ഇനി കലിയില്ല കടലിനോട്

ഇനി കലിയില്ല കടലിനോട്
സ്വാതി സുരേഷ്
മാധ്യമപ്രവര്‍ത്തക

വിള്ളലു വീണ ഒറ്റമുറിക്കുള്ളില്‍ നാല് ജീവിതങ്ങള്‍ ചുരുണ്ടു കൂടിയത് കാല്‍ നൂറ്റാണ്ട്. കടല്‍ക്ഷോഭം രൂക്ഷമാകുമ്പോള്‍ വാതിലില്‍ തിര വന്നു മുട്ടുന്നത് കേള്‍ക്കാം. ഒപ്പം വീടൊന്നു കുലുങ്ങും. ഏത് നിമഷവും വീട് ഇടിഞ്ഞു പൊളിയുമെന്ന ആവലാതിയോടെ ഉറങ്ങിയിരുന്ന  രാത്രികള്‍ തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശി നാഗപ്പനും കുടുംബത്തിനും ദുസ്വപ്‌നമാണ്. ഒന്‍പത് മാസമായി സ്വപ്‌നങ്ങൾക്കപ്പുറം അവര്‍ ജീവിക്കുകയാണ്. സര്‍ക്കാരിന്റെ പുനര്‍ഗേഹം പദ്ധതിയിലൂടെ അനുവദിച്ചു നല്‍കിയ സ്വന്തം വീട്ടിൽ സുഖമായി അന്തിയുറങ്ങുന്നു.

‘ഇപ്പോള്‍ സന്തോഷം അടക്കാന്‍ വയ്യ, പറയാന്‍ വാക്കുകളില്ല. സ്വന്തമായി ഭൂമി വാങ്ങി വീടു വയ്ക്കാന്‍ ഒരു നിര്‍വാഹവുമില്ലാത്ത ഞങ്ങള്‍ക്ക് അത്രയേറെ സഹായമാണ് സര്‍ക്കാരില്‍ നിന്ന് ലഭിച്ചത്. ഞങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കിയത് പിണറായി സര്‍ക്കാരാണ്. എവിടെയും ഇതു ഞങ്ങള്‍ തുറന്നു പറയും.’ ശബ്‌ദമുയർത്തിയുള്ള നാഗപ്പന്റെ വാക്കുകളില്‍ സര്‍ക്കാരിനോടുള്ള നന്ദിയായിരുന്നു, സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ആശ്വാസമായിരുന്നു.

2022ല്‍ നാഗപ്പന് വീട് അനുവദിച്ചു. രണ്ട് സെന്റ് സ്ഥലം വാങ്ങി. രണ്ടര വര്‍ഷംകൊണ്ട് കൈയിലുണ്ടായിരുന്ന സമ്പാദ്യവും കൂട്ടി വീടു പണി പൂര്‍ത്തിയാക്കി.

‘ആര്‍ത്തലച്ചു വരുന്ന തിരകളോട് ചിലപ്പോള്‍ ഉള്ളു നിറയെ ദേഷ്യം തോന്നും. പക്ഷേ ഒരിക്കലും ശപിക്കില്ല. കാരണം കടല് ഞങ്ങളുടെ അമ്മയാണ്. ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത് കടലിന്റെ കനിവു കൊണ്ടാണ്. മുന്‍വശത്തെ വാതില്‍ നേരെ തുറക്കുന്നത് കടലിലേക്കാണ്. കടല്‍ ക്ഷോഭമുണ്ടാകുമ്പോള്‍ എല്ലാം പെറുക്കിക്കെട്ടി ബന്ധു വീടുകളിലേക്ക് പോകും.’

ഇന്ന് ആ അവസ്ഥയില്ല. അവരുടെ വീട്ടിൽ മൂന്നു കിടപ്പു മുറിയും അടുക്കളയും ഹാളും കുളി മുറിയും തുടങ്ങി എല്ലാ സൗകര്യങ്ങളുണ്ട്. ഒരായുസ്സ് മുഴുവന്‍ അധ്വാനിച്ചാലും സ്വന്തമായി ഭൂമിയും വീടും ഉണ്ടാക്കാന്‍ കഴിയാത്തവരാണ് തങ്ങളെന്നും ‘പുനര്‍ഗേഹം’ തങ്ങള്‍ക്ക് പുതു ജീവിതമായെന്നും അവര്‍ പറയുന്നു. സൗജന്യമായി കുടിവെള്ളവും വൈദ്യുതിയും സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്.

പത്തുലക്ഷം രൂപയാണ് പദ്ധതിക്കായി ഒരു കുടുംബത്തിന് അനുവദിക്കുന്നത്. ആവശ്യമായവര്‍ക്ക് കൂടുതല്‍ ഭൂമി വാങ്ങി, മികച്ച സൗകര്യത്തോടെ വീട് നിര്‍മിക്കാം. തീര ദേശത്ത് വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്റര്‍ പരിധിക്കുള്ളില്‍ കഴിയുന്ന എല്ലാ കുടുംബങ്ങളെയും സുരക്ഷിത മേഖലയില്‍ ഭവനമൊരുക്കി പുനരധിവസിപ്പിക്കുന്ന പദ്ധതിയാണ് പുനര്‍ഗേഹം.