കേരളത്തിന്റെ സൂപ്പര്‍ കമ്പ്യൂട്ടിങ് സെന്റര്‍

കേരളത്തിന്റെ സൂപ്പര്‍ കമ്പ്യൂട്ടിങ്ങ് സെന്റര്‍
എസ് ശ്രീജിത്ത്
ഐ പി ആര്‍ ഡി

അടിസ്ഥാന ശാസ്ത്ര ഗവേഷണ മേഖലയ്ക്ക് കേരള സര്‍ക്കാര്‍ എത്രമാത്രം പ്രാധാന്യം നൽകുന്നുവെന്നതിന്റെ നേര്‍ സാക്ഷ്യമാണ് കോട്ടയം പാമ്പാടിയില്‍ പ്രവർത്തിക്കുന്ന ശ്രീനിവാസ രാമാനുജന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ ബേസിക് സയന്‍സസ് (എസ്.ആര്‍.ഐ.ബി.എസ്). കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിലുള്ള സ്ഥാപനം സൂപ്പര്‍ കമ്പ്യൂട്ടിങ്ങ് ഉള്‍പ്പെടെ ശാസ്ത്ര ഗവേഷണത്തില്‍ പുതു തലമുറയ്ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പു നൽകുന്നു. ഭൗതിക ശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിതശാസ്ത്രം, കമ്പ്യൂട്ടേഷണൽ സയന്‍സസ് തുടങ്ങിയ മേഖലകളില്‍ നവീന ആശയങ്ങളെ പരിപോഷിപ്പിക്കുന്നതിലും ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഉന്നത ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് അത്യാധുനിക ഗവേഷണങ്ങള്‍ നടത്തുന്നതിലും നിര്‍ണ്ണായകമായ പങ്കുവഹിക്കാന്‍ ശേഷിയുള്ള ഗവേഷണ സ്ഥാപനമായി ഇത് മാറിക്കഴിഞ്ഞു. സൂപ്പര്‍ കമ്പ്യൂട്ടിങ്ങിന്റെ വിശാല ലോകത്തേക്കാണ് ഇനിയുള്ള ചുവടു വയ്‌പ്.

സ്ഥാപനത്തിന്റെ ഒന്നാംഘട്ട അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഉദ്ഘാടനം 2024 ഒക്ടോബര്‍ 28ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 2012ല്‍ തുടക്കം കുറിച്ചെങ്കിലും സ്ഥാപനത്തിന് പുതിയ ദിശാബോധം കൈവരിക്കുന്നത് ഇപ്പോഴാണ്. ഗവേഷകരെയോ ശാസ്ത്ര തത്പരരെയോ മാത്രമല്ല, സാധാരണക്കാരായ ജനങ്ങളെയും ശാസ്ത്രബോധമുള്ളവരാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. വിപുലമായ ശാസ്ത്ര പ്രചാരണ പരിപാടികളും ഗവേഷണത്തിനൊപ്പം നടന്നു വരുന്നു.

കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ പ്രസിദ്ധീകരണങ്ങളിലൂടെയും മറ്റും സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ രംഗങ്ങളില്‍ മുദ്ര പതിപ്പിക്കാന്‍ ഈ സ്ഥാപനത്തിന് സാധിച്ചു. ഇതേ കാലയളവില്‍ എമിരറ്റസ് സയന്റിസ്റ്റ് സ്‌കീമില്‍ ഒരു സയന്റിസ്റ്റിനൊപ്പം ഒരു പ്രോജക്റ്റ് ഫെലോയെയും ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിതശാസ്ത്രം, മോളിക്യൂലര്‍ ഡോക്കിങ് എന്നീ വിഷയങ്ങളില്‍ നാലു പോസ്റ്റ് ഡോക്‌ടറൽ ഫെലോമാരെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഉന്നത നിലവാരമുള്ള അന്താരാഷ്ട്ര ജേര്‍ണലുകളില്‍ പതിനെട്ടോളം പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചു. കൂടാതെ ഈ കാലയളവില്‍ കേരള സയന്‍സ് കോൺഗ്രസിൽ മികച്ച സ്റ്റാളിനുള്ള പുരസ്‌കാരം, മികച്ച ഭൗതികശാസ്ത്ര, ഗണിതശാസ്ത്ര പ്രബന്ധങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ എന്നിവ നേടി. 2024-25 കാലയളവില്‍ പുതിയ കാമ്പസില്‍ കെട്ടിടം, റോഡ്, സെമിനാര്‍ ഹാള്‍, ബേസിക് കംപ്യൂട്ടേഷൻ സൗകര്യങ്ങള്‍ മുതലായവ സജ്ജമാക്കി. 2026 ജനുവരിയോടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പുതിയ കാമ്പസിലേക്ക് മാറ്റാനാണ് ലക്ഷ്യം.

ഇൻസ്റ്റിറ്റ്യൂട്ട് 100 കോടി രൂപയുടെ കെ-സ്റ്റാര്‍ (Kerala Supercomputing for Technological Advancement and Research) എന്ന വലിയ പദ്ധതിയുടെ പ്രെപ്പോസല്‍ നൽകിയിരുന്നു. ഇതിന്റെ ഭാഗമായി സൂപ്പര്‍ കമ്പ്യൂട്ടിങ്ങ് സെന്ററിന്റെ തുടക്കം കുറിക്കാനായി 2025-26 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ അനുവദിച്ചു. പാമ്പാടി എട്ടാം മൈലിലെ ക്യാമ്പസിലാരംഭിക്കുന്ന സൂപ്പര്‍ കമ്പ്യൂട്ടിങ്ങ് സെന്റര്‍ വിവിധ ശാസ്ത്ര, സാങ്കേതിക മേഖലകളിലെ ഗവേഷണങ്ങള്‍ക്കായി രൂപകൽപന ചെയ്‌തിട്ടുള്ളതാണ്. ഈ അത്യാധുനിക സൂപ്പര്‍ കമ്പ്യൂട്ടിങ്ങ് സെന്ററിലെ സൗകര്യം കേരളത്തിലെ എല്ലാ വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കുമെന്നതാണ് പ്രധാന സവിശേഷതയെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ ഡോ.സി.എച്ച്.സുരേഷ് പറഞ്ഞു. പദ്ധതി പ്രവർത്തനക്ഷമമാകുന്നതോടെ സൂപ്പർ കമ്പ്യൂട്ടിങ്ങ് ഉപയോഗിച്ചുള്ള ശാസ്ത്ര ഗവേഷണങ്ങളില്‍, ആഗോള തലത്തില്‍ മത്സരിക്കാന്‍ കഴിയുന്ന പുതിയ അവസരങ്ങളും പ്രതിഭകളും ഇവിടെ സൃഷ്‌ടിക്കപ്പെടും.

എന്താണ് സൂപ്പര്‍ കമ്പ്യൂട്ടർ?

ലളിതമായി പറഞ്ഞാല്‍ സാധാരണ കമ്പ്യൂട്ടറിനേക്കാൾ ലക്ഷക്കണക്കിന് മടങ്ങ് വേഗവും കണക്കു കൂട്ടാനുള്ള ശേഷിയുമുള്ള ഒരു കമ്പ്യൂട്ടറാണ് സൂപ്പർ കമ്പ്യൂട്ടർ. കാലാവസ്ഥാ പ്രവചനം, ഹൈ എനര്‍ജി ഫിസിക്‌സ് പഠനം, ബ്ലാക്ക് ഹോളുകളുടെ പഠനം, സിമുലേഷനുകള്‍, പുതിയ മരുന്നുകൾ രൂപകൽപന ചെയ്യല്‍ തുടങ്ങിയ ബൃഹത്തായതും സങ്കീര്‍ണ്ണവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്‍പ്പന.

കൂടുതല്‍ പ്രോസസര്‍, കൂടുതല്‍ വേഗം

ഒരു സാധാരണ കമ്പ്യൂട്ടറിന് കുറച്ച് പ്രോസസര്‍ മാത്രമേ ഉള്ളൂ (സാധാരണയായി രണ്ടു മുതല്‍ എട്ടുവരെ പ്രോസസര്‍ കോറുകള്‍). പക്ഷേ ഒരു സൂപ്പർ കമ്പ്യൂട്ടറിൽ ആയിരക്കണക്കിനോ ലക്ഷക്കണക്കിനോ പ്രോസസറുകള്‍ ഉപയോഗിച്ച് ഒരേ സമയം ലക്ഷക്കണക്കിന് ജോലികള്‍ ചെയ്യുന്നു. ആദ്യം ഗ്രാഫിക്‌സിനും വീഡിയോ ഗെയിമുകള്‍ക്കുമായി നിര്‍മിച്ച ജി.പി.യു. (ഗ്രാഫിക്‌സ് പ്രോസസിംഗ് യൂണിറ്റ്) ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്ങ്, സിമുലേഷനുകള്‍ എന്നീ വലിയ ഗണിത പ്രശ്‌നങ്ങള്‍ക്ക് മികച്ചതാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇന്നത്തെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടറുകൾ സി.പി.യു.വും ജി.പി.യു.വും ഒരുമിച്ച് ഉപയോഗിക്കുന്നു. സി.പി.യു. നിയന്ത്രണവും വൈവിധ്യവും നൽകുന്നു. ജി.പി.യു. ആവര്‍ത്തന, ഭാരമേറിയ കണക്കുകൂട്ടലുകൾക്ക് വലിയ പിന്തുണ നൽകുന്നു.

ബൃഹത്തായ പ്രശ്‌നങ്ങള്‍ വളരെ വേഗത്തില്‍

പരിഹരിക്കേണ്ട സ്ഥലങ്ങളില്‍ സൂപ്പര്‍ കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നു. ഒരു വ്യക്തി ഒരു സെക്കന്‍ഡില്‍ ഒരു കണക്കു കൂട്ടൽ ചെയ്യുന്നുവെങ്കിൽ, ഒരു എക്‌സാഫ്‌ലോപ്‌സ് സൂപ്പർ കമ്പ്യൂട്ടർ ഒരു സെക്കന്‍ഡില്‍ ചെയ്യുന്നത് ചെയ്യാന്‍ ആ വ്യക്തിയ്ക്ക് 3170 കോടി വര്‍ഷം വേണ്ടിവരും! കാലാവസ്ഥാ പ്രവചനം (വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് എന്നിവ പ്രവചിക്കല്‍), ബഹിരാകാശ ദൗത്യങ്ങള്‍ (റോക്കറ്റ് വിക്ഷേപണ സിമുലേഷനുകള്‍), മരുന്നുകൾ, രൂപകല്‍പ്പന ചെയ്യല്‍ (മരുന്ന് കണ്ടെത്തൽ), കാലാവസ്ഥാ വ്യതിയാന പഠനം, ആണവ, പ്രതിരോധ ഗവേഷണം, ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ് പരിശീലനം എന്നിവയിലൊക്കെ സൂപ്പര്‍ കമ്പ്യൂട്ടറുകളാണ് ഉപയോഗിക്കുന്നത്.

Spread the love