തണലൊരുക്കി സർക്കാർ പര്യത്തുകാവിൽ ആശ്വാസപ്പുലരി

സമകാലിക ജനപഥം 2026
ജൂലൈ 1 പുസ്തകം 12 ലക്കം 12

shyju4

 

പതിറ്റാണ്ടുകളായി എറണാകുളം ജില്ലയിലെ ഏഴ് ദലിത് കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതജീവിതത്തിന്റെ പേരാണ് പര്യത്തുകാവ്. ഭൂമിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ജീവിതപ്രതിസന്ധിയായി മാറിയ കുടുംബങ്ങൾ. സ്വപ്നം കാണാനും ജീവിതം കരുപ്പിടിപ്പിക്കാനും ഒരു കൂരയുടെ തണലുണ്ടെന്ന് ഒരു നിമിഷവും ധൈര്യം കിട്ടാത്തവർ. താമസിക്കുന്ന സ്ഥലവും അവിടെ നിർമിച്ച വീടുകളും തങ്ങളുടേതാണെന്ന് തെളിയിക്കാനാവാത്ത നിസഹായാവസ്ഥയിലായിരുന്നു ഈ കുടുംബങ്ങൾ.

shyju2

‘ഞങ്ങൾക്കും ഭയമില്ലാതെ ജീവിക്കണം, മക്കൾക്ക് നല്ലൊരു ഭാവി വേണം’ എന്ന് ആശാ വർക്കറായ ബീന പറയുന്നത് അവരുടെ മാത്രം പ്രശ്‌നമല്ല. ഇവിടെയുടെയുള്ള ഏഴ് കുടുംബങ്ങളുടെയും നിലവിളിയാണത്. കാൻസർ ബാധിച്ച് ഭർത്താവിനെ നഷ്ടപ്പെട്ട ബീന എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മക്കളുടെ ഭാവിക്കായി പോരാടുകയാണ്. സുരക്ഷിതമായ ജീവിതവും സ്വന്തം ഭൂമിയിൽ സമാധാനത്തോടെ ജീവിക്കാനുമുള്ള ആഗ്രഹമാണ് അവരുടെ ഏറ്റവും വലിയ പ്രതീക്ഷ.

ചില്ലറകൾ കൂട്ടിവെച്ച് കെട്ടിപ്പൊക്കിയ വീടും അതിനൊപ്പം ചേർത്തുവെച്ച സ്വപ്നങ്ങളും സ്വന്തമാകുമെന്ന് പ്രതീക്ഷിച്ച നേരത്തൊക്കെയും ഒന്നിന് പിറകേ ഒന്നായി പ്രശ്‌നങ്ങളും പ്രതിസന്ധികളും വന്നുതുടങ്ങി. വർഷങ്ങളായി താമസിച്ച ഭൂമിയും വീടും നഷ്ടപ്പെടുമെന്ന അവസ്ഥ വന്നു. കഷ്ടപ്പെട്ടുണ്ടാക്കിയ വീട് പൊളിച്ചു കളയുമ്പോൾ ആരുടെയും ഉള്ളൊന്ന് പിടയും. കണ്ടു നിൽക്കാൻ കഴിഞ്ഞെന്ന് വരില്ല. സ്വന്തം പേരിലല്ലാതെ ഭൂമിയിൽ ആശങ്കകൾക്ക് മേൽ പണിത വീട്ടിൽ ഇനിയുമെത്രനാൾ എന്നവർ ഉള്ളുരുകി. പലരുടെയും മുന്നിൽ പോയി പറഞ്ഞു നോക്കി, പലതരം സമരങ്ങളും ചർച്ചകളും നടത്തി, പക്ഷേ ആവശ്യങ്ങൾകക്ക് ഫലം കണ്ടില്ലെന്ന് ബീന പറയുന്നു.

അഞ്ചു പതിറ്റാണ്ടുകൾ നീണ്ട അനിശ്ചിതത്വത്തിന്റെയും ആശങ്കകളുടെയും നാളുകൾക്ക് വിരാമമാകയാണ്. ഇന്നുവരെ കേരളം കാണാത്ത വ്യത്യസ്തമായ ഒരു ഇടപെടലിലൂടെ അവർക്ക് നീതിയുടെയും സമാശ്വാസത്തിന്റെയും തണലൊരുങ്ങുകയാണ്. പര്യത്തുകാവിൽ അവർ താമസിച്ച മണ്ണിനോട് ചേർന്ന് പുതുവീടിന് ഈ മാസം തറക്കല്ലിടും. ഒരു വർഷത്തിനുള്ളിൽ 1000 ചതുരശ്ര അടിയുള്ള വീടും യാഥാർഥ്യമാകും.

ചരിത്രം
അഞ്ചു പതിറ്റാണ്ട് നീണ്ടുനിന്ന ഭൂതർക്കം, കോടതി നടപടികൾ, ഒഴിപ്പിക്കൽ ഭീഷണി, പ്രതിഷേധങ്ങൾ- ഇവയൊക്കെയാണ് പര്യത്തുകാവ് എന്ന പേരിനൊപ്പം കേരളം കേട്ടിരുന്നത്. വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ ഭൂമിയുടെ ഉടമസ്ഥാവകാശം സ്വകാര്യവ്യക്തിക്കാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് വർഷങ്ങളായി അവിടെ ജീവിച്ചിരുന്ന കുടുംബങ്ങളുടെ ജീവിതം എങ്ങനെ സംരക്ഷിക്കപ്പെടാം എന്ന വിഷയം സർക്കാരിന്റെ മുന്നിലേക്കെത്തുന്നത്.

shyju3വി.ഡി.സതീശൻ സർക്കാർ അധികാരത്തിൽ വന്നതോടെ പ്രശ്‌നബാധിതരായ കുടുംബങ്ങൾ തങ്ങളുടെ ആവശ്യങ്ങൾ പുതിയ സർക്കാരിനു മുന്നിൽ വീണ്ടും അവതരിപ്പിച്ചു. ചർച്ചകൾക്ക് സർക്കാർ മുൻകൈയെടുത്തു. പര്യത്തുകാവുകാരെ വഴിയാധാരമാക്കില്ലെന്നു മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പുനൽകി. ഇതിന്റെ അടിസ്ഥാനത്തിൽ, മുഖ്യമന്ത്രിയുടെ നിർദേശാനുസരണം, എറണാകുളം ജില്ലയുടെ ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണിന്റെ നേതൃത്വത്തിൽ സർക്കാർ അവരെ കേൾക്കാൻ തീരുമാനിച്ചു. പ്രയാസം നേരിടുന്ന കുടുംബങ്ങൾ, ഭൂമിയുടെ അവകാശികൾ, വി.പി.സജീന്ദ്രനൻ എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ, ജില്ലാ കളക്ടർ ജി.പ്രിയങ്ക, എറണാകുളം റൂറൽ എസ്.പി കെ.എസ്.സുദർശൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധതലങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ തുടർച്ചയായ ചർച്ചകളിലൂടെ സമവായത്തിന് വഴിയൊരുങ്ങി.

അഞ്ച് തവണകളായി ചർച്ചകളും ഉപ ചർച്ചകളും നടന്നു. ചില ചർച്ചകൾ രാവേറെ നീണ്ടു. പ്രശ്‌നബാധിതരുടെ ആവശ്യങ്ങൾ കേട്ട് ഒരു ഒത്തുതീർപ്പ് വ്യവസ്ഥയിലേക്ക് എത്തിച്ചേരുന്നതിനായി അവരുമായി ഒറ്റക്കും കൂട്ടായും ചർച്ചകൾ നടത്തി. ചർച്ചകളുടെ ഓരോ ഘട്ടവും മുഖ്യമന്ത്രിയെ അറിയിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഒടുവിൽ എല്ലാവർക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്താനായി.

പരിഹാരം
ഏഴ് കുടുംബങ്ങൾക്കും അതേ വസ്തുവിൽ തന്നെ അഞ്ച് സെന്റ് സ്ഥലവും അതിലേക്ക് ആവശ്യമുള്ള റോഡ് സൗകര്യവും ഏർപ്പെടുത്തും. അതിന് ആവശ്യമായ സ്ഥലം നൽകാൻ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഭൂവുടമകൾ തയ്യാറായി. ഒരു വർഷത്തിനുള്ളിൽ സർക്കാർ മേൽനോട്ടത്തിൽ ആയിരം ചതുരശ്ര അടിയിൽ വീടുകൾ വെച്ചു നൽകാനും തീരുമാനിച്ചു. പുതിയ വീടുകൾ പൂർത്തിയാകുന്നതുവരെ നിലവിലെ വീടുകളിൽ തുടരാനും ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ മരം മുറിച്ചുമാറ്റുന്നതിന് ഇവർക്ക് അനുവാദം നൽകാനും ധാരണയായി. പട്ടികജാതി വികസനവകുപ്പിൽ നിന്നും ലഭ്യമാക്കാവുന്ന എല്ലാ ആനുകൂല്യങ്ങളും അടിയന്തിരമായി നൽകുന്നത് ഉറപ്പാക്കാൻ ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് ചുമതല നൽകി.

കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട സമരങ്ങളുടെ ഭാഗമായുള്ള മുഴുവൻ കേസുകളും പിൻവലിക്കാനും കോടതി വിധി സമാധാനപരമായി നടപ്പാക്കാനും ധാരണയുണ്ടായി. വീട് പണി പൂർത്തിയാകുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളുടെയും മേൽനോട്ട ചുമതല മൂവാറ്റുപുഴ ആർ.ഡി.ഒ, ഡി.വൈ.എസ്.പി എന്നിവർക്ക് നൽകി. എല്ലാ ആഴ്ചയും പുരോഗതി റിപ്പോർട്ട് ജില്ലാ കളക്ടർ പരിശോധിച്ച് വിലയിരുത്തും.
ഭൂതർക്കത്തിന്റെ ഒത്തുതീർപ്പ് മാത്രമല്ല, സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള ഇടപെടലിലൂടെ നിയമവും നീതിയും മാനുഷികതയും ഒരുമിച്ച് മുന്നോട്ടുപോകാൻ കഴിയുമെന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ് പര്യത്തുകാവ്. പ്രശ്‌നബാധിതരെ ചേർത്തുപിടിച്ചുകൊണ്ടായിരിക്കും സർക്കാർ മുന്നോട്ട് പോകുകയെന്ന പുതുനീതിയുടെ പ്രഖ്യാപനം കൂടിയായിരുന്നു അത്.

 

Spread the love