത്സ്യഗ്രാമങ്ങൾ, കായലുകൾ, ദ്വീപുകൾ ലൈറ്റ്ഹൗസുകൾ, പഴയ തുറമുഖങ്ങൾ, കപ്പൽനിർമാണ പാരമ്പര്യം, ഭക്ഷണം, കല, സംസ്കാരം ഇവയെ ബന്ധിപ്പിച്ച് കോസ്റ്റൽ & മാരിടൈം ടൂറിസം വികസിപ്പിക്കാൻ നമുക്ക് കഴിയും. ക്രൂയിസ് ടൂറിസം, ലൈറ്റ്ഹൗസ് ടൂറിസം, ഹെറിറ്റേജ് ടൂറിസം, വാട്ടർ ടൂറിസം, പോർട്ട് ടൂറിസം തുടങ്ങിയ മേഖലകൾ പുതിയ തൊഴിലും ചെറുസംരംഭങ്ങളും സൃഷ്ടിക്കും. ടൂറിസം വളരുന്നതിനൊപ്പം പ്രദേശത്തിന്റെ പരിസ്ഥിതിയും സംസ്ക്കാരവും സംരക്ഷിക്കപ്പെടണം. ടൂറിസം പ്രകൃതിയെ ഉപയോഗിക്കുന്ന വ്യവസായമല്ല; പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് അനുഭവിപ്പിക്കുന്ന സമ്പദ് വ്യവസ്ഥയായിരിക്കണം.
ലോക വിപണിയിലേക്ക്
മാരിടൈം സമ്പദ് വ്യവസ്ഥയുടെ തുടക്കം തുറമുഖ കവാടത്തിൽ മാത്രമല്ല, അത് ഒരു കൃഷിയിടത്തിൽ നിന്നും ആരംഭിക്കാം. സുഗന്ധവ്യഞ്ജനങ്ങൾ, നാളികേരം, റബർ, കയർ ഭക്ഷ്യോൽപന്നങ്ങൾ മൂല്യവർധിത ഉൽപ്പന്നങ്ങൾ തുടങ്ങിയവ അസംസ്കൃത വസ്തുക്കളായി മാത്രം പുറത്തേക്ക് പോകാതെ സംസ്കരിച്ചും പാക്ക് ചെയ്തും മൂല്യവർധിത ഉൽപന്നങ്ങളായും ലോക വിപണിയിലെത്തണം. അതിന് ഗ്രാമതലത്തിൽ ചെറുകിട-ഇടത്തരം പരിസ്ഥിതി സൗഹൃദ വ്യവസായങ്ങൾ വളരണം. തുറമുഖത്തിന്റെ വിജയം കണ്ടെയ്നറുകളുടെ എണ്ണത്തിൽ മാത്രം അളക്കേണ്ടതല്ല. ആ കണ്ടെയ്നറിനുള്ളിൽ കേരളത്തിലെ ഒരു ഗ്രാമത്തിന്റെ ഉൽപന്നമുണ്ടോ എന്നതിലും അതിന്റെ വിജയം അളക്കണം.
കടൽ അവസരങ്ങളുടെ വാതിൽ
യുവതലമുറയ്ക്ക് ജോലിയും സംരംഭങ്ങളും തുടങ്ങാനുള്ള അവസരമൊരുക്കണം. പോർട്ട് മാനേജ്മെന്റ്, ഷിപ്പിങ്, ലോജിസ്റ്റിക്സ്, എക്സിം ട്രേഡ്, കസ്റ്റംസ്, മാരിടൈം ലോ, ആർബിട്രേഷൻ, മറൈൻ ഇൻഷുറൻസ്, ഓഷ്യൻ സയൻസ്, എ.ഐ, ഡിജിറ്റൽ സപ്ലൈ ചെയിൻ, മാരിടൈം ജേർണലിസം, ടൂറിസം, ഫിഷറീസ് ടെക്നോളജി തുടങ്ങിയ മേഖലകളിൽ വലിയ തൊഴിൽ സാധ്യതകളുണ്ട്. പഠനം തൊഴിലിലെത്തണം; അറിവ് നവീകരണത്തിലേക്കും നൈപുണ്യം സംരംഭങ്ങളിലേക്കും എത്തണം.
കേരളം മാരിടൈം നോളജ് ഹബ്ബാകും
കേരളത്തിന് തുറമുഖങ്ങൾ മാത്രം പോരാ. ലോകോത്തര അറിവിന്റെ അടിസ്ഥാന സൗകര്യങ്ങളും വേണം. അതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള മാരിടൈം ഹെറിറ്റേജ് മ്യൂസിയം, ഓഷ്യനേറിയം, സമുദ്രവിജ്ഞാന-അനുഭവ കേന്ദ്രങ്ങൾ, അന്താരാഷ്ട്ര കൺ വെൻഷൻ സൗകര്യങ്ങൾ, മാരിടൈം വിദ്യാഭ്യാസ-ഗവേഷണ കേന്ദ്രങ്ങൾ, ആർബിട്രേഷൻ-നിയമ സേവന സംവിധാനങ്ങൾ തുടങ്ങിയ ആശയങ്ങൾ ഗൗരവമായി മുന്നോട്ടുകൊണ്ടു പോകേണ്ടതുണ്ട്. വാണിജ്യ തർക്കങ്ങൾ പരിഹരിക്കുന്നതിനും ആർബിട്രേഷൻ നടത്തുന്നതിനും നിയമ-പ്രൊഫഷണൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനും കേരളത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള സംവിധാനം വളരേണ്ടതുണ്ട്. അങ്ങനെ കേരളം ചരക്ക് കൈകാര്യം ചെയ്യുന്ന സ്ഥലം മാത്രമല്ല, മാരിടൈം അറിവും സേവനങ്ങളും തീരുമാനങ്ങളും സൃഷ്ടിക്കുന്ന കേന്ദ്രവുമാകണം.
പ്രവാസികളും മിഷൻ സമുദ്രയുടെ പങ്കാളികൾ
കേരളത്തിന്റെ ശക്തികളിലൊന്ന് നമ്മുടെ പ്രവാസി സമൂഹമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഷിപ്പിങ്, ലോജിസ്റ്റിക്സ്, തുറമുഖങ്ങൾ, വ്യാപാരം, ഫിനാൻസ്, നിയമം, സാങ്കേതികവിദ്യ, ടൂറിസം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളികളുടെ അറിവും അനുഭവവും നിക്ഷേപ ശേഷിയും കേരളത്തിന്റെ പുതിയ മാരിടൈം യാത്രയുമായി ബന്ധിപ്പിക്കണം. മൂലധനം മാത്രമല്ല, ആഗോള പരിചയം, സാങ്കേതികവിദ്യ, വിപണി ബന്ധങ്ങൾ, ആശയങ്ങൾ, സ്ഥാപനപരമായ അറിവ് ഇവയും കേരളത്തിലേക്ക് കൊണ്ടു വരണം. ലോകമെമ്പാടുമുള്ള മലയാളികൾക്ക് മിഷൻ സമുദ്രയിൽ പങ്കാളികളാകാനുള്ള വാതിൽ തുറന്നിരിക്കണം.
വിവാദമല്ല; വേണ്ടത് വിവേകമുള്ള വളർച്ച
വികസന ചർച്ച പരസ്പരം കുറ്റപ്പെടുത്തുന്നതിൽ അവസാനിക്കരുത്. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. എന്നാൽ നമ്മുടെ കുട്ടികളുടെ ഭാവി ഇരുട്ടിലാക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാക്കരുത്. യുവതയ്ക്ക് തൊഴിൽ വേണം. സമൂഹത്തിന് പുതിയ ബിസിനസ് വേണം. പരിസ്ഥിതി സൗഹൃദ വ്യവസായങ്ങൾ വേണം. സർക്കാരിന് പുതിയ വരുമാന സ്രോതസുകൾ വേണം. കേരളത്തിന്റെ സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാൻ ഉൽപാദനവും നിക്ഷേപവും കയറ്റുമതിയും വർധിക്കണം. അതിന് സമൂഹത്തിന്റെ കൂട്ടായ പിന്തുണ ആവശ്യമാണ്. സർക്കാർ, പ്രതിപക്ഷം, വ്യവസായം, അക്കാദമിക സമൂഹം, തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, പ്രവാസികൾ, യുവാക്കൾ എല്ലാവർക്കും ഇതിൽ പങ്കുണ്ട്. നമുക്ക് വേണ്ടത് വിവാദത്തിന്റെ ശബ്ദമല്ല, വികസനത്തിന്റെ ദിശയാണ്.
ലോക കവാടം തുറന്ന് വിഴിഞ്ഞം
കടൽ അവസാനമല്ല, അവിടെ നിന്നാണ് പുതിയ കേരളം ആരംഭിക്കുന്നത്. വിഴിഞ്ഞം പുതിയൊരു ലോക കവാടമാണ് തുറന്നിടുന്നത്. കൊച്ചിയും മറ്റ് തുറമുഖങ്ങളും ശക്തമായ അടിത്തറ നല്കുന്നു. നമ്മുടെ ജലപാതകൾ പ്രകൃതിദത്ത കണക്ടിവിറ്റിയാണ്. നമ്മുടെ കൃഷിയും വ്യവസായവും ഉൽപന്നങ്ങൾ നല്കുന്നു. നമ്മുടെ പ്രവാസികൾ ലോക ബന്ധങ്ങൾ നല്കുന്നു. ഏറ്റവും വലിയ സമ്പത്ത് നമ്മുടെ ജനങ്ങളാണ്.
മിഷൻ സമുദ്രയുടെ അന്തിമ ലക്ഷ്യം കൂടുതൽ കപ്പലുകളോ കൂടുതൽ കണ്ടെയ്നറുകളോ മാത്രമല്ല. തുറമുഖത്തിൽ നിന്ന് ജനങ്ങളിലേക്കും ജനങ്ങളിൽ നിന്ന് ലോകത്തിലേക്കും ലോകത്തിൽ നിന്ന് കേരളത്തിന്റെ സമൃദ്ധിയിലേക്കും എത്തുകയെന്നതാണ് നമ്മുടെ ലക്ഷ്യം. കടൽ നമ്മുടെ അതിരല്ല. അത് കേരളത്തിന്റെ പുതിയ കവാടമാണ്. ആ കവാടത്തിലൂടെ നമുക്ക് ഒന്നിച്ച് മുന്നേറാം, തൊഴിലിലേക്കും സംരംഭങ്ങളിലേക്കും അറിവിലേക്കും നിക്ഷേപത്തിലേക്കും സുസ്ഥിരമായ സമൃദ്ധിയിലേക്കും.
|