കാഴ്ചക്കപ്പുറം അനുഭവങ്ങളുടെ പുതുലോകമൊരുക്കി കേരളം
സമകാലിക ജനപഥം 2026
സെപ്റ്റംബർ 1 പുസ്തകം 13 ലക്കം 2
അഭിമുഖം>> പി സി വിഷ്ണുനാഥ് ടൂറിസം മന്ത്രി / ബീനാമോൾ എസ്

ലോകമെമ്പാടും ടൂറിസം സങ്കൽപങ്ങൾ മാറികൊണ്ടിരിക്കുകയാണ്. കാഴ്ചക്കപ്പുറത്തെ അനുഭവങ്ങളിലേക്കാണ് ലോകം സഞ്ചാരികളെ നയിക്കുന്നത്. ടൂറിസത്തെ വെറുമൊരു സേവനമേഖലയായി കാണാതെ നിക്ഷേപത്തിന്റെയും തൊഴിലിന്റെയും സംരംഭകത്വത്തിന്റെയും പ്രാദേശിക സമ്പദ്വ്യവസ്ഥയുടെയും പ്രധാന ചാലകശക്തിയായി പരിഗണിക്കുന്ന സമീപനവും ആഗോളതലത്തിൽ ശക്തമാണ്.
നിർമ്മിതബുദ്ധിയും ഡിജിറ്റൽ സാങ്കേതിക വിദ്യയും എല്ലാ രംഗങ്ങളെയും പുനർനിർമ്മിക്കുന്ന പുതിയ കാലത്ത് ആഗോള ടൂറിസം രംഗവും ഇത്തരം മാറ്റങ്ങളെ ഉൾക്കൊള്ളാനും സാധ്യതകൾ ഉപയോഗപ്പെടുത്താനുമുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായാണ് ഈ വർഷത്തെ അന്താരാഷ്ട്ര ടൂറിസം ദിന സന്ദേശമായി എ.ഐ.യും ഡിജിറ്റൽ സാങ്കേതികവിദ്യയും ടൂറിസത്തെ പുനർരൂപകൽപന ചെയ്യുമ്പോൾ (Digital Agenda and Artificial Intelligence to Redesign Tourism) എന്ന വിഷയം ഐക്യരാഷ്ട്രസഭ തിരഞ്ഞെടുത്തിട്ടുള്ളത്. ഈ പശ്ചാത്തലത്തിലാണ് പുതിയ നയങ്ങളും പദ്ധതികളും പ്രഖ്യാപനങ്ങളുമായി ടൂറിസം മേഖലയുടെ അടുത്ത ഘട്ടത്തെ അടയാളപ്പെടുത്താൻ കേരളവും തയ്യാറെടുക്കുന്നത്.
പ്രകൃതിദൃശ്യങ്ങളെയും പരമ്പരാഗത ടൂറിസം കേന്ദ്രങ്ങളെയും മാത്രം ആശ്രയിച്ചിരുന്ന കാലത്തിൽനിന്ന് കൂടുതൽ വൈവിധ്യമാർന്ന അനുഭവങ്ങളും പുതിയ വിപണികളും സാങ്കേതികവിദ്യയും പ്രാദേശിക പങ്കാളിത്തവും ഉൾച്ചേർന്ന പുതിയകാല ടൂറിസം സാധ്യതകളിലേക്ക് നമ്മളും ചുവടുവച്ചു കഴിഞ്ഞു. ഈ വർഷത്തെ ബജറ്റിൽ ടൂറിസം മേഖലയുമായി ബന്ധപ്പെട്ടുള്ള പരാമർശനങ്ങളും നിർദേശങ്ങളും വകയിരുത്തലുകളും അതിന് ഉദാഹണമാണ്.
ടൂറിസത്തിന് വ്യവസായ പദവി, പുതിയ ടൂറിസം സർക്യൂട്ടുകൾ, ഹെറിറ്റേജ് -കൾച്ചറൽ ടൂറിസം, വെൽനെസ് മെഡിക്കൽ ടൂറിസം, ഡെസ്റ്റിനേഷൻ ചലഞ്ച്, ഉത്തരവാദിത്ത ടൂറിസം, വർഷം മുഴുവൻ സഞ്ചാരസാധ്യതകൾ എന്നിവയിലൂടെ ടൂറിസത്തിന്റെ സാധ്യതകൾ കൂടുതൽ വിപുലപ്പെടുത്തുകയാണ് സർക്കാർ.
പുതിയ നയങ്ങൾ, പദ്ധതികൾ, കാഴ്ചപ്പാടുകൾ, ടൂറിസം മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ, കേരളം ലക്ഷ്യമിടുന്ന പുതിയ സാധ്യതകൾ, പ്രതീക്ഷകൾ എന്നിവ ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് സമകാലിക ജനപഥം വായനക്കാരുമായി പങ്ക് വെയ്ക്കുന്നു.
കേരളടൂറിസം ഇന്ന് വലിയൊരു മാറ്റത്തിന്റെ ഘട്ടത്തിലാണ്. ഈ പുതിയ ഘട്ടത്തെ അങ്ങ് എങ്ങനെ കാണുന്നു?
കേരള ടൂറിസം ഇന്ന് ‘See Keralam’എന്നതിൽ നിന്ന് ‘Experience Keralam എന്നതിലേക്ക് മാറുകയാണ്. ഇതുവരെ ”കേരളത്തിൽ എന്തൊക്കെയുണ്ട്?” എന്ന ചോദ്യത്തിനാണ് നമ്മൾ ഉത്തരം നൽകിയതെങ്കിൽ, ഇനി ”കേരളത്തിൽ എന്തൊക്കെ അനുഭവിക്കാം?” എന്ന ചോദ്യത്തിന് ഉത്തരം നൽകണം. പ്രകൃതി മാത്രമല്ല, കേരളത്തിന്റെ സംസ്കാരം, ഭക്ഷണം, കലകൾ, ചരിത്രം, ആയുർവേദം, ആത്മീയത, ഗ്രാമജീവിതം, സാഹസിക അനുഭവങ്ങൾ, പാരമ്പര്യ തൊഴിൽ, ഉത്സവങ്ങൾ എന്നിവയെല്ലാം ടൂറിസം അനുഭവങ്ങളാക്കണം. ടൂറിസത്തെ കേവലം സഞ്ചാരികളുടെ എണ്ണത്തിൽ അളക്കുന്ന സമീപനത്തിൽ നിന്ന് മാറി, കൂടുതൽ തൊഴിലും നിക്ഷേപവും പ്രാദേശിക വരുമാനവും സംരംഭങ്ങളും സൃഷ്ടിക്കുന്ന ഒരു സമ്പദ്വ്യവസ്ഥയായി കാണണം. കൂടുതൽ സഞ്ചാരികൾ എന്നതിലുപരി കൂടുതൽ ദിവസം താമസിക്കുന്ന, കൂടുതൽ ചെലവഴിക്കുന്ന, വീണ്ടും വരാൻ ആഗ്രഹിക്കുന്ന സഞ്ചാരികളെയാണ് നാം ലക്ഷ്യമിടുന്നത്.
ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രധാന മാറ്റങ്ങൾ എന്തൊക്കെയായിരിക്കും?
ടൂറിസത്തെ വ്യവസായമായി കാണുന്നത് ഒരു പ്രഖ്യാപനം മാത്രമല്ല, ടൂറിസത്തെ സമീപിക്കുന്നതിലെ നയപരമായ മാറ്റമാണ്. ടൂറിസത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന ഒരാളെ സംബന്ധിച്ച് ഇനി മുതൽ അത് ഒരു സാധാരണ സേവനമേഖലയിലെ നിക്ഷേപമായിരിക്കില്ല, വലിയ തൊഴിൽസാധ്യതയും സാമ്പത്തിക ചലനശേഷിയും സൃഷ്ടിക്കുന്ന വ്യവസായനിക്ഷേപമാണെന്ന ബോധ്യം സൃഷ്ടിക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കൂടുതൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാനും പുതിയ ഹോട്ടലുകൾ,
റിസോർട്ടുകൾ, ഹോംസ്റ്റേകൾ, അനുഭവാധിഷ്ഠിത ടൂറിസം സംരംഭങ്ങൾ, വിനോദ-വിനോദസഞ്ചാരഅടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ വികസിപ്പിക്കാനും ഇത് സഹായകരമാകും. വലിയ നിക്ഷേപങ്ങൾ മാത്രമല്ല. ഒരു ഗ്രാമത്തിൽ ഒരു കുടുംബം നടത്തുന്ന ഹോംസ്റ്റേയും, ഒരു സ്ത്രീ നടത്തുന്ന ഭക്ഷണ ശാലയും, ഒരു യുവാവ് ആരംഭിക്കുന്ന ടൂർ സംഘാടകത്വ സംരംഭവും ടൂറിസം വ്യവസായത്തിന്റെ ഭാഗമാവും. വിവിധ അനുമതികൾക്ക് സിംഗിൾ വിൻഡോ ക്ലിയറൻസ് കിട്ടുമെന്നത് സംരംഭകർക്ക് ഏറെ ആശ്വാസകരമാകും.
കണക്ടിവിറ്റി, ഹോസ്പിറ്റാലിറ്റി മേഖലകളിൽ സർക്കാർ പുതിയ ഇടപെടലുകൾ ആലോചിക്കുന്നുണ്ടോ?
ടൂറിസത്തിന്റെ അടുത്ത ഘട്ടത്തിൽ കണക്ടിവിറ്റി നിർണ്ണായകമാണ്. കേരളത്തിലെത്താനും വിവിധ ഡെസ്റ്റിനേഷനുകളിലേക്ക് സഞ്ചരിക്കാനും സമയം നഷ്ടപ്പെടാത്ത സീംലെസ് കണക്ടിവിറ്റി വേണം. ടുറിസം വകുപ്പിന്റെ പദ്ധതികളെ ഗതാഗത വികസനത്തിൽ നിന്ന് വേർതിരിച്ച് കാണാൻ കഴിയില്ല. വിമാനത്താവളം, റെയിൽ, റോഡ്, ജലഗതാഗതം എന്നിവയെ പരസ്പരം ബന്ധിപ്പിച്ചുള്ള ഇന്റഗ്രേറ്റഡ് ടൂറിസം കണക്ടിവിറ്റിയാണ് നമുക്ക് ആവശ്യം. ഹോസ്പിറ്റാലിറ്റിയിലും അതേ മാറ്റം വേണം. ലോകനിലവാരത്തിലുള്ള വലിയ ഹോട്ടലുകൾക്കൊപ്പം ഹോംസ്റ്റേ, സർവീസ്ഡ് വില്ല, ബൂട്ടിക്ക് അക്കമഡേഷൻ, കാരവൻ, ഫാംസ്റ്റേ തുടങ്ങിയ വൈവിധ്യമാർന്ന താമസ സൗകര്യങ്ങൾക്കും പ്രാധാന്യം നൽകും.

ആഭ്യന്തര ടൂറിസത്തിലെ വളർച്ച എങ്ങനെ കൂടുതൽ പ്രയോജനപ്പെടുത്താം?
ആഭ്യന്തര ടൂറിസം കേരളത്തിന് വലിയൊരു അവസരമാണ് തുറന്നിടുന്നത്. കേരളത്തിലെ ഹോട്ടൽ, റസ്റ്റോറന്റ്, ഗതാഗതം, ഷോപ്പിങ്, കലാകാരന്മാർ, കർഷകർ, ചെറുകിട സംരംഭകർ തുടങ്ങി സമ്പദ്വ്യവസ്ഥയുടെ പല മേഖലകളിലേക്കും ഇതിലൂടെ പണം എത്തുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. ആഭ്യന്തര സഞ്ചാരികളെ ഇനി വീക്കെൻഡ് ട്രാവലർ, ഫാമിലി ട്രാവലർ, സ്റ്റുഡന്റ് ട്രാവലർ, സീനിയർ ട്രാവലർ, സ്പിരിച്വൽ ട്രാവലർ, വെൽനെസ് ട്രാവലർ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളായി മനസ്സിലാക്കി അനുഭവങ്ങൾ രൂപപ്പെടുത്തണം. അതോടൊപ്പം കേരളത്തിലെ ഒരു പ്രദേശത്ത് എത്തുന്ന സഞ്ചാരി സമീപപ്രദേശങ്ങളിലേക്കും പോകുന്നരീതിയിൽ ഡെസ്റ്റിനേഷൻ ക്ലസ്റ്ററുകളും തീമാറ്റിക് സർക്യൂട്ടുകളും വികസിപ്പിക്കണം. അങ്ങനെ സഞ്ചാരികളുടെ എണ്ണം മാത്രമല്ല, അവരുടെ സ്റ്റേ, സ്പെൻഡ് ആൻഡ് സ്പ്രെഡ് (താമസകാലവും ചെലവും സഞ്ചരിക്കുന്നതിന്റെ ഭൂമിശാസ്ത്രപരമായ വ്യാപ്തിയും) വർധിപ്പിക്കുകയാണ് ലക്ഷ്യം.
കടൽ-കായൽ-മലനാട് എന്ന പരമ്പരാഗത ചിത്രത്തിനപ്പുറം പുതിയ ഡെസ്റ്റിനേഷനുകളും അനുഭവങ്ങളും എങ്ങനെ വികസിപ്പിക്കും?
കേരളത്തിലെ ഓരോ പ്രദേശത്തിനും ഒരു ടൂറിസം സ്റ്റോറിയുണ്ട്. ആ കഥ കണ്ടെത്തി അനുഭവമാക്കി മാറ്റുകയാണ് വേണ്ടത്. കൃഷി, പ്രാദേശിക ഭക്ഷണം, പരമ്പരാഗത കല, മത്സ്യബന്ധനം, ഗ്രാമജീവിതം, ഹെറിറ്റേജ്, കാലാവസ്ഥ തുടങ്ങി ഓരോ പ്രദേശത്തിന്റെയും തനിമ പ്രത്യേക ടൂറിസം അനുഭവമാക്കാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പുതിയ ഡെസ്റ്റിനേഷനുകൾ കണ്ടെത്തുന്നതിന് ഡെസ്റ്റിനേഷൻ ചലഞ്ച് പോലുള്ള പദ്ധതികൾ നടപ്പിലാക്കും.
പൈതൃക ടൂറിസത്തിനും തീർഥാടന സർക്യൂട്ടുകൾക്കും എന്തെല്ലാം സാധ്യതകളാണ് കാണുന്നത്?
കേരളത്തിന്റെ ചരിത്രം മ്യൂസിയത്തിൽ മാത്രം കാണേണ്ട ഒന്നല്ല; അനുഭവിക്കേണ്ടതാണ്. മുസിരിസ് മുതൽ തുറമുഖങ്ങൾ വരെ, കൊട്ടാരങ്ങൾ മുതൽ പഴയ പട്ടണങ്ങൾ വരെ, ആരാധനാലയങ്ങൾ മുതൽ പാരമ്പര്യകലാരൂപങ്ങൾ വരെ വലിയൊരു ഹെറിറ്റേജ് ലാൻഡ്സ്കേപ്പ് നമുക്കുണ്ട്. അതു പോലെ തന്നെയാണ് തീർഥാടന ടൂറിസത്തിന്റെ കാര്യവും. ആരാധനാലയ സന്ദർശനത്തിനപ്പുറം അതുമായി ബന്ധപ്പെട്ട ചരിത്രം, സംസ്കാരം, ഭക്ഷണം, പ്രകൃതി, പ്രാദേശികജീവിതം എന്നിവ ഉൾപ്പെടുത്തിയ സർക്യൂട്ടുകൾ വികസിപ്പിക്കേണ്ടതുണ്ട്.. ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ ഹെറിറ്റേജ്, കൾച്ചറൽ ടൂറിസത്തിനും ടൂറിസം സർക്യൂട്ടുകൾക്കും പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്.
വെൽനെസ് ആൻഡ് ഹെൽത്ത് ടൂറിസത്തിൽ കേരളത്തിന്റെ പുതിയ സാധ്യതകൾ എന്തൊക്കെയാണ്?
വെൽനെസ് ടൂറിസത്തിൽ മറ്റൊരു സംസ്ഥാനത്തിനും എളുപ്പത്തിൽ പകർത്താനാകാത്ത ഒരു സ്വാഭാവികകരുത്ത് കേരളത്തിനുണ്ട്. ആയുർവേദം, യോഗ, പ്രകൃതി, ഭക്ഷണം, ശാന്തമായ ജീവിതാന്തരീക്ഷം എന്നിവ കേരളത്തിന്റെ വലിയ വെൽനെസ് ശക്തികളാണ്. കേരളം ഇതിനകം തന്നെ വെൽനെസ് ഡെസ്റ്റിനേഷൻ എന്ന നിലയിൽ അന്താരാഷ്ട്ര അംഗീകാരം നേടിയിട്ടുണ്ട്. ഇനി ഈ മേഖലയെ കൂടുതൽ പ്രൊഫഷണലും ഗുണമേന്മയുള്ളതും ആഗോളതലത്തിൽ ലഭ്യമാകുന്ന തരത്തിലും ആക്കുകയാണ് വേണ്ടത്. അതോടൊപ്പം മെഡിക്കൽ ടൂറിസത്തിനും വലിയ സാധ്യതയുണ്ട്. മെഡിക്കൽ ടൂറിസത്തിനൊപ്പം കുടുംബത്തിനും താമസിക്കാനും വിശ്രമിക്കാനും കഴിയുന്ന മെഡിക്കൽ ഫാമിലി ടൂറിസത്തിന്റെ സാധ്യതകളും നമുക്ക് ഉപയോഗപ്പെടുത്താൻ സാധിക്കും.
ഉത്തരവാദിത്ത ടൂറിസത്തെ കൂടുതൽ ശക്തിപ്പെടുത്താൻ എന്തൊക്കെ ആശയങ്ങളാണ് മുന്നിലുള്ളത്?
ഉത്തരവാദിത്ത ടൂറിസം ഒരു പദ്ധതി മാത്രമല്ല; കേരളത്തിന്റെ ടൂറിസം കാഴ്ചപ്പാടാണ്. ടൂറിസത്തിന്റെ നേട്ടം പ്രാദേശിക സമൂഹത്തിലേക്ക് എത്തണം എന്നതാണ് അതിന്റെ അടിസ്ഥാനം. ഒരു ടൂറിസ്റ്റ് ഒരു ഗ്രാമത്തിൽ എത്തുമ്പോൾ അവിടുത്തെ കർഷകനും കലാകാരനും സ്ത്രീ സംരംഭകയ്ക്കും പ്രാദേശിക കുടുംബങ്ങൾക്കും അതിന്റെ ഗുണം ലഭിക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. കേരളത്തിന്റെ റെസ്പോൺസിബിൾ ടൂറിസം മിഷൻ ഇതിനകം തന്നെ തദ്ദേശീയ പങ്കാളിത്തം, ഉപജീവനം, സ്ത്രീ ശാക്തീകരണം, എന്നിവയുമായി ടൂറിസത്തെ ബന്ധിപ്പിക്കുന്ന മാതൃക സൃഷ്ടിച്ചിട്ടുണ്ട്. പ്രദേശിക സമ്പദ്വ്യവസ്ഥ, സംസ്കാരം, പരിസ്ഥിതി എന്നിവ സംരക്ഷിക്കുന്നതും ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി ഉറപ്പാക്കും.
ഉത്തരവാദിത്ത ടൂറിസത്തിനൊപ്പം സസ്റ്റെയിനബിൾ ടൂറിസത്തിനും വേണ്ടത്ര പ്രാധാന്യമുണ്ടോ?
ഇത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. തീർച്ചയായും പ്രാധാന്യമുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ആസൂത്രണ ഘട്ടത്തിൽ കാരിയിങ് കപ്പാസിറ്റി (ഉൾക്കൊള്ളാവുന്ന ശേഷി), മാലിന്യ സംസ്കരണം, ജലവിഭവപരിപാലനം, ജൈവ വൈവിധ്യസംരക്ഷണം, കാലാവസ്ഥാപ്രതിരോധശേഷി തുടങ്ങിയ കാര്യങ്ങൾ കൂടുതൽ ഗൗരവത്തോടെ പരിഗണിക്കും. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായിത്തന്നെ പാരിസ്ഥിതികമായ ഉത്തരവാദിത്തങ്ങൾ കേരളം മുന്നോട്ടു വച്ചിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിൽ പ്രത്യേകിച്ച് മലനാട്, തീരപ്രദേശം, കായൽ മേഖലകൾ എന്നിവയുടെ സംരക്ഷണത്തിന് സർക്കാരിന്റെ പുതിയ നയം എന്താണ്?
നമുക്ക് വേണ്ടത് ‘പരിസ്ഥിതിയോ ടൂറിസമോ’ (എൻവയോൺമെന്റ് വേഴ്സസ് ടൂറിസം) എന്ന സമീപനമല്ല മറിച്ച് എൻവയോൺമെന്റ് ത്രൂ റെസ്പോൺസിബിൾ ടൂറിസം (ഉത്തരവാദിത്ത ടൂറിസത്തിലൂടെ പരിസ്ഥിതി സംരക്ഷണം) എന്ന സമീപനമാണ്. പ്രകൃതിയെ നശിപ്പിച്ച് ടൂറിസം വികസിപ്പിച്ചാൽ അതിന് ദീർഘകാല നിലനിൽപ്പുണ്ടാകില്ല.. അതുകൊണ്ട്് പരിസ്ഥിതി ദുർബല വിനോദസഞ്ചാര കേന്ദ്രങ്ങളിൽ (ഫ്രാജൈൽ ഡെസ്റ്റിനേഷനുകളിൽ) കാരിയിങ് കപ്പാസിറ്റി പഠനങ്ങൾ, പരിസ്ഥിതി സൗഹൃദ അടിസ്ഥാനസൗകര്യങ്ങൾ, മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനുള്ള നടപടികൾ, ഹരിത പെരുമാറ്റച്ചട്ടങ്ങൾ, ആവാസവ്യവസ്ഥയുടെ സംരക്ഷണം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും. രൂപകൽപനാനയത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാനുള്ള നിർദേശങ്ങളും ടൂറിസം വികസനത്തിൽ ഉൾപ്പെടുത്തണമെന്നാണ് സർക്കാരിന്റെ നിലപാട്.
വർഷം മുഴുവൻ സഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തിലേക്ക് എങ്ങനെ നീങ്ങും?
ഓരോ സീസണിനും ചേരുന്ന തരത്തിൽ ഓരോ പ്രദേശത്തിനും വ്യത്യസ്ത അനുഭവങ്ങൾ സൃഷ്ടിക്കണം. ഫെസ്റ്റിവലുകൾ, മഴക്കാല- വെൽനെസ്- തീർഥാടന-പൈതൃക, സാഹസിക- ഗ്രാമീണ- സാസ്കാരിക ടൂറിസം സാധ്യതകൾ, ഭക്ഷണം, വർക്കേഷൻ എന്നിവയെ പരസ്പരം ബന്ധിപ്പിച്ച് അത് സാധ്യമാക്കാം. Kerala is always in seaosn (കേരളത്തിൽ എന്നും സീസൺ)എന്ന ആശയം യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം. അതിലൂടെ വർഷം മുഴുവൻ സഞ്ചാരികളെ ആകർഷിക്കാൻ നമുക്ക് സാധിക്കും.
സ്ത്രീകൾക്കിടയിലെ യാത്രാപ്രവണത വർധിക്കുകയാണ്. ‘സ്ത്രീസൗഹൃദവിനോദസഞ്ചാര കേന്ദ്രം’ എന്ന നിലയിൽ കേരളം എവിടെയാണ്?
ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് സുരക്ഷിതമായി ഏത് സമയത്തും ആത്മവിശ്വാസത്തോടെ യാത്ര ചെയ്യാനും താമസിക്കാനും കഴിയുന്ന സ്ഥലമാണ് യഥാർഥത്തിൽ നല്ല ടൂറിസം ഡെസ്റ്റിനേഷൻ. സ്ത്രീസൗഹൃദ ടൂറിസം സ്ത്രീകൾക്കായുള്ള ഒരു ഉൽപന്നം മാത്രമല്ല; ഒരു വിനോദ സഞ്ചാര കേന്ദ്രത്തിന്റെ സുരക്ഷയുടെയും അന്തസ്സിന്റയും കൂടി മാനദണ്ഡമാണ്. റെസ്പോൺസിബിൾ ടൂറിസത്തിന്റെ ഭാഗമായി സ്ത്രീകളുടെ പങ്കാളിത്തവും സ്ത്രീ സൗഹൃദ ഡെസ്റ്റിനേഷനുകളും ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ കേരളത്തിൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഈ മേഖലയിലേക്ക് കൂടുതൽ സ്ത്രീകളെ സഞ്ചാരികളായും സംരംഭകരായും കൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യമിടുന്നത്
യുവാക്കളെ ടൂറിസം സംരംഭകരാക്കാൻ എന്തൊക്കെ പദ്ധതികളാണ് മുന്നോട്ട് വെക്കുന്നത്?
ടൂറിസത്തിന്റെ ഭാവി വലിയ ഹോട്ടൽ ശൃംഖലകളിൽ മാത്രമല്ല, യുവാക്കളുടെ ആശയങ്ങളിലും ഇന്നൊവേഷനിലുമാണ് നിലനിൽക്കുന്നത്. ടൂറിസം, സാങ്കേതികത, ഡിസൈൻ, സംസ്കാരം, സംരഭകത്വം എന്നിവ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഇക്കോസിസ്റ്റം വളർത്തണം.
ടൂറിസം മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് വിപണി സാധ്യതകൾ, മാർഗനിർദേശവും വിദഗ്ധ പിന്തുണയും, സംരംഭക ഇൻക്യുബേഷൻ സൗകര്യങ്ങൾ, നൈപുണ്യ വികസനഅവസരങ്ങൾ, വിനോദസഞ്ചാരകേന്ദ്രാധിഷ്ഠിത സാധ്യതകൾ എന്നിവ ലഭ്യമാക്കുന്ന അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം. ഇതോടെ സ്വന്തം നാട്ടിലെ ടൂറിസം സാധ്യത കണ്ടെത്തി അത് സംരംഭമാക്കാൻ യുവാക്കൾക്ക് കഴിയുന്ന നിലയിലേക്ക് കാര്യങ്ങൾ മാറും.
നിർമ്മിതബുദ്ധിയും ഡിജിറ്റൽ സാങ്കേതികവിദ്യയും ടൂറിസത്തെ പുനർരൂപകൽപന ചെയ്യുമ്പോൾ നമ്മൾ അത് എങ്ങനെ പ്രയോജനപ്പെടുത്തും?
നിർമ്മിത ബുദ്ധിയെ സാങ്കേതികവിദ്യ എന്ന നിലയിൽ മാത്രം കാണാതെ ടൂറിസത്തിലെ യഥാർഥപ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഉപകരണമായി ഉപയോഗിക്കണം. വിവിധ ഭാഷകളിലുള്ള വിവരവിനിമയം, വ്യക്തിഗത യാത്രാപദ്ധതികൾ, ഡെസ്റ്റിനേഷൻ മാനേജ്മെന്റ്, സഞ്ചാരികളുടെ ആവശ്യകത പ്രവചിക്കൽ, ഡാറ്റ അനാലിസിസ് എന്നിവയിൽ നിർമ്മിത ബുദ്ധിക്ക് വലിയ സാധ്യതയുണ്ട്.
വേൾഡ് ടൂറിസം ഡേയുടെ ഔദ്യോഗിക പ്രമേയമായ ”ഡിജിറ്റൽ അജൻഡ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടു റീഡിസൈൻ ടൂറിസം” എന്നതിൽ എനിക്ക് എ ഐ എന്ന വാക്കിനേക്കാൾ പ്രധാനമായി തോന്നുന്നത് റീഡിസൈൻ എന്ന വാക്കാണ്. സാങ്കേതികവിദ്യ ഉപയോഗിച്ച് പഴയ ടൂറിസത്തെ വേഗത്തിലാക്കുക മാത്രമല്ല, ടൂറിസം സംവിധാനത്തെ തന്നെ പുതിയ രീതിയിൽ രൂപകൽപന ചെയ്യുകയാണ് വേണ്ടത്.
വർക്കേഷൻ, ഡിജിറ്റൽ നോമാഡ് ടൂറിസം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ആഗോള വർക്കേഷൻ ഡെസ്റ്റിനേഷൻ എന്ന സാധ്യത എങ്ങനെ കാണുന്നു?
കേരളത്തിന് അതിനാവശ്യമായ നിരവധി സ്വാഭാവിക ഗുണങ്ങളുണ്ട് പ്രകൃതി, കാലാവസ്ഥ, കണക്ടിവിറ്റി, ഇന്റർനെറ്റ് കണക്ടിവിറ്റി, ഹോസ്പിറ്റാലിറ്റി, വെൽനെസ്, ഭക്ഷണം, സംസ്കാരം അങ്ങനെ ഒട്ടേറെ സാധ്യതകൾ നമുക്കുണ്ട്. ഡിജിറ്റൽ നോമാഡ് ഒരു സാധാരണ ടൂറിസ്റ്റ് അല്ല. ലാപ്ടോപ്പും ഇന്റർനെറ്റും ഉപയോഗിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണ് അവർ.
ആഴ്ചകളോ മാസങ്ങളോ വരെ ഒരേ സ്ഥലത്ത് താമസിക്കാം. നോമാഡുകൾക്കായി മികച്ച ഇന്റർനെറ്റ്, തൊഴിൽ സൗഹൃദ താമസസൗകര്യങ്ങൾ, കോ-വർക്കിങ് ഇടങ്ങൾ, ദീർഘകാല താമസപാക്കേജുകൾ, പ്രദേശീകാനുഭവങ്ങൾ, വെൽനെസ് ഫെസിലിറ്റീസ് എന്നിവ ഒരുമിച്ച് നൽകുന്ന ഡെസ്റ്റിനേഷനുകൾ വികസിപ്പിക്കണം. വർക്കേഷൻ രീതിയിലുള്ള താമസവും ദീർഘകാല താമസ സൗകര്യങ്ങളും ചില ഡെസ്റ്റിനേഷനുകളിൽ ഇതിനോടകം തന്നെ ലഭ്യമാണ്. അവയെ ക്രിയാത്മകമായി പ്രോത്സാഹിപ്പിക്കും. ”കം ടു കേരളം ഫോർ എ ഹോളിഡേ” എന്നതിൽ നിന്ന് മാറി ”കം ടു കേരളം ആൻഡ് ലിവ് ഫോർ എ വൈൽ” എന്ന ആശയത്തിലേക്കുള്ള മാറ്റം കൂടിയാണത്.
കൊച്ചിയിൽ നടന്ന ഇൻഡോ അറബ് കണക്ട് 2026 മുന്നോട്ടുവയ്ക്കുന്ന സാധ്യതകൾ എന്തൊക്കെയാണ്?
കേരളവും അറബ് ലോകവും തമ്മിലുള്ള ബന്ധം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. അതുകൊണ്ട് ഇൻഡോ-അറബ് കണക്ട് 2026 നെ ഒരു ടൂറിസം പരിപാടിയായല്ല കേരളവും യു എ ഇയും, പശ്ചിമേഷ്യൻ വിപണികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള വേദിയായാണ് ഞാൻ കാണുന്നത്. കേരളം മറ്റൊരു വീട് (‘കേരളം ആസ് എ സെക്കൻഡ് ഹോം’) എന്ന ആശയമാണ് ഇതിലൂടെ മുന്നോട്ട് വയ്ക്കുന്നത്. ഗൾഫിലുള്ള കുടുംബങ്ങൾ അവധിക്കാലത്ത് വീണ്ടും വീണ്ടും കേരളത്തിലേക്ക് വരുകയും കൂടുതൽ കാലം താമസിക്കുകയും ചെയ്യുന്ന ഒരു ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റണം. അതോടൊപ്പം അറബ് സൗഹൃദ ടൂറിസം, അറബ് കേരള ഭക്ഷണാനുഭവങ്ങൾ, ആയുർവേദ ആൻഡ് വെൽനെസ്, മെഡിക്കൽ ഫാമിലി ടൂറിസം, ഹെറിറ്റേജ് ആൻഡ് മാരിടൈം കണക്ഷൻസ് എന്നിവയിലും വലിയ സാധ്യതകളുണ്ട്. കേരളത്തിലേക്ക് ഗൾഫ് മേഖലയിൽ നിന്ന് വലിയ തോതിലുള്ള നിക്ഷേപം ഉറപ്പാക്കാനുള്ള അനന്ത സാധ്യതകളാണ് അറബ് കണക്ടിലൂടെ സർക്കാർ തുറന്നുവയ്ക്കുന്നത്.
കേരള ടൂറിസം ഒറ്റവാക്കിൽ ?
”അനുഭവം.” കേരളത്തെ ആർക്കും കാണാം. പക്ഷേ കേരളത്തെ ശരിക്കും മനസ്സിലാക്കണമെങ്കിൽ അത് അനുഭവിക്കണം. കായലിന്റെ സൗന്ദര്യത്തിനപ്പുറം അവിടുത്തെ ജീവിതവും ഒരു കലാരൂപത്തിനപ്പുറം അതിന്റെ സംസ്കാരവും ഭക്ഷണത്തിനപ്പുറം അതിന്റെ കഥയും അറിയണം. അങ്ങനെ ‘See Keralam’ത്തിൽ നിന്ന് ‘Experience Keralam’ത്തിലേക്കുള്ള മാറ്റമാണ് എന്റെ മനസ്സിലെ കേരള ടൂറിസം.
| അഞ്ച് വർഷം, അഞ്ച് കാര്യങ്ങൾ?
എവരി ലോക്കൽ ബോഡി, |
