കരുത്തായി പ്രിയദർശിനി സൗജന്യയാത്ര
സമകാലിക ജനപഥം 2026
ജൂലൈ 1 പുസ്തകം 12 ലക്കം 12
ഗതാഗതം>> എസ്.നന്ദന
സ്ത്രീകളുടെയും ട്രാൻസ്ജെൻഡർ സമൂഹത്തിന്റെയും സാമൂഹിക-സാമ്പത്തിക മുന്നേറ്റത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് പ്രിയദർശിനി വനിതാ സൗജന്യയാത്ര

കെ.എസ്.ആർ.ടി.സിയിലെ ആദ്യ വനിതാ ഡ്രൈവറായ വി.പി.ഷീല ബസ്സിന്റെ ഡ്രൈവർ സീറ്റിലിരുന്നു. കണ്ടക്ടർ ജയകുമാരി ബെല്ലടിച്ചു. ബസ് തമ്പാനൂരിൽനിന്ന് പതുക്കെ സെക്രട്ടറിയറ്റിലേക്ക്. തുറന്നുകിടന്ന നോർത്ത് ഗേറ്റ് വഴി പതിവിന് വിപരീതമായി ബസ് അകത്തേക്കു പ്രവേശിച്ചു. ദർബാർ ഹാളിന് മുന്നിൽ നിർത്തിയ ബസ്സിൽ നിന്ന് യാത്രക്കാരായ മുഖ്യമന്ത്രി വി.ഡി.സതീശനും ഗതാഗത മന്ത്രി സി.പി.ജോണും മറ്റുള്ളവരും ഇറങ്ങി. ആ നിമിഷം ഒരു ചരിത്രം പിറന്നു. സ്ത്രീകളുടെയും ട്രാൻസ്ജെൻഡർ സമൂഹത്തിന്റെയും സഞ്ചാരസ്വാതന്ത്ര്യത്തിനും സാമ്പത്തിക ശാക്തീകരണത്തിനുമായുള്ള വി.ഡി.സതീശൻ സർക്കാരിന്റെ പ്രിയദർശിനി വനിതാ സൗജന്യയാത്രാ പദ്ധതിക്ക് ഡബിൾ ബെല്ലടിച്ച് തുടക്കമായിരിക്കുന്നു. സർക്കാരിന്റെ ‘ഇന്ദിരാ ഗ്യാരന്റി’കളിൽ ആദ്യം യാഥാർഥ്യമായ പദ്ധതി. ജീവനക്കാരും പൊതുജനങ്ങളും മധുരം വിതരണം ചെയ്ത് ആ ചരിത്ര നിമിഷത്തിന്റെ സന്തോഷത്തിൽ പങ്കുചേർന്നു.
സ്ത്രീകളുടെയും ട്രാൻസ്ജെൻഡർ സമൂഹത്തിന്റെയും സാമൂഹിക-സാമ്പത്തിക മുന്നേറ്റത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് പ്രിയദർശിനി വനിതാ സൗജന്യയാത്ര. വനിതാ ജീവനക്കാരുടെ നേതൃത്വത്തിൽ നടന്ന ആദ്യ സർവീസ് തന്നെ സ്ത്രീകളുടെ കഴിവിനെയും പങ്കാളിത്തത്തെയും പ്രോത്സാഹിപ്പിക്കുന്ന നയത്തിന്റെ പ്രതീകാത്മക നിമിഷമായി മാറി.
1938-ൽ ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിന്റെ നേതൃത്വത്തിൽ തിരുവിതാംകൂറിലെ ആദ്യ പൊതുഗതാഗത ബസ് സർവീസ് ആരംഭിച്ച തമ്പാനൂർ തന്നെയാണ് പ്രിയദർശിനിയുടെയും തുടക്കത്തിന് സാക്ഷ്യം വഹിച്ചത്.
ബസ്സുകൾ ഏതൊക്കെ
പ്രിയദർശിനി പദ്ധതി പ്രകാരം സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി.യുടെ ഓർഡിനറി വിഭാഗം സർവീസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ഫെയർ സ്റ്റേജ് ഓർഡിനറി, ടൗൺ-ടു-ടൗൺ, പോയിന്റ്-ടു-പോയിന്റ്, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗം സർവീസുകളെയാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്താകെ പ്രവർത്തിക്കുന്ന 3,125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രായം, വരുമാനം, സ്ഥിരതാമസം തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിക്കാതെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും ഈ സൗകര്യം ലഭിക്കും. പ്രത്യേക രജിസ്ട്രേഷനോ തിരിച്ചറിയൽ കാർഡുകളോ ആവശ്യമില്ല; യാത്രക്കാർക്ക് ‘സീറോ ഫെയർ’ ടിക്കറ്റുകൾ നൽകിയാണ് യാത്ര രേഖപ്പെടുത്തുന്നത്. യാത്രക്കാരുടെ എണ്ണം, യാത്രയുടെ വ്യാപ്തി, സാമ്പത്തിക ബാധ്യത എന്നിവ കൃത്യമായി വിലയിരുത്തുന്നതിനാണ് സീറോ ഫെയർ ടിക്കറ്റ് സംവിധാനം ഉപയോഗിക്കുന്നത്.
സർക്കാരിന്റെ കൈത്താങ്ങ്
പദ്ധതിയുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രത്യേക ധനസഹായം ഉറപ്പാക്കിയിട്ടുണ്ട്. പദ്ധതിക്കായി സംസ്ഥാന ബജറ്റിൽ 600 കോടി രൂപ വകയിരുത്തി. കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത സർക്കാർ തിരിച്ചടയ്ക്കും. പദ്ധതിക്കായി വർഷംതോറും സർക്കാർ സാമ്പത്തിക പിന്തുണ നൽകും.
ആദ്യ ദിവസങ്ങളിൽതന്നെ പദ്ധതിക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഓർഡിനറി സർവീസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചതായാണ് കണക്കുകൾ. പദ്ധതിക്ക് വലിയ പ്രചാരം ലഭിച്ചതോടെ കൂടുതൽ സ്ത്രീകൾ കെ.എസ്.ആർ.ടി.സി. സർവീസുകൾ തിരഞ്ഞെടുക്കുന്ന സ്ഥിതി വന്നു. ഇത് പൊതുഗതാഗത സംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
ബാധ്യതയല്ല, സാധാരണക്കാർക്കായുള്ള നിക്ഷേപം കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെയും അന്തസ്സിന്റെയും ചരിത്രത്തിലെ ഒരു പുതിയ അധ്യായമാണ് പ്രിയദർശിനി വനിതാ സൗജന്യയാത്രാ പദ്ധതി. പദ്ധതിയുടെ ആദ്യ ഘട്ടമായാണ് കഴിഞ്ഞ ജൂൺമുതൽ പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര ലഭ്യമാക്കിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ ഓരോ കോണിലും ഈ പദ്ധതിയുടെ പ്രയോജനം എത്തിക്കുന്ന തരത്തിൽ കെ.എസ്.ആർ.ടി.സി.യുടെ 3,125 ഓർഡിനറി ബസുകളിൽ പദ്ധതി നടപ്പിലായതോടെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വൻവർധനവുണ്ടായി. അഞ്ച് ലക്ഷം സ്ത്രീകളാണ് ഒരു ദിവസം അധികമായി കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്നത്. ഇരുപത് ലക്ഷം പേർ യാത്ര ചെയ്യുമ്പോൾ പത്ത് ലക്ഷം പേർ സ്ത്രീകളായിരുന്നത് ഇന്നിപ്പോൾ 15 ലക്ഷം പേരായി. പദ്ധതിയുടെ സാമ്പത്തിക ചെലവ് പൂർണ്ണമായി സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. കെ.എസ്.ആർ.ടി.സി.യുടെ ധനപരമായ കരാർ ബാധ്യതകളും ദൈനംദിന ഓപ്പറേഷണൽ ചെലവുകളും ഉറപ്പുവരുത്തുന്ന തരത്തിൽ സുഗമമായ ക്യാഷ് ട്രാൻസ്ഫർ – ഫിനാൻഷ്യൽ മാനേജ്മെന്റ് സംവിധാനം ഇതിനായി നടപ്പാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത നികത്തുന്നതിന് ടിക്കറ്റിതര വരുമാനം (നോൺ-ഫെയർ റവന്യൂ) കണ്ടെത്തുന്നതിനുള്ള നടപടികളും കോർപ്പറേഷൻ സ്വീകരിക്കും. കോർപ്പറേഷന്റെ വരുമാനം പൂർണ്ണമായി സംരക്ഷിക്കപ്പെടും എന്നതാണ് ഈ പദ്ധതിയുടെ അടിസ്ഥാന തത്വം. കെ.എസ്.ആർ.ടി.സി.യെ ദുർബലപ്പെടുത്തിയല്ല, ശക്തിപ്പെടുത്തിക്കൊണ്ടു തന്നെയാണ് സ്ത്രീകൾക്കുള്ള ഈ അവകാശം സർക്കാർ ഉറപ്പാക്കുന്നത്.ഇന്നിപ്പോൾ ദിവസേന രണ്ടരക്കോടിയോളം രൂപയുടെ ബാധ്യത വരുന്നുണ്ട്. ധനകാര്യ സംബന്ധമായി നോക്കുമ്പോൾ അത് വിഷമകരമാണ്. എന്നാൽ ജീവിതത്തിന്റെയും സമ്പദ്ഘടനയുടെയും ഭാഗത്തുനിന്ന് നോക്കുമ്പോൾ ദിവസേന ഏകദേശം ഏഴുകോടിയിലധികം രൂപ ഈ സർക്കാർ സാധാരണക്കാരായ സ്ത്രീകളുടെ കൈയിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്. 600 കോടിയാണ് ഈ ബജറ്റിൽ വെച്ചിട്ടുള്ളത്. ഒരു വർഷത്തേക്ക് അതിന്റെ എല്ലാ വശങ്ങളും കൂടി കൂട്ടുമ്പോൾ 800 കോടിയാണെന്നിരിക്കട്ടെ. ഒരു രൂപ നമ്മൾ ചെലവഴിക്കുമ്പോൾ അതിൽ നിന്ന് മൂന്നിലധികം രൂപയുടെ നേട്ടം ഓർഡിനറി ബസ്സിൽ യാത്ര ചെയ്യുന്ന സാധാരണക്കാരായ സ്ത്രീകൾക്ക് ലഭിക്കുന്നു. യാത്രാച്ചെലവ് ഇനത്തിൽ ലാഭിക്കുന്ന തുക ഓരോ കുടുംബത്തിന്റെയും കൈയിലെത്തുന്ന നേരിട്ടുള്ള വരുമാനമായി മാറും എന്നതാണ് പദ്ധതിയുടെ ഏറ്റവും പ്രധാന സാമൂഹിക-സാമ്പത്തിക നേട്ടം. ദിവസവും ജോലിക്കും പഠനത്തിനും ചികിത്സയ്ക്കും വിപണിയിലേക്കും യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് സ്ത്രീകൾക്ക് പ്രതിമാസം ഗണ്യമായ തുക കുടുംബ ബജറ്റിൽ മിച്ചം വയ്ക്കാനാകും. യാത്രാച്ചെലവ് എന്ന തടസ്സം നീങ്ങുമ്പോൾ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിക്കും; വിദ്യാഭ്യാസത്തിനും നൈപുണ്യ പരിശീലനത്തിനും സംരംഭക പ്രവർത്തനങ്ങൾക്കും കൂടുതൽ സ്ത്രീകൾ മുന്നോട്ടുവരും. വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങാതെ, ആത്മവിശ്വാസത്തോടെയും അന്തസ്സോടെയും പൊതുഇടങ്ങളിലേക്ക് ഇറങ്ങാനുള്ള സ്വാതന്ത്ര്യം കൂടിയാണ് ഈ പദ്ധതി ഉറപ്പാക്കുന്നത്.സ്ത്രീകൾ ലാഭിക്കുന്ന യാത്രാച്ചെലവ് പ്രാദേശിക വിപണികളിലേക്കും ചെറുകിട വ്യാപാരങ്ങളിലേക്കും ഒഴുകുമ്പോൾ അത് പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ഉണർവ് നൽകും. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിക്കുന്നത് കുടുംബ വരുമാനത്തെയും അതുവഴി സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തിക വളർച്ചയെയും ശക്തിപ്പെടുത്തും. ഒപ്പം, സ്വകാര്യ വാഹനങ്ങളിൽ നിന്ന് പൊതുഗതാഗതത്തിലേക്കുള്ള മാറ്റം ഇന്ധന ഉപഭോഗവും കാർബൺ ബഹിർഗമനവും ഗതാഗതക്കുരുക്കും ഗണ്യമായി കുറയ്ക്കും. കേരളത്തിന്റെ ഹരിത ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പ് കൂടിയാണ് ‘പ്രിയദർശിനി’ പദ്ധതി. |
കെ.എസ്.ആർ.ടി.സിയെ കൂടുതൽ ജനകീയവും വികേന്ദ്രീകൃതവുമായ സ്ഥാപനമാക്കി മാറ്റുന്നതിനുള്ള വിപുലമായ പദ്ധതികളുടെ ഭാഗമായും പ്രിയദർശിനിയെ കാണാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും പൊതുഗതാഗത സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം, പൊതുഗതാഗത സംവിധാനത്തിന്റെ അവിഭാജ്യ ഘടകമായ സ്വകാര്യ ബസ് മേഖലയുടെയും ആശങ്കകൾ സർക്കാർ പരിഗണിക്കുന്നുണ്ടെന്നും ആവശ്യമായ പിന്തുണ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ലക്ഷ്യം മനുഷ്യവിഭവ വികസനവും
സ്ത്രീശാക്തീകരണത്തിനായുള്ള ക്ഷേമപദ്ധതി എന്നതിനപ്പുറം സാമ്പത്തിക വികസനത്തിനും പ്രിയദർശിനിക്ക് പ്രാധാന്യമുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെ യാത്രാചെലവിൽ ലഭിക്കുന്ന ആശ്വാസം കുടുംബങ്ങളുടെ കൈവശം കൂടുതൽ വരുമാനം അവശേഷിക്കാൻ സഹായിക്കും. ഈ തുക വിദ്യാഭ്യാസം, ആരോഗ്യം, ചെറുകിട നിക്ഷേപങ്ങൾ, ഉപഭോഗച്ചെലവുകൾ എന്നിവയ്ക്കായി വിനിയോഗിക്കപ്പെടുമ്പോൾ പ്രാദേശിക സമ്പദ് വ്യവസ്ഥയിൽ അനുകൂലമായ ചലനങ്ങൾ സൃഷ്ടിക്കപ്പെടും. യാത്രാചെലവ് പല സ്ത്രീകൾക്കും തൊഴിൽ, വിദ്യാഭ്യാസം, പരിശീലനം, സംരംഭകത്വം തുടങ്ങിയ മേഖലകളിലേക്കുള്ള പ്രവേശനത്തിന് തടസ്സമാകാറുണ്ട്. ആ തടസ്സങ്ങൾ കുറയുമ്പോൾ തൊഴിൽ പങ്കാളിത്തം വർധിക്കുകയും അതുവഴി ഉൽപ്പാദനക്ഷമതയും വരുമാന സൃഷ്ടിയും ശക്തിപ്പെടുകയും ചെയ്യും. അതിനാൽ പ്രിയദർശിനിയെ ഒരു ചെലവായി മാത്രം കാണാതെ മനുഷ്യവിഭവ വികസനത്തിനായുള്ള നിക്ഷേപമായി വിലയിരുത്തേണ്ടതാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
സാമൂഹിക പുരോഗതിക്കും സാമ്പത്തിക വളർച്ചയ്ക്കുംരാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം നിർണായക ഘടകമാണ്. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനായ അമർത്യ സെൻ അവതരിപ്പിച്ച മിസിങ് വുമൺ എന്ന ആശയം ലിംഗവിവേചനത്തിന്റെ ഫലമായി ജനസംഖ്യയിൽ സ്ത്രീകളുടെ എണ്ണം കുറയുകയും ലിംഗാനുപാതത്തിൽ അസന്തുലിതാവസ്ഥ രൂപപ്പെടുകയും ചെയ്യുന്നതിനെയാണ് സൂചിപ്പിക്കുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസവും ആരോഗ്യനിലയും മെച്ചപ്പെട്ടിട്ടും തൊഴിൽപങ്കാളിത്തത്തിൽ അവരുടെ പ്രാതിനിധ്യം ഇപ്പോഴും താരതമ്യേന കുറവാണ്. അതായത് തൊഴിൽമേഖലയിലും ഒരു തരത്തിൽ മിസിങ് വുമൺ എന്ന അവസ്ഥയുണ്ട്. കേരളത്തിൽ സ്ത്രീകളുടെ വിദ്യാഭ്യാസനിലയും ആരോഗ്യസൂചികകളും മികച്ചതും ജനനനിരക്ക് കുറവുമാണെങ്കിലും തൊഴിൽപങ്കാളിത്തം പ്രതീക്ഷിച്ച തോതിൽ ഉയർന്നിട്ടില്ല. യാത്രാസൗകര്യക്കുറവ്, കുടുംബ ഉത്തരവാദിത്വങ്ങൾ, സാമൂഹിക നിയന്ത്രണങ്ങൾ, തൊഴിലിടങ്ങളിലേക്കുള്ള പ്രാപ്യത തുടങ്ങിയവ പ്രധാന കാരണങ്ങളാണ്. കാർഷിക മേഖലയെ അപേക്ഷിച്ച് വ്യവസായ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. സേവനമേഖലയാണ് കൂടുതൽ സാധ്യതകൾ നൽകുന്നത്. അതിനാൽ സേവനമേഖലയിലേക്കുള്ള യാത്ര എളുപ്പമാക്കുന്ന പൊതുഗതാഗത നയങ്ങൾ സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം വർധിപ്പിക്കാൻ സഹായിക്കും.ഡൽഹിയിലും കർണാടകയിലും നടപ്പാക്കിയ സമാന പദ്ധതികൾ സ്ത്രീകളുടെ പൊതുഗതാഗത ഉപയോഗവും തൊഴിൽപങ്കാളിത്തവും വർധിപ്പിച്ചതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. യാത്രാച്ചെലവായി ലാഭിക്കുന്ന തുക കുടുംബങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം തുടങ്ങിയ ആവശ്യങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നതിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയും വിപണിയിലെ ഉപഭോഗവും വർധിക്കുന്നു. മുമ്പ് യാത്രാച്ചെലവിന്റെ പേരിൽ ഉപേക്ഷിക്കേണ്ടി വന്ന തൊഴിലവസരങ്ങളിലേക്കും സ്ത്രീകൾക്ക് എത്തിച്ചേരാൻ കഴിയും. സ്ത്രീകൾക്ക് കൂടുതൽ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവസരം ലഭിക്കുന്നത് അവരുടെ ആത്മവിശ്വാസവും മാനസികാരോഗ്യവും മെച്ചപ്പെടുത്തും.ഡോ.രശ്മി സി. പണിക്കർ ഇക്കണോമിക്സ് അസോ. പ്രൊഫസർ, യൂണി. കോളേജ്, തിരുവനന്തപുരം |

ഓർഡിനറി സർവീസുകളിലെ യാത്രക്കാരിൽ 64 ശതമാനവും സ്ത്രീകളായതും, മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ 37.8 ശതമാനം വർധന രേഖപ്പെടുത്തിയതും പദ്ധതി കൂടുതൽ സ്ത്രീകളെ പൊതുഗതാഗതത്തിലേക്ക് ആകർഷിച്ചതിന്റെ വ്യക്തമായ സൂചനയാണ്. സർക്കാർ കെ.എസ്.ആർ.ടി.സിക്ക് യാത്രാനിരക്ക് തിരിച്ചുനൽകുന്ന സംവിധാനവും ‘സീറോ ഫെയർ’ ടിക്കറ്റുകളിലൂടെ കൃത്യമായ വിവരശേഖരണം നടത്തുന്നതുമൂലം പദ്ധതിയുടെ സാമ്പത്തിക പ്രത്യാഘാതം ശാസ്ത്രീയമായി വിലയിരുത്തുന്നതിനുള്ള സംവിധാനവും ഉറപ്പാക്കിയിട്ടുണ്ട്.
ജനങ്ങളുടെ ജീവിതാനുഭവങ്ങളും സാമ്പത്തിക സാധ്യതകളും സാമൂഹിക പുരോഗതിയും ഒരുമിച്ച് ചേർത്ത് മുന്നോട്ടുകൊണ്ടുപോകുന്ന ഈ പദ്ധതി കൂടുതൽ സമത്വാധിഷ്ഠിതവും ഉൾക്കൊള്ളുന്നതുമായ കേരളത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുമെന്നത് നിസ്സംശയമാണ്.


സാമൂഹിക പുരോഗതിക്കും