ഹരിത സമൃദ്ധമാകാന്‍ സുസ്ഥിര തൃത്താല

ഹരിതസമൃദ്ധമാകാന്‍ സുസ്ഥിര തൃത്താല
പി എസ് ഐശ്വര്യ
ഐ പി ആര്‍ ഡി

ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ചരിത്രപരമായും സാംസ്‌കാരികമായും പ്രാധാന്യമുള്ള നിയോജക മണ്ഡലമാണ് തൃത്താല. കേരളത്തിലൂടെ ഒഴുകുന്ന 44 നദികളില്‍ വിസ്‌തൃതിയിൽ ഒന്നാം സ്ഥാനത്തും ദൈര്‍ഘ്യത്തില്‍ രണ്ടാം സ്ഥാനത്തുമുള്ള ഭാരതപ്പുഴയുടെ ഇരു കരകളിലായി തൃത്താല പരന്നു കിടക്കുകയാണ്.

32 ചെറു നീര്‍ത്തടങ്ങളും മണ്ഡലത്തിലുണ്ട്. ഭാരതപ്പുഴയുടെ ഓരത്താണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഭൂഗര്‍ഭ ജല ലഭ്യതയില്‍ മണ്ഡലത്തില്‍ ഉൾപ്പെടുന്ന രണ്ടു ബ്ലോക്കുകളും സെമി ക്രിട്ടിക്കൽ വിഭാഗത്തിലാണ് പെടുന്നത്. ഭൂമിയിലേക്ക് പെയ്‌തിറങ്ങുന്ന മഴവെള്ളമെല്ലാം ഭാരതപ്പുഴയിലേക്ക് ഒഴുകിപ്പോകുന്നു മൂലം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത വരള്‍ച്ച അനുഭവപ്പെട്ടിരുന്നു. ഈ പ്രതിസന്ധി മനസിലാക്കിയാണ് സ്ഥലത്തെ എംഎല്‍എയും മന്ത്രിയുമായ എം ബി രാജേഷ് തൃത്താലയെ ജല സമൃദ്ധമാക്കാന്‍ സുസ്ഥിര തൃത്താല പദ്ധതി ആവിഷ്‌കരിച്ചത്.

ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തി

ഭൂഗര്‍ഭ ജല വിതാനത്തില്‍ സെമിക്രിറ്റിക്കല്‍ മേഖലയിലായിരുന്ന തൃത്താലയെ ജല സമൃദ്ധമാക്കാന്‍ സുസ്ഥിര തൃത്താല പദ്ധതി വഴിയൊരുക്കി. പദ്ധതി മുഖേന പ്രതിദിനം അഞ്ച് കോടി ലിറ്റര്‍ മഴവെള്ളമാണ് ശേഖരിച്ചത്. 2020 ജനുവരിയില്‍ 11 മീറ്റര്‍ ആഴത്തില്‍ ജലം ലഭ്യമായിരുന്ന നിരീക്ഷണ കിണറില്‍ 2025 ജനുവരിയില്‍ 10.18 മീറ്റര്‍ ആഴത്തില്‍ നിന്ന് ജലം ലഭിക്കുന്നുവെന്നത് പദ്ധതിയുടെ വിജയമാണ്. ഭൂജല വകുപ്പ് മണ്ഡലത്തിലെ എല്ലാ പൊതു സ്ഥാപനങ്ങളിലും ഫീല്‍ഡ് പഠനം നടത്തി. കൃത്രിമ ഭൂജല സംപോഷണം സാധ്യമായ 50 പൊതുസ്ഥാപനങ്ങളില്‍ അവ നടപ്പാക്കി.

വരള്‍ച്ച മറി കടന്നു

വരള്‍ച്ച മറി കടക്കാന്‍ മഴ ഫലപ്രദമായി ഉപയോഗിച്ചു കൊണ്ടുളള മാതൃകയാണ് സുസ്ഥിര തൃത്താല പദ്ധതി ആവിഷ്‌കരിച്ചത്. ചരിവുളള പ്രദേശങ്ങളില്‍ ചെറു ബണ്ടുകള്‍ നിര്‍മ്മിച്ച് വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുക, ലഭിക്കുന്ന മഴവെള്ളം തല്‍സ്ഥലത്തു തന്നെ ഭൂമിയിലേക്ക് നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അതിന്റെ ഭാഗമായി നടന്നു. ജല സേചന വകുപ്പിന്റെ നേതൃത്വത്തില്‍ കുളം നവീകരണം, തോട്-കനാല്‍ പുനരുദ്ധാരണം, ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീമുകള്‍ മുഖേന 1410 ഹെക്‌ടർ പ്രദേശത്തെ ജലസേചന സൗകര്യം മെച്ചപ്പെടുത്തല്‍ എന്നിവ സാധ്യമാക്കി.

മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ എട്ട് ചെറു നീര്‍ത്തടങ്ങളില്‍ സമഗ്ര നീര്‍ത്തട വികസന പദ്ധതിയാണ് സുസ്ഥിര തൃത്താലയുടെ ഭാഗമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ആദ്യ ഘട്ടമായി രണ്ട് കോടിയുടെ മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിച്ചത്. കൃത്രിമ ഭൂജലപോഷണം, കിണറുകളുടെ റീചാര്‍ജിങ്, കാര്‍ഷിക കുളങ്ങള്‍, പറമ്പില്‍ ഒരു മഴക്കുഴി എന്നിവ നടപ്പാക്കി. പതിനയ്യായിരത്തോളം തെങ്ങിന്‍ തടങ്ങളാണ് പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയത്.

തെങ്ങിന്‍ തടമെടുപ്പ്, മഴവെള്ള കിണര്‍ റീചാര്‍ജ്ജിങ്, മഴക്കുഴികള്‍, കുളം നിര്‍മ്മാണം, ചെറു മൺകുളം നിര്‍മ്മാണം, മൺ ബണ്ടുകളുടെ നിര്‍മ്മാണം, ഫല വൃക്ഷത്തൈ വിതരണം, നാഗലശ്ശേരി, കപ്പൂര്‍, തിരുമിറ്റക്കോട് പഞ്ചായത്തുകളിലെ കുളം, തോട് പുനരുദ്ധാരണം എന്നിവ ഇതില്‍ ഉള്‍പ്പെടും. നാഗലശ്ശേരി പഞ്ചായത്തിലെ ഉപയോഗ ശൂന്യമായി കിടന്നിരുന്ന പാപ്പിക്കുളത്തിന്റെ ജല ശേഷി 10 ലക്ഷത്തില്‍ നിന്ന് 22 ലക്ഷം വര്‍ധിപ്പിച്ചു കൊണ്ടുളള നവീകരണം ഏറെ ജനശ്രദ്ധ നേടി. മണ്ഡലമൊന്നാകെ മൊത്തം 905ഓളം കിണറുകളുടെ റീചാര്‍ജ്ജിങ് നടപ്പാക്കി. രണ്ടാം ഘട്ടമായി 1.63 കോടിയുടെ പദ്ധതികള്‍ തയ്യാറാക്കി വരികയുമാണ്.

20 പച്ചതുരുത്തുകള്‍  25 ഹരിത സമൃദ്ധി വാര്‍ഡുകള്‍

ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ 20 പച്ചതുരുത്തുകള്‍, കാവുകള്‍ എന്നിവ സജ്ജമാക്കിയതിന് പുറമെ പദ്ധതി പ്രകാരം മണ്ഡലത്തിലെ 25 വാര്‍ഡുകളെ ഹരിത സമൃദ്ധി വാര്‍ഡുകളാക്കി. മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്തുകളിലും മണ്ഡലമൊന്നാകെയും ജല ബജറ്റ് തയ്യാറാക്കുന്ന രാജ്യത്തെ ആദ്യ നിയമ സഭാ നിയോജക മണ്ഡലമായി തൃത്താല മാറുകയുണ്ടായി. പാറ ക്വാറികളുടെ പുനരുപയോഗ സാധ്യതകള്‍ പ്രാവർത്തികമാകുന്നതിനായി മണ്ഡലത്തിലെ പാറ ക്വാറികള്‍ കണ്ടെത്തി പഠന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

556 ഹെക്‌ടറിൽ അധിക നെല്‍കൃഷി

556 ഹെക്‌ടറിൽ പദ്ധതി പ്രകാരം അധിക നെല്‍കൃഷി ആരംഭിക്കാനും 667 ടൺ നെല്‍ അധികമായി ഉത്പാദിപ്പിക്കുവാനും സാധിച്ചു. 27 ഏക്കറില്‍ അധികമായി സംയോജിത കൃഷി വ്യാപിപ്പിക്കാന്‍ സാധിച്ചു. ഓണക്കാലത്തേക്കാവശ്യമായ പച്ചക്കറി ഉൽപാദിപ്പിക്കുന്നതിന് 160 ഏക്കറില്‍ കൃഷി ആരംഭിച്ചു.

തൃത്താല ജില്ലയിലെ ആദ്യ കൂൺ ഗ്രാമം

ഹോൾട്ടി കള്‍ച്ചര്‍ മിഷന്‍ – രാഷ്ട്രീയ കൃഷി വികാസ് യോജന – സുസ്ഥിര തൃത്താല പദ്ധതിയുമായി സംയോജിപ്പിച്ച് കൂൺ ഗ്രാമം പദ്ധതി നടപ്പാക്കാനായി പാലക്കാട് ജില്ലയില്‍ ആദ്യമായി തിരഞ്ഞെടുത്തത് തൃത്താല ഗ്രാമ പഞ്ചായത്താണ്. ഇതിനായി ഒരു കൂൺ ഉത്പാദന യൂണിറ്റ് നിലവിലുണ്ട്. ഹൈടെക്ക് കൃഷി രീതിയില്‍ 300 ബെഡോടെ രണ്ട് കൂൺ കൃഷി യൂണിറ്റുകള്‍ മണ്ഡലത്തില്‍ പ്രവൃത്തിച്ചു വരുന്നുണ്ട്. ഒരു യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കാന്‍ രണ്ട് ലക്ഷം രൂപയോളം സബ്‌സിഡി അനുവദിക്കും. ഇവിടെ ഒരു യൂണിറ്റിന് 100 ബെഡാണ് വരിക. അറുപതോളം കര്‍ഷകര്‍ ചെറുകിട കൂൺ കൃഷി പിന്തുടരുന്നുണ്ട്.

ഉള്‍നാടന്‍ മത്സ്യക്കൃഷി രംഗത്ത് പ്രകടമായ മാറ്റം

ഫിഷറീസ് വകുപ്പിന്റെ കീഴില്‍ എട്ട് ഗ്രാമ പഞ്ചായത്തുകളിലെ 85 പൊതു കുളങ്ങളിലായി 53680 മത്സ്യക്കുഞ്ഞുങ്ങളെയും, 21 പടുത യുണിറ്റുകളില്‍ 11100 വരാല്‍ മത്സ്യക്കുഞ്ഞുങ്ങളെയും ഒന്‍പത് പടുതകളിലായി 5000 വാള കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു കൊണ്ട് ഉള്‍നാടന്‍ മത്സ്യകൃഷി രംഗത്ത് പ്രകടമായ മാറ്റമുണ്ടാക്കി.

16 ശതമാനം കാർബൺ പുറം തള്ളല്‍ കുറച്ചു

ക്ലീന്‍ കേരള കമ്പനിയുടെ നേത്യത്വത്തില്‍ മൂന്ന് ഘട്ടങ്ങളിലായി നിഷ്‌ക്രിയ മാലിന്യം, തുണി മാലിന്യം, ചില്ല് മാലിന്യം, ഇലക്ട്രോണിക് മാലിന്യങ്ങള്‍ എന്നിവ 281 ടൺ ശേഖരിച്ച് നീക്കം ചെയ്‌തതിലൂടെ 16 ശതമാനം കാർബൺ എമിഷന്‍ കുറയ്‌ക്കുന്നതിന് കഴിഞ്ഞു. ശുചിത്വ മിഷന്റെ നേതൃത്വത്തിലാണ് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. വീടുകളുടെ മേല്‍ക്കൂരകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് 3807 കിലോ വാട്ട് സൗരോര്‍ജ്ജം ഉത്പാദിപ്പിക്കാനായി.

വകുപ്പുകളുടെ സംയോജിത പ്രവര്‍ത്തനം

ജില്ലാ ഭരണകൂടം, ഹരിത കേരളം മിഷന്‍, ത്രിതല പഞ്ചായത്തുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, വിവിധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാലയങ്ങള്‍ എന്നിവ സുസ്ഥിര തൃത്താല പദ്ധതിയുടെ സംയോജനത്തിനും ലക്ഷ്യത്തിനുമായി ഒരുമിച്ചു പ്രവര്‍ത്തിച്ചു. ജനപ്രതിനിധികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ എന്നിവരിലൂടെ ജനങ്ങളുടെ പിന്തുണ ഉറപ്പാക്കാനായി എന്നതും പദ്ധതിയുടെ നേട്ടമാണ്.

കടപ്പാട്: പി. സൈതലവി,
നവകേരളം മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍, പാലക്കാട്

Spread the love