കെട്ടിപ്പടുക്കാം, പുതുയുഗ കേരളം

സമകാലിക ജനപഥം 2026
ജൂൺ 1 പുസ്തകം 12 ലക്കം 11

24 കേരളമന്ത്രിസഭ >> വി ഡി സതീശൻ
                                        മുഖ്യമന്ത്രി

24 1

 

മതേതര കേരളം വലിയൊരു ഉത്തരവാദിത്വമാണ് ഈ സർക്കാരിനെ ഏൽപ്പിച്ചിരിക്കുന്നത്. പത്ത് വർഷം നീണ്ടു നിന്ന ഭരണം അവസാനിപ്പിച്ച് 102 സീറ്റോടെയാണ് ഐക്യജനാധിപത്യ മുന്നണിയെ കേരളം അധികാരത്തിൽ എത്തിച്ചത്. വാഗ്ദാനങ്ങൾ പാലിക്കാനുള്ളതാണ്. തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് ജനങ്ങളോട് പറഞ്ഞതെല്ലാം ഒന്നൊന്നായി ചെയ്തു തീർക്കും. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും നാടിനെ മാറ്റിയെടുക്കാനും പുതിയ കേരളത്തെ സൃഷ്ടിക്കാനും പുതുയുഗത്തിന് തുടക്കമിടാനുമുള്ള കഠിനാധ്വാനത്തിലാണ് ഈ സർക്കാർ. ജനങ്ങൾക്കു വേണ്ടി അർപ്പണബോധത്തോടെ ചെയ്യുന്ന പ്രവർത്തി
യാണ് രാഷ്ട്രീയ പ്രവർത്തനവും പൊതുപ്രവർത്തനവുമെന്ന് ഞങ്ങൾ തെളിയിക്കും.

തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് നൽകിയ വാഗ്ദാനങ്ങളിൽ ചിലതാണ് ആദ്യ മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്തതും നടപ്പാക്കാൻ തീരുമാനിച്ചതും. സെക്രട്ടേറിയറ്റിന് മുന്നിൽ വേതന വർധനവിന് വേണ്ടി സമരം ചെയ്ത ആശ പ്രവർത്തകർക്കും അങ്കണവാടി ജീവനക്കാർക്കും പാചകത്തൊഴിലാളികൾക്കും പ്രീ പ്രൈമറി അധ്യാപകർക്കും ആദ്യഘട്ടമെന്ന നിലയിൽ വേതനം വർധിപ്പിച്ചു. ഇന്ദിരാ ഗ്യാരികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര സംബന്ധിച്ചും ആദ്യ മന്ത്രിസഭാ യോഗം തീരുമാനം എടുത്തു. ജൂൺ 15 മുതൽ പദ്ധതി നടപ്പാക്കും. വയോജനങ്ങളുടെ ആരോഗ്യവും പരിപാലനവും ലക്ഷ്യമിട്ട് വയോജന വകുപ്പ് പ്രഖ്യാപിക്കുമെന്ന തീരുമാനവും ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ സ്വീകരിക്കാൻ സാധിച്ചു. പി.എസ്.സി ഉദ്യോഗാർഥികളുടെ വേദന മനസിലാക്കിക്കൊണ്ടാണ് വിവിധ കാരണങ്ങളാൽ നിയമനം നടക്കാതിരുന്ന പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാൻ തീരുമാനിച്ചത്. ജനപക്ഷത്ത് നിന്നു കൊണ്ട് അവരുടെ വേദനയിലും സങ്കടത്തിലും സർക്കാർ ഒപ്പമുണ്ടെന്ന സന്ദേശം നൽകാനാണ് ഞങ്ങൾ ശ്രമിച്ചത്.

ധനപ്രതിസന്ധി വികസന- ക്ഷേമ പ്രവർത്തനങ്ങളെ ബാധിച്ചിട്ട് കാലങ്ങൾ ഏറെയായി. നികുതി ചോർച്ച തടഞ്ഞും കൃത്യമായി നികുതി പിരിച്ചും നികുതി ഭരണസംവിധാനം കാര്യക്ഷമമാക്കിയും ഖജനാവ് നിറയ്‌ക്കേണ്ടതുണ്ട്. അതിന് വേണ്ടിയുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചു. തകർന്ന് തരിപ്പണമായി കിടക്കുന്ന ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെയും നമുക്ക് തിരിച്ചു പിടിക്കേണ്ടതുണ്ട്. വരും തലമുറകളെ പോലും ഇല്ലാതാക്കുന്ന ലഹരി മാഫിയയുടെ അടിവേരറുക്കണം. അതിനു വേണ്ടിയുള്ള നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലുള്ള ജനങ്ങളെയും ചേർത്ത് പിടിച്ച് മുന്നോട്ട് പോകുകയെന്നതാണ് ഈ സർക്കാരിന്റെ ലക്ഷ്യം.

ഞങ്ങളുടേത് മതേതര കേരളമാണെന്ന പ്രഖ്യാപനമാണ് ഈ തിരഞ്ഞെടുപ്പിൽ കേരളം രാജ്യത്തോട് നടത്തിയിരിക്കുന്നത്. വർഗീയതയുമായി സന്ധി ചെയ്യില്ലെന്നത് ഈ സർക്കാരിന്റെ പ്രഖ്യാപിത നിലപാടാണ്. വിദ്വേഷ പ്രചരണത്തിനെതിരെ ഒരു ഒത്തുതീർപ്പിനുമില്ല. മതേതര നിലപാടിൽ ഉറച്ചു നിൽക്കും. കേരളത്തെ ഭിന്നിപ്പിക്കാൻ ആരെയും അനുവദിക്കില്ല. എന്ത് വില കൊടുത്തും അത്തരം നീക്കങ്ങളെ എതിർക്കും. വെല്ലുവിളികളെ നേരിടാൻ കേരളം ഒന്നിച്ചു നിൽക്കേണ്ടതുണ്ട്. നമുക്ക് ഒറ്റക്കെട്ടായി പുതുയുഗ കേരളം കെട്ടിപ്പടുക്കാം.

 

Spread the love