കവര്‍‌സ്റ്റോറി

കേള്‍ക്കാനൊരു ‘നെല്ലിക്ക’

കേള്‍ക്കാനൊരു ‘നെല്ലിക്ക’
കുട്ടികൾക്കായി ബാലാവകാശ കമ്മിഷന്‍ റേഡിയോ നെല്ലിക്ക ആരംഭിച്ചു

പലതരം സമ്മര്‍ദങ്ങളിലാണ് നമ്മുടെ കുട്ടികൾ. പഠനകാര്യങ്ങളും വീട്ടിലെ സാഹചര്യങ്ങളും മത്സര സമ്മര്‍ദങ്ങളും എല്ലാം ഇതിന് കാരണമാവുന്നുണ്ട്. പലപ്പോഴും ഇത് ലഹരി ഉള്‍പ്പെടെയുള്ള തെറ്റായ വഴികളിലേക്ക് കുട്ടികളെ തള്ളി വിടാറുണ്ട്. ഇതിനൊരു പരിഹാരമായാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ കുട്ടികൾക്കായി റേഡിയോ നെല്ലിക്ക എന്ന  പേരില്‍ ഒരു ഇന്റര്‍നെറ്റ് റേഡിയോ പദ്ധതി ആരംഭിച്ചത്. റേഡിയോയുടെ ഉദ്ഘാടനം ജൂൺജൂ 18ന് മുഖ്യമന്ത്രി പിണറായ് വിജയന്‍ നിര്‍വഹിച്ചു.

ബാല സൗഹൃദം യാഥാര്‍ഥമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന വ്യാപക പ്രചാരണ-ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. കുട്ടികൾക്കിടയിലെ മാനസിക സംഘര്‍ഷങ്ങള്‍ ലഹരി സൈബര്‍ ഇടങ്ങളിലെ ചതിക്കുഴികള്‍, ആത്മഹത്യ സോഷ്യല്‍ മീഡിയ അഡിക്ഷന്‍ തുടങ്ങിയവ വര്‍ധിച്ചു വരുന്ന സാഹചര്യവും റേഡിയോയുടെ പിറവിക്ക് പിന്നിലുണ്ട്. കുട്ടികൾ , അധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍ സമൂഹം എന്നിവർക്കിടയിൽ ബാലനീതി പോക്സോ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശം എന്നിവ സംബന്ധിച്ച അവബോധം വളർത്തുന്നതിനും റേഡിയോ ലക്ഷ്യമിടുന്നു.

കുട്ടികളുടെ അവകാശങ്ങള്‍, ഉത്തരവാദിത്വങ്ങള്‍ പ്രശ്‌നങ്ങൾ എന്നിവയെക്കുറിച്ച് അവബോധം വളർത്തുന്ന ഉള്ളടക്കമാണ് റേഡിയോയില്‍. ലോകത്ത് എവിടെ നിന്നും 24 മണിക്കൂറും കേള്‍ക്കാന്‍ സാധിക്കുന്ന തരത്തിലാണ് റേഡിയോയുടെ രൂപകൽപന. തുടക്കത്തില്‍ നാല് മണിക്കൂര്‍ പ്രോഗ്രാമാകും പ്രക്ഷേപണം ചെയ്യുക. തിങ്കള്‍ മുതല്‍ വെള്ളി വരെ പുതുമയാർന്നതും വ്യത്യസ്‌തവുമായ പരിപാടികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ശനിയും ഞായറും പ്രോഗ്രാം ആവര്‍ത്തിക്കും. ശ്രോതാവിന് ഇഷ്‌ടമുള്ള സമയത്തും ദിവസവും റേഡിയോ നെല്ലിക്കയിലെ പരിപാടികള്‍ തിരഞ്ഞെടുത്ത് കേള്‍ക്കാന്‍ സാധിക്കും. പരസ്യങ്ങള്‍ ഇല്ലാതെ വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുന്നതാണ് റേഡിയോയിലെ പൊതു ഉള്ളടക്കം. തുടക്കത്തില്‍ കേരളത്തിലെ 25 ലക്ഷം കുടുംബങ്ങളെ റേഡിയോ നെല്ലിക്കയുടെ ശ്രോതാക്കളാക്കാനാണ്.