കേരള കെയര്‍ നാടിന്റെ സ്നേഹ സ്പർശം
കേരള കെയര്‍ നാടിന്റെ സ്നേഹ സ്പർശം
ജീവന്‍കുമാര്‍ എസ്
ഐ പി ആര് ഡി
ആഗോള തലത്തില്‍ തന്നെ പ്രശംസ നേടിയ കേരളത്തിന്റെ ആരോഗ്യ മാതൃകയില്‍ പുതിയൊരു അധ്യായം കുറിച്ചു കൊണ്ട് സാന്ത്വന പരിചരണ രംഗത്ത് സംസ്ഥാനം ഒരു കുതിച്ചു ചാട്ടത്തിന് തുടക്കമിട്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടന പോലും മാതൃകയായി അംഗീകരിച്ചിട്ടുള്ള കേരളത്തിലെ ജനകീയ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാര്യക്ഷമവും വ്യാപകവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘കേരള കെയര്‍’ എന്ന പേരില്‍ സംമഗ്ര പാലിയേറ്റീവ് കെയര്‍ ഗ്രിഡിന് രൂപം നൽകിയിരിക്കുന്നത്.
സാമൂഹിക പങ്കാളിത്തം
കേരളത്തിന്റെ സാന്ത്വന പരിചരണ മാതൃകയുടെ കാതല്‍ അതിന്റെ സാമൂഹിക പങ്കാളിത്തമാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവർത്തകരും ഒരുമിച്ചു ചേർന്ന് രോഗികളുടെ വീടുകളിലെത്തി പരിചരണം ഉറപ്പാക്കുന്ന ഈ രീതി രാജ്യത്തു തന്നെ അതുല്യമാണ്. നവകേരളം കര്‍മ്മ പദ്ധതി രണ്ടിന്റെ ഭാഗമായ ആര്‍ദ്രം മിഷനിലെ പത്ത് പ്രധാന പ്രവര്‍ത്തന മേഖലകളിലൊന്നായി പാലിയേറ്റീവ് കെയറിനെ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ ഈ രംഗത്ത് വ്യക്തമായ കര്‍മ്മ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. കിടപ്പിലായ ഓരോ രോഗിയുടെയും സമീപ പ്രദേശത്ത് പരിശീലനം ലഭിച്ച ഒരു സന്നദ്ധ പ്രവർത്തകന്റെ സാന്നിധ്യം ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്ന്.
നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ 1141 പ്രാഥമിക പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളും പ്രധാന ആശുപത്രികളില്‍ 113 സെക്കന്‍ഡറി ലെവല്‍ യൂണിറ്റുകളും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ 231 യൂണിറ്റുകളും പ്രവർത്തിക്കുന്നു. ഇതിനു പുറമെ, എട്ട് മെഡിക്കല്‍ കോളേജുകളിലും ആര്.സി.സി, എം.സി.സി എന്നിവിടങ്ങളിലും വിദഗ്ധ യൂണിറ്റുകളുണ്ട്. വീടുകളില്‍ പരിചരണം നൽകുന്ന 500ല്‍ അധികം സന്നദ്ധ പാലിയേറ്റീവ് യൂണിറ്റുകളും ഈ ശൃംഖലയ്ക്ക് കരുത്തു പകരുന്നു. ‘ഞാനുമുണ്ട് പരിചരണത്തിന്’, ‘കൂടെ’ തുടങ്ങിയ ക്യാമ്പയിനുകളിലൂടെ പതിനായിരക്കണക്കിന് സന്നദ്ധ പ്രവർത്തകരെയാണ് ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ സാധിച്ചത്.
ഈ നേട്ടങ്ങളുടെ തുടര്‍ച്ചയായാണ് സാന്ത്വന പരിചരണം ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ‘കേരള കെയര്‍’ എന്ന പേരില്‍ ഡിജിറ്റല്‍ ഗ്രിഡ് രൂപീകരിച്ചത്. സര്‍ക്കാര്‍, സന്നദ്ധ മേഖലകളിലെ എല്ലാ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളെയും ഒരു കുടക്കീഴില് കൊണ്ടു വരുന്ന ഈ പ്ലാറ്റ്ഫോം രാജ്യത്തു തന്നെ ആദ്യത്തേതാണ്.
കരുതലിന്റെ നാലു വര്‍ഷങ്ങള്‍
കഴിഞ്ഞ നാലു വര്‍ഷം ആരോഗ്യ രംഗത്ത് കേരളം കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടങ്ങളാണ്. 90 ശതമാനത്തിനടുത്ത് മരണ നിരക്കുള്ള നിപയെ 33 ശതമാനത്തിലേക്ക് താഴ്ത്തിക്കൊണ്ടും, 98 ശതമാനം മരണ സാധ്യതയുള്ള അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ മരണ നിരക്ക് 25 ശതമാനമായി കുറച്ചു കൊണ്ടും കേരളം ലോകത്തിന് തന്നെ മാതൃകയായി. ആരോഗ്യ കേന്ദ്രങ്ങളുടെ സേവനം വാര്‍ഡുകളിലേക്ക് എത്തിക്കുന്ന 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ കാന്‍സര്‍ മരുുകള്‍ ലഭ്യമാക്കുന്ന ‘സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍, അപൂര്‍വ രോഗം ബാധിച്ച കുട്ടികൾക്ക് സൗജന്യ മരുന്ന് വിതരണം എന്നിവ ഈ സര്‍ക്കാരിന്റെ ഇച്ഛാ ശക്തിയുടെ ഉദാഹരണങ്ങളാണ്.
കാസര്‍ഗോഡും വയനാടും പോലുള്ള ജില്ലകളില്‍ കാര്‍ഡിയോളജി ഉള്‍പ്പെടെയുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സ ആരംഭിച്ചതും, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ തുടങ്ങിയതും ആരോഗ്യ രംഗത്തെ വികേന്ദ്രീകരണത്തിനും സാധാരണക്കാരന് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും കാരണമായി. 230 ആശുപത്രികള്‍ക്ക് എന്‍ക്യുഎസ് അംഗീകാരവും 250 ആശുപത്രികള്‍ക്ക് എന്‍എബിഎച്ച് അംഗീകാരവും ലഭിച്ചത് അടിസ്ഥാന സൗകര്യ വികസനത്തിന്റെ തെളിവാണ്. ഭക്ഷ്യ സുരക്ഷയില്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷം ഒന്നാം റാങ്ക് നേടിയതും കോവിഡ് മരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമായി മാറിയതും കേരളത്തിന്റെ നേട്ടങ്ങളാണ്. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെയുള്ള ന്യൂറോ റീഹാബിലിറ്റേഷന്‍, റോബോട്ടിക് സര്‍ജറി, ന്യൂറോ ഇന്റര്‍വെന്‍ഷന്‍ തുടങ്ങിയ അത്യാധുനിക ചികിത്സാ രീതികള്‍ സര്‍ക്കാര്‍ മേഖലയില്‍ നടപ്പിലാക്കി. ഈ നേട്ടങ്ങളുടെയെല്ലാം ഫലമായി 30 ദേശീയ, അന്തര്‍ ദേശീയ പുരസ്കാരങ്ങളാണ് കേരളത്തിന്റെ ആരോഗ്യ മേഖലയെ തേടിയെത്തിയത്.
‘കേരള കെയര്‍’ പോലെയുള്ള നൂതന പദ്ധതികളിലൂടെ ഓരോ പൗരനും അർഹിക്കുന്ന സാന്ത്വന പരിചരണം ഉറപ്പാക്കാന്‍ കരുതലും കാരുണ്യവും നിറഞ്ഞ് ജൈത്ര യാത്ര കേരളം തുടരുകയാണ്.
കേരള കെയര്‍ ഗ്രിഡിന്റെ പ്രധാന ലക്ഷ്യങ്ങള്‍
രോഗികളുടെ രജിസ്ട്രേഷന്: സാന്ത്വന പരിചരണം ആവശ്യമുള്ള പുതിയ രോഗികളെ എളുപ്പത്തില്‍ രജിസ്റ്റര്‍ ചെയ്യാനും അവരുടെ വിവരങ്ങള്‍ കേന്ദ്രീകൃത സംവിധാനത്തില്‍ സൂക്ഷിക്കാനും സാധിക്കുന്നു. നിലവില്‍ 1,34,939 കിടപ്പിലായ രോഗികളാണ് ഈ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
സേവനങ്ങളുടെ ഏകോപനം: സര്‍ക്കാര്‍, സന്നദ്ധ സംഘടനകൾ നൽകുന്ന സേവനങ്ങള്‍ ഒരുമിച്ച് കാണാനും ആവശ്യമായവ തിരഞ്ഞെടുക്കാനും പൊതു ജനങ്ങള്‍ക്ക് അവസരം ലഭിക്കുന്നു. നിലവില്‍ 1043 സ്ഥാപനങ്ങള്‍ ഗ്രിഡിന്റെ ഭാഗമായിക്കഴിഞ്ഞു.
സന്നദ്ധ പ്രവർത്തനകരുടെ ശൃംഖല: ആഴ്ചയിൽ ഒരു മണിക്കൂറെങ്കിലും സേവനം ചെയ്യാന്‍ സന്നദ്ധരായവരെ രജിസ്റ്റര്‍ ചെയ്യാനും അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാനും ഗ്രിഡ് സഹായിക്കുന്നു. ഇതിനോടകം 7,765 സന്നദ്ധ പ്രവർത്തകരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍: സംസ്ഥാന, ജില്ലാ, പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ തത്സമയം നിരീക്ഷിക്കാനും വിലയിരുത്താനും കഴിയുന്ന ഡാഷ്ബോര്‍ഡുകള്‍ ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്.
