കളറാകും ടൂറിസം; വരുന്നു വേറിട്ട പദ്ധതികൾ
സമകാലിക ജനപഥം 2026
സെപ്റ്റംബർ 1 പുസ്തകം 13 ലക്കം 2
ടൂറിസം>> ക്രിസ്റ്റി അന്ന, ഐ പി ആർ ഡി
|

ടൂറിസം രംഗത്ത് വമ്പൻ മാറ്റങ്ങൾക്കൊരുങ്ങുകയാണ് കേരളം. മാറുന്ന ആഗോളസമവാക്യങ്ങൾക്കനുസൃതമായി ഒട്ടേറെ പുതിയ പദ്ധതികളാണ് ബജറ്റിലും നൂറുദിന കർമ്മപദ്ധതികളിലുമായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. അതിൽ ശ്രദ്ധേയമാണ് അന്താരാഷ്ട്ര മാരിടൈം മ്യൂസിയം, മുസിരിസ് പൈതൃക പദ്ധതി ഗ്രീൻ മാർഷൽസ്, ബ്രാൻഡ് വയനാട് മുതലായവ. ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനം ഉറപ്പാക്കുന്നതിനും ശുചിത്വം ഉറപ്പു വരുത്തുന്നതിനും സുരക്ഷിതവുമാക്കുന്നതിനായി വിഭാവനം ചെയ്ത പദ്ധതിയാണ് ‘ഗ്രീൻ മാർഷൽസ്. ആദ്യഘട്ടത്തിൽ ഫോർട്ട് കൊച്ചി, മൂന്നാർ, കോവളം, ആലപ്പുഴ എന്നിവിടങ്ങളിലാണ് പദ്ധതി ആരംഭിക്കുന്നത്. ടൂറിസം കേന്ദ്രങ്ങളിലെ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുക,സന്ദർശകർക്ക് ആവശ്യമായ മാർഗനിർദേശവും സഹായവും നൽകുക, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് പിന്തുണ നൽകുക,മാലിന്യ നിർമ്മാർജനവും പ്ലാസ്റ്റിക് ഉപയോഗനിയന്ത്രണവും നിരീക്ഷിക്കുക, ടൂറിസം കേന്ദ്രങ്ങളിലെ പൊതുസൗകര്യങ്ങളുടെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കുക എന്നിവയാണ് ഗ്രീൻ മാർഷൽസിന്റെ പ്രധാന ചുമതലകൾ. ഗ്രീൻ മാർഷൽസായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിനോദസഞ്ചാര വകുപ്പ് പ്രത്യേക പരിശീലനം നൽകും. സർക്കാർ നേരിട്ടോ പി പി പി മാതൃകയിലോ ഏകീകൃത രൂപകൽപനയും ബ്രാൻഡിങും ഉൾപ്പടെ ആധുനിക ടോയ്ലെറ്റുകൾ സ്ഥാപിക്കുകയും ചെയ്യും.
ടൂറിസം സംരംഭകത്വ പ്രോത്സാഹന പദ്ധതി
ടൂറിസം മേഖലയിൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും കേരള ടൂറിസം നിക്ഷേപ പ്രോത്സാഹന പാക്കേജ്/ഇൻസെന്റീവ് നയം പ്രഖ്യാപിക്കും.
ബ്രാൻഡ് വയനാട്
ടൂറിസം, കൃഷി, ആദിവാസി പൈതൃകം, ഉത്തരവാദിത്ത ടൂറിസം എന്നിവ സംയോജിപ്പിച്ച് വയനാടിനെ കേരളത്തിന്റെ പ്രധാന സുസ്ഥിര മലയോര വിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്നതിന് ബ്രാൻഡ് വയനാട് പദ്ധതി ആരംഭിക്കും. ഇതിന്റെ ഭാഗമായി ടൂറിസം സർക്യൂട്ടുകളുടെയും പദ്ധതികളുടെയും വികസനം, ടൂറിസം പ്രവർത്തനങ്ങളുടെ വ്യാപനം, തോട്ടം അധിഷ്ഠിത വിനോദസഞ്ചാര വികസനം, ആദിവാസി ജിവിതരീതികൾ അനുഭവിക്കാനുള്ള അവസരം, പുതിയ ടൂറിസം സർക്യൂട്ടുകളുടെ രൂപീകരണം എന്നിവ ഉൾപ്പെടുത്തി ‘Why Not Wayanad?’ എന്ന ക്യാമ്പയിൻ ആരംഭിക്കും.
മുസിരിസ് ആഗോള പൈതൃക ടൂറിസം പദ്ധതി
മുസിരിസ് ടൂറിസം പദ്ധതി പ്രദേശങ്ങളിലെ പുരാതന സ്മാരകങ്ങൾ സംരക്ഷിച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദ ടൂറിസം വികസിപ്പിക്കുന്നതിനായി മുസിരിസ് പദ്ധതി കൂടുതൽ വിപുലമാക്കി ഹെറിറ്റേജ് ടൂറിസത്തിന്റെ ഇന്ത്യയിലെ ഏറ്റവും പ്രധാന കേന്ദ്രമാക്കി മാറ്റും. ലൈവ് മ്യൂസിയം, പൈതൃക മ്യൂസിയങ്ങൾ, പരരാഗത ജലപാതകളിലൂടെയുള്ള ബോട്ടുയാത്ര എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുത്തും. മാള സിനഗോഗി െതകർന്ന മേൽക്കൂരയുടെ പുനർനിർമ്മാണം പൂർത്തിയാക്കി പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും വീണ്ടും തുറന്ന് നൽകും. വിനോദസഞ്ചാരികൾക്ക് സന്ദർശനസൗകര്യം വർധിപ്പിക്കുന്നതിനായി വാട്ടർ ടാക്സികൾ നവീകരിച്ച് പ്രവർത്തനം ആരംഭിക്കും. മുസിരിസ് പൈതൃക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വാട്ടർ ടൂറിസം സർക്യൂട്ടുകൾ രൂപീകരിച്ച് പറവൂർ കേന്ദ്രീകരിച്ച് ജലാധിഷ്ഠിത ടൂറിസം സർവീസുകൾ ആരംഭിക്കും.
ലൈഫ് എക്സ്പീരിയൻസ് ട്രയൽസ്
കേരളത്തിലെ ഗ്രാമീണ ജീവിതം, തനത് ഭക്ഷ്യസംസ്കാരം, കരകൗശല പാരമ്പര്യം, കാർഷിക പ്രവർത്തനങ്ങൾ, പ്രകൃതി അധിഷ്ഠിത/ജലാധിഷ്ഠിത അനുഭവങ്ങൾ, തദ്ദേശീയ കലാ-സാംസ്കാരിക പൈതൃകം എന്നിവ സന്ദർശകർക്ക് നേരിട്ട് അനുഭവിക്കാനുള്ള അവസരം ഒരുക്കുന്ന രീതിയിൽ കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി മുഖാന്തിരം പുതിയ ടൂറിസം സഞ്ചാരപഥം നടപ്പാക്കും.
മറ്റ് ബജറ്റ് പ്രഖ്യാപനങ്ങൾ
◊ വിനോദസഞ്ചാര മേഖലയ്ക്ക് 325.36 കോടി രൂപ വകയിരുത്തി.
◊ ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കും.
◊ തോട്ടം മേഖലയിൽ കൂടുതൽ സ്ഥലം ടൂറിസത്തിനായി ഉപയോഗിക്കാവുന്ന വിധത്തിൽ ആവശ്യമായ നിയമഭേദ
ഗതി കൊണ്ടുവരും.
◊ ആലപ്പുഴ ടൂറിസം സർക്യൂട്ട് പദ്ധതിയിലെ ടൂറിസം അമിനിറ്റി സെന്ററുകളും ഹൗസ്ബോട്ട് ടെർമിനലുകളും പരിഷ്കരിച്ച് ഉപയോഗപ്പെടുത്തും.
◊ ആലപ്പുഴയിൽ ഹൗസ്ബോട്ടുകളുടെ . മാലിന്യം സംസ്കരിക്കുന്നതിനായി മാലിന്യസംസ്കരണ പ്ലാന്റ് നിർമ്മിക്കും.
◊ അർത്തുങ്കൽ ബസലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കഴം പള്ളി, മണ്ണാറശ്ശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാന്ദമയി മഠം, ഓച്ചിറ ക്ഷേത്രം തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി തീർഥാടന ടൂറിസം സർക്യൂട്ട് പദ്ധതി പാതിരാമണൽ ദ്വീപ് ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ വികസനത്തിന് മാസ്റ്റർപ്ലാൻ. മുഹമ്മ ജെട്ടിയിൽ നിന്നും ദ്വീപിലേക്ക് സഞ്ചാരികൾക്കു വേണ്ടി റോപ്പ്വേ സൗകര്യം ഏർപ്പെടുത്തും.
◊ കേരളത്തിലെ വിനോദസഞ്ചാര മേഖലയെ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ രീതിയിൽ വികസിപ്പിക്കും.
◊ ജൈവവൈവിധ്യം കണ്ടൽക്കാട്, ഫാം, കാർഷിക, ഗ്രാമീണ ജീവിതാനുഭവ വിനോദസഞ്ചാര മേഖലകൾക്ക് കൂടുതൽ പ്രാധാന്യം
കേരളത്തിന്റെ തനത് പാരമ്പര്യവും ഭക്ഷ്യസംസ്കാരവും സാംസ്കാരിക പൈതൃകവും സംരക്ഷിച്ചുകൊണ്ട് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കമ്മ്യൂണിറ്റി അധിഷ്ഠിത ടൂറിസം ഹബ്ബുകളും സാംസ്കാരിക ടൂറിസം ഹബ്ബുകളും സ്ഥാപിക്കും.
◊ അഷ്ടമുടി ടൂറിസം പ്രോത്സാഹിപ്പിക്കും.
◊ സ്ത്രീകൾ നയിക്കുന്ന ടൂറിസം സംരംഭങ്ങൾ, ഹോംസ്റ്റേകൾ, ഉത്തരവാദിത്ത ടൂറിസം പദ്ധതികൾ എന്നിവ സംസ്ഥാനത്തുടനീളം വിപുലീകരിക്കും.
◊ നിർമ്മിത ബുദ്ധി അധിഷ്ഠിത ഡിജിറ്റൽ ടൂറിസം പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെയുള്ള സ്മാർട്ട് ടൂറിസം ആപ്ലിക്കേഷനുകൾ വികസിപ്പിക്കും.
