പട്ടിണിപ്പാവങ്ങളില്ലാത്ത കേരളം

 

അതിദാരിദ്ര്യ നിർമ്മാർജനം >> പിണറായി വിജയൻ, മുഖ്യമന്ത്രി

 

cm photo 12025 നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ logoമുഴുവൻ അതിദരിദ്രരേയും ദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കിയ സംസ്ഥാനമായി കേരളം മാറും. ഇതോടെ ലോകത്ത് ചൈനയ്ക്ക് ശേഷം അതിദാരിദ്ര്യ നിർമ്മാർജന പ്രവർത്തനം സമഗ്രമായി നടപ്പിലാക്കുന്ന ആദ്യ  പ്രദേശമാവുകയാണ് കേരളം

 

 

 

 

 

 

 

ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളിൽ ഒന്നാണ് സാമ്പത്തിക സമത്വം. ദരിദ്രരും ധനികരും എന്ന വ്യത്യാസമില്ലാതാക്കി നാടിന്റെ സമ്പത്തിന്റേയും വിഭവങ്ങളുടേയും ഗുണഫലം ഏവർക്കും ഒരുപോലെ ലഭിക്കുന്ന ഒരു ലോകത്തു മാത്രമാണ് ജനാധിപത്യം അർഥപൂർണ്ണമാകുന്നത്. നാം വിഭാവനം ചെയ്യുന്നതും എല്ലാവരെയും ചേർത്തുപിടിക്കുന്ന സമഗ്രവും സർവതലസ്പർശിയുമായ വികസനമാണ്. അത്തരമൊരു നവകേരളനിർമ്മിതിയെന്ന ലക്ഷ്യത്തിനായി കഴിയാവുന്നത്ര ശ്രമിക്കുകയാണ് സർക്കാർ.

ഈ ലക്ഷ്യത്തിലെ അതീവപ്രാധാന്യമുള്ള ഒരു പ്രഖ്യാപനത്തിനൊരുങ്ങുകയാണ് നാം. 2025 നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ മുഴുവൻ അതിദരിദ്രരേയും ദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കിയ സംസ്ഥാനമായി കേരളം മാറും. ഇതോടെ ലോകത്ത് ചൈനയ്ക്ക് ശേഷം അതിദാരിദ്ര്യനിർമ്മാർജന പ്രവർത്തനം സമഗ്രമായി നടപ്പിലാക്കുന്ന ആദ്യ പ്രദേശമാവുകയാണ് കേരളം. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ദാരിദ്ര്യം ഏറ്റവും കുറവുള്ളതും കേരളത്തിലാണ്. നീതി ആയോഗിന്റെ സൂചികകൾ  ഇത്  ഉറപ്പിക്കുന്നു.

ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ എടുത്ത തീരുമാനമായിരുന്നു അതിദാരിദ്ര്യ നിർമ്മാർജനം നടപ്പാക്കുക എന്നത്. അതിദരിദ്രരായി കണ്ടെത്തിയ 64006 കുടുംബങ്ങളിൽ 2025 ആഗസ്റ്റിലെ കണക്ക് പ്രകാരം ഇതിനകം 53027 കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കി. ഇത് 83 ശതമാനമാണ്. പദ്ധതിയുടെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ 2023 നവംബർ ഒന്നിന് പൂർത്തിയായിരുന്നു. 30658 (47.89%) കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കിയതായി പ്രഖ്യാപിച്ചു. cm2

അതിദരിദ്രരെയും അഗതികളെയും കണ്ടെത്തുന്നതിനും, അവരെ അതിജീവനത്തിന് സഹായിക്കുന്നതിനുമായി 2016-ൽ അഗതിരഹിത കേരളം പദ്ധതി നടപ്പാക്കിയിരുന്നു. ഈ പദ്ധതിയിലും മറ്റ് ദാരിദ്ര്യനിർമ്മാർജന പദ്ധതികളിലും ഉൾപ്പെടാതെ പോയ അതിദരിദ്രരെക്കൂടി ഉൾക്കൊള്ളുന്ന ഒരു പദ്ധതിയായാണ് അതിദാരിദ്ര്യ നിർമ്മാർജനത്തെ സർക്കാർ വിഭാവനം ചെയ്തത്.

സമഗ്രവും ശാസ്ത്രീയവും ജനകീയവുമായ നിർണ്ണയ പ്രക്രിയയിലൂടെയാണ് കേരളം അതിദരിദ്രരെ കണ്ടെത്തിയത്. ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാലു ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് അതിദാരിദ്ര്യം നിർണ്ണയിച്ചത്. അതിദരിദ്രരുടെ പട്ടിക ജനകീയ പങ്കാളിത്തത്തോടെ സാമൂഹിക സംഘടനാപ്രവർത്തകരുടെയും കുടുംബശ്രീ അയൽക്കൂട്ടം പ്രവർത്തകരുടെയും ഫോക്കസ് ഗ്രൂപ്പ് ചർച്ചകളിലൂടെയും വാർഡുകളിലെ ക്ലസ്റ്റർതല ചർച്ചകളിലൂടെയും തയ്യാറാക്കപ്പെട്ട വിവിധ പട്ടികകൾ ഏകോപിപ്പിച്ചു കൊണ്ടാണ് തയ്യാറാക്കിയത്.

പട്ടികയിൽ ഉൾപ്പെട്ട ഓരോ കുടുംബത്തേയും സന്ദർശിച്ച് നിശ്ചിത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള വിവരശേഖരണം നടത്തുക എന്നതായിരുന്നു അടുത്ത ഘട്ടം. പ്രത്യേകം തയ്യാർ ചെയ്ത ഒരു മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഈ പ്രവർത്തനം നടത്തിയത്. തുടർ ഇടപെടലുകൾക്കു സഹായകമായ രീതിയിൽ, ഓരോ വീടിന്റെയും ലൊക്കേഷൻ കൂടി ഇതിൽ രേഖപ്പെടുത്തി. ഈ പട്ടികകൾ വാർഡ് / ഗ്രാമ സഭകളുടെ അംഗീകാരത്തിന് സമർപ്പിച്ച്, പരാതികൾ പരിഹരിച്ച് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. 64,006 കുടുംബങ്ങളാണ് ഈ അന്തിമപട്ടികയിൽ ഉൾപ്പെട്ടത്. 2021 ജൂലൈ മുതൽ 2022 ജനുവരി വരെ നീണ്ടു നിന്ന ഈ പ്രവർത്തനങ്ങളിലൂടെയാണ് അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയ പൂർത്തിയാക്കിയത്.

symbolസമഗ്രവും ശാസ്ത്രീയവും ജനകീയവുമായ നിർണ്ണയ പ്രക്രിയയിലൂടെയാണ് കേരളം അതിദരിദ്രരെ കണ്ടെത്തിയത്

അതിദരിദ്രരുടെ പട്ടികയിൽപ്പെട്ട കുടുംബങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും പ്രത്യേകമായി എടുത്ത് പരിശോധിച്ചപ്പോൾ ഓരോന്നും വ്യത്യസ്തമാണെന്ന് കാണാനായി. അവ പ്രത്യേകമായി പരിശോധിച്ച് പരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൈക്രോ പ്ലാനുകൾ രൂപവൽക്കരിക്കാൻ തീരുമാനിച്ചത്. ആ മൈക്രോ പ്ലാൻ രൂപീകരണം പൂർത്തിയായി. അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയയിലൂടെ കണ്ടെത്തിയ കുടുംബങ്ങളെയും വ്യക്തികളെയും അവരുടെ നിലവിലുള്ള ജീവിതാവസ്ഥയിൽ നിന്നും കരകയറ്റാൻ ഉപകരിക്കുന്ന സൂക്ഷ്മതല പദ്ധതിയാണ് മൈക്രോപ്ലാൻ. ഇതിനായി പ്രത്യേക മാർഗനിർദേശങ്ങൾ തയ്യാറാക്കി പുറപ്പെടുവിച്ചു. തങ്ങളുടെ അതിദാരിദ്ര്യാവസ്ഥയെക്കുറിച്ചും അതിനെ മറികടക്കുന്നതിനെക്കുറിച്ചുമുള്ള ഓരോ കുടുംബത്തിന്റെയും അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് മൈക്രോ പ്ലാനുകൾ രൂപപ്പെടുത്തിയത്.

ഇനി ഹ്രസ്വകാല, ദീർഘകാല പദ്ധതികളിലൂടെ മുഴുവൻ അതിദരിദ്രരെയും ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കുകയും മികച്ച ജീവിതനിലവാരം ഉറപ്പുവരുത്തുകയും ചെയ്യും. ഉടൻ നടപ്പിലാക്കേണ്ടവ, ഹ്രസ്വകാലത്തിൽ പൂർത്തിയാക്കേണ്ടവ, ദീർഘകാലത്തിനുള്ളിൽ ഉറപ്പാക്കേണ്ടവ എന്നിങ്ങനെ തരംതിരിച്ചാണ് പ്രവർത്തനങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. അതിൽ ഏറെ വേഗത്തിൽ നടപ്പാക്കേണ്ട ഒന്നായിരുന്നു കൈവശാവകാശ രേഖകൾ ലഭ്യമാക്കൽ. അതിന്റെ ഭാഗമായാണ് ‘അവകാശം അതിവേഗം’ എന്ന പേരിൽ ഓരോ കുടുംബത്തിനും അർഹമായ അവകാശ രേഖകൾ, പാചക വാതക കണക്ഷനുകൾ, വൈദ്യുതി കണക്ഷനുകൾ എന്നിവയെല്ലാം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. നിരവധി പേരെ കുടുംബശ്രീയുടെ ഭാഗമാക്കി. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു പ്രവർത്തനം, വീട് ലഭിക്കാൻ അർഹതയുണ്ടായിട്ടും ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷിക്കാൻ കഴിയാതിരുന്ന, വീട് മാത്രം ആവശ്യമുള്ള 5,724 കുടുംബങ്ങളെയും വസ്തുവും വീടും ആവശ്യമുള്ള 5,616 കുടുംബങ്ങളെയും ലൈഫ് ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തി എന്നതാണ്. അങ്ങനെ ആകെ 11,340 അതിദരിദ്ര കുടുംബങ്ങൾക്കാണ് പുതുതായി വീട് നൽകുന്നതിനുള്ള നടപടി സ്വീകരിച്ചത്.

cm3

അതിദാരിദ്ര്യ നിർമ്മാർജ്ജന ഉപപദ്ധതിയുടെ കാര്യക്ഷമമായ നടത്തി പ്പിൽ വിവിധ സർക്കാർ വകുപ്പുകളും ഏജൻസികളും നിർണായകമായ പങ്കാണ് വഹിക്കുന്നത്. ഗൃഹസന്ദർശനം, പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കൽ തുടങ്ങിയവയിലൂടെ ചികിത്സയും തുടർചികിത്സയും ആവശ്യമുള്ളവരെ കണ്ടെത്തി അവ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്.
രോഗമുള്ളതായി കണ്ടെത്തിയവരെ ആശുപത്രികളിലെത്തിച്ചു. പുറമെ, വാതിൽപ്പടി സേവനം ആവശ്യമുള്ളവർക്ക് അതും ഉറപ്പാക്കി. ആംബുലൻസ് സേവനവും നൽകിവരുന്നു.

അതിദരിദ്രരിൽ വിദ്യാഭ്യാസം ഇല്ലാത്തവർക്ക് വിദ്യാഭ്യാസം നൽകുന്നതിനും തുടർപഠനം നൽകേണ്ടവർക്ക് അത് നൽകുന്ന തിനുമുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളുന്നു. കൂടാതെ, കുട്ടികൾക്ക് കൗൺസലിങ്, വൊക്കേഷണൽ ട്രെയിനിങ് തുടങ്ങിയവയും നൽകുന്നുണ്ട്. പോഷകാഹാരക്കുറവ് അനുഭവിക്കുന്ന അതിദരിദ്രരായ അമ്മമാർക്കും കുട്ടികൾക്കും പോഷകാഹാരം നൽകുന്നതിനു വേണ്ട നടപടികളും സ്വീകരിച്ചു.cm4

അതിദരിദ്ര പട്ടികയിലുൾപ്പെട്ട 301 എയ്ഡ്സ് രോഗികൾക്ക് ചികിത്സ ഉൾപ്പെടെയുള്ള സേവനങ്ങൾ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി വഴിയാണ് നൽകിവരുന്നത്. പല ബഹുജന സർവീസ് സാമൂഹ്യ സംഘടനകളും അതിദാരിദ്ര്യ നിർാർജന പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിന് മുന്നോട്ടുവന്നു. പദ്ധതിപ്രവർത്തനങ്ങൾ വാർഡുതലം മുതൽ സംസ്ഥാനതലം വരെ മോണിറ്റർ ചെയ്യുന്നതിനായി ഒരു വെബ് പോർട്ടൽ സജ്ജീകരിച്ചിട്ടുണ്ട്. അതിദരിദ്രരായ ഓരോ വ്യക്തിയുടെയും വിവരങ്ങൾ ഇതിലൂടെ അറിയാൻ കഴിയും. കൂടാതെ, പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ഒരു മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിച്ചു. അങ്ങനെ നേരിട്ടുള്ള ഇടപെടലുകൾ മുതൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ വരെ ഏറ്റെടുത്തുകൊണ്ട് വളരെ ബൃഹത്തായ പ്രവർത്തനങ്ങളാണ് അതിദാരിദ്ര്യ നിർമ്മാർജനത്തിനായി സർക്കാർ നടത്തിയത്.

ഈ പ്രവർത്തനങ്ങളെല്ലാം തന്നെ വ്യക്തമാക്കുന്നത് അതിദാരിദ്ര്യ നിർമ്മാർജനം ഏതെങ്കിലും ഒരു വകുപ്പിന്റെയോ ഓഫീസിന്റെയോ മാത്രം ഉത്തരവാദിത്വമല്ല എന്നതാണ്. കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ അതിദാരിദ്ര്യത്തെ ഇല്ലാതാക്കാൻ നമുക്കു കഴിയുകയുള്ളു. അതേസമയം തന്നെ ദാരിദ്ര്യ നിർമ്മാർജന പ്രക്രിയ ഏതെങ്കിലും ഒരു പ്രത്യേക ഘട്ടത്തിനു വേണ്ടി മാത്രമല്ല എന്ന കാര്യവും തിരിച്ചറിയണം. കാരണം, ആകസ്മികമായി ദാരിദ്ര്യത്തിലേക്കു തള്ളിവിടപ്പെടുന്ന നിരവധി വ്യക്തികളും കുടുംബങ്ങളും നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലുള്ളവർക്ക് തങ്ങൾ അകപ്പെടുന്ന പ്രതിസന്ധി കളിൽനിന്നും കരകയറാനുള്ള ഒരു സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുക എന്നതും പ്രധാനമാണ്. ഇതിനായി നിരന്തരമായ ഇടപെടലുകളും സാമൂഹികനവീകരണവും ഏറെ അനിവാര്യമാണ്. അതൊരുക്കുക കൂടി ചെയ്തുകൊണ്ടുവേണം നാം മുന്നോട്ടുപോകേണ്ടത്.

അവസാനത്തെ മനുഷ്യനും ക്ഷേമം ഉറപ്പാക്കാനും അന്തസ്സുള്ള ജീവിതം ലഭ്യമാക്കാനുമാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം. അത് നവകേരള നിർമ്മിതിയിലേക്കുള്ള പ്രധാന ചുവടുവയ്പ്പായി മാറുകയും ചെയ്യും.

Spread the love